ശൈഖ് ജീലാനി, പരീക്ഷണാഗ്നിയില്‍ വിരിഞ്ഞ തീപൂവ്

ശഫീഖ് കൂട്ടിലങ്ങാടി

0
2440

ഇബ്‌ലീസ്

ശൈഖവറുകള്‍ പറയുന്നു. ഒരിക്കല്‍ എന്റെ മുമ്പില്‍ ഒരു പ്രകാശം പ്രത്യക്ഷപ്പെട്ടു. ചക്രവാളം നിറയെ പ്രകാശം പരന്നിട്ടുണ്ട്. ആ പ്രഭയില്‍ നിന്ന് ഒരു ശബ്ദം. ഓ അബ്ദുല്‍ ഖാദിര്‍ ഞാന് നിന്റെ നാഥനാണ്. ഇന്ന് മുതല്‍ നിഷിദ്ധമാക്കപ്പെട്ടതെല്ലാം ഞാന്‍ നിനക്കു അനുവദനീയമാക്കിത്തന്നിരിക്കുന്നു. ഉടനെ ഞാന്‍ പറഞ്ഞു: ശപിക്കപ്പെട്ടവനെ നിനക്കു നാശം. അന്നേരം ആ പ്രകാശം നിന്നിടത്ത് ഒരു പുക പ്രത്യക്ഷപ്പെട്ടു. അതെന്നോട് സംവദിച്ചു.
ഓ അബ്ദുല്‍ ഖാദിര്‍ നിങ്ങളുടെ അറിവ് നിങ്ങളെ രക്ഷിച്ചിരിക്കുന്നു. ഇത്തരം ചതിക്കുഴികള്‍ കൊണ്ട് എഴുപതോളം വലിയ്യുകളെ ഞാന്‍ വഞ്ചിച്ചിട്ടുണ്ട്. ഞാന്‍ പറഞ്ഞു എല്ലാം അല്ലാഹുവില്‍ നിന്നാണ്. ശൈഖവറുകളോട് ആരോ ചോദിച്ചു. നിങ്ങള്‍ എങ്ങനെയാണ് അത് പിശാചാണെന്ന് മനസ്സിലാക്കിയത്? അവന്റെ ഹറാമുകളെ ഹലാലാക്കിയിട്ടുണ്ട് എന്ന വാക്കില്‍ നിന്നാണ് ഞാനത് മനസ്സിലാക്കിയത്. ശൈഖ് മറുപടി കൊടുത്തു.

പണ്ഡിതര്‍

ശൈഖവറുകളുടെ പ്രശസ്തി വാനോളമുയര്‍ന്നു. നൂറോളം വരുന്ന പണ്ഡിതര്‍ ശൈഖിനെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. ഓരോരുത്തരും ഓരോ ചോദ്യങ്ങളുന്നയിക്കാന്‍ തുടങ്ങി. പെട്ടെന്ന് ശൈഖിന്റെ ഹൃദയത്തില്‍ നിന്ന് ഒരു പ്രകാശം വെട്ടിത്തിളങ്ങി. ആ വെളിച്ചം നൂറാളുകളുടെയും നെഞ്ചിലൂടെ കടന്നു പോയി. അവരുടെ ഹൃദയങ്ങള്‍ ശൂന്യമായി. അവര്‍ പരാജയം സമ്മതിച്ചു. ശൈഖ് ഓരോ ചോദ്യങ്ങള്‍ക്കും കൃത്യ മറുപടിയും നല്‍കി.
ത്വബഖാത്തുശഅറാനി

