സത്യവിശ്വാസിയുടെ മരം

ജുബൈര്‍ കരിങ്ങനാട്‌

0
1622

”അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? ഒരു നല്ല മരം പോലെയാകുന്നു. അതിന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും, അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കുന്നു. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ചു മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ച് കൊടുക്കുന്നു”.
അല്ലാഹു സത്യവിശ്വാസികളെ ഒരു വൃക്ഷത്തോട് ഉപമിച്ചു. ഈ ഉപമയില്‍ ഉപമേയം (മുശബ്ബഹ്) നല്ല വചനം എന്നതും ഉപമാനം (മുശബ്ബഹ് ബിഹി) നല്ല മരം എന്നതുമാണ്. ഉപമയുടെ നാലുകാര്യങ്ങളും ഇവിടെ പരാമര്‍ശിച്ചിരിക്കുന്നു. ഉപമേയം (മുശബ്ബഹ്), ഉപമാനം (മുശബ്ബഹ് ബിഹി), ഉപമാപദം (അദാത്ത്), ഉപമാനത്തേയും ഉപമേയത്തേയും ബന്ധിപ്പിക്കുന്ന ആശയം (വജഹുശ്ശിബ്ഹ്) എന്നിവയാണത്. ഇത്തരം ഉപമക്ക് അറബി സാഹിത്യത്തില്‍ തശ്ബീഹ് മുഫസ്വല്‍ എന്ന് പറയുന്നു.
ഇമാം റാസി(റ) പറയുന്നു: ഈ മരത്തിന് നാല് വിശേഷണങ്ങള്‍ പറഞ്ഞിട്ടുണ്ട്.
1, ഗുണമേന്മയുള്ള മരമാകണം
2, മരത്തിന്റെ വേര് ഭൂമിയില്‍ ആഴ്ന്നിറങ്ങിയതാവണം
3, അതിന്റെ ശാഖകള്‍ ആകാശത്തിന് നേരെയാവണം
4, അല്ലാഹുവിന്റെ അനുമതിപ്രകാരം മുഴുവന്‍ സമയവും ഫലങ്ങള്‍ നല്‍കുന്നതാകണം. (തഫ്‌സീറുല്‍ കബീര്‍ -19/92, 93)
ഒന്നാമത്തെ വിശേഷണമായ ഗുണമേന്മയുള്ള മരമാകണം എന്നുപറഞ്ഞതില്‍ ഈ വൃക്ഷത്തിന് ആകാരഭംഗിയും സുഗന്ധവും ഗുണനിലവാരമുള്ള ഫലങ്ങള്‍ നല്‍കുന്നതും, അതിന്റെ മുഴുവന്‍ ഭാഗവും ഉപകാരപ്രദവുമായിരിക്കണം. ഈ വിശേഷണങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമെ ‘നല്ല മരം’ ആവുകയുള്ളൂ. (റാസി- 19/92). ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ‘നല്ല വചനം’ എന്ന വാചകത്തിന് വ്യത്യസ്ത വീക്ഷണങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഒരേ ആശയത്തിലേക്കാണ് വന്നുചേരുന്നത്. ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: നല്ല വചനം കൊണ്ടുള്ള വിവക്ഷ ലാ ഇലാഹ ഇല്ലള്ളാഹ് എന്നും നല്ല മരം കൊണ്ടുദ്ദേശിക്കുന്നത് സത്യവിശ്വാസികളുമാണ് (ഖുര്‍ത്വുബി- 236/9).
ഇമാം റാസി(റ) പറഞ്ഞു: നല്ല മരം കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിനെക്കുറിച്ചുള്ള അറിവാണ് (റാസി 19/93). യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനെക്കുറിച്ചുള്ള അറിവിനേക്കാള്‍ മാധുര്യമുള്ള ഒന്നും ലോകത്തില്ല. മരത്തില്‍ നിന്നുള്ള അനുഭൂതി അതിന്റെ ഫലം ഭുജിക്കലാണ്. അത് ഭൗതികമായ ആസ്വാദനത്തില്‍പെട്ടതാണ്. എന്നാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള അറിവും അഗാധമായ സ്‌നേഹവും അങ്ങേയറ്റം വിധേയത്വം കാണിക്കലും ഭൗതികവും ആത്മീയവുമായ അനുഭൂതിയാണ്.
