ഫത്ഹുല്‍ മുഈന്‍: വിശകലനാത്മക വായന

അമീര്‍ ഹുസൈന്‍ ഹുദവി

0
2256
Books on wooden table on light background

ശാഫിഈ മദ്ഹബില്‍ രചിക്കപ്പെട്ട കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വളരെ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്ന ഗ്രന്ഥമാണ് ഇമാം നവവി(റ)യുടെ മിന്‍ഹാജ്. ആയിരക്കണക്കിന് വരുന്ന കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ മിന്‍ഹാജിനോട് കിടപിടിക്കാന്‍ യോഗ്യമായവ ഒന്നുമില്ലെന്നാണ് പണ്ഡിത മതം. തുഹ്ഫത്തുല്‍ മുഹ്താജ്, മുഗ്നില്‍ മുഹ്താജ് തുടങ്ങി പില്‍ക്കാലത്ത് ശാഫിഈ മദ്ഹബിന്റെ അവലംബ ഗ്രന്ഥങ്ങളായി മാറിയ കിതാബുകളെല്ലാം തന്നെ മിന്‍ഹാജിനെ ഉപജീവിച്ചാണ് രചിക്കപ്പെടുന്നത്. കര്‍മശാസ്ത്ര രംഗത്ത് അതുല്യമായ സംഭാവനകളര്‍പ്പിച്ച ഇമാം നവവിയുടെ ഈ ഗ്രന്ഥത്തിനുള്ള ദൈവികമായ പ്രത്യേകത കൊണ്ടാണ് ബാഫള്ലുല്‍ ഹള്റമിക്ക് തന്റെ അല്‍മുഖദ്ദിമതുല്‍ ഹള്റമിയ്യ എന്ന ഗ്രന്ഥം പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നത് എന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടതായി കാണാം. ശാഫിഈ മദ്ഹബിലെ പ്രബലവും, തുഹ്ഫ, മുഗ്നി, നിഹായ പോലോത്ത പ്രധാന ശറഹുകളുടെ അടിസ്ഥാനവുമായ മിന്‍ഹാജിനോട് കിടപിടിക്കുന്ന മറ്റൊരു മത്ന് രചിക്കപ്പെട്ടിട്ടില്ല. പിന്നീട് വന്ന രചനകളൊക്കെയും മിന്‍ഹാജിനെ അടിസ്ഥാനപ്പെടുത്തിയാണ് എഴുതപ്പെടുന്നത്. ഇതില്‍ നിന്ന് വിഭിന്നമായി എഴുതപ്പെട്ട അപൂര്‍വ്വം ചില മത്നുകളില്‍ ഏറ്റവും പ്രചാരം ലഭിച്ച രചനയെന്നതാണ് ഫത്ഹുല്‍ മുഈനിനെ വ്യതിരക്തമാക്കുന്നത്.
രചിക്കപ്പെടുന്നതു മുതല്‍ ഇന്നുവരെയായി മലബാറിലെ പണ്ഡിതരൊക്കെയും പ്രമാണമായി അവലംബിക്കുന്നത് ഇതര ഗ്രന്ഥങ്ങളേക്കാള്‍ കൂടു7തല്‍ ഫത്ഹുല്‍ മുഈനിനെയാണ്. അതിനു ലഭിച്ച പ്രചാരം കേരളത്തിലെ പള്ളി ദര്‍സുകളില്‍ മാത്രമായി എഴുതപ്പെട്ട ഹാശിയകളിലും തക്രീറാത്തുകളിലും അന്വേഷിച്ചാല്‍ തന്നെ വ്യക്തമാവുന്നതാണ്. കേരളത്തിലെ ഫിഖ്ഹീ പാരമ്പര്യത്തിലെ ഏറ്റവും പ്രധാന ഘടകമെന്ന അര്‍ത്ഥത്തില്‍ ഫത്ഹുല്‍ മുഈനിനെ കുറിച്ചുള്ള വിശകലനങ്ങള്‍ക്ക് പ്രത്യേകിച്ചും മലയാളത്തില്‍ നടത്തുന്നതിന് ഏറെ പ്രാധാന്യമുണ്ട്. ഫത്ഹുല്‍ മുഈനിന്റെ ആഖ്യാന രീതികളെയും അതിന്റെ ഉള്ളടക്കത്തെയും കുറിച്ചുള്ള അത്തരമൊരു അനാവരണമാണ് ഈ എഴുത്ത്.