ജിന്ന്

നിളാമിയ്യ യൂണിവേഴ്‌സിറ്റിയില്‍ പണ്ഡിതര്‍ സമ്മേളിച്ച സമയം, ചര്‍ച്ച ഖളാഅ്, ഖദ്‌റിലേക്ക് പ്രവേശിച്ചു. അതിനിടയിലാണ് ഒരു സര്‍പം താഴോട്ട് വീണത്. ശൈഖ് ഒഴികെ എല്ലാവരും ഓടി രക്ഷപ്പെട്ടു. കുപ്പായത്തിനുള്ളിലേക്ക് സര്‍പം കയറി. ശൈഖിന്റെ ശരീരത്തിലൂടെ അത് ഇഴയാന്‍ തുടങ്ങി. കുപ്പായക്കഴുത്തിലൂടെ അത് പുറത്തു വന്നു. അപ്പോഴും ശൈഖവറുകളുടെ ഇരുത്തത്തിനോ സംസാരത്തിനോ ഒരു മാറ്റവുമില്ല. ശൈഖിന്റെ ധൈര്യം കണ്ട് പാമ്പ് എന്തോ ശബ്ദമുണ്ടാക്കി തിരിച്ചിഴഞ്ഞു. പാമ്പ് പോയത് കണ്ട ജനക്കൂട്ടം ശൈഖിലേക്ക് ഓടി വന്നു. കാര്യം തിരക്കി. ശൈഖ് വിവരിക്കാന്‍ തുടങ്ങി. പാമ്പ് സംസാരിക്കുകയാണ്: ഞാന്‍ ഖദ്ര്‍, ഖളാഇലെ വിശ്വാസം പരീക്ഷിക്കാന്‍ പലരെയും ഇങ്ങനെ ചെയ്തിട്ടുണ്ട്. നിങ്ങള്‍ മാത്രമാണ് പൂര്‍ണമായി വിജയിച്ചത്.
ത്വബഖാത്തുശഅറാനി- 127/1
ശൈഖ് ജീലാനി(റ) വിവരിക്കുന്നു: മറ്റൊരിക്കല്‍ കൂടി എന്റെ അടുക്കല്‍ സര്‍പം വന്നിട്ടുണ്ട്. ഒരു രാത്രി ഞാന്‍ നിസ്‌കരിക്കുകയായിരുന്നു. എന്റെ സുജൂദിന്റെ സ്ഥലത്ത് അത് വായ തുറന്നുവച്ചു. സുജൂദ് ചെയ്യേണ്ടി വന്നപ്പോള്‍ അതിന്റെ വായക്ക് മുകളില്‍ കൈ വെച്ച് ഞാന്‍ സുജൂദ് ചെയ്തു. ശേഷം അതെന്റെ കഴുത്തില്‍ കയറി ശരീരത്തിലൂടെ ഇഴയാന്‍ തുടങ്ങി. എനിക്ക് ഭാവവ്യത്യാസം വരാത്തത് കാരണം അത് എന്നില്‍ നിന്നും ഇഴഞ്ഞു പോയി. പകലില്‍ ഞാന്‍ വഴിയില്‍ വെച്ച് ഒരാളെ കണ്ടു മുട്ടി. അയാളുടെ കണ്ണിന് കുറച്ചു നീളം കൂടുതലാണ്. അയാള്‍ ജിന്നാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. അയാള്‍ പറഞ്ഞു: ഇന്നലെ നിങ്ങളിലേക്കു വന്ന പാമ്പ് ഞാനായിരുന്നു. നിങ്ങളൊഴികെ പലരുമെന്റെ ഈ പരീക്ഷണത്തില്‍ പരാജയപ്പെട്ടിട്ടുണ്ട്.
ത്വബഖാത്തുശഅറാനി- 129/1

ഖളിര്‍(അ)

ജീലാനി(റ) വിവരിക്കുന്നു. ഞാന്‍ ഇറാഖിലേക്ക് വന്ന തുടക്ക സമയത്ത് ഖളിര്‍(അ)നെ കണ്ടു മുട്ടി. അദ്ദേഹത്തോടൊപ്പം ഞാന്‍ ചേര്‍ന്നു. മഹാനവറുകളെ ഞാന്‍ മനസ്സിലാക്കിയിട്ടില്ലായിരുന്നു. സഹവാസത്തിനിടയില്‍ അദ്ദേഹം എന്നോട് പറഞ്ഞു. ഒരിക്കലും എനിക്കെതിരെ പ്രവര്‍ത്തിക്കരുത്. ഞാന്‍ സമ്മതിച്ചു. ഒരിക്കലദ്ദേഹം കല്‍പിച്ചു: നീ ഇവിടെ ഇരിക്ക്. അദ്ദേഹത്തിന്റെ കല്‍പന മാനിച്ച് മൂന്ന് വര്‍ഷമാണ് ഞാനവിടെ ഇരുന്നത്. ഓരോ വര്‍ഷം പൂര്‍ത്തിയാകുമ്പോഴും അദ്ദേഹം വരും. ശേഷം താന്‍ വരുന്നത് വരെ അവിടെ തന്നെ ഇരിക്കാന്‍ പറയും.
ത്വബഖാത്തുശഅറാനി- 129/1