അവയവങ്ങള്‍കൊണ്ട് അല്ലാഹുവിനോട് വിധേയത്വം കാണിക്കുകയും ആത്മീയതയുടെ വിളനിലമായ ഖല്‍ബ് കൊണ്ട് നിഷ്‌കളങ്കത അടയാളപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് അല്ലാഹുവിനെക്കുറിച്ചുള്ള അറിവ് ഉന്നതമായ ആസ്വാദനത്തില്‍പെട്ടതാണ്. എന്നാല്‍ ഫലം ഭുജിക്കല്‍കൊണ്ട് ഉണ്ടായ അനുഭൂതി വേഗത്തില്‍ നീങ്ങുന്നതാണ്. ഫലങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയമാണ്. എന്നാല്‍ അല്ലാഹു മാറ്റങ്ങള്‍ സംഭവിക്കാത്തവനും എന്നും നിലനില്‍ക്കുന്നവനുമാണ്.
രണ്ടാമത്തെ വിശേഷണം ഉറച്ച കാണ്ഡമായിരിക്കണം. ഏതൊരു മരത്തിന്റെ വേരും ഭൂമിയില്‍ ആഴ്ന്നിറങ്ങിയ തോത് ആ മരത്തിന്റെ സുരക്ഷ അറിയിക്കുന്നു. മരം നശിക്കുകയോ ഉണങ്ങുകയോ ചെയ്യുന്നത് അതിന്റെ വേരുകള്‍ മുറിക്കുകയോ പറിച്ച് കളയുകയോ ചെയ്യുമ്പോഴാണല്ലോ. എന്നാല്‍ ഇതിന്റെ വേരുകള്‍ ഭൂമിയില്‍ ആഴ്ന്നിറങ്ങിയത് കൊണ്ട് ഒരു കാറ്റിലും മറിഞ്ഞുവീഴാതെ, ഉയര്‍ന്ന് പടര്‍ന്ന് നില്‍ക്കുന്നു. ഈ വൃക്ഷംകൊണ്ട് ഉദ്‌ഘോഷിക്കുന്നത് അല്ലാഹുവിനെക്കുറിച്ചുള്ള അറിവ് ഉറച്ചതും പരിപൂര്‍ണമായതുമാവണമെന്നാണ്. അപ്പോള്‍ അവന്റെ ഖല്‍ബില്‍ അല്ലാഹുവിനെക്കുറിച്ചുള്ള അറിവുകള്‍ എത്രയുണ്ടോ അത്രയും അളവ് അമലുകളും അവനില്‍ ദര്‍ശിക്കാന്‍ സാധിക്കും. അതാണ് അടുത്ത വിശേഷണമായി അല്ലാഹു പറയുന്നത്. ഇത് സൂചിപ്പിക്കുന്നു ഇമാം അബുസ്സുഊദ്(റ)ന്റെ വാക്കുകള്‍: ”നല്ല വചനം എന്നത് കൊണ്ടുള്ള വിവക്ഷ തൗഹീദിന്റെ കലിമത്താണ്. അല്ലെങ്കില്‍ അല്ലാഹുവിനെ വാഴ്ത്തുക, സ്തുതിക്കുക, പാപമോചനം ചെയ്യുക, പ്രാര്‍ത്ഥന നിര്‍വ്വഹിക്കുക തുടങ്ങിയ നല്ല കാര്യങ്ങളുമാണ്. (തഫ്‌സീര്‍ അബുസ്സുഊദ്- 3/483)