അവലംബങ്ങള്‍
ക്രി 1573 (ഹി: 982) അവസാന വെള്ളിയാഴ്ചയാണ് തന്റെ തന്നെ ഗ്രന്ഥമായ ഖുര്‍റതുല്‍ ഐനിന് ശറഹായിട്ട് മഖ്ദൂം അസ്സ്വഗീര്‍ ഫത്ഹുല്‍ മുഈനിന്റെ രചന പൂര്‍ത്തീകരിക്കുന്നത്. ഈ ഗ്രന്ഥം ഇമാം ഇബ്നു ഹജറുല്‍ ഹൈതമി, മുഹമ്മദ് റംലി, ഇബ്നുസിയാദ്, സകരിയ്യല്‍ അന്‍സ്വാരി, അഹ്മദുല്‍ മുസജ്ജദ്, ഇമാം നവവി, റാഫിഈ തുടങ്ങി ശാഫീ മദ്ഹബിലെ പ്രബലരായ പണ്ഡിതരുടെ വീക്ഷണങ്ങളാണ് ഉള്‍കൊള്ളുന്നത് എന്ന് അദ്ദേഹം തുടക്കത്തിലെ എഴുതുന്നുണ്ട്.
മിക്ക പണ്ഡിതന്മാരും തങ്ങളുടെ തൊട്ടുമുമ്പുള്ള പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് രചന നടത്താറുള്ളത്. ഇമാം നവവി മിന്‍ഹാജെഴുതുന്നത് ഇമാം റാഫിയുടെ മുഹററിന്റെ അടിസ്ഥാനത്തിലാണ്. ഇമാം റാഫിയുടെ മുഹററ് ഇമാം ഗസാലിയുടെ വജീസിനെയും, ഇമാം ഗസാലിയുടെ മിക്ക ഗ്രന്ഥങ്ങളും ഇമാം ഹറമൈനിയുടെ നിഹായയെയും അവലംബിച്ചാണ് എന്നപോലെ, ഫത്ഹുല്‍ മുഈനിന്റെ രചന നടക്കുന്നത് ഇമാം ഇബ്നു ഹജറുല്‍ ഹൈതമിയുടെ തുഹ്ഫ, ഇംദാദ്, ഫത്ഹുല്‍ ജവാദ്, ഫതാവല്‍ കുബ്റാ, ശറഹുല്‍ ഉബാബ്, മിന്‍ഹാജുല്‍ ഖവീം തുടങ്ങിയ ഗ്രന്ഥങ്ങളെ ആധാരമാക്കിയാണ്.

ഫത്ഹുല്‍ മുഈനിന്റെ പ്രധാന അവലംബം തുഹ്ഫയെക്കാളും ഫത്ഹുല്‍ ജവാദ് ആണെന്നാണ് എന്റെ നിരീക്ഷണം. ”അല്‍ഹംദുലില്ലാഹില്‍ ഫത്താഹില്‍ ജവാദ്” എന്ന പ്രയോഗം കൊണ്ടുള്ള തുടക്കം, ഫത്ഹുല്‍ മുഈന്‍ ഫത്ഹുല്‍ ജവാദ് എന്നീ പേരുകളിലുള്ള സാദൃശ്യത, ഫത്ഹുല്‍ ജവാദിലേതുപോലെ ”ഇന്നഹു അക്റമു കരീമിന്‍ വഅര്‍ഹമു റഹീം” എന്ന പ്രയോഗം കൊണ്ടുള്ള ഒടുക്കും, രണ്ടു ഗ്രന്ഥങ്ങളിലെയും അവസാന പ്രാര്‍ത്ഥനകളിലെ വലിയ സാമ്യതകള്‍ എന്നിങ്ങനെ ഈ നിരീക്ഷണത്തെ സാധൂകരിക്കുന്ന സൂചനകള്‍ ഒരുപാട് കാണാവുന്നതാണ്.

