റുകൂഇന്റെ ഏറ്റവും ചുരുങ്ങിയ അളവ് ഉള്ളംകൈ മുട്ടിന്‍കാലിലേക്ക് എത്തുന്ന രീതിയില്‍ കുനിയലാണ്. ഇരുന്ന് നിസ്കരിക്കുന്നവന് മുട്ടിന് കാലിന്റെ മുന്‍വശത്തേക്ക് നെറ്റി നേരിടുന്ന അത്രയും കുനിയലാണ്. റുകൂഇലേക്ക് കുനിയുമ്പോള്‍ തക്ബീറത്തുല് ഇഹ്റാമിന്റെ അവസരത്തില്‍ ഉയര്‍ത്തിയപോലെ രണ്ട് കൈകളും ഉയര്‍ത്തലും തക്ബീര്‍ ചൊല്ലലും സുന്നത്താണ്. രണ്ട് കാലുകളും മുട്ടുകള്‍ നിവര്‍ത്തി മുതുക് വളയാതെ നീട്ടിപ്പിടിച്ച് തല തൂക്കിയിടാതെ മുതുകിനോട് സമമാക്കി സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കി കുനിഞ്ഞ് നില്ക്കുക. കാല് പാദങ്ങളിലേക്കല്ല നോക്കേണ്ടത്. രണ്ട് കൈകളും മുട്ടിന്കാലിന്മേല് വെക്കണം. കൈകള്‍ ‘വത്റ്’ പോലെ ആകണമെന്നാണ് കിതാബുകളിലുള്ളത്. അമ്പ് എയ്ത് വിടുന്ന വില്ലിന്റെ രണ്ട് തലകള്‍ തമ്മില്‍ ബന്ധിക്കുന്ന ചരടിനാണ് ‘വത്റ്’ എന്ന് പറയുന്നത്. ഈ നിയമം പുരുഷന്മാര്ക്കുള്ളതാണ്. അല്ലാത്തവര്‍ റുകൂഇലും കൈകളെ ശരീരത്തോട് ചേര്ത്തിപ്പിടിക്കലാണ് സുന്നത്ത്. കാല്മുട്ടിന്മേല് വെക്കുന്ന കൈകളുടെ മുഴുവന്‍ വിരലുകളും ഖിബ്ല: യുടെ നേരെയാകലും അവ പരസ്പരം തട്ടാത്ത രൂപത്തില്‍ അകറ്റിപ്പിടിക്കലും സുന്നത്താണ്.
ഒരു ഫര്‍ളില്‍ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുമ്പോള്‍ ചൊല്ലേണ്ട തക്ബീറിന്റെ ദൈര്‍ഘ്യത്തിന് പരിധിയുണ്ട്. ഫര്ളില്നിന്ന് നീങ്ങാന്‍ തുടങ്ങുമ്പോള്‍ തക്ബീര്‍ തുടങ്ങുകയും അടുത്ത ഫര്ളിലെത്തുന്നതോട് കൂടി അവസാനിക്കുകയും ചെയ്യുക എന്നതാണ് ശരിയായ രീതി. ഈ രൂപത്തിലല്ലാതെ എങ്ങനെചെയ്താലും അത് സുന്നത്തിനെതിരാകും. റുകൂഇല്‍ ചൊല്ലേണ്ട പല ദിക്റുകളും ഹദീസില്‍ വന്നിട്ടുണ്ട് അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നാം സാധാരണ ചൊല്ലിവരാറുള്ള തസ്ബീഹ്. അതിന്റെ അര്‍ത്ഥ വ്യാപ്തിയെക്കുറിച്ചോ അക്ഷര ശുദ്ധിയെ കുറിച്ചൊ ഒന്നും ഒരു ചിന്തയും നമ്മില്‍ പലര്‍ക്കുമില്ല. റുകൂഇലെ തസ്ബീഹിന്റെ മാത്രം സ്ഥിതിയല്ല ഇത്. നിസ്കാരത്തില്‍ നാം നാവുകൊണ്ട് ഉരുവിടുന്നതും അവയവങ്ങള്‍ കൊണ്ട് അനുഷ്ഠിക്കുന്നതുമായ മുഴുവന്‍ കാര്യങ്ങളുടെയും പൊതുവായ അവസ്ഥ ഇതുതന്നെയാണ്. വഴിപാട്പോലെ ചില ചടങ്ങുകള്‍ നിര്‍വ്വഹിക്കുന്നു എന്ന് മാത്രം.
നബി (സ്വ) ഒരു രാത്രിയിലെ തഹജ്ജുദ് നിസ്കാരത്തില്‍ തസ്ബീഹിന്റെ ഒരുവാക്ക് മാത്രം ആവര്‍ത്തിച്ച് കൊണ്ട് ഏകദേശം പുലരുവോളം സുജൂദില്‍ കിടന്നതായി ഹദീസുകളില്‍ കാണാം. ആ വാക്കിന്റെ അര്‍ത്ഥ ഗാംഭീര്യത്തില്‍ ലയിച്ചത്കൊണ്ടായിരുന്നു അത്.
നമ്മെ സൃഷ്ടിച്ച് പരിപാലിച്ച്കൊണ്ടിരിക്കുന്ന സര്‍വ്വ ശക്തനായ അല്ലാഹുവിന്റെ പരിശുദ്ധിയെ പരമമായ രൂപത്തില്‍ വാഴ്ത്തലാണ് നാം പതിവായിച്ചൊല്ലുന്ന തസ്ബീഹ്. അത്യുന്നതനും അതിമഹത്വമുള്ളവനുമായ എന്റെ രക്ഷിതാവ് യാതൊരു കുറവും ന്യൂനതയുമില്ലാത്ത പരമ വിശുദ്ധനാണ് എന്ന് ഞാന്‍ സമ്മതിച്ച് പറയുന്നു എന്ന് ഈ വാക്കുകളെ പരിഭാഷപ്പെടുത്താം. ഇത്രമാത്രം അര്‍ത്ഥ ഗാംഭീര്യമുള്ള ഒരു വാക്ക് റബ്ബിന്റെ മുമ്പില്‍ കുനിഞ്ഞ് നിന്ന് കൊണ്ട് അശ്രദ്ധനും അലസനുമായി ഉച്ചരിക്കുന്നത് അനാദരവാണ്. അല്ലാഹു നമ്മുടെ ഉള്ളറിയുന്നവനാണ്. ആയതിനാല്‍ ഈ തസ്ബീഹ് എത്രവട്ടം ചൊല്ലുകയാണെങ്കിലും ശ്രദ്ധയോടെ മനസ്സറിഞ്ഞ് അക്ഷര ശുദ്ധിയോടെ ഭക്തി ബഹുമാനത്തോടെ ചൊല്ലണം. എങ്കിലേ അത് ഉപകാരപ്രദമാകു. ഒരുതവണ മുതല്‍ ഒറ്റ എണ്ണങ്ങളായി എത്രവേണമെങ്കിലും ഈ ദിക്റ് ചൊല്ലാം. എന്നാല്‍ ഇമാമായി നില്ക്കുന്നവന് സാധാരണ ഗതിയില്‍ മൂന്ന് തവണയേക്കാള്‍ കൂടുതലാകാന്‍ പാടില്ല.