സഊദിയും ഇറാനും എവിടെ വരെ അകലും?

0
2310

മുസ്തഫ പി എറയ്ക്കല്‍

ഇറാനും അറബ് രാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധവിച്ഛേദനത്തിന്റെയും അപലപിക്കലിന്റെയും കുറ്റപ്പെടുത്തലിന്റെയും ഒരു താളവട്ടം കൂടി അരങ്ങേറുമ്പോള്‍ ഓര്‍ക്കാന്‍ ഏറ്റവും അനുയോജ്യമായത് ആയത്തുല്ലാ ഖുമൈനിയുടെ ആ വാക്കുകള്‍ തന്നെയാണ്: ‘സുന്നിയും ശിയായുമില്ല, ഇസ്‌ലാം മാത്രം’. ശിയാ പണ്ഡിതന്‍ നിംറ് അല്‍ നിംറിനെ വധശിക്ഷക്ക് വിധേയനാക്കിയ സഊദി നടപടി അവരുടെ പരമാധികാരത്തിന്റെ പ്രഖ്യാപനമാണെന്നും ആ രാജ്യത്തിന്റെ പരമോന്നത നീതിന്യായ സംവിധാനം വരെ പരിശോധനകള്‍ക്കും വിചാരണാ നടപടികള്‍ക്കുമൊടുവില്‍ ശരിവെച്ചതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ നടപ്പാക്കിയതെന്നും കണ്ട് ‘ക്ഷമിച്ചു’ കളയാന്‍ ഇറാന്‍ ഭരണകൂടത്തിനും പുതിയ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈക്കും സാധിക്കാതിരിക്കുക വഴി ഖുമൈനിയുടെ വാക്കുകള്‍ ഒരിക്കല്‍ കൂടി അര്‍ഥ ശൂന്യമായിരിക്കുന്നു. സംഭവിച്ചതിതാണ്. ഭീകരപ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, കലാപത്തിനുള്ള ആഹ്വാനം, ഭീകരസംഘങ്ങളുമായുള്ള ബന്ധം, നിയമവിരുദ്ധമായി ആയുധം കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി നിംറ് അല്‍ നിംറ് അടക്കം 47 പേരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. ഇതില്‍ മിക്കവരും സഊദി പൗരന്‍മാരും അല്‍ഖാഇദക്കാരുമായിരുന്നു. കിഴക്കന്‍ പ്രവിശ്യയില്‍ 2011 ഒക്‌ടോബറില്‍ നിംറ് നടത്തിയ പ്രസംഗമാണ് അദ്ദേഹത്തിനെതിരായ ശിക്ഷയുടെ പ്രധാന ആധാരം. ആ പ്രസംഗത്തില്‍ പ്രകോപനപരമായ ഉള്ളടക്കം ഉണ്ടായിരുന്നുവെന്ന് നിംറ് തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ആയുധം കൈവശം വെച്ചുവെന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. ശിയാ തീവ്ര നിലപാടുകളുടെ പ്രതീകമായ ആയത്തുല്ല മുഹമ്മദ് അല്‍ ഹുസൈനി അല്‍ ശിറാസിയുടെ ആശയധാരയില്‍ പെടുന്നവനാണ് താനെന്ന് നിംറ് പലവട്ടം പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്‌റൈനിലെ തീവ്രവാദി നേതാവ് അബ്ദുല്‍ റഊഫ് അല്‍ ശായിബുമായുള്ള നിംറിന്റെ ബന്ധവും തെളിയിക്കപ്പെട്ടു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിധിച്ച വധശിക്ഷ പരമോന്നത കോടതി വരെ ശരിവെച്ച സാഹചര്യത്തിലാണ് ശിക്ഷ നടന്നത്. ആയത്തുല്ല ഖാംനഈ അടക്കമുള്ള ശിയാ നേതൃത്വം ശക്തമായാണ് ഇതിനോട് പ്രതികരിച്ചത്. സഊദി ചെയ്തത് മഹാക്രൂരതയായിപ്പോയെന്നും ഇതിന്റെ ഫലം അവര്‍ അനുഭവിക്കുമെന്നും ഖാംനഈ പ്രതികരിച്ചു. വിദേശ കാര്യവക്താവും രാഷ്ട്രീയ നേതൃത്വത്തിലെ ഉന്നതരും ഇതിനേക്കാള്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചപ്പോള്‍ തന്നെ സംഗതി നിലവിട്ടു. അപ്പോഴാണ് ഈ പ്രതികരണങ്ങളില്‍ വിജൃംഭിതരായി ജനക്കൂട്ടം ഇറങ്ങിയത്. അവര്‍ ടെഹ്‌റാനിലെ സഊദി നയതന്ത്ര കാര്യാലയം അടിച്ചു തകര്‍ത്തു. 1961 ലെ യു എന്‍ കണ്‍വെന്‍വെഷന്റെ നഗ്‌നമായ ലംഘനമാണ് ഈ അതിക്രമം. ഒരു രാജ്യത്തിന്റെ നയതന്ത്ര കാര്യാലയം ആക്രമിക്കുകയെന്നത് ആ രാജ്യത്തെ ആക്രമിക്കുന്നതിന് തുല്യമാണ്. കോണ്‍സുലേറ്റുകളും എംബസികളും പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ വെറും കെട്ടിടങ്ങളല്ല. അക്രമികള്‍ അതിന് വരുത്തിയ കേടുപാടുകള്‍ തീര്‍ത്താല്‍ തീരുന്നതല്ല അത് ഏല്‍പ്പിച്ച പരുക്ക്. ആധുനിക ദേശ രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്രപരമായ ചില അനുഷ്ഠാനങ്ങളുടെ ഭാഗമാണല്ലോ ഈ എംബസിയും അനുബന്ധ സംവിധാനങ്ങളും. അത്‌കൊണ്ട് തന്നെ അക്രമികള്‍ക്കെതിരെ ഞങ്ങള്‍ ശക്തമായ നടപടിയെടുത്തുവെന്നൊന്നും പറഞ്ഞാല്‍ തീരുന്നതല്ല പ്രശ്‌നം. 2011ല്‍ ടെഹ്‌റാനിലെ ബ്രിട്ടീഷ് എംബസി ആക്രമിച്ചതിനെതിരെ നടന്നതിനേക്കാള്‍ വലിയ പ്രതിഷേധത്തിനാണ് തീപ്പിടിച്ചിരിക്കുന്നത്. സഊദി അറേബ്യ ഇറാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചു. ഇറാനിലേക്കും തിരിച്ചുമുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കി. തീര്‍ഥാടകര്‍ ഒഴിച്ചുള്ള ഒരു ഇറാനിയെയും രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. തൊട്ടു പിറകേ ബഹ്‌റൈനും കുവൈത്തും ഇറാനിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിച്ചു. എന്ന് വെച്ചാല്‍ ഇറാനുമായുള്ള ബന്ധം വിച്ഛേദിച്ചു. അല്‍പ്പം വൈകിയെങ്കിലും ഒമാനും ഖത്വറും യു എ ഇയുമെല്ലാം ഈ ബന്ധവിച്ഛേദനം ആവര്‍ത്തിച്ചു. സുഡാന്‍, തുര്‍ക്കി, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളും ഇതേ പ്രതികരണം നടത്തിയിട്ടുണ്ട്. യു എന്നും യു എസും യു കെയും ഫ്രാന്‍സുമെല്ലാം ഇറാനെ രൂക്ഷമായ ഭാഷയില്‍ താക്കീത് ചെയ്തിരിക്കുന്നു. അക്ഷരാര്‍ഥത്തില്‍ ഇറാന്‍ ഒറ്റപ്പെട്ടിരിക്കുന്നു. ഈ ഒറ്റപ്പെടല്‍ ഇറാനെ ഏതൊക്കെ വൈകാരികമായ പ്രതികരണങ്ങളിലേക്കും എടുത്തുചാട്ടങ്ങളിലേക്കും നയിക്കുമെന്നതാണ് പശ്ചിമേഷ്യയെക്കറിച്ച് വേവലാതി കൊള്ളുന്നവരെയെല്ലാം ഉത്കണ്ഠാകുലരാക്കുന്നത്. കര്‍ബലയുടെതടക്കം ഇസ്‌ലാമിക ചരിത്രത്തിലെ നൂറ് കണക്കിന് മുഹൂര്‍ത്തങ്ങള്‍ തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിക്കാനും വര്‍ത്തമാന കാലത്തെ സംഭവവികാസങ്ങളെ ആ ചരിത്ര പശ്ചാത്തലങ്ങളിലേക്ക് കൗശലപൂര്‍വം ഒട്ടിച്ചു വെക്കാനും ശിയാ നേതൃത്വത്തിന് നല്ല മിടുക്കുണ്ട്. അത്‌കൊണ്ടു തന്നെ നയതന്ത്രപരമായ പ്രതികരണങ്ങള്‍ക്കപ്പുറത്തേക്ക് കാര്യങ്ങള്‍ വഴുതുമെന്ന് ഭീതിപ്പെടാന്‍ ന്യായമായും കാരണങ്ങളുണ്ട്. ഇതാദ്യമല്ല ഇറാനും സഊദിയും തമ്മിലുള്ള ബന്ധം ഇതിനേക്കാള്‍ വഷളായ ഘട്ടങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. 1979ല്‍ ഇസ്‌ലാമിക വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെട്ട ഭരണമാറ്റത്തിന് തൊട്ടു തലേ വര്‍ഷം സഊദി അറേബ്യയിലെ വടക്കന്‍ പ്രവിശ്യയില്‍ അല്‍ സഊദ് ഭരണകൂടത്തിനെതിരെ ഭീകരമായ കലാപം അരങ്ങേറി. ഈ കലാപത്തെ ശക്തമായി അടിച്ചമര്‍ത്താന്‍ സഊദി ഭരണകൂടത്തിന് സാധിച്ചെങ്കിലും അത് വംശീയ വൈകാരികതയെ ആളിക്കത്തിക്കാന്‍ ഇറാനിലെ ശിയാ ആത്മീയ നേതൃത്വം ഉപയോഗിച്ചു. സത്യത്തില്‍ സഊദിയിലെ ശിയാക്കളുടെ ചെലവിലാണ് ഇറാനിലെ വിപ്ലവം നടന്നത്. നിംറ് അല്‍ നിംറിനെ തൂക്കിലേറ്റുമ്പോള്‍ 1978ഉം 79ഉം സഊദിയിലെ പുതിയ ഭരണ നേതൃത്വത്തിന്റെ മനസ്സില്‍ ജ്വലിച്ച് നില്‍ക്കുന്നത് അത്‌കൊണ്ടാണ്. വിപ്ലവാനന്തര ഇറാനുമായി സഊദിയുടെ ബന്ധം ഇടക്ക് മെച്ചപ്പെടുകയും വഷളാകുകയും ചെയ്ത് കൊണ്ടിരുന്നു. ഒപെക് വേദികള്‍ കൂടിച്ചേരലിന്റെ സാധ്യതകള്‍ തുറന്നപ്പോഴും ഇറാഖ് അധിനിവേശവും ഇറാന്‍ ഇറാഖ് യുദ്ധവും അടക്കമുള്ള ഭൗമ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ ഇരു ചേരിയും നടത്തിയ പക്ഷം ചേരലുകള്‍ സൗഹൃദത്തിന്റെ ആഴം കുറച്ച് കൊണ്ടേയിരുന്നു. തീര്‍ച്ചയായും അതില്‍ വംശീയതയുടെ തലം ഉണ്ടായിരുന്നു. എന്നാല്‍ ഏറെയും വന്‍ശക്തികളുടെ കുതന്ത്രങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞവയായിരുന്നു. വംശീയതയെ മാരകമാക്കി നിര്‍ത്തുന്നതില്‍ പാശ്ചാത്യ ശക്തികള്‍ വിജയിച്ചുവെന്നതാണ് നേര്. അമേരിക്ക ഇറാനുമായി അകലുകയും യു എസിന്റെ സഖ്യശക്തിയായി സഊദി അറിയപ്പെടുകയും ചെയ്തതോടെ ശിയാ രാഷ്ട്രീയത്തിന്റെ വിപരീതമായി സഊദിയെ പ്ലേസ് ചെയ്യുന്നതില്‍ പാശ്ചാത്യ ശക്തികള്‍ വിജയിച്ചു. 