ഘടന, ഉള്ളടക്കം
മറ്റു ഫിഖ്ഹി ഗ്രന്ഥങ്ങളുടേതു പോലെ തന്നെ ഇബാദത് (ആരാധനകള്‍), മുആമലാത് (ഇടപാടുകള്‍), മുനാകഹാത്ത് (വിവാഹം). ജിനായാത് (ശിക്ഷാ വിധികള്‍) എന്നിങ്ങനെ നാലു ഭാഗങ്ങളായി തിരിച്ചാണ് ഇമാം സൈനുദ്ധീന്‍ മഖ്ദൂം ഫത്ഹുല്‍ മുഈന്‍ രചിക്കുന്നത്. ഏകദേശം 47 ശതമാനത്തോളം ആരാധനാ കാര്യങ്ങളുടെ ചര്‍ച്ചകളും 22 ശതമാനം ഇടപാടുകളെക്കുറിച്ചുള്ളവയും 16 ശതമാനം വിവാഹത്തെയും തുടര്‍ന്നുള്ള ദാമ്പത്യ ജീവിതത്തെ കുറിച്ചും 16 ശതമാനം ശിക്ഷാവിധികളെ കുറിച്ചുമുള്ള ചര്‍ച്ചകളുമാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
എന്നാല്‍ മറ്റു ഗ്രന്ഥങ്ങളില്‍ നിന്നും വ്യതിരക്തമായി ചിലയിടങ്ങളില്‍ ഘടനാപരമായ വ്യത്യാസം ഫത്ഹുല്‍ മുഈനില്‍ കാണാവുന്നതാണ്. സാധാരണ ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഇടങ്ങളില്‍ നിന്ന് വിഭിന്നമായി ചില ബാബുകള്‍ ഫസ്ലുകള്‍ തുടങ്ങിയവ ഉചിതാനുസരണം മറ്റിടങ്ങളിലേക്ക് മഖ്ദൂം മാറ്റുന്നുണ്ട്. ഉദാഹരണത്തിന് നിസ്‌കാരമൊഴിവാക്കുന്നതിന്റെ ശിക്ഷാവിധിയെ ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ സാധാരണ ഉദ്ധരിക്കാറുള്ളത് മുര്‍തദ്ദിനെ കുറിച്ചു പറയുന്നിടത്തോ ജനാസയുടെ ബാബിന് തൊട്ട് ശേഷമോ നിസ്‌കാരത്തെ കുറിച്ച് പറഞ്ഞ് അവസാനിക്കുന്നിടത്തോ ആയാണ്. പക്ഷെ, ഇതില്‍ നിന്ന് വിപരീതമായി നിസ്‌കാരത്തിന്റെ ബാബിന്റെ തുടക്കത്തില്‍ നിസ്‌കാരം നിര്‍ബന്ധമാണെന്ന് പറഞ്ഞതിന് തൊട്ടുടനെയാണ് ഫത്ഹുല്‍ മുഈനിന്റെ പരാമര്‍ശം വരുന്നത്. നിസ്‌കാരം പതിവാക്കേണ്ടതിന്റെ പ്രാധാന്യവും ഒഴിവാക്കുന്നതിലെ അനര്‍ത്ഥങ്ങളെയും കുറിക്കുന്നതില്‍ ഏറ്റവും ഉചിതമായ ഇടവുമതു തന്നെയാണ് എന്നതാവാം ഇതിനുള്ള പ്രേരകം.
