രാജ്യത്തെ ജനങ്ങള്‍ ഇളകിയാല്‍, ഇളകിക്കൊണ്ടിരുന്നാല്‍ ഭരണകൂടം ഇളകും, അവരുടെ എത്ര കല്ലു പോലെയുമുള്ള മനസ്സും ഇളകേണ്ടി വരും. ലോക രാഷ്ട്രീയത്തില്‍ അതിന് സാക്ഷ്യങ്ങള്‍ നിരവധി. പൊതുവെ ഇത്തരം സാഹചര്യങ്ങളില്‍ മൗനത്തിലൊളിക്കുന്ന പ്രധാന മന്ത്രിയും പുറമെ അമിത് ഷായുമെല്ലാം പ്രക്ഷോഭങ്ങളോട് സമാധാനപ്പെടാന്‍ ആവശ്യപ്പെട്ടു കൊണ്ടു പ്രതികരിച്ചു അഥവാ പ്രതികരിക്കേണ്ടി വന്നു എന്നതു തന്നെ ഏറ്റവും വലിയൊരു പോസിറ്റീവ് സൂചനയായി കാണാമെന്നു തോന്നുന്നു. ഏതാനും ആയിരങ്ങള്‍ അല്ലെങ്കില്‍ പതിനായിരങ്ങള്‍ മാത്രം തെരുവിലിറങ്ങിയപ്പോഴേക്കും ഭരണകൂടത്തെ അതു സ്വാധീനിച്ചു എന്നു തന്നെയാണര്‍ഥം.
അതിനാല്‍ നമുക്ക് ശബ്ദിച്ചു കൊണ്ടിരിക്കാം, കലഹിച്ചു കൊണ്ടിരിക്കാം. ഏറ്റവും സമാധാനപരമായ മാര്‍ഗങ്ങള്‍ തന്നെ ഭരണകൂടത്തെ തിരുത്തിക്കാന്‍ ധാരാളമാവും, നാം ഉറച്ചു നില്ക്കുമെങ്കില്, സമര നൈരന്തര്യം തീര്‍ക്കുമെങ്കില്‍, മറ്റു ബഹളങ്ങളിലേക്കും ആഭ്യന്തര അഭിപ്രായ ഭിന്നതകള്‍ മുതല്‍ മേനി പറച്ചില് വരെയുള്ള ദൗര്‍ബല്യങ്ങളിലേക്കും ശത്രുവിന്റെ തന്ത്രങ്ങളിലേക്കും ശ്രദ്ധ തിരിഞ്ഞു പോകാതെ ലക്ഷ്യം നേടും വരെ പൊരുതിക്കൊണ്ടേയിരിക്കാന് നമുക്കാവുമെങ്കില്‍. തിരമാലകള്‍ പോലെ, ഒന്നു കരയില്‍ വന്ന് അലസിപ്പോയി എന്നു തോന്നുമ്പോഴേക്ക് കൂറേക്കൂടി വലുതൊന്ന് രൂപപ്പെടും പോലെ, ഒരിക്കലും അടങ്ങാത്ത വലുതും ചെറുതുമായ തിരമാലകളായി നമ്മുടെ പ്രതിഷേധങ്ങളും ശബ്ദങ്ങളും സാധ്യമായ ഇടങ്ങളിലെല്ലാം മുഴങ്ങട്ടെ. കീഴടങ്ങുകയല്ലാതൊരു വഴിയും ഫാസിസ്റ്റ് ഭരണകൂടത്തിനു മുന്നിലില്ലാത്ത വിധം നമ്മുടെ തെരുവുകളും സോഷ്യല്‍ ഇടങ്ങളും ശബ്ദിച്ചു കൊണ്ടിരിക്കട്ടെ.
