മലബാര്‍ സമരവും മുസ്‌ലിം സമുദായവും ഭാഗം- രണ്ട്

സുഫിയാന്‍ തോട്ടുപൊയില്‍

0
1512
LEAD Technologies Inc. V1.01

മാപ്പിള നേതാക്കള്‍
ആധുനിക ആയുധ സമ്പന്നരായിരുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ നാടന്‍ ആയുധങ്ങള്‍ കൊണ്ട് പോരാടുകയെന്നത് അനിവാര്യമായിരുന്നോ എന്ന ചോദ്യത്തിന്റെ നിരവധി അഭിപ്രായങ്ങള്‍ മറുപടിയായുണ്ട്. എന്നാല്‍ കലാപാനന്തരം മലബാറിലെ മുസ്ലിം സമുദായത്തിന് കലാപം നേട്ടത്തിലേറെ നഷ്ടമാണുണ്ടാക്കിയതെന്ന് അവിതര്‍ക്കിതമാണ്. സാമ്രാജ്യത്വശക്തികളുടെ കഠിനമായ വെറുപ്പോ രക്ത സാക്ഷിത്വത്തിനോടുള്ള കൊതിയോ ആയിരിക്കാം മാപ്പിളമാരെ ഇത്തരം ഒരു സമരത്തിന് പ്രേരിപ്പിച്ചത്. കലാപത്തിന്റെ തുടക്കം മുതല്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും അനവധി പേര്‍ രക്തസാക്ഷികളാകുകയും ചെയ്തു. കലാപം വരുത്തിയ ഭൗതികവും സാംസ്‌കാരികവുമായ അനുസ്മരണങ്ങളെ പരിശോധിക്കല്‍ അനിവാര്യമാണ്.
ചരിത്രത്തില്‍ മുഖ്യസ്ഥാനമുള്ള മലബാറിന്റെ വ്യാപാര കേന്ദ്രമായിരുന്ന തിരൂരങ്ങാടിയില്‍ നിന്നാണ് കലാപത്തിന് തുടക്കം കുറിച്ചതെന്ന് പറയാം. മലബാര്‍ മുസ്ലിംകളുടെ ആത്മീയ നേതൃത്വത്തിലില്‍ ഒരാളായിരുന്ന നെല്ലിക്കുത്ത് ആലി മുസ്ലിയാരായിരുന്നു അന്ന് തിരൂരങ്ങാടി പള്ളിയിലെ പ്രധാന മുദരിസ്. ബ്രിട്ടീഷുക്കാര്‍ക്കെതിരെ പോരാടാനെന്നവണ്ണം നാട്ടില്‍ ഒരു വിഭാഗം സന്നദ്ധ ഭടന്മാരെ സംഘടിപ്പിച്ചിരുന്നു ആലി മുസ്‌ലിയാര്‍. വെള്ളിയാഴ്ചകളില്‍ അവര്‍ പള്ളിയിലേക്ക് മാര്‍ച്ച് നടത്തി. ബ്രിട്ടീഷുകാരുടെ ക്രൂര ഭരണത്തോടുള്ള എതിര്‍പ്പ് ആലി മുസ്‌ലിയാരുടെ വാക്കുകളില്‍ തെളിഞ്ഞുകണ്ടിരുന്നു.
ഈ സന്ദര്‍ഭത്തിലാണ് സഹപ്രവര്‍ത്തകരില്‍ ചിലരെ ബ്രിട്ടീഷുകാര്‍ പിടികൂടിയത്. ഏറെ വൈകാതെ ആലി മുസ്ലിയാരെയും പിടികൂടാന്‍ ബ്രിട്ടീഷ് സൈന്യം തീരുമാനിച്ചു. 1921 ഓഗസ്റ്റ് 21ന് തിരൂരങ്ങാടി പള്ളിയില്‍ രാത്രികാല തിരച്ചില്‍ നടത്തിയെങ്കിലും ആലി മുസ്ലിയാരെയും സഹപ്രവര്‍ത്തകരെയും കണ്ടെത്താന്‍ സാധിച്ചില്ല. ഈ വാര്‍ത്ത മലബാറിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് അതിദ്രുതം പടര്‍ന്ന്‌വ്യാപിച്ചു. ഒപ്പം മമ്പുറം പള്ളിയും ജാറവും തകര്‍ക്കപ്പെട്ടുവെന്ന വ്യാജ വൃത്താന്തവും പ്രചരിക്കാന്‍ തുടങ്ങി. വാര്‍ത്ത പ്രചരിപ്പിച്ചത് മാപ്പിളമാരാണെന്ന് ഹിച്ച്‌കോക്കും ബ്രിട്ടീഷുകാരാണെന്ന് മാപ്പിളമാരും വാദിക്കുന്നു.
നാല് ഭാഗത്ത് നിന്നും ആയിരക്കണക്കിന് മാപ്പിളമാര്‍ തിരൂരങ്ങാടിയിലെത്തിച്ചേര്‍ന്നു. പടിഞ്ഞാറുനിന്ന് ഖിലാഫത്ത് നേതാവായ കുഞ്ഞിഖാദറിന്റെ നേതൃത്വത്തില്‍ വന്ന മുവ്വായിരം പേരുടെ സംഘത്തെ ബ്രിട്ടീഷുകാര്‍ നേരിട്ടു. ഏഴ് പേര്‍ കൊല്ലപ്പെടുകയും അനേകം പേര്‍ അറസ്റ്റിലാകുകയും ചെയ്തു. കിഴക്കന്‍ ഭാഗത്ത് ഒറ്റപ്പെട്ടുപോയ രണ്ടു ബ്രിട്ടീഷ് സൈനികരെ മാപ്പിളമാരും വകവരുത്തി. ബ്രിട്ടീഷുകാരുടെ മുഖ്യസേനാവിഭാഗം ആ രാത്രി തിരൂരങ്ങാടിയില്‍ തമ്പ് കെട്ടിയെങ്കിലും പിന്നീട് ഗത്യന്തരമില്ലാതെ കോഴിക്കോട്ടേക്ക് മടങ്ങി. ഈ പിന്‍വാങ്ങലും തിരിച്ചുവന്ന് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയാതിരുന്നത് ബ്രിട്ടീഷ് ഭരണത്തിന് സമാപ്തി കുറിച്ചുവെന്ന മൂഢധാരണ മാപ്പിളമാര്‍ക്ക് നല്‍കി.
