മനുഷ്യത്വമാണ് ഇസ്ലാമിലെ അടിമത്വം

ഉവൈസ് നടുവട്ടം

0
1745

പ്രായോഗിക മതമാണ് ഇസ്ലാം. കേവലം നിയമസംഹിതയുടെ വിഭാവനം മാത്രമല്ല. പ്രയോഗവല്‍കരണം കൂടി ഇസ്ലാം ലക്ഷ്യമാക്കുന്നുണ്ട്. യുക്തിവാദികള്‍ പലപ്പോഴും വിമര്‍ശനമുയര്‍ത്തുന്ന ഇസ്ലാമിലെ അടിമവ്യവസ്ഥ ഈ ഒരു തലത്തിലൂടെയാവണം നാം ചിന്തിക്കേണ്ടത്. അതിലുപരി അടിമ സങ്കല്‍പത്തിലെ ഇസ്ലാമിക വിചാരങ്ങളുടെ കൃത്യമായ അപഗ്രഥനം ഇത്തരം വിമര്‍ശനങ്ങള്‍ അസ്ഥാനത്താണെന്ന് വിധിയെഴുതും.

      സാമൂഹ്യ തിന്മയായ അടിമത്വം ഇസ്ലാം അനുവദിക്കുന്നുവെന്നതാണ് പ്രധാന ആരോപണം. എന്നാല്‍ സമൂഹം തിന്മയായി ഗണിക്കുന്ന അടിമസമ്പ്രദായത്തെയല്ല ഇസ്ലാം അനുവദിച്ചിട്ടുള്ളത്. റോമിലും അമേരിക്കയിലും ഇതര രാഷ്ട്രങ്ങളിലും നിലനിന്ന അടിമ സമ്പ്രദായം കൊടും ക്രൂരതയുടെ കദനകഥകളാണ്. അതില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ് ഇസ്ലാമിലെ അടിമ സങ്കല്‍പ്പം.

     ഇസ്ലാമിലെ അടിമകള്‍ യുദ്ധത്തിന്റെ പരിണിത ഫലമായി സൃഷ്ടിക്കപ്പെടുന്നവരാണ്. യുദ്ധേതര മാര്‍ഗത്തിലൂടെ സ്വതന്ത്ര്യരെ അടിമയാക്കാന്‍ ഇസ്ലാം അനുവാദം നല്‍കുന്നില്ല. സ്വന്തമായ ഭരണവ്യവസ്ഥയുള്ള രാഷ്ട്രത്തിനെതിരെ അധിനിവേശത്തിനിറങ്ങിയ രാജ്യദ്രോഹികളാണിവര്‍. അതായത് ആധുനിക രാഷ്ട്രത്തില്‍ ചുരുങ്ങിയത് വധശിക്ഷ വരെ വിധിക്കപ്പെടുന്നവര്‍. ഈ യുദ്ധ ബന്ധികളെയാണ് ഇമാമിന്റെ നിര്‍ദേശപ്രകാരം വെറുതെ വിടുകയോ മോചനമൂല്യം നല്‍കി വിടുകയോ അടിമയാക്കുകയോ ചെയ്യുന്നത്. ഇതൊരിക്കലും ഗ്വാണ്ടനാമോ തടവറകള്‍ സൃഷ്ടിക്കാനല്ല. ഏകാന്ത തടവറകളില്‍ പാര്‍പ്പിച്ച് മാനസിക ശാരീരിക പീഡനമുറകള്‍ പ്രയോഗിക്കാനുമല്ല. മറിച്ച് മുസ്ലിം ഭടന്മാര്‍ക്ക് കീഴില്‍ വേണ്ട സൗകര്യങ്ങളൊരുക്കി അവരുടെ സ്വഭാവസംസ്‌കരണം സാധ്യമാക്കാനാണ്. അതായത്, രാജ്യദ്രോഹികള്‍ക്ക് സ്വപ്‌ന തുല്യമായ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന സഹോദരതുല്യനായി കാണുന്ന സമീപനം. മനുഷ്യത്വപരമായ ഇസ്ലാമിന്റെ ഇടപെടല്‍ എത്ര മഹത്തരം!

    ഈ സംസ്‌കരണ പ്രവര്‍ത്തനത്തിലൂടെ വ്യക്തി വിശുദ്ധി കൈവരിച്ച ഒട്ടനവധി മഹത്തുക്കള്‍ ചരിത്രത്തില്‍ നമുക്ക് ദര്‍ശിക്കാം. പ്രസിദ്ധ ഹദീസ് നിവേദകന്‍ നാഫിഅ്(റ) അവരില്‍ പ്രധാനിയാണ്. ഏവര്‍ക്കും സ്വീകാര്യമായ സില്‍സിലതുദഹബിയ്യ എന്ന നിവേദക പരമ്പരയെ കുറിച്ച് കേട്ടിട്ടില്ലേ? അവരില്‍ പ്രമുഖ സ്ഥാനം അവിടുന്ന് അലങ്കരിക്കുന്നു.

   കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ അടിമകളെ പ്രത്യേകം ചര്‍ച്ച ചെയ്തത് ചിലര്‍ വിമര്‍ശനമായി ഉന്നയിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഇസ്ലാം അവര്‍ക്ക് നല്‍കുന്ന അവകാശങ്ങളെ അതിലൂടെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. വിശുദ്ധ ഖുര്‍ആനും അടിമകള്‍ക്ക് ഗുണം നല്‍കാന്‍ കല്‍പ്പിക്കുന്നുണ്ട്. അടിമകളോട് ഫ്യൂഡല്‍ മനോഭാവമല്ല ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നത്. സഹോദരതുല്യാ സ്നേഹിക്കണമെന്ന് പഠിപ്പിച്ചു. താന്‍ ഭക്ഷിക്കുന്നതില്‍ നിന്നും ധരിക്കുന്നതില്‍ നിന്നും ഒരു വിഹിതം നല്‍കണമെന്ന് ഉണര്‍ത്തി. താഴ്ന്ന ഭക്ഷണം നല്‍കി ബാധ്യത ഒഴിവാകുന്നതല്ല. യജമാനന്റെ സാമ്പത്തിക സ്ഥിതിയനുസരിച്ച് നല്‍കണം. സ്വയം പരിത്യാഗം തിരഞ്ഞെടുത്താലും അടിമകളില്‍ അത് പ്രയോഗിക്കരുത് (മുസ്ലിം). അധികം ഭക്ഷിക്കുന്നവനെങ്കില്‍ മതിയായത് നല്‍കണം(ഇആനത്). ഭക്ഷണം നല്‍കിയാല്‍ മാത്രം പോരാ കൂടെയിരുത്താനും ശ്രമിക്കണം. അല്ലെങ്കില്‍ തന്റെ വക ഒരു പിടി ഭക്ഷണം നല്‍കി അടിമയുടെ മനസ്സംതൃപ്തി നേടണം. അപ്രകാരം മാന്യമായ വസ്ത്രം തന്നെ നല്‍കണം. കേവലം നഗ്നത മറച്ചാല്‍ മാത്രം പോരാ. കാരണം അത് അടിമയെ നിന്ദിക്കലും നിസ്സാരമാക്കലുമാണ്. ഇക്കാര്യം ഇആനതില്‍ കൃത്യമായി വ്യക്തമാക്കുന്നുണ്ട്. എന്തൊരു നല്ല  സമീപനം.

    ഹബീബ്  അടിമകളെ കുറിച്ച് പറയുന്നത് കേള്‍ക്കൂ: ‘തീര്‍ച്ചയായും അവര്‍ നിങ്ങളുടെ സഹോദരന്മാരാണ്. അല്ലാഹു അവരെ നിങ്ങളുടെ കീഴിലാക്കി. സഹോദരന്‍ അധീനതയിലുള്ളവന്‍ തന്റെ ഭക്ഷണത്തില്‍ നിന്ന് അവനെ ഭക്ഷിപ്പിക്കുകയും തന്റെ വസ്ത്രത്തില്‍ നിന്ന് ധരിപ്പിക്കുകയും ചെയ്യട്ടെ.(ബുഖാരി, മുസ്ലിം)