ഒന്നു വഴങ്ങിയാല്‍, വിജയിച്ചെന്നു കരുതിയ ക്ഷുദ്ര പദ്ധതികളൊക്കെ അവതാളത്തിലാവുമെന്നതിനാല്, കാല്ക്കീഴിലായെന്നു കരുതിയ രാജ്യം കൈവിട്ടു പോകുമെന്നതിനാല്‍ അവഗണിക്കാന്‍, അടിച്ചൊതുക്കാന്‍ പരമാവധി ശ്രമങ്ങളുണ്ടായെന്നു വരും. ഒരു ഫലവുമില്ലല്ലോ എന്നു തോന്നുന്ന ഘട്ടങ്ങളുണ്ടായെന്നു വരും. പക്ഷേ, മൗനം പോലും, അടിച്ചമര്‍ത്തല്‍ പോലും, ഫലങ്ങളാണെന്നുറപ്പിക്കുക. എല്ലാ ഫലവും വേഗത്തില്‍ പ്രത്യക്ഷമാകില്ലല്ലോ. ആദ്യത്തെ അടിയില്‍ തന്നെ പാറ പൊട്ടിയില്ലെങ്കില്‍ അടി കൊണ്ടിട്ടില്ലെന്നര്ഥമില്ല. നൂറാമത്തെ അടിക്ക് പൊട്ടുന്ന കരിമ്പാറ പോലും ആദ്യത്തെ അടിയുടെ ഫലമായി കൂടെയാണ് പൊട്ടുന്നത്. അതിനാല്‍ പൊട്ടും വരെ അടിച്ചുകൊണ്ടിരിക്കുക.
ഇരുപതു കോടിയാണ് ഫാഷിസം പുറന്തള്ളാന്‍ ആഗ്രഹിക്കുന്ന ജനപഥം. അവരുടെ തോള് ചേര്‍ന്നു നില്ക്കാന് തയ്യാറുള്ള ജനത അത്രയോ അതിനിരട്ടിയോ അതിലേറെയോ വന്നേക്കും. ലോകത്തെ വിജയകരമായ സമാധാന പ്രക്ഷോഭങ്ങളിലൊക്കെ ലക്ഷങ്ങള്‍ അണിനിരന്നതാണ് നമ്മളൊക്കെ കണ്ടത്. അതു മതിയായിരുന്നു പതിറ്റാണ്ടുകള്‍ കൊണ്ട് മൂടുറച്ചു പോയ, പ്രതിപക്ഷങ്ങളില്ലാത്ത ഏകാധിപതികളെ വരെ വീഴ്ത്താന്‍. എന്നിട്ടല്ലേ, ജനാധിപത്യത്തിന്റെയും പോരാട്ടത്തിന്റെയും അനുഭവമുള്ള, നിരവധി പോരാട്ട പ്രസ്ഥാനങ്ങളുള്ള ഒരു രാജ്യത്തെ ബഹുകോടികളെ, മാസങ്ങളുടെ മാത്രം ഏകാധിപത്യ ശ്രമത്തിന്റൈ അഹന്ത മാത്രം കൈമുതലായുള്ള ഇരട്ട ദിനോസറുകള്‍ക്ക് പ്രതിരോധിക്കാനാവുക!!! ഈ ശതകോടി മനുഷ്യര്‍ തെരുവില്‍ വന്നു വെറുതെ ഒച്ച വെച്ചാല്‍ മാത്രം മതി, അതിന്റെ പ്രകമ്പനത്തില്‍ ഫാഷിസ്റ്റ് കോട്ടകള്‍ തകരാന്‍.
സത്യത്തില്‍ നാം പുലര്‍ത്തിയ കുറ്റകരമായൊരു നിശബ്ദതക്കുള്ള ശിക്ഷയാവാം ഇപ്പോള്‍ കൂടുതല്‍ ഒച്ച വെക്കേണ്ടി വരുന്നത്. ആസാമില്‍, ശബ്ദിക്കാനോ സംഘടിക്കാനോ സംഘടിച്ചു പൊരുതാനോ ശേഷിയില്ലാത്ത പതിതരായ ലക്ഷക്കണക്കിനു മനുഷ്യരെ ഈ മണ്ണില്‍ നിന്നു പുറന്തള്ളാനും കോണ്സെന്ട്രേഷന് ക്യാമ്പുകളിലടച്ച് ആജീവനാന്തം പീഡിപ്പിക്കാനും ഭരണകൂട ഫാഷിസം ശ്രമിച്ചപ്പോള്‍ ഫലപ്രദമായി അവര്‍ക്ക് വേണ്ടി ശബ്ദിക്കാനാവാതെ പോയതിന്റെ തെറ്റ് (വളരെ കുറഞ്ഞ, ഹെല്‍പ്പ് ഡെസ്കുകള്‍ പോലുള്ള പ്രവര്ത്തനങ്ങളൊഴിച്ച്) തിരുത്താന്‍, തോക്കിന് മുന നമ്മുടെ നെഞ്ചിലേക്ക് നീണ്ടപ്പോഴെങ്കിലും നമ്മള് തയ്യാറായല്ലോ.