കലാപത്തിന്റ ആദ്യ വെടി ആരുടേതായിരുന്നുവെന്നത് ഇരുവിഭാഗത്തിനുമിടയിലും തര്‍ക്കം നിലനില്‍ക്കുന്നു. സായുധരായ മാപ്പിളമാരുടെ വന്‍ സംഘങ്ങളുടെ പ്രകോപനം കൊണ്ട് സ്വരക്ഷയ്ക്ക് വേണ്ടിയാണ് വെടിയുതിര്‍ത്തത് എന്നാണ് ബ്രിട്ടീഷ് ഭാഷ്യം. അന്നത്തെ പ്രാദേശിക മാപ്പിള നേതാവായിരുന്ന കെ കെ മൗലവി ആള്‍ക്കൂട്ടത്തെ പിരിഞ്ഞുപോകാന്‍ ഫലവത്തായി പ്രേരിപ്പിച്ചു കഴിഞ്ഞയുടനെ യാതൊരു പ്രകോപനവുമില്ലാതെ ബ്രിട്ടീഷുകാര്‍ വെടിവച്ചു തുടങ്ങുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷിയായ കോയാട്ടി മൗലവി സാക്ഷ്യപ്പെടുത്തുന്നത്.
ആദ്യ വെടിവെപ്പിനുശേഷം ആലി മുസ്‌ലിയാര്‍ തടവില്‍ നിന്ന് പുറത്തുവന്നു. തടവുകാരുടെ മോചനത്തിന് ശ്രമിക്കാമെന്ന് പറഞ്ഞ് സുഹൃത്തുക്കളുമൊത്ത് ബ്രിട്ടീഷുകാരുമായി അനുരജ്ഞനത്തിനു തയ്യാറായി പുറപ്പെട്ടു. പട്ടാളം അവരോട് നിലത്തിരിക്കാന്‍ ആവശ്യപ്പെടുകയും യാതൊരു മുന്നറിയിപ്പുമില്ലാതെ നിറയൊഴിക്കുകയും ചെയ്തു. ആലി മുസ്‌ലിയാര്‍ക്കൊപ്പമുണ്ടായിരുന്ന ആള്‍ക്കൂട്ടം തിരിച്ചടിച്ചു. പതിനേഴ് മാപ്പിളമാരും ഏതാനും ബ്രിട്ടീഷുകാരും ഇവിടെ മരിച്ചുവീണു. അന്യായവും അക്രമപരവുമായ ഈ വെടിവെപ്പാണ് മലബാറിലെ മാപ്പിളമാരെ അസ്വസ്ഥമാക്കിയത് എന്നതിന് ഖണ്ഡിതമായ രേഖകളുണ്ട്.
ഈ സംഭവത്തിന് ശേഷം ചേരനാട് പ്രദേശത്ത് കലാപം നയിക്കുന്നതിനായി ആലി മുസ്‌ലിയാര്‍ രക്ഷപ്പെട്ടു. എന്നാല്‍ അദ്ദേഹത്തെ പിടികൂടുകയും 1922ല്‍ വധശിക്ഷക്ക് വിധിക്കുകയും ചെയ്തു. കോയമ്പത്തൂര്‍ ജയിലില്‍വെച്ച് ആലി മുസ്‌ലിയാര്‍ വധിക്കപ്പെട്ടുവെന്നും സ്വാഭാവിക മരണം സംഭവിച്ച് വൈര്യം തീരാത്ത ബ്രിട്ടീഷുകാര്‍ മരണശേഷവും തൂക്കിലേറ്റിയെന്നും പറയപ്പെടുന്നുണ്ട്.
തെക്കേ മലബാറില്‍ കലാപം കൊടുമ്പിരി കൊണ്ടു. ഖിലാഫത്ത് സമിതിയംഗങ്ങളും തങ്ങള്‍ കുടുംബവുമാണ് പോരാട്ടത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍ മുഴുവന്‍ മാപ്പിളമാരും കലാപത്തില്‍ ഭാഗവാക്കായിരുന്നില്ല. ഒരു ന്യൂനപക്ഷമേ കലാപത്തില്‍ പങ്കെടുത്തുള്ളു. ചിലര്‍ ഗവണ്‍മെന്റിനോട് കൂറു പുലര്‍ത്തി. എന്നാല്‍ കലാപം വിജയകരമാകുമെന്ന് പ്രത്യാശ നല്‍കിയ ആദ്യത്തെ രണ്ടു മാസങ്ങളില്‍ വന്‍ അനുഭാവം കാണാന്‍ സാധിച്ചു. തുടക്കകാലത്ത് ഹിന്ദുക്കളും പോരാട്ടത്തില്‍ പങ്കെടുത്തിരുന്നു. വിശേഷിച്ചും വെള്ളുവനാട് താലൂക്കിന്റെ ചില ഭാഗങ്ങളില്‍. എന്നാല്‍ കലാപത്തിന് പിന്നീട് ചെറുതെങ്കിലും വര്‍ഗീയ രുചി കടന്നുവന്നപ്പോള്‍ അനുഭാവികളായ ഇതരമതസ്ഥര്‍ എതിരാവുകയോ വിട്ടുനില്‍ക്കുകയോ ചെയ്തു.
മലബാര്‍ കലാപത്തിലെ ചില അവിസ്മരണീയ അധ്യായങ്ങളാണ് പൂക്കോട്ടൂര്‍, തിരൂരങ്ങാടി, പാണ്ടിക്കാട് സംഘട്ടനങ്ങളും ഇന്ത്യക്കു പുറത്തു പോലും കുപ്രസിദ്ധിനേടിയ വാഗണ്‍ ദുരന്തവും.