    ഇസ്ലാം അടിമകളുടെ രക്തബന്ധങ്ങള്‍ക്ക് വില നല്‍കി. ഉറ്റവരില്‍ നിന്നും വേര്‍പിരിഞ്ഞ് ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ഇസ്ലാം സാന്ത്വനമായി. ഹബീബ് പറയുന്നു: ‘ആരെങ്കിലും ഉമ്മയേയും കുട്ടിയെയും വേര്‍പിരിച്ചാല്‍ അല്ലാഹു അവനെയും സ്നേഹിതരേയും അന്ത്യദിനത്തില്‍ വേര്‍പിരിക്കും'(തിര്‍മുദി). സഹോദരങ്ങളായ രണ്ട് അടിമകളിലൊന്നിനെ വിറ്റ അലിയോട്(റ) മടക്കി വാങ്ങാന്‍ ഹബീബ് നിര്‍ദേശിച്ചത് ചരിത്രത്തിലുണ്ട്.

   ലാഭമുണ്ടാക്കാനുള്ള ഉപകരണമായല്ല ഇസ്ലാം അടിമയെ കാണുന്നത്. ഇസ്ലാമിക വ്യവസ്ഥയിലെ അടിമ ഒരിക്കലും മജ്ജയും മാംസവും വലിച്ചെടുത്ത് വലിച്ചെറിയുന്ന കൊളോണിയല്‍ കാലത്തെ കറിവേപ്പിലയാകില്ല. അന്ധനോ വാതരോഗിയോ ആയി ഉടമക്ക് ഉപകാരമെടുക്കാന്‍ പര്യാപ്തവാനെല്ലെങ്കിലും ഭക്ഷണം നല്‍കണമെന്ന് (ഫത്ഹുല്‍ മുഈന്‍) ഇസ്ലാം പഠിപ്പിക്കുന്നു. ചികിത്സക്ക് ആവശ്യമായ പണവും മരുന്നും ഉടമ നല്‍കല്‍ നിര്‍ബന്ധ ബാധ്യതയാണ്.(ഫത്ഹുല്‍ മുഈന്‍)

      താങ്ങാനാവാത്ത ജോലി അടിമയോട് കല്‍പ്പിക്കരുതെന്നാണ് ഇസ്ലാമിക ഭാഷ്യം. അടിമ സമ്മതം നല്‍കിയാലും അത്തരം ജോലി ഏല്‍പിക്കരുതെന്നാണ് കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഉടമക്കെതിരെ ഇസ്ലാമിക ഭരണകൂടം ഇടപെടും. ഫത്ഹുല്‍ മുഈനില്‍ കാണാം. ‘ഉടമ അത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടാല്‍ ന്യായാധിപന്‍ അവനില്‍ നിന്നും അടിമയെ ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത് മറ്റൊരാള്‍ക്ക് വില്‍ക്കണം’.

     വിശ്രമമില്ലാത്ത ജോലി അടിമയോട് കല്‍പ്പിക്കരുതെന്നാണ് ഇസ്ലാമിക നിര്‍ദേശം. ഉച്ചയുറക്കിന്റെ സമയം പോലോത്ത വിശ്രമ സമയങ്ങളിലെ പതിവ് ഉടമ മാനിക്കണമെന്നും ആ സമയം പണിയെടുപ്പിക്കരുതെന്നും കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നു.

   അടിമകളുടെ അവകാശധ്വംസനങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന മതമാണ് ഇസ്ലാം. മരണസമയത്തു പോലും  ഹബീബ് ഗൗരവമായി ഉണര്‍ത്തിയത് അടിമയെകുറിച്ചാണ്. അടിമയെ അടിക്കുന്നവന്‍ ജനങ്ങളില്‍ ഏറ്റവും നിന്ദ്യനായി ഗണിച്ചു. ദിവസവും എഴുപത് തവണയെങ്കിലും വിട്ടുവീഴ്ച നല്‍കണമെന്നാണ് ഹബീബിന്റെ ഉപദേശം. എത്ര വശ്യമായ നിയമ സംഹിത!

