മക്കയില്‍ സംജാതമായ അപായകരമായ സാഹചര്യം അവിടുത്തെ ആശങ്കപ്പെടുത്തി. അമ്മാവന്മാരുടെ നാടായ ത്വാഇഫിലേക്കു പോകാമെന്നു വെച്ചു. അവിടെയും പീഡനമേല്‍ക്കേണ്ടി വന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തിരുനബി(സ്വ)ക്ക് ആദരവും ആശ്വാസവും പ്രബോധന വഴിയില്‍ വലിയ സഹായവുമായാണ് ഇസ്റാഉം മിഅ്റാജും നടന്നത്.
നബി(സ്വ)ക്ക് മാത്രം സിദ്ധമായ മഹത്തായ മുഅ്ജിസത്താണ് മിഅ്റാജ്. ഇസ്റാഉം മിഅ്റാജും കേവലമായ മുഅ്ജിസത്ത് മാത്രമല്ല, ആദരം കൂടിയാണ്. ജിബ്രീല്‍(അ) എന്ന ഇടനിലക്കാരനില്ലാതെ അല്ലാഹുവുമായി മുനാജാത്ത് നടത്താന്‍ നബി(സ്വ)ക്ക് അന്നു ഭാഗ്യമുണ്ടായി. എന്നത്തേക്കുമുള്ള ദൃഷ്ടാന്ത വിസ്മയങ്ങളായി ഇസ്റാഉം മിഅ്റാജും നിലനില്ക്കുന്നു.
നബി(സ്വ)യുടെ ജീവിതത്തിലെ ദുഃഖസംഭവങ്ങളായിരുന്നു അബൂത്വാലിബിന്റെയും ഖദീജ ബീവി(റ)യുടെയും വഫാത്ത്. കാരണം അവര്‍ രണ്ടു പേരും പ്രവാചകര്‍(സ്വ)ക്ക് സമൂഹത്തിലും വീട്ടിലും തുണയും സഹായവും സാന്ത്വനവുമായിരുന്നു.
അബൂത്വാലിബ് തിരുനബി(സ്വ)ക്ക് നല്കിയ സംരക്ഷണം കുടുംബപരമായ ബാധ്യത എന്ന നിലയിലായിരുന്നു. നാല്പത് വര്‍ഷക്കാലം അത് പ്രവാചകര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ പത്തു വര്‍ഷത്തോളം നബിയാണെന്ന് പ്രഖ്യാപിച്ചതിന്റെ ശേഷമാണ്. അബൂത്വാലിബ് ജീവിച്ചിരിക്കെ നബി(സ്വ)യെ പീഡിപ്പിക്കാന്‍ ഖുറൈശികള്‍ ധൈര്യം കാണിച്ചിരുന്നില്ല. നബി(സ്വ) തന്നെ ഇതു പറഞ്ഞിട്ടുണ്ട്: ‘അബൂത്വാലിബ് മരണപ്പെടുന്നതു വരെ ഖുറൈശികളില്‍ നിന്ന് എനിക്ക് ഉപദ്രവം ഏല്‍ക്കേണ്ടി വന്നിട്ടില്ല’ (ബൈഹഖി, ദലാഇല്‍).
ഖുറൈശികളില്‍ പെട്ട ചിലര്‍ റസൂല്‍(സ്വ)യുടെ ശരീരത്തിലേക്ക് മണ്ണ് വാരിയെറിഞ്ഞതിനു ശേഷം വീട്ടിലെത്തിയപ്പോള്‍ പുത്രി അത് തട്ടിക്കൊടുത്തുകൊണ്ടിരിക്കെയാണ് നബി(സ്വ) ഇതു പറഞ്ഞത്. നാല്പതു വര്‍ഷത്തെ സംരക്ഷണം നബി(സ്വ)ക്ക് ഉപകാരപ്പെട്ടിരുന്നുവെന്നതില്‍ സംശയമില്ല.
ഖദീജ(റ) നബി(സ്വ)യുടെ യൗവന കാലത്താണ് ജീവിത സഖിയായെത്തുന്നത്. നാല്പതു വയസ്സുണ്ടായിരുന്ന മഹതി പ്രായത്തിന്റെ പക്വതയോടെ തിരുനബി(സ്വ)ക്ക് തുണയായി. അവരുടെ സാമ്പത്തിക പിന്തുണയും റസൂലിന് വലിയ ഉപകാരമായിട്ടുണ്ട്. നബി(സ്വ)യുടെ സന്താനങ്ങളുടെ മാതാവ് എന്ന ബഹുമതി കൂടി മഹതിക്കുണ്ട്. ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ കൂട്ടാളിയുടെ മരണം സ്വാഭാവികമായും ദുഃഖം പടര്‍ത്താതിരിക്കില്ല.