പൂക്കോട്ടൂര്‍ പട
കോഴിക്കോട്ട് നിന്ന് മലപ്പുറത്തേക്ക് പോകുന്ന ബ്രിട്ടീഷ് പട്ടാളത്തെ ആക്രമിക്കാന്‍ പൂക്കോട്ടൂര്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന് ചുക്കാന്‍ പിടിച്ചിരുന്ന വടക്കുവീട്ടില്‍ മമ്മദിന്റെ വീട്ടില്‍ ഒരു സംഘമൊരുങ്ങി. അഞ്ഞൂറിലധികം മാപ്പിളമാരും അല്പം ഹിന്ദുക്കളും പോരിനു തയ്യാറായി. വന്ദ്യവയോധികനായിരുന്ന പൂക്കോട്ടൂരിന്റെ നേതാവ് കുഞ്ഞിതങ്ങള്‍ ഈ നീക്കത്തെ എതിര്‍ക്കുകയായിരുന്നു. ഇങ്ങനെയൊരു സംഘട്ടനം അനാവശ്യമാണെന്ന തങ്ങളുടെ അഭിപ്രായത്തിന് വില നല്‍കാതെയായിരുന്നു ഈ പടപുറപ്പാട്. പട്ടാള നീക്കം തടയുന്നതിനോട് തന്നെ തങ്ങള്‍ക്ക് വിയോജിപ്പായിരുന്നു. തങ്ങള്‍ യദ്ധത്തില്‍ പങ്കെടുത്തതുമില്ല.
ആകെ ബ്രിട്ടീഷ് പട്ടാളത്തില്‍ നിന്ന് 160 പേര്‍ മലപ്പുറത്തേക്ക് വരുന്നുണ്ടെന്നാണ് കിട്ടിയ വിവരം. നാടന്‍ തോക്കുകളും വാളുകളും മാത്രമാണ് മാപ്പിളമാര്‍ക്കുണ്ടായിരുന്നത്. റോഡിനിരുവശത്തുമുള്ള നെല്‍ വയലുകളില്‍ മറഞ്ഞിരുന്ന് റോഡില്‍ പ്രവേശിക്കുന്ന വാഹനങ്ങളെ വെടിവച്ചിട്ട് ആക്രമണം തുടങ്ങുക എന്നതായിരുന്നു പദ്ധതി. തങ്ങളോട് കാണിച്ച അനാദരവാണോ എന്തോ, ലോറികള്‍ കണ്ട പാടെ മാപ്പിളമാരില്‍ നിന്നൊരാള്‍ വെടി വെച്ചു. ബ്രിട്ടീഷുകാര്‍ പിന്തിരിയാന്‍ തുടങ്ങിയതോടെ ഒളിഞ്ഞിരുന്ന മാപ്പിളമാര്‍ അവരെ പിന്തുടര്‍ന്നു. എന്നാല്‍ തുരുതുരാ വെടി തുപ്പുന്ന യന്തത്തോക്കിനു മുന്നിലാണ് അവര്‍ എത്തിപ്പെട്ടത്.
നൂറുകണക്കിനാളുകള്‍ ഞൊടിയിടയില്‍ മരിച്ചുവീണു. നേതാവായിരുന്ന വടക്കേവീട്ടില്‍ മമ്മദുവടക്കം നിരവധി പേര്‍ രക്തസാക്ഷികളായി. നാലു മണിക്കൂര്‍ നീണ്ട പോരാട്ടത്തിലുണ്ടായ ആള്‍നഷ്ടത്തെ കുറിച്ച് ബ്രിട്ടീഷ് കമ്മ്യൂണിക്ക പുറത്തുവന്നു. 280 മാപ്പിളമാരും രണ്ട് ശിപായിമാരടക്കം നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. കെ മാധവന്‍ നായരും ഇങ്ങനെയൊരു കണക്കാണ് അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ബ്രിട്ടീഷ് പക്ഷത്തുനിന്ന് നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സ്വാതന്ത്ര്യ സമര സ്മരണകള്‍ എന്ന പുസ്തകത്തില്‍ എ മുഹമ്മദും ചരിത്രം തിളങ്ങുന്ന പൂക്കോട്ടൂര്‍ എന്ന പുസ്തകത്തില്‍ ഒരു ദൃക്‌സാക്ഷിയും രേഖപ്പെടുത്തുന്നത്. എങ്ങനെയായാലും പൂക്കോട്ടൂര്‍ യുദ്ധം മാപ്പിളമാര്‍ക്ക് ചെറുതല്ലാത്ത നഷ്ടം വരുത്തി.

തിരീരങ്ങാടി പട
1921 ഓഗസ്റ്റ് 28ന് മലപ്പുറം തുക്ടി ഓസ്റ്റിനും സായുധ സേനാ കമാണ്ടര്‍ റാഡ്ക്ലിഫും ചേര്‍ന്ന് ഇങ്ങനെ ഒരു പരസ്യനോട്ടീസ് വിതരണം ചെയ്തു.
‘ബ്രിട്ടീഷ് പട്ടാളം തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടിരിക്കുന്നു. പട്ടാളത്തിന് തടസ്സമുണ്ടാക്കരുത് എന്ന് ഇതിനാല്‍ ജനങ്ങളെ അറിയിക്കുന്നു. പട്ടാളക്കാര്‍ ആവശ്യപ്പെടുന്ന എന്തു സഹായവും ചെയ്തുകൊടുക്കാന്‍ ജനങ്ങള്‍ ഒരുങ്ങണം. പള്ളിയില്‍നിന്ന് ആക്രമണമുണ്ടായാല്‍ പള്ളി പീരങ്കിവച്ച് തകര്‍ക്കുമെന്ന് മുന്നറിയിപ്പു തരുന്നു. പാലത്തുംമൂലയില്‍ ആലി മുസ്‌ലിയാര്‍ 30 ന് പകല്‍ 9.00 മണിക്ക് ഒരു വെള്ളക്കൊടി പിടിച്ചു കൊണ്ട് കിഴക്കെ പള്ളിയില്‍ നിന്ന് പുറത്തുവന്ന് പട്ടാളത്തിന് കീഴടങ്ങണമെന്നും ഇതിനാല്‍ ആജ്ഞാപിക്കുന്നു.’