വിശാല മനസ്‌കത

ശൈഖ് ജീലാനി(റ) വിശാല മനസ്സിന്റെ ഉടമയായിരുന്നു. ഏറെ ധര്‍മിഷ്ഠനും. എല്ലാ രാവുകളിലും സുപ്ര വിരിക്കാന്‍ തന്റെ അനുചരോട് മഹാനവറുകള്‍ കല്‍പിക്കാറുണ്ടായിരുന്നു. അതിഥികളോടൊന്നിച്ച് ഭക്ഷിക്കുകയും അശണരോടൊപ്പം ഇരിക്കുകയും ചെയ്യാറുണ്ടായിരുന്നു. എല്ലാവരെയും തുല്യരായാണ് കണ്ടിരുന്നത്. തന്റെ ശിഷ്യന്മാര്‍ക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുക്കുകയും സ്ഥലത്തില്ലെങ്കില്‍ വിവരം അന്വേഷിക്കുകയും ചെയ്തിരുന്നു.
ശൈഖവര്‍കള്‍ക്ക് ഗോതമ്പു കൃഷി ഉണ്ടായിരുന്നു. ഹലാലായ ഭക്ഷണത്തിന് വേണ്ടിയായിരുന്നു അത്. കൃഷിയിടത്തില്‍ അനുചരന്മാരായിരുന്നു ജോലി ചെയ്തിരുന്നത്. അവര്‍ തന്നെ പൊടിക്കുകയും അതില്‍ നിന്ന് റൊട്ടി ഉണ്ടാക്കുകയും ചെയ്തു. ശൈഖവര്‍കളിലേക്ക് ഈ റൊട്ടികള്‍ എത്തിച്ചാല്‍ സദസ്സിലുള്ളവര്‍ക്ക് അത് ഓഹരി ചെയ്തു കൊടുക്കും. ബാക്കിയുള്ളത് സ്വന്തം ആവശ്യങ്ങള്‍ക്ക് സൂക്ഷിക്കുകയും ചെയ്യുമായിരുന്നു.
മഹാനവറുകളുടെ പടിപ്പുരയില്‍ അടിമയായ മുളഫര്‍ ഭക്ഷണപ്പൊതിയുമായി വിശന്നവരെ കാത്തിരിക്കാറുണ്ടായിരുന്നു. കവാടത്തില്‍ നിന്ന് അടിമ ഇങ്ങനെ വിളിച്ചു പറയും: ആര്‍ക്കാണ് റൊട്ടി വേണ്ടത്? ആര്‍ക്കെങ്കിലും അത്താഴം വേണോ? കിടക്കാന്‍ ഒരിടം ആവശ്യമുണ്ടോ?
ശൈഖവര്‍കള്‍ക്ക് പലപ്പോഴും ഹദ്‌യകള്‍ ലഭിച്ചാല്‍ അത് ഉടനെ തന്നെ സദസ്സിലുള്ളവര്‍ക്ക് വിതരണം ചെയ്യലായിരുന്നു പതിവ്. അവിടുന്ന് നേര്‍ച്ച സാധനങ്ങള്‍ സ്വീകരിക്കുമായിരുന്നു.
ഖലാഇദുല്‍ ജവാഹിര്‍ /8
ശൈഖ് (റ) വിവരിക്കുന്നു: ഓരോ കര്‍മങ്ങളും ഞാന്‍ ചികഞ്ഞന്വേഷിച്ചു. പക്ഷെ വിശക്കുന്നവരെ ഭക്ഷിപ്പിക്കുന്നതിനേക്കാള്‍ നല്ല ഒന്ന് ഞാന്‍ കണ്ടില്ല. ദുനിയാവ് മുഴുവന്‍ എനിക്കായെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നിട്ട് എണ്ണമറ്റ ആളുകളെ അതില്‍ നിന്ന് ഭക്ഷിപ്പിക്കാനും. സ്വര്‍ണ നാണയങ്ങള്‍ ഞാന്‍ സൂക്ഷിച്ചു വെക്കാറില്ല. ആരെങ്കിലും എനിക്ക് സ്വര്‍ണം കൊണ്ട് തന്നാല്‍ ഞാന്‍ അവരോട് പറയും ആ തലയണക്ക് താഴെ അത് വെച്ചോളൂ. ഞാനതിനെ സ്പര്‍ശിക്കാറില്ലായിരുന്നു. പിന്നീട് ഞാന്‍ സേവകനോട് ആ സ്വര്‍ണനാണയങ്ങള്‍ക്ക് പകരം ഭക്ഷണ സാധനങ്ങള്‍ കൊണ്ടു വരാന്‍ കല്‍പിക്കാറാണ് പതിവ്.
ദുഖിതനായ ഒരു ഫഖീറിനെ ഒരിക്കല്‍ ശൈഖവര്‍കള്‍ കണ്ടുമുട്ടി. ശൈഖ് കാര്യം തിരക്കി. അയാള്‍ വിവരിക്കാന്‍ തുടങ്ങി. എന്നെ മറുകരയിലെത്തിക്കാന്‍ ഞാന്‍ തോണിക്കാരനോട് ആവശ്യപ്പെട്ടു. പക്ഷെ ദരിദ്രനായ എന്നെ അദ്ദേഹം അവഗണിക്കുകയാണ് ചെയ്തത്. ഫഖീറിന്റെ വാക്കുകള്‍ ഇടറി. അപ്പോഴാണ് മറ്റൊരാള്‍ കടന്നു വന്നത്. ശൈഖവര്‍കള്‍ക്ക് നേര്‍ച്ചയാക്കിയ മുപ്പത് ദീനാര്‍ അയാളുടെ കയ്യിലുണ്ടായിരുന്നു. അത് അയാള്‍ ശൈഖിന് കൈമാറി. ഉടനെ ശൈഖവര്‍കള്‍ ഫഖീറിനോട് പറഞ്ഞു. ഈ സ്വര്‍ണനാണയങ്ങള്‍ എടുത്തോളൂ. ഇനിയൊരിക്കലും ദരിദ്രരെ നിന്ദിക്കരുതെന്ന് ആ തോണിക്കാരനോട് പറയുകയും വേണം.
ഖലാഇദുല്‍ ജവാഹിര്‍ 36