രണ്ടുപേരുടെയും മരണത്തോടെ മക്കയില്‍ സംജാതമായ അപായകരമായ സാഹചര്യം അവിടുത്തെ ആശങ്കപ്പെടുത്തി. അമ്മാവന്മാരുടെ നാടായ ത്വാഇഫിലേക്കു പോകാമെന്നു വെച്ചു. അവിടെയും പീഡനമേല്‍ക്കേണ്ടി വന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തിരുനബി(സ്വ)ക്ക് ആദരവും ആശ്വാസവും പ്രബോധന വഴിയില്‍ വലിയ സഹായവുമായാണ് ഇസ്റാഉം മിഅ്റാജും നടന്നത്.
ഇസ്റാഅ്
മക്കയില്‍ നിന്നു ഖുദ്സിലേക്ക് നടന്ന രാത്രി സഞ്ചാരത്തെയാണ് ഇസ്റാഅ് എന്നു പറയുന്നത്. അല്ലാഹു പറയുന്നു: തന്റെ അബ്ദിനെ ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്നും ചുറ്റുപാടും ബറകത്ത് നല്കിയ മസ്ജിദുല്‍ അഖ്സ്വായിലേക്ക് പ്രയാണം ചെയ്യിച്ചവന്‍ ഏറെ പരിശുദ്ധനാണ് (ഇസ്റാഅ്/1). മക്കയില്‍ നിന്നും ഒരു മാസം ഒട്ടകപ്പുറത്ത് യാത്ര ചെയ്താലാണ് ഖുദ്സിലെത്തിച്ചേരാനാവുക. ഇന്നത്തെ പോലെ വേഗത കൂടിയ യാത്രാ സൗകര്യങ്ങളില്ലാത്ത കാലം. അതിനാല്‍ അതൊരു അത്ഭുത യാത്രയായിരുന്നു. അതെന്തിനു വേണ്ടി എന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ‘അതിന്റെ പരിസരം നാം ബറകത്ത് ചെയ്തിരിക്കുന്നു’ എന്നാണ് പരാമര്‍ശം. തിരുനബി(സ്വ)ക്ക് വ്യക്തിപരമായി ലഭിക്കുന്ന ഒരു ഭാഗ്യമാണ് അനുഗ്രഹീത സ്ഥലത്തെത്തുക എന്നത്. ആത്മീയ പ്രാധാന്യമുള്ള അനുഗ്രഹ പ്രദേശമാണ് ഖുദ്സ്. ഫലഭൂയിഷ്ഠമായ മണ്ണും അരുവിയും പുഴകളും കൃഷികളുമുള്ള ആകര്‍ഷണീയ ഭൂമി.
മൂസാ(അ) ഉള്‍പ്പെടെ അമ്പിയാക്കളില്‍ ധാരാളം പേര്‍ക്ക് വഹ്യ് അവതരിച്ച ഇടം. അവരുടെ ഇബാദത്തുകളും ദഅ്വത്തും നടന്ന പ്രദേശം. ഇബ്റാഹിം, ഇസ്ഹാഖ്, യഅ്ഖൂബ്, ഈസാ(അ) തുടങ്ങിയ അമ്പിയാക്കളുടെ പാദസ്പര്‍ശം കൊണ്ടനുഗ്രഹീതമാണ് ഖുദ്സ്. അവിടെ നബി(സ്വ) ശാരീരികമായി എത്തിച്ചേരുന്നു. അമ്പിയാക്കള്‍ക്ക് ഇമാമായി നിസ്കാരം നിര്‍വഹിക്കുന്നു. അമ്പിയാക്കളുടെയെല്ലാം നേതാവ് എല്ലാ അമ്പിയാക്കള്‍ക്കും മുന്നില്‍ നിന്ന് നേതൃത്വം നല്കി. നബി(സ്വ)യുടെ മഹത്ത്വവും പദവിയും അക്ഷരാര്‍ത്ഥത്തില്‍ അനുഭവപ്പെടുത്തിക്കൊടുക്കുകയായിരുന്നു ഇതിലൂടെ.
യാത്രക്കിടയില്‍ ചില സ്ഥലങ്ങളില്‍ നിസ്കരിക്കാന്‍ നബി(സ്വ)യോട് ജിബ്രീല്‍ (അ) ആവശ്യപ്പെടുകയും നിസ്കരിക്കുകയുമുണ്ടായി. ത്വയ്ബ, ത്വൂരിസീനാ, ബൈത്ലഹം എന്നീ സ്ഥലങ്ങള്‍ ചരിത്രപ്രധാനമാണ്. ത്വയ്ബയാണ് മദീനതുര്‍റസൂല്‍(സ്വ) ആയത്. ത്വൂരിസീനാ മൂസാ നബി(അ) അല്ലാഹുവിനോട് സംസാരിച്ച സ്ഥലമാണ്. ബൈത്ലഹം ഈസാ നബി(അ) പ്രസവിക്കപ്പെട്ട സ്ഥലവും. നബി(സ്വ)യില്‍ ആത്മീയ മധുരാനുഭവങ്ങള്‍ പകരുന്നതായിരുന്നു ഇവിടങ്ങളിലെ നിസ്കാരം.
‘എന്നെ രാപ്രയാണം ചെയ്യിച്ച രാത്രിയില്‍, മൂസാ(അ) ഖബ്റില്‍ വെച്ച് നിസ്കരിക്കുന്നത് ഞാന്‍ കാണുകയുണ്ടായി’ (ബസ്സാര്‍) എന്നു നബി (സ്വ) പറഞ്ഞിട്ടുണ്ട്. ഫിര്‍ഔന്റെ കൊട്ടാരത്തില്‍ ഭൃത്യയായിരുന്നപ്പോഴും തൗഹീദില്‍ അടിയുറച്ച് ജീവിച്ച ഒരു മഹതിയുണ്ടായിരുന്നു. ഫിര്‍ഔന്റെ പുത്രിയുടെ മുടി ചീകുന്നവരായതിനാല്‍ അവര്‍ ചരിത്ര പ്രസിദ്ധയായത് മാശിത്വ (മുടിചീകുന്നവള്‍) എന്ന പേരിലാണ്. നബി(സ്വ) ഇസ്റാഇന്റെ രാത്രിയിലുണ്ടായ അനുഭവം ഇങ്ങനെ വിവരിക്കുന്നു: ‘ഞാന്‍ പ്രയാണം ചെയ്ത രാത്രിയില്‍ ഒരു സുഗന്ധം അനുഭവപ്പെട്ടു. ജിബ്രീലിനോട് ഈ വാസന എന്താണെന്നു ഞാന്‍ ചോദിച്ചു. ‘അതു ഫിര്‍ഔന്റെ മകളുടെ മുടി ചീകിക്കൊടുത്തിരുന്നവരുടെ സുഗന്ധമാണ് എന്നെന്നോട് പറഞ്ഞു’ (അഹ്മദ്).
ശത്രുപീഡനങ്ങളില്‍ പതറാതിരിക്കാനുള്ള സൂചന കൂടി ഈ സംഭവത്തിലുണ്ടെന്ന് പണ്ഡിതര്‍. നബി(സ്വ)ക്ക് സമാധാനവും പ്രബോധന വഴിയില്‍ കരുത്തും പകരുന്ന വേറെയും അനുഭവങ്ങള്‍ ഇസ്റാഇനിടയില്‍ ഉണ്ടായിട്ടുണ്ട്.
മക്കയിലെ ജനങ്ങള്‍ക്ക് ഖുദ്സും അവിടേക്കുള്ള അകലവും അറിയാം. അവിടേക്കും തിരിച്ചും യാത്ര ചെയ്ത അനുഭവമുള്ളവര്‍ അവര്‍ക്കിടയിലുണ്ട്. അവരുടെ മുമ്പിലവതരിപ്പിക്കപ്പെടുന്നതാണീ യാത്രയും. അതിനാല്‍ തന്നെ അവരുടെ അറിവനുഭവങ്ങള്‍ക്കതീതമായ വിധം അത്ഭുത സംഭവമായി രുന്നു ഇസ്റാഅ്.
അവരെ സംബന്ധിച്ചിടത്തോളം പരിഹസിക്കാനെളുപ്പമുള്ളതായിരുന്നു പ്രത്യക്ഷത്തില്‍ ഇത്. പരിഹാസവും കളവാക്കലും ഭയന്നതിനാലാണ് ഉമ്മുഹാനിഅ്(റ) നബി(സ്വ)യോട് ഈ വിവരം പരസ്യപ്പെടുത്താതിരിക്കാന്‍ അഭ്യര്‍ത്ഥിച്ചത്. പക്ഷേ, നബി(സ്വ) പരസ്യപ്പെടുത്തി. കാരണം അത് വിവരിക്കാനുള്ളതായിരുന്നു. അതില്‍ അടങ്ങിയ പ്രബോധനപരമായ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അതനിവാര്യമാണ്.