  അബൂമൂസല്‍ അന്‍സാരി(റ) പറയുന്നു: ഞാനെന്റ സേവകനെ അടിച്ച് കൊണ്ടിരിക്കെ പെട്ടെന്ന് പിന്നില്‍ നിന്നൊരു ശബ്ദം. ‘അബൂ മസ്ഊദേ, നിനക്ക് അവനുമേല്‍ എത്ര മാത്രം ശക്തിയുയോ അതിനേക്കാള്‍  ശക്തി അല്ലാഹുവിന് നിന്റെ മേലുണ്ട്’. ഞാന്‍ തിരിഞ്ഞു നോക്കി; ഹബീബാണ്. ഉടനെ റബ്ബിന്റെ പ്രീതി കാംക്ഷിച്ച് അവനെ സ്വതന്ത്രനാക്കി. അന്നേരം ഹബീബ് പറഞ്ഞു: അപ്രകാരം നീ പ്രവര്‍ത്തിച്ചിട്ടില്ലായെങ്കില്‍ തീ നിന്നെ കരിച്ചുകളയുമായിരുന്നു.(മുസ്ലിം)

     ശാരീരിക പീഡനങ്ങള്‍ മാത്രമല്ല, മാനസിക പീഡനങ്ങളില്‍ നിന്നുമുള്ള സുരക്ഷ അടിമകള്‍ക്ക് ഇസ്ലാം ഉറപ്പ് നല്‍കുന്നുണ്ട്. അടിമകളെ അധമരായി ഗണിക്കാതെ സഹോദരങ്ങളായി വീക്ഷിക്കണമെന്ന ഹബീബിന്റെ നിര്‍ദേശം ഇത്തരത്തിലാണ്. അടിമ എന്ന പ്രയോഗം ‘തന്നെ ഒഴിവാക്കി ഭൃത്യന്‍, ഭ്യത്യ എന്ന് പ്രയോഗിക്കണമെന്ന് അവിടുന്ന് ഉണര്‍ത്തി. ഇതൊന്ന് ശ്രവിക്കുക. ഹബീബ് പറയുന്നു: ‘നിങ്ങളിലാരും എന്റെ അടിമ, എന്റെ വെള്ളാട്ടി എന്ന് പ്രയോഗിക്കരുത്. എന്റെ ഭൃത്യന്‍, എന്റെ പരിചാരക എന്നെല്ലാം പറഞ്ഞുകൊള്ളട്ടെ’.(ബുഖാരി)

     ഇസ്ലാം വിഭാവനം ചെയ്യുന്ന സഹോദരതുല്യ പരിഗണന നല്‍കുന്ന അടിമ സമ്പ്രദായം എങ്ങനെ മനുഷ്യത്വപരമല്ലെന്ന് പറയും. ഉടമക്ക് സേവനം ചെയ്തു സുഭിക്ഷമായ ഭക്ഷണം കഴിക്കുന്നവന് എന്തു പ്രയാസമാണുള്ളത്. വസ്ത്രവും മറ്റു ചികിത്സാ സൗകര്യവും എല്ലാം ഉടമ നിര്‍ബന്ധബുദ്ധ്യാ ഏര്‍പ്പെടുത്തുന്നു. പീഡനമുറകളില്ല. ഭാരിച്ച ജോലികളില്ല. മതിയായ വിശ്രമം നല്‍കുന്നു. സ്നേഹപൂര്‍വം  എന്റെ ഭൃത്യനെന്ന അഭിസംബോധനയും. ഇവിടെ എവിടെയാണ് മനുഷ്യത്വം നഷ്ടപ്പെട്ടുപോവുന്നത്. സ്വപ്‌നതുല്യമായ ജീവിതം. അതാണ് ഹബീബിനെ വിട്ട് പിരിയാന്‍ അടിമയായ സൈദിന്(റ) മനസനുവദിക്കാതെ പോയത്.