ഫത്ഹുല്‍ മുഈനിന്റെ ആഖ്യാന രീതിയിലെ പ്രധാന ഘടകമാണ് സംക്ഷിപ്തമായ അതിന്റെ വിവരണങ്ങള്‍. വളരെ ചുരുക്കിയും എന്നാല്‍ എല്ലാ പ്രധാന ചര്‍ച്ചകളെയും ഉള്‍കൊള്ളിച്ചും ചെറിയ വാക്കുകള്‍ കൊണ്ട് വലിയ അര്‍ത്ഥങ്ങള്‍ തീര്‍ക്കുന്നു എന്നതാണ് ഫത്ഹുല്‍ മുഈനിനെ കൂടുതല്‍ പ്രൗഢമാക്കുന്നത്. ബാബുകളിലായി അവതരിപ്പിക്കേണ്ടവയെ ഫസ്ലോ ഫര്‍അ്കളോ ആക്കിയും ഫസ്ലുകളെ ഫര്‍അ്കളോ ”ഇഅ്ലം” എന്ന പദത്തിനു കീഴിലോ ആയി ചുരുക്കിയും അവതരിപ്പിക്കുന്ന രീതികള്‍ ഒരുപാടുണ്ട്. വസ്ത്ര ധാരണയെക്കുറിച്ച് പണ്ഡിതന്മാര്‍ പ്രത്യേകം ബാബുകളില്‍ ചര്‍ച്ച ചെയ്തത് ഫത്ഹുല്‍ മുഈനിലെത്തുമ്പോള്‍ ജുമുഅയുടെ ബാബിനു കീഴില്‍ വരുന്ന ഒറ്റ ചര്‍ച്ചയായി തീരുന്നു.
ചില ചര്‍ച്ചകള്‍ ഒഴിവാക്കുന്നതായും ചില തെളിവുകള്‍ക്ക് പിന്നിലെ ശറഇന്റെ യുക്തികള്‍ ഉദ്ധരിക്കുന്നതായും തന്റെ തന്നെ ഇഹ്ദാദു അഹ്കാമുന്നിക്കാഹ് പോലോത്ത ഗ്രന്ഥങ്ങളിലേക്ക് സൂചന നല്‍കുന്നതായും മഖാസിദുല്‍ ഫിഖ്ഹിയ്യ അല്‍ ഖവാഇദുല്‍ ഫിഖ്ഹിയ്യ തുടങ്ങിയവ പരാമര്‍ശിക്കുന്നതായും ഫത്ഹുല്‍ മുഈന്‍ വായനയില്‍ നിന്ന് വ്യക്തമാവുന്നു.

സാങ്കേതിക പ്രയോഗങ്ങള്‍
കുട്ടൂര്‍ അബ്ദുറഹീം മൗലവിയുടെ ഖിദ്മത്തുല്‍ ഫുഖഹാ, മുഹമ്മദ് ബിന്‍ മാഹീന്‍ അല്‍ ബാഖവിയുടെ മനാഹിറുല്‍ ഫിഖ്ഹ് ഇലാ മശാരിഖില്‍ ഫഖീഹ് എന്നീ രണ്ടു ഗ്രന്ഥങ്ങള്‍ ഫത്ഹുല്‍ മുഈനിന്റെ സാങ്കേതിക പ്രയോഗങ്ങളെ മാത്രം കേന്ദ്രീകരിച്ച് രചിക്കപ്പെട്ടവയാണ്. മറ്റു ശാഫിഈ ഗ്രന്ഥങ്ങളിലുള്ളതും അല്ലാത്തതുമായ ഒട്ടേറെ സാങ്കേതിക പദപ്രയോഗങ്ങള്‍ ഫത്ഹുല്‍ മുഈനില്‍ കാണാം. ശൈഖുനാ (ഇബ്നുഹജര്‍), ശൈഖുശൈഖിനാ (സകരിയ്യല്‍ അന്‍സ്വാരി), ശൈഖുശുയൂഖിനാ (അബുല്‍ ഹസന്‍ അല്‍ ബക്രി) ബഅല്‍ അസ്ഹാബിനാ (അബ്ദുറഊഫുല്‍ മക്കി), സകത അലൈഹി (അംഗീകാരവും തൃപ്തിയും ഉണ്ടെന്ന്), സകത അന്‍ഹു (അതൃപ്തിയോടെ രേഖപ്പെടുത്തുന്നു) തുടങ്ങിയവ അവയില്‍ പ്രധാനപ്പെട്ട ഇസ്ത്വിലാഹാത്തുകളില്‍ ചിലതാണ്.