യാത്രയില്‍ ഉണ്ടായ ചില അനുഭവങ്ങള്‍ കാരണം നബി (സ്വ)യെ കളവാക്കാന്‍ സാധാരണ ഗതിയില്‍ കഴിയാത്ത അവസ്ഥ വന്നു. നബി(സ്വ) പറയുന്നു: യാത്രക്കിടയില്‍ ഞാന്‍ ഒരു കുടുംബത്തിന്റെ കച്ചവട സംഘത്തെ കാണുകയുണ്ടായി. എന്റെ വാഹനത്തിന്റെ സാന്നിധ്യവും ശബ്ദവും കാരണം അവരുടെ ഒരൊട്ടകം ഓടിപ്പോയി. അങ്ങനെ ഞാനവര്‍ക്ക് ഒട്ടകത്തെക്കുറിച്ച് അറിയിച്ചുകൊടുക്കുകയുണ്ടായി. ഞാന്‍ ഫലസ്തീനിലേക്ക് പോകുമ്പോഴായിരുന്നു അത്. തിരിച്ചുവരുമ്പോഴും ഞാനവരെ കണ്ടു. അവര്‍ ഒരിടത്തു വിശ്രമത്തിനിടെ ഉറങ്ങുകയായിരുന്നു. അവരുടെ വെള്ളപ്പാത്രത്തില്‍ നിന്ന് ഞാനെടുത്തു കുടിച്ചു. പാത്രം മൂടിവെച്ചു. വര്‍ത്തക സംഘത്തിന്റെ മുന്നില്‍ ഒരൊട്ടകമുണ്ട്. അതിന്റെ നിറം കറുപ്പും വെളുപ്പും കലര്‍ന്നതാണ്. അതിന്റെ മേല്‍ രണ്ടു ഭാണ്ഡങ്ങളുണ്ട്. ഒന്ന് കറുത്തതും മറ്റേത് കറുപ്പും വെളുപ്പും നിറമുള്ളതുമാണ് (ബൈഹഖി).
മക്കക്കാരെ കുറിച്ച് നന്നായറിയുന്ന തിരുനബി(സ്വ) ഇസ്റാഅ് വിവരം അവരോടെങ്ങനെയാണവതരിപ്പിക്കുക എന്നതിനെ സംബന്ധിച്ച് ആലോചിച്ചുകൊണ്ടിരുന്നു. അവിടുന്ന് പറഞ്ഞു: ‘എന്നെ പ്രയാണം ചെയ്യിച്ച രാത്രി കഴിഞ്ഞ് പ്രഭാതത്തില്‍ ഞാന്‍ മക്കയിലെത്തി. ഞാന്‍ പ്രയാസത്തിലായി. ജനങ്ങള്‍ എന്നെ വാസ്തവമാക്കില്ലെന്ന് ഉറപ്പായിരുന്നു. അങ്ങനെ ഞാന്‍ മനഃപ്രയാസത്തോടെ അല്പം അകന്നിരിക്കുകയായിരുന്നു. അപ്പോള്‍ അബൂജഹ്ല് അതു വഴിവന്നു’ (നസാഈ).
അബൂജഹ്ല് നബി(സ്വ)യെ സമീപിച്ച് പരിഹാസത്തോടെ ചോദിച്ചു:
ഇന്ന് പുതിയതെന്തെങ്കിലും പറയാനുണ്ടോ?
ഞാന്‍ പറഞ്ഞു: അതേ.
അതെന്താണ്?
‘ഇന്നലെ എന്നെ രാപ്രയാണം ചെയ്യിക്കപ്പെടുകയുണ്ടായി.’
എങ്ങോട്ട്?
‘ബൈതുല്‍ മുഖദ്ദസിലേക്ക്.’
എന്നിട്ട് നേരം പുലരുമ്പോള്‍ ഞങ്ങള്‍ക്കിടയിലെത്തിയോ?
‘അതേ.’
ഇതുകേട്ട അബൂജഹ്ല് അത് നിഷേധിക്കാത്ത ഭാവം പ്രകടിപ്പിച്ചു. കാരണം ആളുകളെയെല്ലാംവിളിച്ചുകൂട്ടുമ്പോള്‍ താന്‍ കളവാക്കിയതിന്റെ പേരില്‍ നബി(സ്വ) സംഭവം നിഷേധിച്ചാലോ എന്നാണ് അബൂജഹ്ല് വിചാരിച്ചത്. അവന് ചോദിച്ചു:
ഞാന്‍ ജനങ്ങളെ വിളിച്ചാല്‍ അവരോടിത് വിവരിക്കാമോ?
‘തീര്‍ച്ചയായും.’