ഇതറിഞ്ഞ് കുഞ്ഞലവി, ലവക്കുട്ടി, അബ്ദുല്ലക്കുട്ടി എന്നിവര്‍ പള്ളിയിലെത്തി. കാരാടന്‍ മൊയ്തീന്‍ നേരത്തെതന്നെ ആലിമുസ്ലിയാരുടെ ഒപ്പമുണ്ടായിരുന്നു. മുപ്പതിന് നാലു മണിക്ക് പള്ളിയുടെ മൂന്നു വശവും പട്ടാളം കിടങ്ങു കീറി. പള്ളിയുടെ ഇരുവശങ്ങളിലും കൂറ്റന്‍ പീരങ്കികള്‍ ഉറപ്പിച്ചു. ആലി മുസ്ലിയാര്‍ ഉടന്‍ കീഴടങ്ങണമെന്ന് ആമു സൂപ്രണ്ട് ആക്രോശിച്ചു. രാത്രിയായതിനാല്‍ നാളെ പുറത്തിറങ്ങാമെന്ന് ആലി മുസ്‌ലിയാര്‍ ഉറപ്പ്‌നല്‍കിയതോടെ ആമു സൂപ്രണ്ട് സമ്മതിച്ചു.
ആകെ നാലു ദര്‍സ് വിദ്യാര്‍ഥികളടക്കം 114 പേരാണ് പള്ളിക്കകത്തുണ്ടായിരുന്നത്. ചെറിയ തരം തോക്കുകളും ചില ആയുധങ്ങളും പള്ളിക്കകത്ത് തന്നെ ഉണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ മരിക്കും വരെ യുദ്ധം ചെയ്യാന്‍ പള്ളിക്കകത്തുണ്ടായിരുന്നവര്‍ തീരുമാനിച്ചു. എന്നാല്‍ അല്ലാഹുവിന്റെ ഭവനം സംരക്ഷിക്കേണ്ടതാണ് എന്ന ബോധം ആലി മുസ്‌ലിയാര്‍ക്കുണ്ടായിരുന്നു. സുബ്ഹി നിസ്‌കാരം കഴിഞ്ഞ ഉടന്‍ ആലി മുസ്‌ലിയാര്‍ പ്രാര്‍ത്ഥിച്ചു. ശേഷം വെടിയുതിര്‍ത്ത് തുടങ്ങി.
റിവോള്‍വറിന്റെ തിര തീര്‍ന്നപ്പോള്‍ അതു വലിച്ചെറിഞ്ഞു വാതില്‍ തുറന്ന് കാരാടന്‍ മൊയ്തീന്‍ പുറത്തുവന്നു നെഞ്ചുവിരിച്ചു പറഞ്ഞു ‘വെക്കടാ വെടി’ എന്തോ തോന്നി ആമു സൂപ്രണ്ട് മാറിനിന്നപ്പോള്‍ ഒരു ബ്രിട്ടീഷുകാരന്റെ തോക്ക് മൂന്നുതവണ ഗര്‍ജ്ജിച്ചു. കാരാടന്‍ മൊയ്തീന്‍ രക്തസാക്ഷിത്വം വരിച്ചു. പിന്നെ വെടിയുടെ പൂരമായിരുന്നു. ഈ പോരിനിടക്ക് ഗറില്ലാ യുദ്ധവീരന്മാരായിരുന്ന കുഞ്ഞലവി, ലവക്കുട്ടി, അബ്ദുള്ളക്കുട്ടി എന്നിവര്‍ തന്ത്രപൂര്‍വം രക്ഷപ്പെട്ട് പള്ളിക്കടുത്ത കാട്ടിലൊളിച്ചു. ബ്രിട്ടീഷുകാരെ അതിസമര്‍ത്ഥമായി നേരിട്ടു. പളളിക്കു മുകളില്‍ നിന്ന് വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു വന്നു. സഹികെട്ട ബ്രിട്ടീഷുകാര്‍ ഉച്ചയോടെ പീരങ്കിവെച്ച് പള്ളി തകര്‍ക്കുമെന്ന് ഭീഷണിമുഴക്കി. പീരങ്കി റിഹേഴ്‌സല്‍ ശബ്ദിച്ചു. എട്ടുദിക്കു ഞെട്ടുമാറുച്ചത്തില്‍ വെടി മുഴങ്ങി. താമസിയാതെ പള്ളിയില്‍ നിന്നും ധവള പതാക ഉയര്‍ന്നു. ആലി മുസ്‌ലിയാരും 34 അനുയായികളും കീഴടങ്ങാന്‍ തയ്യാറായി.
സാമ്രാജ്യത്വ കമ്മ്യൂണിക്ക പുറത്തിറങ്ങി. സര്‍ക്കാര്‍ ഭാഗത്ത് 20 പേരും ശത്രുപക്ഷത്ത് 67 പേരും മരിച്ചു. 7 പേരെ കാണാതായി. നാലു മണിയോടെ ചരിത്രപ്രസിദ്ധമായ തിരൂരങ്ങാടി ദേശം കത്തിയെരിഞ്ഞു. ബ്രിട്ടീഷ് പട്ടാളവും ചില ഹിന്ദുക്കളും ചേര്‍ന്ന് മാപ്പിള വീടുകളും കടകളും കൊള്ള ചെയ്തു. പടിഞ്ഞാറ് പരപ്പനങ്ങാടി വരെയും കിഴക്ക് വേങ്ങര വരെയും പട്ടാളം താണ്ഡവമാടി. വേങ്ങരയിലെ കച്ചവടക്കാരില്‍ 80 പേരെ പട്ടാളം വധിച്ചു. സെപ്റ്റംബര്‍ 1 മുതല്‍ പട്ടാള ഭരണം നിലവില്‍വന്നു.

