മുത്വലാഖ് ദുരുപയോഗവും ദുര്‍വ്യാഖ്യാനവും അപകടമാണ്‌

0
2334

Hand holding the plug, blackboard

വിവധ മത രാഷട്രീയ വിശ്വാസങ്ങളും ചിന്തകളും വെച്ചുപുലര്‍ത്തുന്ന നിരവധി സുഹൃത്തുക്കള്‍ മുത്വലാഖ് വിരുദ്ധ വിധിയെ സ്വാഗതം ചെയ്യുന്നത് കണ്ടു. സംഘ്പരിവാറിന്റെ സ്വാഗതം ചെയ്യല്‍ കേവല മുസ്ലിം വിരുദ്ധ മനോഭാവത്തിന്റെ ഭാഗമാണെന്ന് എഴുതി തള്ളാം. പക്ഷെ ചില ഇടത് ബുദ്ധിജീവികളും മതേതര വിശ്വാസികളായ മാധ്യമ പ്രവര്‍ത്തകരുമൊക്കെ സ്വാഗതം ചെയ്തതിന്റെ കാര്യകാരണങ്ങളാണ് മനസ്സിലാകാത്തത്. നിഷ്‌കളങ്കനായ ഒരു സൂഹൃത്തിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത് ‘മുത്വലാഖ് ശരീഅത്ത് വിരുദ്ധമല്ലേ’ എന്നാണ്. ഫെമിനിസ്റ്റുകള്‍ പറയുന്നത് ‘സ്ത്രീ വിരുദ്ധമാണ്’ എന്നാണ്. മുത്വലാഖ് നിരോധനത്തെ ഇങ്ങനെയൊക്കെ വിലയിരുത്തി സ്വാഗതം ചെയ്യുന്നവര്‍ ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സ്വയം ആലോചിച്ച് കണ്ടെത്തേണ്ടതുണ്ടെന്ന് തോന്നുന്നു.

1)ഇസ്ലാമിലെ മുത്വലാഖ് എന്നാല്‍ എന്താണ്? അതിന്റെ നിബന്ധനകള്‍, അനുബന്ധ നിയമങ്ങള്‍ എന്തൊക്കെയാണ്? ഈ കാര്യങ്ങള്‍ പഠിച്ചിട്ടാണോ നിങ്ങള്‍ അഭിപ്രായ പ്രകടനം നടത്തുന്നത്?

2)നിങ്ങള്‍ ധരിച്ച് വെച്ചിരിക്കുന്ന ഇസ്ലാമിലെ മുത്വലാഖ് നിയമത്തെ നിങ്ങള്‍ ഇസ്ലാമിന്റെ ഏത് ആധികാരിക ടെക്സ്റ്റില്‍/പണ്ഡിതരില്‍ നിന്നാണ് പഠിച്ചത്?

3)ഇസ്ലാമിക കര്‍മ്മ ശാസ്ത്രം വിഭാവനം ചെയ്യുന്ന മുത്വലാഖിന്റെ പ്രശ്‌നങ്ങളും പരിമിതികളും എന്താണ്?
മുത്വലാഖിനെക്കാള്‍ ഇവിടുത്തെ മറ്റ് മതങ്ങളടക്കമുള്ളവയുടെ വിവാഹമോചന നിയമങ്ങളുടെ പോസിറ്റീവ് വശങ്ങള്‍ എന്തൊക്കെയാണ്?

4)പുതിയ വിധിയെ മുസ്ലിംവിരുദ്ധരും മുസ്ലിം അല്ലാത്തവരും ഇസ്ലാം പ്രാക്ടീസ് ചെയ്യാത്ത മുസ്ലിംകളും കൂടുതലായി ആഘോഷിക്കുകയും ഇസ്ലാം പ്രാക്ടീസ് ചെയ്യുന്ന ഭൂരിപക്ഷം മുസ്ലിംകള്‍ വിധിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്യുന്നത് എന്ത് കൊണ്ടാണ്?

5)ഒരു വിധിയെ ആഘോഷിക്കുമ്പോള്‍ മിനിമം അത് അടിച്ചേല്‍പ്പിക്കപ്പെടുന്ന വിഭാഗത്തിന്റെ ഭൂരിപക്ഷ വികാരമെങ്കിലും പരിഗണിക്കപ്പെടേണ്ടതില്ലേ?

ഈ ചോദ്യങ്ങള്‍ വെറുതെ സ്വയം ചോദിക്കുകയും സ്വയം ഉത്തരം തേടുകയും ചെയ്യുക. എന്നിട്ട് മുത്വലാഖിനെ കുറിച്ച് നേരത്തെ പറഞ്ഞ അഭിപ്രായത്തിന്റ ന്യായാന്യായങ്ങളെ കുറിച്ചും ഒന്നാലോചിക്കുക. ഇതുവരെയുള്ള പ്രതികരണങ്ങളുടെ അര്‍ത്ഥശൂന്യത അപ്പോഴെങ്കിലും ബോധ്യപ്പെടും. കാര്യങ്ങളെ കൃത്യമായി ആധികാരിക ഉറവിടങ്ങളില്‍ നിന്ന് പഠിക്കാതെ പ്രതികരിക്കുന്നതും അഭിപ്രായങ്ങള്‍ രൂപീകരിക്കുന്നതും നിയമങ്ങള്‍ നിര്‍മ്മിക്കുന്നതും അടിച്ചേല്‍പിക്കുന്നതും നമ്മുടെ രാജ്യത്തിന്റെ ജൈവസ്വരൂപം തന്നെയായ ബഹുത്വത്തെ സാരമായി ബാധിക്കുകയും സംഘര്‍ഷങ്ങള്‍ക്കിട വരുത്തുകയും ചെയ്യും.

അബൂബക്കര്‍ സഖാഫി അരീക്കോട്
മഅദിന്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയരക്ടര്‍

LEAVE A REPLY

Please enter your comment!
Please enter your name here