പ്രവാചകർ മുഹമ്മദ് (സ) യുടെ പതിമൂന്ന് ഭാര്യമാരിൽ പന്ത്രണ്ട് പേരും പ്രവാകരുമായുള്ള വിവാഹ സമയത്ത് വിധവകളായിരുന്നു. കന്യകയായ നിലയിൽ പ്രവാചകർ വിവാഹം കഴിച്ചത് ഒരു സ്ത്രീയെ മാത്രമാണ്. അത് തിരുനബിയുടെ ഏറ്റവും അടുത്ത സുഹൃത്തായ ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ് (റ) വിന്റെ മകളായ ആയിശ(റ)യാണ് . നബിയുടെ മൂന്നാമത്തെ ഭാര്യയാണ് ആയിശ(റ). പ്രവാചകത്വലബ്ധിയുടെ നാലാം വർഷമാണ് മഹതി ജനിക്കുന്നത്. ഉമ്മു റുമാൻ ബിൻത് ആമിർ ആണ് മാതാവ്. വെളുത്ത ഭംഗിയുള്ള ശരീരമായിരുന്നു ആഇശ ബീവിയുടെത്. അതുകൊണ്ട് അൽ-ഹുമൈറാഅ എന്നും മഹതിയെ വിശേഷിപ്പിക്കപ്പെട്ടു.
ഹിജ്റയുടെ മൂന്ന് വർഷം മുൻപ് ശവ്വാൽ മാസമാണ് തിരുനബിയും ആഇശ(റ) യും തമ്മിൽ വിവാഹം നടന്നത്. അന്ന് മഹതിയുടെ പ്രായം ആറ് ആയിരുന്നു. ഇതേ വർഷം റമളാനിലാണ് നബി സൗദ (റ) യെയും വിവാഹം കഴിച്ചത്. എന്നാൽ മൂന്ന് വർഷം കഴിഞ്ഞ് ഹിജ്റക്ക് ശേഷം ഏഴാം മാസം ശവ്വാലിൽ മദീനയിൽ വെച്ചാണ് തിരുനബി അവരുമായി വീട് കൂടിയത്. അപ്പോൾ ഒമ്പത് വയസാണ് ബീവിയുടെ പ്രായം.
ഖദീജ (റ) യുടെ വിയോഗാനന്തരം ഒരുദിവസം ഉസ്മാനുബ്നു മള്ഊൻ (റ) ന്റെ ഭാര്യയായ കൗല ബിൻത് ഹകീം (റ) തിരുനബിയുടെ അടുത്ത് വന്ന് ചോദിച്ചു: “അല്ലാഹുവിൻറെ ദൂതരേ, അങ്ങിനി വിവാഹം ചെയ്യുന്നില്ലേ ?” .
നബി ചോദിച്ചു: “ആരെ ?”.
മഹതി പറഞ്ഞു: കന്യകയെ വേണമെങ്കിൽ അങ്ങനെയാവാം. ഇനി വിധവയായ ഒരു സ്ത്രീയെ ഉദ്ദേശിക്കുന്നുവെങ്കിൽ അങ്ങനെയുമാവാം.
അപ്പോൾ നബി(സ) ചോദിച്ചു: “ആരാണ് നീ ഉദ്ദേശിച്ച കന്യക ?ആരാണ് നീ ഉദ്ദേശിച്ച വിധവയായ സ്ത്രീ ?”. മഹതി പറഞ്ഞു: “അങ്ങേക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളുടെ മകളാണ് ഞാൻ പറഞ്ഞ കന്യക . അബൂബക്കർ സിദ്ദീഖ് (റ) വിന്റെ മകൾ ആയിശ (റ) . സൗദ ബിൻത് സംഅ (റ) യാണ് വിധവയായ സ്ത്രീ . അവർ അങ്ങയെ വിശ്വസിക്കുകയും അങ്ങയെ പിന്തുടരാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട് ” .
അപ്പോൾ തിരുനബി പ്രതിവചിച്ചു: “എന്നാൽ രണ്ടുപേരോടും ഈ വിഷയം പറയുക ” . അങ്ങനെ കൗല (റ) അബൂബക്കർ (റ) വിനെ വിഷയം ധരിപ്പിക്കുകയും നബിയും ആയിശ ബീവിയും തമ്മിലുള്ള വിവാഹം നടക്കുകയും ചെയ്തു. വിവാഹത്തിന് മുൻപ് തന്നെ പല തവണ ജിബ്രീൽ മാലാഖ ആഇശ ബീവിയെ തിരുനബിക്ക് സ്വപ്നത്തിൽ കാണിച്ച് കൊടുക്കുകയും ഐഹികവും പാരത്രികവുമായ ലോകങ്ങളിലെ ഭാര്യയാണിതെന്ന് പറയുകയും ചെയ്തിട്ടുണ്ട്.
അഞ്ഞൂറ് ദിർഹമാണ് തിരുനബി മഹറായി ബീവി ആഇശ (റ) ക്ക് നൽകിയത്. തിരുനബിയുടെ കൂടെ ഒമ്പത് വർഷമാണ് മഹതി ജീവിച്ചത്. നബി വഫാതാകുമ്പോൾ മഹതിയുടെ പ്രായം പതിനെട്ട് ആയിരുന്നു.
ആഇശ ബീവിക്ക് മക്കളുണ്ടായിട്ടില്ല. എങ്കിലും മഹതിയെ സന്തോഷിപ്പിക്കാൻ വേണ്ടി തിരുനബി തന്റെ സഹോദരിയുടെ പുത്രനായ അബ്ദുല്ലാഹിബ്നു സുബൈർ (റ) ലേക്ക് ചേർത്ത് മഹതിയെ ഉമ്മു അബ്ദില്ല ( അബ്ദുല്ലയുടെ ഉമ്മ) എന്ന് വിളിച്ചു.
അത്യധികം ജ്ഞാനിയായ സ്ത്രീയാണ് ആഇശ (റ) . തിരുനബി (സ) യിൽ നിന്ന് എറ്റവും കൂടുതൽ ഹദീസ് നിവേദനം ചെയ്തവരിൽ ഒരാളാണ് മഹതി. 2210 ഹദീസുകളാണ് മഹതി നിവേദനം ചെയ്തത്. ഈ സമുദായത്തിൽ ഏറ്റവും ജ്ഞാനിയായ സ്ത്രീയാണ് ആഇശ (റ) . ഉർവതുബ്നു സുബൈർ(റ) പറയുന്നു: ആഇശ ബീവിയേക്കാൾ കർമശാസ്ത്രമോ കവിതയോ മെഡിസിനോ അറിയുന്ന ഒരു സ്ത്രീയെയും ഞാൻ കണ്ടിട്ടില്ല.
ഹിജ്റ 58 റമളാൻ 17 ചൊവ്വാഴ്ചയാണ് മഹതി ഈ ലോകത്തോട് വിട പറഞ്ഞത്. അന്ന് ബീവിയുട പ്രായം 67 ആണ്. ബീവിയുടെ ഒസ്യത്ത് പ്രകാരം ജന്നത്തുൽ ബഖീഇൽ രാത്രിയാണ് മറവ് ചെയ്തത്. അബൂഹുറൈറ (റ) വാണ് മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകിയത്.