അബൂജഹ്ല് ഉടനെ കഅ്ബുബ്നു ലുഅയ്യ് സന്തതികളേ വരൂ എന്നു വിളിച്ചു പറഞ്ഞു. അപ്പോള്‍ കഅ്ബക്കരികിലുണ്ടായിരുന്ന ചെറിയ സഭകളെല്ലാം പിരിഞ്ഞ് അവരടുത്തുവന്നു. അബൂജഹ്ല് നബി(സ്വ)യോട് പറഞ്ഞു: നീ എന്നോട് പറഞ്ഞതൊക്കെ ഇവരോടും വിവരിക്കൂ.’
നബി(സ്വ) വിവരിക്കാന്‍ തുടങ്ങി:
‘ഇന്നലെ എന്നെ രാപ്രയാണം ചെയ്യിക്കപ്പെടുകയുണ്ടായി.’
അവര്‍ ചോദിച്ചു: എങ്ങോട്ട്?
‘ബൈതുല്‍ മുഖദ്ദസിലേക്ക്.’
എന്നിട്ട് നേരം പുലര്‍ന്നപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ എത്തിയെന്നോ?
നബി(സ്വ) പറഞ്ഞു: ‘അതേ.’
ഇതുകേട്ടതോടെ ചിലര്‍ കയ്യടിച്ച് പരിഹസിച്ചു. മറ്റു ചിലര്‍ ഇതെന്തൊരു കളവാണേ എന്ന നിലയില്‍ തലയില്‍ കൈവെച്ച് അത്ഭുതം കൂറി (നസാഈ).
അപ്പോള്‍ ഖുറൈശി പ്രമുഖനായ ജുബൈറുബ്നു മുത്ഇം പറഞ്ഞു: ‘ഞാനെങ്ങാനും പഴയ അവസ്ഥയിലായിരുന്നെങ്കില്‍ നീ ഇത് ഞങ്ങള്‍ക്കിടയില്‍ പറയില്ലായിരുന്നു’ (ത്വബ്റാനി).
നബി(സ്വ)യുടെ ഇസ്റാഅ് വിവരണം വിശ്വാസം ഉറച്ചിട്ടില്ലാത്ത ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ഖുറൈശികള്‍ ഉപയോഗപ്പെടുത്തി. അങ്ങനെ ചിലരൊക്കെ അതില്‍ സംശയാലുക്കളായി. അബൂബക്കര്‍(റ)നെ പിന്തിരിപ്പിക്കാനും ഇതുപകരിക്കുമെന്ന നിലയില്‍ മക്കക്കാര്‍ അദ്ദേഹത്തെ സമീപിച്ചു പറഞ്ഞു:
നിന്റെ നേതാവ് ഇന്നലെ രാത്രി മസ്ജിദുല്‍ അഖ്സ്വയില്‍ പോയി തിരിച്ചെത്തിയെന്ന് വാദിക്കുന്നുണ്ട്, നീ എന്തു പറയുന്നു?
അബൂബക്കര്‍(റ) ചോദിച്ചു: അവിടുന്ന് അങ്ങനെ പറയുന്നുണ്ടോ?
‘അതേ.’
‘നബി അങ്ങനെ പറയുന്നുവെങ്കില്‍ അത് സത്യം തന്നെയാണ്.’
ഈ ഒരൊറ്റ രാത്രിയില്‍ മക്കയില്‍ നിന്ന് ബൈതുല്‍ മുഖദ്ദസില്‍ പോയി നേരം പുലരും മുമ്പ് തിരിച്ചുവന്നുവെന്നത് നീ അംഗീകരിക്കുന്നുവോ?
‘അതേ, ഞാനിതിലും വലിയ കാര്യങ്ങള്‍ അംഗീകരിക്കുന്നുണ്ടല്ലോ. ഉന്നതങ്ങളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നുവെന്ന് അവിടുന്ന് പറയുന്നത് ഞാനംഗീകരിക്കുന്നല്ലോ’ (മജ്മഉസ്സവാഇദ്).
അങ്ങനെയാണ് അബൂബക്കര്‍(റ)ന് ‘അതീഖ’ എന്ന അപര നാമത്തേക്കാള്‍ പ്രസിദ്ധമായിത്തീര്‍ന്ന ‘സ്വിദ്ദീഖ്’ എന്ന നാമം ലഭിക്കുന്നത്.