മൂന്നാമത്തെ വിശേഷണം അതിന്റെ ശിഖിരങ്ങള്‍ ആകാശത്ത് പടര്‍ന്ന് പന്തലിച്ചിരിക്കുന്നു. ഈ വൃക്ഷത്തിന്റെ ശാഖകള്‍ ഉയര്‍ന്ന് നില്‍ക്കുന്നതും ശക്തിയുള്ളതുമാകുമ്പോള്‍ അതിന്റെ വേര് ഭൂമിയില്‍ ആഴ്ന്നിറങ്ങിയതിന്റെ മേല്‍ അറിയുന്നു. അതുകൊണ്ട് ഈ മരത്തിന്റെ അസ്തിത്വം നിലനില്‍പ്പുള്ളതാണ്. അതിലെ ഫലങ്ങള്‍ സുരക്ഷിതമായി നിലനില്‍ക്കുന്നു. ആലമുല്‍ അര്‍വാഹിലുള്ള നക്ഷത്രങ്ങള്‍, ഗോളങ്ങള്‍ എന്നീ കാര്യങ്ങളിലൂടെ അല്ലാഹുവിന്റെ മഅ്‌രിഫത്തിന്റെ അടയാളങ്ങള്‍ അറിയുന്നു. ആലമുല്‍ അജ്‌സാമിലൂടെ അല്ലാഹുവിന്റെ ദിക്‌റില്‍ ഒരുമിച്ചുകൂടല്‍, മുഴുവന്‍ കാര്യങ്ങളും അല്ലാഹു കല്പിച്ചതനുസരിച്ച് കൊണ്ടുവരികയും അല്ലാഹു വിരോധിച്ച മുഴുവന്‍ കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും അറിയിക്കുന്നു.
നാലാമത്തെ വിശേഷണം അല്ലാഹുവിന്റെ അനുമതി പ്രകാരം മുഴുവന്‍ സമയവും ഈ വൃക്ഷം ഫലങ്ങള്‍ നല്‍കുന്നു. ഇത്രയും വിശേഷണങ്ങളുള്ള മരം വേനല്‍കാലത്തെ താപത്തിലും ശരത്കാലത്തെ വരള്‍ച്ചയിലും ശൈത്യകാലത്തെ തണുപ്പിലും വസന്തത്തിലെ കാലഭംഗിയിലും ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കണം. എന്നാല്‍ മാത്രമെ ‘നല്ല മരം’ ആവുകയുള്ളൂ. ളഹാക്ക്(റ) പറഞ്ഞു: ”ഈ മരത്തില്‍നിന്നും മുഴുവന്‍ സമയവും ഭക്ഷിക്കപ്പെടുന്നു. രാപകലുകളെന്നോ ശൈത്യമെന്നോ വസന്തമെന്നോ വ്യത്യാസമില്ല. അതുപോലെയാണ് സത്യവിശ്വാസി അവന്റെ മുഴുവന്‍ സമയവും അവന്‍ സല്‍കര്‍മ്മത്തിനുവേണ്ടി ഉപയോഗിക്കും.” (ഖുര്‍ത്വുബി- 9/237).
ചില പണ്ഡിതന്മാര്‍ ഉദ്ധരിക്കുന്നു: ”അല്ലാഹു ഈമാനിനെ മരത്തിനോട് ഉപമിക്കാനുള്ള കാരണം, മൂന്ന് കാര്യങ്ങള്‍ കൊണ്ടല്ലാതെ മരമുണ്ടാകയില്ല. ഒന്ന്: ആഴ്ന്നിറങ്ങിയ വേര്, രണ്ട്: ഉറച്ച കാണ്ഡം, മൂന്ന്: ഉയര്‍ന്ന് നില്‍ക്കുന്ന ശിഖിരങ്ങള്‍. ഇതുപോലെ മൂന്ന് കാര്യങ്ങള്‍ കൊണ്ടല്ലാതെ ഈമാന്‍ പൂര്‍ണമാവുകയില്ല. ഒന്ന്: ഖല്‍ബ് കൊണ്ട് അല്ലാഹുവിനെ അറിയുക, രണ്ട്: നാവ്‌കൊണ്ട് ഉരുവിടുക, മൂന്ന്: ശരീരംകൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യുക. (വാസി 19/95) ഇതുപോലെയണ് യഥാര്‍ത്ഥ സത്യവിശ്വാസികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here