   സഹോദതര തുല്യമായ ഇസ്ലാമിലെ അടിമവ്യവസ്ഥ തര്യപ്പെടുത്തിയാല്‍ വിമര്‍ശകര്‍ അവസാനമായി ചോദിക്കുന്നത് ഇതാണ്. ‘അടിമക്ക് എത്ര സുഖ സൗകര്യങ്ങള്‍ ഒരുക്കിയാലും അവന്‍ മറ്റൊരാള്‍ക്ക് വിധേയപ്പെട്ട് ജീവിക്കേണ്ടവനല്ലേ. ആ വിധേയത്വം മനുഷ്യത്വപൂര്‍ണമല്ലല്ലോ’എന്നത്. ഇവിടെയാണ് ഇസ്ലാമിക നിയമങ്ങളിലെ ആന്തരിക യുക്തി ബോധ്യപ്പെടല്‍ അനിവാര്യമാവുന്നത്. ഈ വിധേയത്വം പ്രഥമ ദൃഷ്ടാ, മനുഷ്യത്വപരമല്ലെന്ന് തോന്നുമെങ്കിലും  കൃത്യമായ വിശകലനത്തില്‍ അടിമക്ക് അനുഗുണമെന്ന് ബോധ്യപ്പെടും. കാരണം വിശ്വാസിയുടെ യഥാര്‍ത്ഥ വിജയം പരലോക വിജയമാണ്. ആ വിജയത്തിന് നിദാനമാകുന്നവയാണ് അനുഗുണമായത്. അല്ലാഹുവിനോടും തന്റെ ഉടമയോടുമുള്ള വിധേയത്വം പൂര്‍ത്തിയാക്കിയവന് ഇരട്ടി പ്രതിഫലമാണ് ഇസ്ലാം വാഗ്ദാനം ചെയ്യുന്നത്. ഹബീബ് പറയുന്നു. ‘നിശ്ചയം അടിമ തന്റെ ഉടമയോട് ഗുണം ചെയ്യുകയും അല്ലാഹുവിനോടുള്ള ആരാധനയില്‍ കൃത്യത പുലര്‍ത്തുകയും ചെയ്താല്‍ അവന് ഇരട്ടി പ്രതിഫലമുണ്ട്’.

    ചേര്‍ത്തുവായിക്കേണ്ട ശ്രദ്ധേയമായ ഒരു വസ്തുത കൂടിയുണ്ട്. അടിമത്വമെന്നത് രാജ്യദ്രോഹ കുറ്റത്തിലേര്‍പ്പെട്ട് ഇവര്‍ സ്വയം സൃഷ്ടിച്ചതാണ്. ആധുനിക രാഷ്ട്രങ്ങളില്‍ കൊലക്കുറ്റം ചുമത്തപ്പെടുന്ന ഇക്കൂട്ടര്‍ക്കാണ് ഇസ്ലാം കേവലം വിധേയത്വം മാത്രം നിഷ്‌കര്‍ഷിച്ച് എല്ലാ അവകാശങ്ങളും വകവെച്ചു നല്‍കിയത്. ഇത്തരം നടപടി രാജ്യദ്രോഹപ്രവര്‍ത്തനത്തില്‍ നിന്നും വ്യക്തിയെ തടയുന്നു. രാഷ്ട്രങ്ങളിലെ ഓരോ വ്യക്തിയുടെയും സുരക്ഷയും രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദവും ഉറപ്പ് വരുത്തുന്നു. വ്യക്തിസുരക്ഷയും രാഷ്ട്രസുരക്ഷയും ഒരേ സമയം സാധ്യമാക്കുന്ന ഈ സംവിധാനം മറ്റേത് പ്രത്യയശാസ്ത്രത്തിലാണുള്ളത്.

   അടിമയാണോ? ഉടമയാണോ ശ്രേഷ്ടവാന്‍ എന്ന ചര്‍ച്ച തഫ്സീറുല്‍ ഖുര്‍തുബിയിലുണ്ട്. അടിമയാണ് ശ്രേഷ്ടനെന്നതിന് തെളിവായി പ്രത്യുത ഹദീസ് കൊണ്ടുവന്നിട്ടുണ്ട്. അപ്രകാരം അടിമയായി മരിക്കാന്‍ ഹബീബ് ആഗ്രഹം പ്രകടിപ്പിച്ച ഹദീസും കാണാം. ഹബീബ് പറയുന്നു: എന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ് സത്യം. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദും ഹജ്ജും എന്റെ ഉമ്മയോട് നന്മ ചെയ്യലും ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ അടിമയായി മരിക്കുവാന്‍ ഇഷ്ടപ്പെടുമായിരുന്നു(ബുഖാരി). ഹബീബ് പോലും കൊതിച്ച പ്രതിഫലാര്‍ഹമായ വിധേയത്വം പാലിക്കപ്പെടുന്നതില്‍ എന്ത് മനപ്രയാസമാണുള്ളത്.