പിന്നെ ശത്രുക്കള്‍ അവര്‍ക്കറിയാവുന്നതും അറിയേണ്ടതുമായ യാത്രാസംബന്ധിയായ ചില കാര്യങ്ങള്‍ ചോദിച്ചു റസൂലിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. മുത്ഇമിബ്നു അദിയ്യ് എന്ന ഖുറൈശി പ്രമുഖന് കുറേ നന്മകളുള്ളയാളായിരുന്നു. പക്ഷേ, അദ്ദേഹവും ഈ വിഷയത്തില്‍ നബി(സ്വ)യെ നിന്ദ്യമാക്കി സംസാരിക്കുകയുണ്ടായി.
‘നീ ഇതുവരെ പറഞ്ഞതു പോലുള്ളതൊന്നുമല്ലല്ലോ ഇത്. ഇത് ശുദ്ധ നുണയാണെന്ന് ഞാന്‍ സാക്ഷീകരിക്കുന്നു. ഞങ്ങള്‍ കാണാത്ത സ്ഥലമൊന്നുമല്ല ബൈതുല്‍ മുഖദ്ദസ്. ഒരു മാസം അങ്ങോട്ടും ഒരു മാസം തിരിച്ചും യാത്ര ചെയ്യേണ്ടി വരാറുണ്ട് ഞങ്ങള്‍ക്ക്. എന്നിട്ട് നീ ഒരൊറ്റ രാത്രിയില്‍ അവിടെ പോയി വന്നെന്നു പറയുന്നു. ലാത്തയും ഉസ്സയുമാണ് സത്യം, നിന്നെയും നിന്റെ വാദത്തെയും ഞാനംഗീകരിക്കുകയേയില്ല.’
ഇതുകേട്ട അബൂബക്കര്‍(റ) മുത്ഇമിനോട് പറഞ്ഞു: ‘നിങ്ങളുടെ നിലപാട് ശരിയായില്ല. അങ്ങനെയൊന്നും പറയരുതായിരുന്നു. ഞാന്‍ മുഹമ്മദ്(സ്വ) പറഞ്ഞത് സത്യമാണെന്നംഗീകരിക്കുന്നു.’
അപ്പോള്‍ മുത്ഇം പറഞ്ഞു: മുഹമ്മദേ, എന്നാല്‍ ബൈതുല്‍ മുഖദ്ദസിനെ കുറിച്ച് ഞങ്ങള്‍ക്ക് പറഞ്ഞു തരാമോ?
നബി(സ്വ) പറഞ്ഞു: ‘ഞാന്‍ രാത്രിയാണവിടെ പോയതും പോന്നതും.’
എന്നിട്ട് തിരുനബി(സ്വ) അതിന്റെ ഓരോ വാതിലിനെക്കുറിച്ചും വെവ്വേറെ വിവരിച്ചുകൊടുത്തു. അബൂബക്കര്‍(റ) അപ്പോഴൊക്കെ സ്വദഖ്ത്തു (ഞാനംഗീകരിക്കുന്നു) എന്നു പറഞ്ഞുകൊണ്ടിരുന്നു (അബൂയഅ്ലാ).
മുത്ഇമും നബി(സ്വ)യും തമ്മിലുള്ള സംസാരം അവസാനിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന മക്കക്കാര്‍ പറഞ്ഞു: ‘മുത്ഇം, ഇനി ഞങ്ങളൊന്നു ചോദിക്കട്ടെ. ബൈതുല്‍ മുഖദ്ദസിനേക്കാള്‍ ഞങ്ങള്‍ക്കാവശ്യം അതാണ്.’
എന്നിട്ടവര്‍ ചോദിച്ചു: ‘മുഹമ്മദ്, എങ്കില്‍ നീ ഞങ്ങളുടെ കച്ചവട സംഘത്തെക്കുറിച്ച് പറഞ്ഞുതരൂ.’
നബി(സ്വ): ഇന്ന കുടുംബത്തിന്റെ കച്ചവട സംഘത്തിന്റെ സമീപത്തുകൂടി ഞാന്‍ യാത്ര ചെയ്തു. അവരുടെ ഒരു ഒട്ടകത്തെ കാണാതായി. അതന്വേഷിക്കാന്‍ പോയിരിക്കുകയായിരുന്നു (വിശ്രമിക്കുകയായിരുന്നു എന്നും നിവേദനമുണ്ട്). അവിടെ അവരുടെ ഒരു വെള്ളപ്പാത്രം ഉണ്ടായിരുന്നു. അതില്‍ നിന്നു ഞാന്‍ കുടിച്ചു.
ഇതുകേട്ട മക്കക്കാര്‍ പറഞ്ഞു: ‘ഇതൊരു തെളിവാണ്.’