ശബ്ദിക്കാന്‍ പോലും കഴിയാത്ത പതിതരായ മനുഷ്യരെ, തങ്ങള്‍ക്കു സംഭവിക്കാന്‍ പോകുന്നതിന്റെ ഭീകരതയോ വിശദാംശങ്ങളോ അറിയുക പോലും ചെയ്യാത്ത വിധം നിരക്ഷരരായ മനുഷ്യരെ കോണ്സെന്ട്രേഷന് ക്യാമ്പുകളിലടക്കാന് ശ്രമിച്ചപ്പോള്‍ മൗനമായിരുന്നു പ്രതികരണം, അതിനാല്‍ ആ ഇരുപതു കോടിയെക്കൂടെ ഘട്ടം ഘട്ടമായി കോണ്സെന്ട്രേഷന് ക്യാമ്പുകളില്‍ എളുപ്പത്തില്‍ തള്ളിക്കളയാം എന്നു തെറ്റുധരിച്ച ഫാഷിസ്റ്റ് യന്ത്രത്തിന്റെ പകല്‍ സ്വപ്നം നമുക്ക്, കരുത്തുറ്റ ശബ്ദങ്ങള്‍ കൊണ്ട് തകര്‍ത്തു കളയാം. ഇനിയൊരിക്കലും മൗനം നമ്മുടെ പ്രതികരണമാവില്ലെന്ന്, തല ഉയര്‍ത്തിപ്പിടിച്ച് പേടിയില്ലാതെ നടക്കാനാവും വരെ ശബ്ദിക്കുന്നത് നിര്‍ത്തി വെക്കില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. തമാശക്കു പോലും ഭീതിയുടെ, ആശങ്കയുടെ, അനിശ്ചിതത്വത്തിന്റെ വാക്കുകളും പ്രയോഗങ്ങളും ഉപയോഗിക്കുന്നത് നമുക്കൊഴിവാക്കാം. നമുക്കു പേടിയുണ്ട് എന്നു തോന്നിയാല്‍ തന്നെ ശത്രുവിന് സന്തോഷമാകും. നമ്മുടെ പേടി മാത്രമാണ് ശത്രുവിന്റെ ആയുധം. അത് നമ്മുടെ ഉള്ളിലാണ് വിക്ഷേപിച്ചിരിക്കുന്നത്. ധീരമായൊരു മുഷ്ടി കൊണ്ട്, കനമുള്ളൊരു വാക്കു കൊണ്ട് ആ പേടിയെടുത്ത് വലിച്ചെറിയാം. ഈ ജനമഹാ കോടികള്‍ ഓരോരുത്തരും അവരുടെ മനസ്സില്‍ നിന്ന് പേടിയെടുത്ത് കുടഞ്ഞെറിഞ്ഞാല്‍, പിന്നൊന്നും നോക്കാനില്ല, ശത്രു നിരായുധനായി.
നിരായുധനായ അക്രമിക്ക്, പേടിയില്ലാതെ ഒഴുകി വരുന്ന കോടിക്കണക്കിനു മനുഷ്യര്‍ക്കു മുന്നില്‍ തോറ്റോടുകയല്ലാത്ത നിവൃത്തിയൊന്നുമുണ്ടാവില്ല. രാജ്യം മുഴുവന്‍ പട്ടാളത്തെ വിന്യസിക്കാന്‍ ഒരു ഭരണകൂടത്തിനുമാവില്ല. കോടിക്കണക്കിനു മനുഷ്യരില്‍ നിന്ന് വേഷം നോക്കി ആളെ തിരിച്ചറിയാന്‍ ഒരു കോമാളിക്കുമാവില്ല, അവരുടെ നെഞ്ചിലേക്ക് കാഞ്ചി വലിക്കാന്‍ ഒരു ഹിറ്റ്ലര്ക്കുമാവില്ല, ബഹുകോടി മനുഷ്യരെ ഗുണ്ടാവടി കൊണ്ട് അടിച്ചൊതുക്കാന്‍ പോലീസിന്റെ പ്രഛന്ന വേഷം കെട്ടി വരുന്ന കര്സേവകര്ക്കുമാവില്ല. അതിനാല്‍, ശാന്തമായി, എന്നാല്‍ ശക്തമായി, മടുക്കാതെ, തളരാതെ, നിര്‍ത്താതെ, നിര്‍ത്താതെ, ഒരിക്കലും നിര്‍ത്താതെ നമുക്ക് ശബ്ദിച്ചു കൊണ്ടേയിരിക്കാം, പൊരുതിക്കൊണ്ടേയിരിക്കാം…. വീണ്ടുമൊരു സ്വാതന്ത്ര്യപ്പുലരി സാധ്യമാവും വരെ.