പാണ്ടിക്കാട് പട
921 മാപ്പിള വര്‍ഗത്തെ വംശവിച്ഛേദനം നടത്തുക എന്ന സാമ്രാജ്യത്വ പദ്ധതിയെ ശക്തിയുക്തം നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു പാണ്ടിക്കാട് യുദ്ധം. അഥവാ ഗൂര്‍ഖാ റൈഫിള്‍സ് ക്യാമ്പ് ആക്രമണം. പെരിന്തല്‍മണ്ണ റോഡില്‍ വയലിനോടു ചേര്‍ന്നുണ്ടായിരുന്ന അന്നത്തെ പാണ്ടിക്കാട് ചന്തപ്പുരയിലായിരുന്നു ഗൂര്‍ഖാ ക്യാമ്പ്. വാരിയന്‍ കുന്നനും ചെമ്പ്രശ്ശേരി തങ്ങളും മുക്രി അയമ്മദും ചേര്‍ന്ന് പരിശീലനം നേടിയ 2000ത്തോളം മാപ്പിളപ്പടയെ ആക്രമത്തിനു സജ്ജമാക്കി. ഇവര്‍ മൂവരും ആക്രമണത്തില്‍ പങ്കാളികളായിരുന്നില്ല. കൂട്ടബാങ്കിന്റെ അകമ്പടിയോടെ ചന്തപ്പുരയുടെ മണ്‍ചുമര്‍ ഉന്തി മറിച്ചാണ് മാപ്പിളപ്പട അകത്തുകടന്നത്. ഞൊടിയിടയിലുള്ള ആക്രമണത്തില്‍ അവര്‍ക്ക് വല്ലതും ചെയ്യാന്‍ കഴിയുന്നതിനു മുമ്പുതന്നെ നിരവധിപേര്‍ വധിക്കപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ അവ്‌റേല്‍ അടക്കം നിരവധി പേര്‍ മൃതിയടഞ്ഞിട്ടുണ്ടെങ്കിലും ബ്രിട്ടീഷ് പക്ഷത്തുനിന്ന് 5 പേര്‍ മരിച്ചുവെന്നാണ് ഹിച്ച്‌കോക്കും കോണ്‍റാഡ് വുഡുമെല്ലാം രേഖപ്പെടുത്തിവെച്ചത്. മാപ്പിള മരണം 170 എന്നും 260 എന്നും രേഖപ്പെടുത്തിക്കാണുന്നുണ്ട്. ഈ ക്യാമ്പില്‍ 80 ഗൂര്‍ഖകളായിരുന്നുവെന്ന് മാധവന്‍ നായര്‍ നിരീക്ഷിക്കുമ്പോള്‍ 150 പേരായിരുന്നുവെന്നാണ് ഹിച്ച്‌കോക്കിന്റെ വാദം. എന്നാല്‍ മുന്നൂറു പേരാണ് ക്യാമ്പിലുണ്ടായിരുന്നതെന്നാണ് മാപ്പിള നിരീക്ഷണം.
ഇതു മാത്രമായിരുന്നില്ല പോരുകള്‍. 1921 ഡിസംബര്‍ 9 ന് തോണിയില്‍ വീട്ടില്‍ വെച്ച് നടന്ന യുദ്ധത്തില്‍ 81 മാപ്പിളമാരും 1921 ക്ലാരിപുത്തൂര്‍ യുദ്ധത്തില്‍ 39 ഖിലാഫത്ത് യോദ്ധാക്കളും ഒതായി ഏറ്റുമുട്ടലില്‍ മുപ്പതിലധികം വിപ്ലവകാരികളും വധിക്കപ്പെട്ടു.

വാഗണ്‍ ട്രാജഡി
1921 ലെ സെപ്റ്റംബറിന് ബ്ലാക്ക് സെപ്റ്റംബര്‍ എന്ന് വിശേഷിപ്പിക്കാന്‍ കാരണമുണ്ട്. രാജ്യത്തെ മാത്രമല്ല, ലോക മനസാക്ഷിയെ ഞെട്ടിച്ച സാമ്രാജ്യത്വ സര്‍ക്കാരിന് നര വേട്ടയായിരുന്നു വാഗണ്‍ ട്രാജഡി. 1921 സെപ്റ്റംബറിലായിരുന്നു സംഭവം. സമരത്തില്‍ പങ്കാളിയായതിന്റെ പേരില്‍ ഏറനാട്, വള്ളുവനാട് എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റു ചെയ്ത് ശിക്ഷിക്കപ്പെട്ട 100 പേരെ ബെല്ലാരി ജയിലിലേക്ക് കൊണ്ടു പോകാനാണ് ചരക്കു നീക്കാനുപയോഗിക്കുന്ന 1711-ാം നമ്പര്‍ ബോഗി ഉപയോഗിച്ചത്. കാറ്റു കടക്കാത്ത ഈ വാഗണില്‍ 50 പേര്‍ക്ക് നില്‍ക്കാനിടമില്ലായിരുന്നു. അതിലായിരുന്നു നൂറു പേരെ കുത്തി നിറച്ചത്.
