ഒരു പുതുവത്സരം കൂടി വന്നണഞ്ഞു. ഹിജ്റ വർഷ കലണ്ടറിലെ ആദ്യ മാസമാണ് മുഹർറം. മറ്റു മാസങ്ങളിൽ നിന്ന് പരിശുദ്ധ റമളാനിനും യുദ്ധം നിഷിദ്ധമായ മാസങ്ങൾക്കും അല്ലാഹു കൂടുതൽ പവിത്രത നൽകിയിട്ടുണ്ട്. യുദ്ധം നിഷിദ്ധമായ നാലു മാസങ്ങളിൽ ഒന്നാണ് ‘ശഹ്റുല്ലാഹ്’ ഹുവിന്റെ മാസം) എന്ന് വിളിക്കപ്പെടുന്ന മുഹർറം. ദുൽഖഅദ്, ദുൽഹിജ്ജ, റജബ് എന്നിവയാണ് യുദ്ധം നിഷിദ്ധമായ മറ്റു മാസങ്ങൾ.
പ്രാരംഭം പ്രകാശിതമാകട്ടെ.
ഏതൊരു കാര്യത്തിന്റെയും നല്ല പര്യവസാനത്തിന് നല്ല തുടക്കം അനിവാര്യമാണ്. അതുകൊണ്ടുതന്നെ മുഹർറം മാസത്തിൽ കഴിഞ്ഞു പോയ കാലങ്ങളിൽ വന്ന വീഴ്ച്ചകൾ പരിഹരിക്കാനും അല്ലാഹുവിനോട് പാപമോചനം തേടാനും സൽകർമങ്ങൾ കൊണ്ട് ധന്യമാക്കാനും വിശ്വാസികളോട് ഇസ്ലാം ഉദ്ഘോഷിക്കുന്നു.
ചരിത്ര സമ്പന്നം.
ഇസ്ലാമിൽ നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മാസമാണ് മുഹർറം. മൂസാ നബി(അ)യുടെ കാലത്ത് ഫിർഔനിന്റെ നാശത്തോടെ ബനൂ ഇസ്റാഈൽ ജനതക്ക് മോചനം ലഭിച്ചത് മുഹർറം മാസത്തിലായിരുന്നു. യൂസുഫ് നബി(അ)ക്ക് ജയിൽ മോചനം ലഭിച്ചതും മത്സ്യ വയറ്റിൽ നിന്ന് യൂനുസ് നബി(അ) രക്ഷപ്പെട്ടതും പ്രളയക്കെടുതിയിൽ നിന്ന് നൂഹ് നബി(അ)യുടെ കപ്പൽ പർവ്വതശിഖരത്തിലെത്തി രക്ഷ നേടിയതും നംറൂദിന്റെ അഗ്നിശിക്ഷയിൽ നിന്ന് ഇബ്റാഹീം നബി(അ)ക്ക് അല്ലാഹു രക്ഷ നൽകിയതുമെല്ലാം ഈ പവിത്രമാസത്തിലായിരുന്നു.
വ്രത പുണ്യം
മുഹർറം മാസം മുഴുവൻ വ്രതമനുഷ്ഠിക്കുന്നതിന് ഏറെ പുണ്യമുണ്ട്.
അലി(റ)യോട് ഒരാൾ ചോദിച്ചു: “റമളാനിനു ശേഷം നോമ്പനുഷ്ഠിക്കൽ ഏറ്റവും പുണ്യമേറിയ മാസം ഏതാണ്?” അലി(റ) പറഞ്ഞു: ”ഈ ചോദ്യം ഒരാൾ തിരുനബി(സ)യോട് ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. നബി(സ) അയാൾക്ക് ഇങ്ങനെ മറുപടി നൽകി: “നിങ്ങളിലാരെങ്കിലും റമളാനല്ലാത്ത മറ്റൊരു മാസത്തിൽ നോമ്പനുഷ്ഠിക്കാനുദ്ദേശിക്കുന്
ആശൂറാ ദിനം
മുഹർറം പത്താം ദിനത്തെയാണ് ആശൂറാ ദിനം എന്ന് വിളിക്കുന്നത്. പൂർവ്വസൂരികൾ ആ ദിനത്തെ ഏറെ ആദരിക്കുകയും ആരാധനകൾ കൊണ്ട് ധന്യമാക്കുകയും ചെയ്യാറുണ്ടായിരുന്നു. ആശൂറാ ദിനത്തിലെ പകലിൽ നോമ്പനുഷ്ഠിക്കൽ ഇസ്ലാമിന്റെ തുടക്കകാലത്തിൽ വിശ്വാസികൾക്ക് നിർബന്ധമായിരുന്നോ എന്നതിൽ ഇമാമുകൾക്കിടയിൽ അഭിപ്രായ ഭിന്നതന്നതയുണ്ട്. എന്നാൽ ഇക്കാലത്ത് ആശൂറാ ദിനത്തിലെ വ്രതം സുന്നത്താണെന്നതിൽ ഭിന്നാഭിപ്രായമില്ല. (ശറഹുൽ മുഹദ്ദബ് – ഇമാം നവവി(റ))
മുഹർറം ഒൻപത്, പതിനൊന്ന് എന്നീ ദിനങ്ങളിലെ നോമ്പിനും പ്രത്യേക പുണ്യമുണ്ടെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.ആശൂറാ ദിനത്തിൽ കുടുംബങ്ങൾക്ക് നൽകുന്നതിലും അവരോട് പെരുമാറുന്നതിലും വിശാലത കാണിക്കണമെന്ന് പറയുന്ന ഹദീസുകൾ നിരവധിയുണ്ട്. എന്നാൽ ഈ ദിനവുമായി ബന്ധപ്പെട്ട് നിരവധി ദുരാചാരങ്ങൾ പ്രചരിപ്പിക്കുന്നവരുമുണ്ട്. വിശുദ്ധമതത്തിൽ യാതൊരടിസ്ഥാനവുമില്ലാത്ത അത്തരം ആചാരാനുഷ്ഠാനങ്ങൾ നിഷിദ്ധവും എതിർക്കപ്പെടേണ്ടതുമാണെന്നാണ് പണ്ഡിത നിലപാട്.
കർബലയിലെ കണ്ണീർ
തിരുനബി(സ)യുടെ പേരക്കിടാവായിരുന്ന ഹുസൈൻ(റ) കർബലയിൽ വെച്ച് രക്തസാക്ഷിയായതും ആശൂറാ ദിനത്തിലാണ്. വിശ്വാസിലോകത്തിന് ആ ചരിത്രസംഭവത്തെ കണ്ണീരോടെ മാത്രമേ സ്മരിക്കാൻ കഴിയൂ.
ഈ പവിത്രമാസത്തെ സൽകർമ സമ്പന്നമാക്കാനും തിന്മ രഹിതമായൊരു ജീവിതത്തിന് തുടക്കം കുറിക്കാനും നമുക്ക് പ്രതിജ്ഞയെടുക്കാം.