1987ല്‍ ഹജ്ജിനിടെ ശിയാക്കള്‍ നടത്തിയ പ്രകടനത്തിന് നേരെ സഊദി കലാപവിരുദ്ധ പോലീസ് വെടിയുതിര്‍ത്തു. 400 പേര്‍ മരിച്ചുവെന്ന് സഊദിയും 600 പേര്‍ മരിച്ചുവെന്ന് ഇറാനും പറയുന്ന ആ സംഘര്‍ഷത്തിന് ശേഷം ഇറാനിലെ സഊദി, കുവൈത്ത്, ഫ്രഞ്ച് എംബസികള്‍ അടിച്ചു തകര്‍ത്തു. 1988ല്‍ ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാന്‍ കാരണമായി സഊദിക്ക് മുന്നില്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ തങ്ങളുടെ കപ്പല്‍ ആക്രമിക്കപ്പെട്ടതും ഉണ്ടായിരുന്നു. 1991ലാണ് പിന്നെ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചത്. 1999ല്‍ ഖാത്തമി പ്രസിഡന്റായപ്പോള്‍ ബന്ധം അല്‍പ്പം കൂടി മെച്ചപ്പെട്ടു. അബ്ദുല്ല രാജാവ് ടെഹ്‌റാന്‍ സന്ദര്‍ശിച്ചു. ഖാത്തമി റിയാദും. ഇറാന്റെ ആണവ പരിപാടികളെ എക്കാലത്തും സഊദിയും സഖ്യശക്തികളും സംശയത്തോടെയും ഭീതിയോടെയുമാണ് കണ്ടത്. ഈ ഭീതി നിലനിര്‍ത്തി ആയുധ വില്‍പ്പന പൊടിപൊടിക്കാന്‍ പാശ്ചാത്യര്‍ നിരന്തരം ശ്രമിക്കുകയും ചെയ്തു. ഏറ്റവുമൊടുവില്‍ യമനിലെയും സിറിയയിലെയും ഇറാഖിലെയും സംഘര്‍ഷങ്ങള്‍ ഇരു രാജ്യങ്ങളെയും പരോക്ഷമായ യുദ്ധമുഖത്തെത്തിച്ചു. ഇക്കഴിഞ്ഞ ഹജ്ജ് കാലത്ത് മിനായില്‍ തിക്കിലും തിരക്കിലും പെട്ട് ഹാജിമാര്‍ മരിച്ചപ്പോഴും ഇറാന്‍ അക്രമാസക്തമായ വിമര്‍ശമാണ് അഴിച്ചു വിട്ടത്. ശിയാ തീര്‍ഥാടകരാണ് അപകടത്തിന് വഴിവെച്ചതെന്ന ഒരു സംസാരം സഊദിയില്‍ നിന്ന് ഉയരുകയും ചെയ്തു. അത്‌കൊണ്ട് ഇപ്പോഴത്തെ ബന്ധവിച്ഛേദനം നിംറ് അല്‍ നിംറിനെ അല്‍ ഖാഇദക്കാരോടൊപ്പം തൂക്കിലേറ്റിയത് കൊണ്ട് മാത്രമുണ്ടായതല്ല. മറിച്ച് നിരവധി ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്ന സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തിന്റെ ഉത്പന്നമാണ് അത്. സഊദിയില്‍/ഇറാനില്‍ പല കാരണങ്ങള്‍ കൊണ്ട് കടുത്ത സമ്മര്‍ദത്തിലാണ് സഊദി അറേബ്യ. സല്‍മാന്‍ രാജാവിന് മുന്നില്‍ നിരവധി വെല്ലുവിളികള്‍ ഉണ്ട്. രാജകുടുംബത്തെ ചുറ്റിപ്പറ്റി രാഷ്ട്രീയമായ നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. യമനിലെ ഹൂത്തി വിമതരെ അടിച്ചമര്‍ത്താന്‍ സഊദിയുടെ നേതൃത്വത്തില്‍ തുടങ്ങിയ സംയുക്ത സൈനിക നീക്കം വലിയ ബാധ്യതയായി