വിശകലനം, അന്വേഷണം
മറ്റു ഗ്രന്ഥങ്ങളില്‍ നിന്നും ഫത്ഹുല്‍ മുഈനിന്റെ ഉള്ളടക്കത്തെ കൂടുതല്‍ ഗാംഭീര്യമുള്ളതാക്കിത്തീര്‍ക്കുന്നത് മഖ്ദൂം നടത്തുന്ന ചില തര്‍ജീഹുകളും ഇടയ്ക്കിടെ ഉദ്ധരിക്കുന്ന മലബാറിലെ പ്രയോഗങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ്.
അറബ് രാജ്യങ്ങളില്‍ നിന്ന് പലനിലക്കും വിഭിന്നമായ സാംസ്‌കാരിക-സാമൂഹിക സാഹചര്യം നിലനില്‍ക്കുന്ന ഭൂപ്രദേശമെന്ന നിലക്ക് സൈനുദ്ധീന്‍ മഖ്ദൂം കേരളത്തിലെ പല ആചാരങ്ങളെയും സാമൂഹിക രീതികളെയും ഫിഖ്ഹിയ്യായി സമീപിക്കുന്നത് കാണാം. കുറ്റിച്ചെടികള്‍ക്കു മുകളില്‍ പാമ്പ് ഊരിയിട്ടു പോകുന്ന തൊലി, ധാന്യം മെതിക്കുമ്പോഴുള്ള പശുവിന്റെ മൂത്രം, കാഷ്ടം തുടങ്ങിയവയില്‍ കുടുങ്ങിയ ഓല കൊണ്ട് മേഞ്ഞ വീട് ചോര്‍ന്നൊലിച്ചാലുള്ള വിധി, വെറ്റില, ഉമ്മത്തുംകായ, സുന്നത്ത് കല്ല്യാണത്തിന് നല്‍കുന്ന ലക്കോട്ട്, മൊഴിചൊല്ലുക എന്ന മലബാറില്‍ പ്രചാരത്തിലുള്ള ത്വലാഖ് പദം തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്.

ഫത്ഹുല്‍ മുഈനിലെ ഏറെ വിവാദപരമായതും നിരവധി വ്യാഖ്യാനങ്ങള്‍ക്ക് ഇടവരുത്തിയതുമായ ഇടപെടലുകളിലൊന്നാണ് ചിലയിടങ്ങളില്‍ അപ്രബലമായ അഭിപ്രായങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന രീതി. ഇബ്നുഹജറിന് വിരുദ്ധമായാണ് എന്റെ നിരീക്ഷണം, അല്ലെങ്കില്‍ നവവിയുടെ വീക്ഷണത്തിനെതിരാണ് ഞാന്‍ എന്ന് വ്യക്തമാക്കുന്നതിലൂടെ എതിരഭിപ്രായം പറയുന്നത് പൂര്‍ണ ബോധത്തോടെയാണെന്നും, തനിക്ക് ഈ പ്രബലമെന്നു പറയുന്ന വീക്ഷണത്തെക്കാള്‍ ഉചിതമെന്ന് തോന്നുന്നതിങ്ങനെയാണെന്നും വ്യംഗ്യമായി സൂചിപ്പിക്കുകയാണ് അദ്ദേഹം. ഒരുപാട് മസ്അലകളില്‍ അപ്രബലമായ പല വീക്ഷണങ്ങളെയും പ്രബലമാക്കിയതായി കാണാം. ചില ഉദാഹരണങ്ങള്‍:
1. മദ്ഹബിലെ പ്രബല അഭിപ്രായവും മിന്‍ഹാജിലൊക്കെ ഉദ്ധരിക്കുന്നതും അടിമയുടെ സ്വതന്ത്രയായ ഭാര്യ ധനികയാണെങ്കിലും സകാത്ത് നിര്‍ബന്ധമില്ലെന്നാണെങ്കിലും ഫത്ഹുല്‍ മുഈന്‍ ഇതിനു വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്: ഭര്‍ത്താവിന് ഭാര്യയുടെ പരിചാരികയുടെ സകാത്ത് നിര്‍ബന്ധമാണെന്ന് പറഞ്ഞ് തുടങ്ങി, അടിമക്ക് വിവാഹം ചെയ്യപ്പെട്ട സ്വതന്ത്രയായ ധനികയ്ക്കും സകാത് നിര്‍ബന്ധമാണെന്ന് ഗ്രന്ഥകര്‍ത്താവ് പറയുന്നു.
