വെളിച്ചം തെളിഞ്ഞപ്പോള്‍ അവര്‍ നടന്നു, പെടുന്നനെ ഇരുട്ട് പരന്നു

ജുബൈര്‍ കരിങ്ങനാട്

0
980

മുനാഫിഖുകളുടെ ഉപമ:
മുനാഫിഖുകളെ ഉപമിക്കാവുന്നത് തീ കത്തിച്ച ഒരാളോടാണ്. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ അവരെ വിടുകയും ചെയ്തു. ബധിരരും ഊമകളും അന്ധരുമാകുന്നു അവര്‍. അതിനാല്‍ അവര്‍ സത്യത്തിലേക്ക് തിരിച്ച് വരികയില്ല (അല്‍ബഖറ – 17,18)
ഈ ആയത്തില്‍ മുനാഫിഖുകളെ സംബന്ധിച്ചാണ് പരാമര്‍ശിക്കുന്നത്. അപ്പോള്‍ ഉപമേയം (മുശബ്ബഹ്) മുനാഫീഖുകളും, ഉപമാനം (മുശബ്ബഹ് ബിഹി) വെളിച്ചം കത്തിച്ച വ്യക്തിയുമാണ്. ഇവിടെയും ‘തശ്ബീഹ് മുഫസ്വലാണ്’.
ജീവികള്‍ക്ക് നേര്‍വഴിയിലേക്കെത്താനുള്ള മാര്‍ഗങ്ങളാണ് സംസാരശേഷിയും കാഴ്ചയും കേള്‍വിയും. ഇവ മൂന്നും നഷ്ടമായവര്‍ അവരുടെ സഫല ജീവിതത്തിലേക്ക് നയിക്കുന്ന ഉപാധികളാണ് തടയപ്പെട്ടത്. അഥവാ അവരുടെ കാഴ്ചകൊണ്ട് ആത്യന്തികമായ വിജയത്തിലേക്കുള്ള വഴികളെ അവര്‍ ദര്‍ശിക്കുന്നില്ല. ശ്രവിക്കുന്നില്ല, അതിനെക്കുറിച്ച് ചോദിച്ച് പഠിക്കുന്നുമില്ല. മുനാഫിഖുകള്‍ ഈ മൂന്ന് വിശേഷണങ്ങളും നഷ്ടമായവരെ പോലെയായി. കാരണം സന്മാര്‍ഗത്തിലേക്ക് എത്തിച്ചേരേണ്ട വഴികളില്‍ നിന്നും അവര്‍ തിരിഞ്ഞുകളഞ്ഞു. അതുകൊണ്ടാണ് മുനാഫിഖുകള്‍ സന്മാര്‍ഗത്തിലേക്ക് എത്തുകയില്ല എന്ന് ഖുര്‍ആന്‍ പ്രയോഗിച്ചത്.
ഇമാം ത്വബ്‌രി(റ) പറയുന്നു: ”മനുഷ്യസമൂഹത്തില്‍ രണ്ട് അവസ്ഥയാണ് ഉണ്ടായിരുന്നത്. പ്രത്യക്ഷമായി സത്യവിശ്വാസികളുടെ ആചാരനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്നവരും സത്യനിഷേധികളുടെ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നവരും. വിശ്വാസികള്‍ യഥാര്‍ത്ഥ വിശ്വാസികളും സത്യനിഷേധികള്‍ അവിശ്വാസികളുമായിരുന്നു. എന്നാല്‍ ഇവ രണ്ടും അല്ലാത്ത മറ്റൊരു വിഭാഗം സമൂഹത്തില്‍ പ്രത്യക്ഷപ്പെട്ടു. അവരെ സംബന്ധിച്ച് മുനാഫിഖുകള്‍ (കപടവിശ്വാസി) എന്ന് നാമകരണം ചെയ്തു. (തഫ്‌സീറുത്വബ്‌രീ- 1/190)
വിളക്ക് കത്തിക്കുകയും അതിന്റെ ചുറ്റുഭാഗം പ്രകാശം പരക്കുകയും ചെയ്തപ്പോള്‍ അതിനെ അല്ലാഹു കെടുത്തിക്കളഞ്ഞു. എന്നാല്‍ മുനാഫിഖുകള്‍ക്ക് ഈമാന്‍ ഉണ്ടാകുന്നില്ല. ഏതടിസ്ഥാനത്തിലാണ് കുറഞ്ഞകാലം ഈമാനാകുന്ന വെളിച്ചം ലഭിച്ചു എന്ന് പറയാന്‍ കഴിയുക? ഹസന്‍(റ) പറഞ്ഞു: അവര്‍ പ്രത്യക്ഷത്തില്‍ ഇസ്‌ലാമിലെ നിയമങ്ങള്‍ അനുഷ്ഠിച്ചപ്പോള്‍ അവരുടെ രക്തവും സമ്പത്തുമെല്ലാം മുസ്‌ലിംകള്‍ സംരക്ഷിച്ചു. മുസ്‌ലിംകള്‍ക്ക് ലഭിക്കുന്ന ഗനീമത്ത് സ്വത്തുക്കളും മറ്റുവിധികളും മുനാഫിഖുകള്‍ക്കും ലഭിച്ചപ്പോള്‍ ഈമാനില്‍പെട്ട ഒരു വെളിച്ചംപോലെ അവര്‍ക്ക് ലഭിച്ചു. കാലാകാലങ്ങളില്‍ അവര്‍ അനുഭവിക്കുന്ന ശിക്ഷയിലേക്ക് ചേര്‍ത്തിനോക്കുമ്പോള്‍ കുറഞ്ഞകാലം അവര്‍ അനുഭവിച്ച ആനുകൂല്യങ്ങള്‍ കുറഞ്ഞ വെളിച്ചം ലഭിച്ചതുപോലെയായി. അതിനുശേഷം ആ വെളിച്ചം അല്ലാഹു കെടുത്തിക്കളഞ്ഞു. നരകത്തിന്റെ ഇരുട്ടിലായിത്തീരുകയും ചെയ്യുന്നു. ഭൗതിക ജീവിതത്തില്‍ അവര്‍ അനുഭവിച്ച ആനുകൂല്യത്തെ പ്രകാശത്തോടും പാരത്രികലോകത്ത് അവര്‍ അനുഭവിക്കുന്ന ശിക്ഷയെ ഇരുട്ടിനോടും ഉപമിച്ചു.” (റാസി- 2/67)
ഖുര്‍ആനിലെ ഈ ആയത്തിലെ പദങ്ങളുടെ പ്രയോഗം അതിശയിപ്പിക്കുന്നതാണ്. ഈ സൂക്തത്തില്‍ ളൗഅ് എന്നതിന് പകരം നൂര്‍ എന്ന് പറഞ്ഞതിനാല്‍ ഒരു കണിക വെളിച്ചം പോലും ശേഷിക്കുന്നില്ല എന്നാശയം ലഭിക്കുന്നു (ബൈളാവി- 1/34).

LEAVE A REPLY

Please enter your comment!
Please enter your name here