ഉന്നതങ്ങളില്‍

ശൈഖ്(റ) തന്റെ ഉദ്‌ബോധന സദസ്സിലാണ്. മഹാനവര്‍കള്‍ സംസാരത്തിനിടയില്‍ പറയുകയാണ് സര്‍വ വലിയ്യുകളുടെയും ചുമലിനു മുകളിലാണ് എന്റെ പാദം. ഇതു കേള്‍ക്കേണ്ട താമസം വാനലോകത്തും ഭൂമിലോകത്തുമുള്ള സര്‍വ ഔലിയാക്കളും തലകുനിച്ചു. ഇസ്വ#്ബഹാനിലെ ഒരു വ്യക്തി ധിക്കാരം കാണിച്ചു. ഉടനെ ശൈഖവര്‍കള്‍ അയാളുടെ വിലായത്ത് എടുത്ത് മാറ്റി.
നജീബ് സുഹ്‌റവര്‍ദി തലകുനിച്ചവരില്‍ പെട്ടവരാണ്. എന്റെ ശിരസ്സില്‍… എന്റെ ശിരസ്സില്‍… എന്നാണ് മഹാന്‍ പറഞ്ഞത്. രിഫാഈ ശൈഖ് (റ) പറഞ്ഞു. ഈയുള്ളവനും അവരില്‍ പെട്ടവനാണ്. ഇങ്ങനെ പല വലിയ്യുകളും ചെയ്തപ്പോള്‍ സമീപസ്തര്‍ വിഷയം അന്വേഷിച്ചു. ശൈഖ് ജീലാനി(റ) ബഗ്ദാദില്‍ നിന്ന് ഇങ്ങനെ കല്‍പിച്ചിട്ടുണ്ട് എന്നായിരുന്നു എല്ലാവരുടെയും മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here