ശ്വാസം കിട്ടാതെ തമ്മില്‍ കടിച്ചുകീറിയും മാന്തിപ്പൊളിച്ചും അവര്‍ നരകിച്ചു. പോത്തന്നൂരില്‍ എത്തി വാഗണ്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച സ്റ്റേഷന്‍മാസ്റ്ററുടെ ബോധം കെടുത്തി. 64 പേര്‍ അന്ത്യശ്വാസം വലിച്ചിരിക്കുന്നു. ബാക്കിയുള്ളവരെ ആശുപത്രിയിലെത്തിച്ചെങ്കിലും 7 പേര്‍ കൂടി മരണപ്പെട്ടു. ആകെ 71 പേര്‍ അതിദാരുണമായി പരലോകം പൂകിയെന്ന് ചുരുക്കം. ഇതില്‍ മാപ്പിളമാര്‍ മാത്രമായിരുന്നില്ല ഉള്‍പ്പെട്ടിരുന്നത്. 1921-ലെ മലബാര്‍ കലാപത്തിന് ഏറ്റവും ദാരുണമായ ചിത്രമായിരുന്നു ഇതെന്ന് സംശയ ലേശമന്യെ മനസ്സിലാക്കാം.
നാടുകടത്തലുകള്‍
കൂട്ടപ്പിഴ ചുമത്തല്‍, സ്വത്ത് കണ്ടുകെട്ടല്‍, നാടുകടത്തല്‍ എന്നിവ ബ്രിട്ടീഷുകാരുടെ വിനോദമായി മാറി. 1836 മുതല്‍ 1921 വരെയുള്ള കാലയളവില്‍ നിരവധി പേരെ ബ്രിട്ടീഷ് പട്ടാളം കോറമണ്ഡല്‍ തീരത്തേക്ക് നാടുകടത്തിയിരുന്നു.
1921 ആദ്യത്തെ നാടുകടത്തല്‍ ശിക്ഷാ വിധി വന്നു. മുസ്‌ലിംകളും അമുസ്‌ലിംകളുമടങ്ങുന്ന 160 പേരുടെ സംഘത്തെ 1922 ഏപ്രില്‍ 22ന് പോര്‍ട്ട്ബ്ലയറില്‍ എത്തിച്ചു. ഇന്ത്യയിലെ ജീവപര്യന്തം തടവു ശിക്ഷ 14 വര്‍ഷമായിരുന്നെങ്കില്‍ അന്തമാനില്‍ 20 വര്‍ഷമായിരുന്നു. പലരും ഇവിടെ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കി. 1925 മാര്‍ച്ചില്‍ 1200 മാപ്പിളമാരാണ് ഇവിടെയുണ്ടായിരുന്നത്. കാലാവധി പൂര്‍ത്തിയാക്കുക അല്ലെങ്കില്‍ സ്ഥിരതാമസമാക്കുക എന്ന ഉത്തരവ് വന്നു. സ്ഥിരതാമസമാക്കുന്നവര്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കി ബ്രിട്ടീഷുകാര്‍ പ്രലോഭിപ്പിച്ചു. 1924ല്‍ അന്തമാന്‍ കോളനൈസേഷന്‍ സ്‌കീമും പ്രഖ്യാപിച്ചു.
അബ്ദുറഹിമാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നു. അന്തമാനിലെ കുടിയേറ്റക്കാരുടെ നീറുന്ന അനുഭവങ്ങള്‍ പത്രമാധ്യമങ്ങള്‍ വഴി ഉത്തരേന്ത്യയിലും പ്രചരിപ്പിക്കാന്‍ അബ്ദുറഹ്മാന്‍ സാഹിബ് കഠിനപരിശ്രമം നടത്തി. അന്തമാനിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാലു പേരടങ്ങുന്ന ഒരു സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. ഇവരില്‍ കെ.സി മുഗാസേട്ടൊഴികെ മറ്റെല്ലാവരും ബ്രിട്ടീഷ് നയത്തെ എതിര്‍ത്തപ്പോള്‍ മുഗാസേട്ടിന്റേത് ബ്രിട്ടീഷിനനുകൂലമായിരുന്നു. 1925 ഡിസംബര്‍ 9ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതില്‍ നിന്ന് മുഗാസേട്ടിന്റെ റിപ്പോര്‍ട്ടാണ് ഗവണ്‍മെന്റ് സ്വീകരിച്ചത്.
1926 നവംബര്‍ 13ന് 31 പുരുഷന്‍മാര്‍ 7 സ്ത്രീകള്‍ 2 കുട്ടികള്‍ എന്നിവരടങ്ങുന്ന ഒരു സംഘത്തെ ബ്രിട്ടീഷുകാര്‍ മലബാറിലേക്കയച്ചു. മലബാറിലെ മറ്റുള്ളവരെക്കൂടി അന്തമാനിലെത്തിക്കുക എന്നതായിരുന്നു ഈ നീക്കത്തിന്റെ ലക്ഷ്യം. മലബാറിലെ ദയനീയാവസ്ഥ മാപ്പിളമാരെ അന്തമാനില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുകയായിരുന്നു. 1932 ല്‍ 1885 മാപ്പിളമാരുണ്ടായിരുന്നത് 1996 ല്‍ പതിനയ്യായിരം മാപ്പിളമാരായി ഉയര്‍ന്നു. സ്വന്തം നാടിന്റെ ഓര്‍മ്മക്കായി ഇവിടുത്തെ പ്രധാന പട്ടണങ്ങള്‍ക്ക് കോഴിക്കോട്, മഞ്ചേരി, വണ്ടൂര്‍ എന്നിങ്ങനെ തന്നെ പേരു നല്‍കി.
രക്തരൂക്ഷിതമായ അനവധി ചരിത്രങ്ങള്‍ക്ക് സാക്ഷിയായ മണ്ണാണ് ബെല്ലാരിയുടേത്. 1914-ലെ ഒന്നാം ലോക മഹായുദ്ധത്തില്‍ പിടിക്കപ്പെടുന്ന തുര്‍ക്കു തടവുകാര്‍ക്ക് വേണ്ടി സംവിധാനിച്ച ശിക്ഷാ ജയില്‍ പിന്നീട് മലബാര്‍ കലാപത്തില്‍ പിടിക്കപ്പെട്ടവര്‍ക്കായി മാറി. ഇവിടെ ബ്രിട്ടീഷുകാര്‍ക്ക് ക്രൂരവിനോദം നടത്താന്‍ പതിനേഴായിരം മാപ്പിളമാരാണ് ഉണ്ടായിരുന്നത്. മനുഷ്യത്വ രഹിതമായ നരമേധത്തിനാണ് ബെല്ലാരി സാക്ഷിയായത്. പുഴുത്ത് കട്ടപിടിച്ച താഴ്ന്ന അരി ഭക്ഷണം കഴിച്ച് നിരവധി പേര്‍ രോഗാതുരരായി മരണപ്പെട്ടു. നിസ്‌കരിക്കാന്‍ മുട്ടു മറക്കുന്ന ട്രൗസര്‍ വേണമെന്നും നല്ല ഭക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഫലപ്രദമായ സമരങ്ങള്‍ നടന്നു. പ്രാഥമിക സൗകര്യങ്ങള്‍ പോലും ബെല്ലാരിയില്‍ അന്യമായിരുന്നു. പത്തും ഇരുപതും പേര്‍ ദിനേന മരണത്തിനു കീഴടങ്ങിക്കൊണ്ടിരുന്നു. പ്രതികരിക്കാന്‍ പോലുമാകാതെ കഠിനമായ പീഡനമായിരുന്നു തടവുപുള്ളികള്‍ക്ക് കൂട്ട്.
കലാപത്തിന്റെ ഭൗതിക സ്വാധീനങ്ങള്‍ വ്യാപകമായിരുന്നു. പതിനായിരം പേര്‍ കൊല്ലപ്പെട്ടുവെന്ന് മാപ്പിളമാര്‍ തന്നെ പറയുന്നുവെങ്കിലും ആകെ എത്ര പേര്‍ക്ക് ജീവഹാനി സംഭവിച്ചു എന്നത് അജ്ഞാതമാണ്. കലാപത്തില്‍ പങ്കെടുത്ത പതിനായിരം പേരില്‍ ആയിരം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ബ്രിട്ടീഷ് ഔദ്യോഗിക കണക്ക്. 1922 ജനുവരിയോടെ 2266 മാപ്പിളമാര്‍ കൊല്ലപ്പെട്ടുവെന്നാണ് മറ്റൊരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പട്ടാള കോടതി 252 പേരെ വധശിക്ഷക്കും പ്രത്യേക കോടതികള്‍ 502 പേരെ ജീവപര്യന്തം തടവിനും ആയിരക്കണക്കിനാളുകളെ 7 മുതല്‍ 14 വര്‍ഷം വരെ തടവിനും വിധിച്ചു. അയ്യായിരം മാപ്പിളമാരില്‍ നിന്നും മൊത്തം 363458 രൂപ പിഴയീടാക്കി ശിക്ഷയിളവുചെയ്തു. നാട്ടിന്‍പുറത്തെ പൊതുവായ വൈഷമ്യങ്ങള്‍ രൂക്ഷമായിരുന്നു. കൃഷിയും വിദ്യാഭ്യാസവും താറുമാറായി. ജനസാമാന്യത്തിന് ബുദ്ധിമുട്ടുണ്ടാക്കും വിധം ഭക്ഷ്യക്ഷാമമുണ്ടായി. ആയിരക്കണക്കിന് മാപ്പിള സ്ത്രീകളും കുട്ടികളും അങ്ങേയറ്റത്തെ ദുരിതം അനുഭവിച്ചു. സ്ത്രീകള്‍ പുരുഷന്മാരെ വിശ്വസ്തതയോടെ പിന്തുണച്ചിരുന്നു. പക്ഷേ, പോരാട്ടങ്ങളില്‍ നേരിട്ട് പങ്കു ചേര്‍ന്നിട്ടുണ്ടായിരുന്നില്ല. ഇതിന് അവര്‍ നല്ല വില നല്‍കുകയും ചെയ്തു. മാപ്പിളമാരില്‍ നിന്ന് ഹിന്ദുക്കള്‍ അനുഭവിക്കേണ്ടിവന്നതിലേറെ പട്ടാളക്കാരില്‍ നിന്ന് മാപ്പിള സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വന്നുവെന്നു ഒരു ഹിന്ദു ചരിത്രക്കാരന്‍ സൂചിപ്പിക്കുന്നുണ്ട്. പുനരധിവാസത്തിനും പൊതുമുതലുകളുടെ വീണ്ടെടുപ്പിനുമായി ലക്ഷങ്ങള്‍ ചിലവഴിച്ചു.
കലാപത്തില്‍ ഗാന്ധിജി അങ്ങേയറ്റം നിരാശനായിരുന്നു. മാപ്പിളമാര്‍ക്ക് ഖിലാഫത്തിനെക്കുറിച്ച് അല്‍പം മാത്രം അറിയാമെന്നും അഹിംസയെ കുറിച്ച് ഒന്നുമറിയില്ലെന്നും ഗാന്ധിജി അഭിപ്രായപ്പെട്ടു. പലയിടത്തും കലാപത്തിന് മാപ്പിള-ഹിന്ദു മുഖം കൈവന്നതു കൊണ്ടു തന്നെ പരസ്പരം ഐക്യത്തിന് (ചെറുതെങ്കിലും) വിള്ളല്‍ വന്നിട്ടുണ്ടായിരുന്നു. ഹ്രസ്വ കാലം മാത്രം നില നിന്ന ഹിന്ദു-മുസ്‌ലിം ഐക്യത്തെ തകര്‍ത്തത് ഈ രക്തരൂക്ഷിത കലാപമായിരുന്നുവെന്ന് a short history of india and pakisthan എന്ന കൃതിയില്‍ t w wall bank എഴുതുന്നുണ്ട്. ചുരുക്കത്തില്‍ ഒരിക്കലും മറക്കാനാവാത്ത ക്രൂരമായ ഭൗതിക ഫലങ്ങളാണ് മാപ്പിളമാരില്‍ കലാപം അടയാളപ്പെടുത്തിയത്.