നിലകൊള്ളുന്നു. അമേരിക്കയടക്കമുള്ളവരുടെ കുതന്ത്രങ്ങളില്‍ എണ്ണ വില താഴ്ന്നുകൊണ്ടേയിരിക്കുന്നു. ഇത് മറികടക്കുന്നതിന് ഉത്പാദനം വെട്ടിക്കുറക്കാന്‍ ചില ഒപെക് രാഷ്ട്രങ്ങള്‍ സഊദിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. പൗരന്‍മാരില്‍ അതൃപ്തി ഉണ്ടാകാനിടയുള്ള കടുത്ത സാമ്പത്തിക തീരുമാനങ്ങളുമായി മുന്നോട്ട് പോകാന്‍ സഊദി ഭരണകൂടം നിര്‍ബന്ധിതമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്ത് ഉയരുന്ന വിമതശബ്ദങ്ങള്‍ക്കെതിരെ ശക്തമായ സന്ദേശം നല്‍കുകയല്ലാതെ സഊദിക്ക് മുന്നില്‍ മറ്റു വഴികളില്ല. ഈ അനിവാര്യതയുടെ പശ്ചാത്തലത്തില്‍ കൂടി വേണം പുതിയ സംഭവവികാസങ്ങളെ വിലയിരുത്തേണ്ടത്. അമേരിക്കയുടെ പുതിയ ചാഞ്ചാട്ടങ്ങളെ സഊദി കൃത്യമായി വിലയിരുത്തുന്നുണ്ടെന്നു വേണം മനസ്സിലാക്കാന്‍. സുഡാന്‍ മുതല്‍ പാക്കിസ്ഥാന്‍ വരെയുള്ളവരെ ചേര്‍ത്ത് ഇസ്‌ലാമിക് സേന രൂപവത്കരിക്കാനുള്ള തീരുമാനവും യമനില്‍ ശക്തമായി ഇടപെടാനുള്ള തീരുമാനവും ഈ തിരിച്ചറിവില്‍ നിന്നുണ്ടായതാണ്. ഇറാനാണെങ്കില്‍ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. അമേരിക്കയുടെ നേതൃത്വത്തില്‍ ആറ് രാഷ്ട്രങ്ങളുമായുള്ള ചര്‍ച്ചയില്‍ ആണവ കരാര്‍ നിലവില്‍ വന്ന ശേഷം ഉപരോധങ്ങള്‍ ഒന്നൊന്നായി നീങ്ങുന്നു. മരവിപ്പിക്കപ്പെട്ട് കിടക്കുന്ന സ്വത്ത് വകകള്‍ രാജ്യത്തേക്ക് വരുന്നു. എണ്ണ വിപണനത്തിന്റെ സാധ്യതകള്‍ തുറന്നിരിക്കുന്നു. മിക്ക പാശ്ചാത്യ രാജ്യങ്ങളും ഇറാനിലെ നയതന്ത്ര കാര്യാലയങ്ങള്‍ തുറന്നിരിക്കുന്നു. ഇസില്‍ സംഘത്തിനെതിരായ പോരാട്ടത്തില്‍ ഇറാന്റെ പങ്ക് നിര്‍ണായകമാണെന്ന് യു എന്നും യു എസും പ്രഖ്യാപിച്ചു കഴിഞ്ഞു. നടന്നുകൊണ്ടിരിക്കുന്നതും നടക്കാനിരിക്കുന്നതുമായ എല്ലാ ചര്‍ച്ചകളിലും ഇറാന്‍ ഉണ്ട്. ഈ ആത്മവിശ്വാസം അവര്‍ എങ്ങനെ വ്യയം ചെയ്യുമെന്നതാണ് ചോദ്യം. 1979ലെ വിപ്ലവം തൊട്ടിങ്ങോട്ട് ഇറാന്‍ നടത്തിക്കൊണ്ടിരിക്കുന്നത് മാരകമായൊരു രാഷ്ട്രീയ പ്രയോഗമാണ്. അറബ് രാജ്യങ്ങളിലെ ശിയാ സമൂഹത്തെ ഇളക്കി വിടുക, അതുവഴി സമ്മര്‍ദ ശക്തിയും മേഖലയിലെ തങ്ങളുടെ പ്രസക്തിയും നിലനിര്‍ത്താന്‍ ശ്രമിക്കുകയെന്നതാണ് ആ രാഷ്ട്രീയം. ശിയാ ജനസാമാന്യത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു. പക്ഷേ, ഇറാനില്‍ നിന്ന് തന്നെ ഭിന്ന സ്വരങ്ങള്‍ വരുന്നുണ്ട്. ആത്മീയ നേതൃത്വത്തിന്റെ അതേ തീവ്രതയോടെ പ്രസിഡന്റ് ഹസന്‍ റൂഹാനി സഊദിയെ കടന്നക്രമിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ആരാണ് ഗുണഭോക്താക്കള്‍ ഭീകരതയുടെ താണ്ഡവത്തിലും അതിനെ നേരിടാനെന്ന പേരില്‍ അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും റഷ്യയും നടത്തുന്ന ആക്രമണങ്ങളിലും തകര്‍ന്നടിയുന്ന മേഖലയില്‍ മനുഷ്യര്‍ പട്ടിണി കൊണ്ട് മരിച്ചു വീഴുകയാണ്. ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ക്ക് ഒരു കണക്കുമില്ല. പതിനായിരങ്ങള്‍ അഭയാര്‍ഥികളായി യൂറോപ്പിന്റെ വാതില്‍ക്കല്‍ സര്‍വസ്വവും അര്‍പ്പിച്ച് കാത്തുകെട്ടിക്കിടക്കുകയാണ്. ഈ അവസ്ഥയില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കേണ്ടവര്‍ കൊടിയ ശത്രുതാ പ്രകടനങ്ങളിലേക്ക് പോകുന്നത് മേഖലയിലെ എണ്ണയടക്കമുള്ള വിഭവങ്ങളില്‍ പിടിമുറുക്കാന്‍ എന്നേ തുടങ്ങിയ കുതന്ത്രങ്ങള്‍ ഇന്നും തുടരുന്ന സാമ്രാജ്യത്വ ശക്തികളെ മാത്രമേ സന്തോഷിപ്പിക്കുകയുള്ളൂ. അറബ് മേഖലയിലെ മുഴുവന്‍ രാഷ്ട്രങ്ങളും ശിഥിലമായിക്കാണാന്‍ കൊതിക്കുന്ന ഇസ്‌റാഈലാണ് ഇറാന്‍ സഊദി സംഘര്‍ഷത്തില്‍ ഊറിച്ചിരിക്കുന്നത്. ഈ സംഘര്‍ഷാവസ്ഥ നയതന്ത്രത്തില്‍ നിന്ന് സാമ്പത്തികത്തിലേക്കും ആത്യന്തികമായി സൈനികതലത്തിലേക്കും നീങ്ങുന്നതും കാത്തിരിപ്പാണ് അവര്‍. സിറിയ, ഇറാഖ്, യമന്‍ വിഷയങ്ങളില്‍ വിയന്നയില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചകള്‍ പുതിയ സാഹചര്യത്തില്‍ അനിശ്ചിതത്വത്തിലായിരിക്കുന്നു. ഇതു തന്നെയാണ് സാമ്രാജ്യത്വം ലക്ഷ്യമിട്ടത്. വംശീയതയായാലും ഇസില്‍ പോലുള്ള ഭീകരതയായാലും സ്വേച്ഛാപരമായ അധികാര പ്രയോഗമായാലും സംഘര്‍ഷം വിതക്കുന്ന മുഴുവന്‍ വിഷവിത്തുകള്‍ക്കും വെള്ളമൊഴിച്ച് വളമിട്ട് വളര്‍ത്തുകയാണ് അവര്‍. ഈ വിഷപ്രയോഗത്തിന് നിന്നു കൊടുക്കണോയെന്നാണ് ഇറാനും സഊദിയും മേഖലയിലെ മറ്റു രാഷ്ട്രങ്ങളും ആലോചിക്കേണ്ടത്. ലോകത്തിന് സമാധാനവും വിവേകവും എന്തെന്ന് പഠിപ്പിച്ച മതത്തിന്റെ പാശത്താല്‍ കെട്ടിയിണക്കപ്പെട്ടവരാണ് തങ്ങളെന്ന് അവര്‍ ചിന്തിക്കണം. സഊദിക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. വിശുദ്ധ ഗേഹങ്ങളുടെ സംരക്ഷകരാണ് അവര്‍. പാരമ്പര്യത്തിന്റെയും വിശുദ്ധ പ്രത്യയശാസ്ത്രത്തിന്റെയും കൂടി സംരക്ഷകരാകാന്‍ അവര്‍ക്ക് സാധിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here