പ്രവാചകര്‍(സ്വ) തുടര്‍ന്നു: ‘പിന്നെ ഇന്ന കുടുംബക്കാരുടെ കച്ചവട സംഘത്തിനടുത്തെത്തി. എന്റെ വാഹനത്തെ കണ്ട് അവരുടെ ഒരു ഒട്ടകം വിരണ്ടു. പുറത്ത് ചാക്കുകള്‍ കെട്ടിവെച്ച ഒട്ടകം മുട്ടുകുത്തി വീണു. അതിന്റെ എല്ല് പൊട്ടിയോ എന്നെനിക്കറിയില്ല. അത് അവരോട് ചോദിച്ചോളൂ.’
ഇതുകേട്ടപ്പോഴും അവര്‍ ‘ഇതും ഒരടയാളം തന്നെ’ എന്നു പറഞ്ഞു.
പിന്നെ ഞാന്‍ മറ്റൊരു കച്ചവട സംഘത്തെ കണ്ടുമുട്ടി. അവര്‍ തന്‍ഈമിലെത്തിയിരുന്നു. അതിന്റെ മുന്‍നിരയില്‍ ചുവപ്പും വെളുപ്പും കലര്‍ന്ന നിറമുള്ള ഒരൊട്ടകമുണ്ട്. ആ സംഘം വളരെ വൈകാതെ ഇവിടെ എത്തിച്ചേരുന്നതാണ് (അബൂയഅ്ലാ).
നബി(സ്വ)യുടെ വിവരണം കേട്ടപ്പോള്‍ അതു സത്യമാണെന്ന് അംഗീകരിക്കാതിരിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. അറിയേണ്ടത് അറിഞ്ഞു കഴിഞ്ഞപ്പോള്‍ പക്ഷേ, അവര്‍ നിലപാട് മാറ്റി. നബി(സ്വ)യില്‍ നിന്നും ലഭിക്കുന്ന വിവരം കൃത്യമായിരിക്കുമെന്ന് അവര്‍ക്കുറപ്പുണ്ടായിരുന്നു. വിശ്വസിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ മാരണമാണിതെല്ലാം എന്നു പറഞ്ഞ് ഒഴിയലായിരുന്നു പതിവ്. അതുതന്നെ ഇവിടെയും ആവര്‍ത്തിച്ചു.
അവരുടെ കൂട്ടത്തിലുണ്ടായിരുന്ന വലീദ് പറഞ്ഞു: ‘മുഹമ്മദ് സിഹ്റുകാരന് തന്നെ.’ അങ്ങനെ അവര്‍ പോയി നോക്കുമ്പോള്‍ ഒരു കച്ചവട സംഘം വരുന്നത് നേരില്‍ കണ്ടു. നബി(സ്വ) പറഞ്ഞ സ്ഥലത്തും അടയാളത്തിലും തന്നെ. എന്നിട്ടും അവര്‍ പറഞ്ഞു: വലീദ് പറഞ്ഞതെത്ര സത്യം (അബൂയഅ്ലാ).
റസൂല്‍(സ്വ)ക്ക് സാധിച്ച ഈ മഹാ സൗഭാഗ്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ താത്കാലിക പ്രയാസമുണ്ടായെങ്കിലും അവിടുത്തേക്ക് വളരെയേറെ സംതൃപ്തിയും മഹത്ത്വവും ലഭിച്ച മുഅ്ജിസത്തായിരുന്നു ഇസ്റാഅ്. ഖുറൈശികള്‍ക്ക് നിഷേധിക്കാനാവാത്ത കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ നബി(സ്വ)ക്ക് സാധിച്ചു. ഇസ്റാഇന് ശേഷമുണ്ടായ ചോദ്യം ചെയ്യലിനെക്കുറിച്ച് അവിടുന്ന് പറയുന്നു:
ഞാന്‍ കഅ്ബയുടെ സമീപത്ത് ഹിജ്റില്‍ ഇരിക്കുകയായിരുന്നു. ഖുറൈശികള്‍ എന്നെ ചോദ്യം ചെയ്യുന്നു. അവര്‍ ബൈതുല്‍ മുഖദ്ദസിനെ കുറിച്ച് എന്നോടു ചോദിച്ചു. യഥാര്‍ത്ഥത്തില്‍ അവയൊന്നും കൃത്യമായി ഞാന്‍ നോക്കി തിട്ടപ്പെടുത്തിയിരുന്നില്ല. അതിനാല്‍ തന്നെ മുമ്പൊന്നുമില്ലാത്ത വിധം ഞാന്‍ മനഃപ്രയാസത്തിലായി. അപ്പോള്‍ അല്ലാഹു ബൈതുല്‍ മുഖദ്ദസിനെ എനിക്ക് പ്രത്യക്ഷമാക്കിത്തന്നു. ഞാനതിലേക്കു നോക്കി അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്തു. ഞാനെല്ലാം വിശദീകരിച്ച് കഴിഞ്ഞപ്പോള്‍ പറഞ്ഞതൊക്കെ ശരിയാണെന്നായി അവര്‍ (ബസ്സാര്‍, മുസ്ലിം, അഹ്മദ്).