സമസ്തയും ബ്രിട്ടീഷുകാരും
മലബാര്‍ സമരം ബ്രിട്ടീഷുകാര്‍ക്ക് മാപ്പിളമക്കളുടെ പോരാട്ട വീര്യവും നെഞ്ചുറപ്പും ബോധ്യപ്പെടുത്തി. മാത്രമല്ല അവര്‍ക്ക് ഉത്തേജനം നല്‍കുന്ന മാല മൗലിദുകളും പാരമ്പര്യമായി ലഭിച്ചുവരുന്ന വിശ്വാസ ദൃഢതയുമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. സമരം അടിച്ചമര്‍ത്തിയത് കൊണ്ട് മാത്രം മാപ്പിളമക്കളുടെ ചെറുത്തുനില്‍പ്പ് അവസാനിക്കില്ലെന്നും പൂര്‍വോപരി ശക്തിയോടെ തിരിച്ചടിക്കുമെന്നും ബ്രിട്ടീഷുകാര്‍ക്ക് ബോധ്യമായി. ഈ മാപ്പിള ഐക്യം എന്തു വിലകൊടുത്തും തകര്‍ക്കണമെന്ന ബ്രിട്ടീഷ് വിചാരത്തില്‍ നിന്നാണ് പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ തുടക്കമെന്നോണം 1922 ല്‍ ഐക്യസംഘം പിറവിയെടുക്കുന്നത്. തികഞ്ഞ ഐക്യത്തോടെ ജീവിച്ചിരുന്ന മാപ്പിള ജനതക്ക് ഒരു ഐക്യസംഘം തീര്‍ത്തും അനാവശ്യമായിരുന്നു. പാരമ്പര്യ മതവിശ്വാസങ്ങളെ പാടേ നിരാകരിക്കുന്ന ഒരു കൂട്ടമായിരുന്നു ഇബ്‌നു അബ്ദുല്‍ വഹാബിന്റെയും ഇബ്‌നു തൈമിയ്യയുടെയും വികലമായ ആശയങ്ങള്‍ പിന്തുടര്‍ന്ന വഹാബിസത്തിന്റെ വാക്താക്കള്‍. സമസ്തയല്ല, വഹാബിസമാണ് ബ്രിട്ടീഷുകാരുടെ സൃഷ്ടി എന്നര്‍ത്ഥം.
സമസ്തയുടെ പണ്ഡിതന്മാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരില്‍ മൗനം ദീക്ഷിച്ചു എന്നത് ശരിയല്ല. സമാധാനപരമായ സമരത്തിന് ആഹ്വാനം ചെയ്ത് മലപ്പുറത്ത് കുന്നുമ്മല്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ പാങ്ങില്‍ അഹ്മദു കുട്ടി മുസ്ലിയാര്‍ ഇങ്ങനെ പറഞ്ഞു:
പ്രിയപ്പെട്ട സഹോദരന്മാരേ, നാം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആളുകളാണ്, വെള്ളക്കാര്‍ നമ്മുടെ ശത്രുക്കളാണ്. അവര്‍ ഇന്ത്യ വിട്ടു പോകണം. അതുവരെ നാം സമരം ചെയ്യും. പക്ഷേ, ഒരിക്കലും നാം അക്രമം കാണിക്കരുത്. അക്രമരാഹിത്യത്തോടെയുള്ള ഒരു സമരമാണ് നാം ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും. ഗവണ്‍മെന്റുമായി ഒരിക്കലും യുദ്ധത്തിനൊരുങ്ങരുത്. അങ്ങനെ ചെയ്താല്‍ നാം കുറ്റക്കാരായിത്തീരും. സമാധാന പരമായി സമരം ചെയ്യുക. അതാണ് നമ്മുടെ ലക്ഷ്യം.
എന്തു കൊണ്ട് പിന്നീട് സമസ്ത മൗനം പാലിച്ചു എന്ന ചോദ്യത്തിന് പ്രധാനമായും രണ്ടു മറുപടി കണ്ടെത്താന്‍ സാധിക്കും. ഒന്ന്, ആധുനിക ആയുധ സമ്പന്നരായ ബ്രിട്ടീഷ് സൈന്യത്തിനെതിരെ നാടന്‍ ആയുധങ്ങളുപയോഗിച്ച് പ്രത്യക്ഷ സമരം ചെയ്യുന്നത് സമുദായത്തിന് നഷ്ടമേ വരുത്തിവെക്കൂ എന്നത് മലബാര്‍ സമരം ബോധ്യപ്പെടുത്തി. രണ്ട്, സമസ്തയുടെ അഞ്ച് സുപ്രധാന സ്ഥാപിത ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പ്രത്യക്ഷമായ ഇടപെടല്‍ ഭൂഷണമല്ല എന്ന തിരിച്ചറിവ് (പ്രത്യേകിച്ചും ഉല്‍പതിഷ്ണ വിഭാഗങ്ങള്‍ക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പിന്തുണ ലഭിക്കുമ്പോള്‍). കൂടാതെ മുന്‍കാല പണ്ഡിതന്മാരുടെ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള അമൂല്യമായ രചനകള്‍ പില്‍ക്കാലത്ത് നശിപ്പിക്കപ്പെടുകയുണ്ടായി. ഇതില്‍ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാരടക്കമുള്ള പണ്ഡിതന്മാരുടെ ബ്രിട്ടീഷ് വിരുദ്ധ രചനകള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാം എന്ന നിരീക്ഷണത്തിന് തീര്‍ച്ചയായും ന്യായമുണ്ട്.
(1) 1921 മലബാര്‍ ലഹള – കെ കോയാട്ടി മൗലവി
(2) മാപ്പിളമാര്‍ – കെ.ബി.കെ മുഹമ്മദ് മൗലവി
(3) മലബാര്‍ ഗസ്റ്റ്‌

LEAVE A REPLY

Please enter your comment!
Please enter your name here