    അതിനു പുറമെ സ്വതന്ത്ര ജീവിതം ആഗ്രഹിക്കുന്ന അടിമകള്‍ക്ക് അതിനുള്ള അവസരവും ഇസ്ലാം സംവിധാനിച്ചിട്ടുണ്ട്. ഉടമയുമായി നിശ്ചിത തുക മോചനപത്രമെഴുതി ഗഡുക്കളായി അടച്ച് തീര്‍ത്താല്‍ സ്വതന്ത്രനാവുന്ന സംവിധാനം. അടച്ച് തീര്‍ക്കാന്‍ കഴിയാത്തവര്‍ക്ക് സകാത് വിഹിതം നല്‍കാനും ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നു. അടിമകളുമായുള്ള ലൈംഗികമായി ബന്ധപ്പെടാനുള്ള അനുവാദം അതിക്രമമായി ചിലര്‍ കാണുന്നു. യഥാര്‍ത്ഥത്തില്‍  ഇത് സ്വതന്ത്രരാകാനുള്ള മാര്‍ഗമാണ്. അടിമയില്‍ ഉടമക്ക് മക്കളുണ്ടായാല്‍ ഉടമയുടെ മരണശേഷം അടിമസ്ത്രീ സ്വതന്ത്രയാകുമെന്നതാണ് പണ്ഡിതമതം.

  കൂടാതെ, അടിമമോചനം ഇസ്ലാം പ്രോത്സാഹനം നല്‍കി. പല തിന്മകള്‍ക്കും പ്രായശ്ചിത്തമായി ഇസ്ലാം നിര്‍ദേശിച്ചത് അടിമ വിമോചനമാണ്. അതിന് പ്രേരകമാവുന്ന അനവധി ഹദീസുകള്‍ നമുക്ക് കാണാം. സ്വതന്ത്ര്യനാക്കിയ അടിമയുടെ ഓരോ അംഗത്തിനും പകരം മോചിപ്പിച്ചവന്റെ അംഗം നരകശിക്ഷയില്‍ നിന്ന് വിമോചിതനാവുമെന്ന് ഹബീബ് ഉറപ്പ് നല്‍കുന്നുണ്ട്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ പേരെ സ്വതന്ത്രരാക്കലാണ് മൂല്യമേറിയ ഒരാളെ സ്വതന്ത്രരാക്കുന്നതിനേക്കാള്‍ നല്ലത്. ഇത് വിശദീകരിച്ച് ശറഹ് രിയാളുസ്വാലിഹീന്‍ പറയുന്നു. കൂടുതല്‍ പേരുടെ സ്വാതന്ത്ര്യമല്ലേ പരിഗണനീയം.

  ചുരുക്കത്തില്‍, ഇസ്ലാമിലെ അടിമവ്യവസ്ഥ മനുഷ്യത്വപൂര്‍ണമാണ്. സംസ്‌കാര സമ്പന്നരാക്കാനുള്ള പ്രക്രിയയാണത്. ശാരീരിക മാനസിക പീഡനമുറകളില്ലാത്ത, തീര്‍ത്തും സൗഹൃദ സമീപന വ്യവസ്ഥ. പാരത്രിക ലോകത്ത് ഇരട്ടി പ്രതിഫലം ലഭിക്കുന്നവര്‍. അടിമ മോചനത്തിന് അവസരം നല്‍കപ്പെട്ടവര്‍. ഇതാണ് ഇസ്ലാമിലെ അടിമ. ഇവിടെ എവിടെയാണ് മനുഷ്യത്വം മറവ് ചെയ്യപ്പെട്ടത്.

ഉവൈസ് നടുവട്ടം
മെയ് 2019 പ്രവാസി രിസാല

LEAVE A REPLY

Please enter your comment!
Please enter your name here