ഇസ്റാഇന്റെ രാത്രിയില്‍ തന്നെ മിഅ്റാജുമുണ്ടായിട്ടുണ്ട്. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈമാന്‍ വര്‍ധിക്കാനും സദ്കര്‍മങ്ങള്‍ വര്‍ധിപ്പിക്കാനും ദുഷ്കൃത്യങ്ങളുടെ ഗൗരവമറിയാനും ഉപകാരപ്പെടുന്നതാണ് മിഅ്റാജനുഭവവും. പണ്ഡിതലോകത്തിന്റെയും മുന്‍ഗാമികളുടെയും അംഗീകാരമുള്ളതും ചരിത്ര സത്യവുമാണത്.
മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വത്തിന്റെ ഉന്നതമായൊരു പ്രമാണമായി അത് പരിലസിക്കുന്നു. മിഅ്റാജിന്റെ ആമുഖമായി ഇസ്റാഅ് നടന്നതിന്റെ പ്രസക്തി പണ്ഡിതന്മാര് വ്യക്തമാക്കി. ശൈഖ് അബൂ മുഹമ്മദുബ്നു ജംറ(റ)യെ ഇബ്നുഹജറില്‍ അസ്ഖലാനി(റ) ഉദ്ധരിക്കുന്നു:
‘ആകാശാരോഹണത്തിന് മുമ്പ് ബൈതുല്‍ മുഖദ്ദസിലേക്ക് രാപ്രയാണം ചെയ്യിച്ചതിലെ ഹിക്മത്ത്, സത്യത്തെ കെടുത്തിക്കളയാനുദ്യമിക്കുന്നവരുടെ മാത്സര്യത്തിനു മേല്‍ യാഥാര്‍ത്ഥ്യം പ്രത്യക്ഷപ്പെടുത്തി വിജയിപ്പിക്കുക എന്നതാണ്. മക്കയില്‍ നിന്ന് തന്നെ മിഅ്റാജ് നടന്നിരുന്നുവെങ്കില്‍ ശത്രുക്കളുടെ മത്സരത്തെയും വ്യാഖ്യാനത്തെയും വ്യക്തമാക്കാനോ വിവരിക്കാനോ മാര്‍ഗമുണ്ടാവില്ല. എന്നാല്‍ ഇസ്റാഇനെ കുറിച്ച് പറഞ്ഞപ്പോള്‍ ബൈതുല്‍ മുഖദ്ദസിന്റെ ചെറിയ കാര്യങ്ങളടക്കം അറിയാവുന്നതിനെ കുറിച്ചവര്‍ ചോദിച്ചു. തിരുനബി(സ്വ) ബൈതുല്‍ മുഖദ്ദസ് മുമ്പ് കണ്ടിട്ടില്ല എന്ന് അവര്‍ക്കറിയാവുന്നതുമാണ്. അങ്ങനെ അവിടുത്തെ വിവരണം കേട്ടപ്പോള്‍ റസൂലിന്റെ സത്യസന്ധത അവര്‍ക്കുറപ്പായി. ഒറ്റ രാത്രിയില്‍ ബൈതുല്‍ മുഖദ്ദസില്‍ പോയത് അംഗീകരിച്ചുകഴിഞ്ഞാല്‍ പിന്നെ തുടര്‍ന്ന് പറയുന്നതും അംഗീകരിക്കേണ്ടിവരും. അതിനാല്‍ തന്നെ രാപ്രയാണം സത്യവിശ്വാസിയുടെ വിശ്വാസത്തിലും നിഷേധിയുടെയും ധിക്കാരിയുടെയും പരാജയത്തിലും വര്‍ധനവുണ്ടാക്കി (ഫത്ഹുല്‍ ബാരി).
മക്കയിലെ അവിശ്വാസികള്‍ അക്ഷരാര്‍ത്ഥത്തില്‍ അടിയറവ് പറയാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്ന പോലെ ഒരു ചരിത്ര വിസ്മയമായി ഇസ്റാഅ് എന്നും പ്രോജ്വലിക്കും
കടപ്പാട്- അലവിക്കുട്ടി ഫൈസി എടക്കര
സുന്നിവോയ്സ്