2. ചാപ്പിള്ളയായ കുട്ടിയെ കഫന്‍ ചെയ്യുന്നതും മറമാടുന്നതും സുന്നത്താണെന്നാാണ് മദ്ഹബിന്റെ പ്രബല വീക്ഷണം. എന്നാല്‍ ശഹാദത്ത് മൊഴിഞ്ഞ അവിശ്വാസിയായ കുട്ടിയെ പോലെയാണ് ചാപ്പിള്ളയെന്നും കഫന്‍ ചെയ്യല്‍ നിര്‍ബന്ധമാണെന്നുമുള്ള അഭിപ്രായാന്തരത്തെയാണ് ഫത്ഹുല്‍ മുഈന്‍ പ്രബലമായി കാണുന്നത്.
3. തുഹ്ഫയില്‍ ഇബ്നു ഹജറും മറ്റു ചില പണ്ഡിതരും പ്രബലമാക്കുന്നത് രണ്ടാലൊരു അസ്വ്ലിനോ (മാതാപിതാക്കള്‍) ഫര്‍ഇനോ (സന്താനങ്ങള്‍) നേര്‍ച്ച ചെയ്യുന്നത് കറാഹത്താണെങ്കിലും സ്വഹീഹാകും എന്നാണെങ്കില്‍ ഫത്ഹുല്‍ മുഈന്‍ സ്വഹീഹല്ലെന്ന രണ്ടാമത്തെ നിലപാടാണ് പ്രബലമായി സ്വീകരിക്കുന്നത്.
4. മദ്ഹബിലെ ഇമാം ഗസ്സാലി, സകരിയ്യല്‍ അന്‍സ്വാരി, ഇബ്നു ഹജര്‍, റംലി, ഖത്വീബു ശര്‍ബീനി തുടങ്ങി ഒട്ടുമിക്ക പണ്ഡിതരും താടി വടിക്കുന്നത് തഹ്രീമിന്റെ കറാഹത്തായി പരിഗണിക്കുന്നിടത്ത് അത് ഹറാമല്ലെന്ന് ഫത്ഹുല്‍ മുഈന്‍ പറയുന്നു.
ഫത്ഹുല്‍ മുഈനിന്റെ മറ്റൊരു ശ്രദ്ധേയമായ സവിശേഷതയാണ് ഒരേ വിഷയം തന്നെ രണ്ടിടങ്ങളില്‍ രണ്ടു രീതിയില്‍ വീക്ഷിക്കുന്നത്. സവാലു ശംസിന്റെ ശേഷം വായ മലിനമായാല്‍ മിസ്വാക് ചെയ്യല്‍ കറാഹതാണോ എന്ന വിഷയത്തില്‍ അല്ലെന്ന റംലിയുടെ പക്ഷം നോമ്പിന്റെ ബാബില്‍ ഉദ്ധരിക്കുന്നുണ്ട്. അറഫയുടെ നോമ്പില്‍ നോമ്പിനെ നിര്‍ണയിക്കണമെന്നും വേണ്ടെന്നും രണ്ടിടങ്ങളിലായി പറയുന്നത് കാണാം.
ചില വിഷയങ്ങളെ ആവശ്യകതയും പ്രസക്തിയും നോക്കി ആവര്‍ത്തിച്ചു പറയുന്ന രീതിയും ഫത്ഹുല്‍ മുഈനിനുണ്ട്. ഖളാആയ ഫിദ്യ കൊടുക്കാത്ത നിസ്‌കാരമുള്ള ഒരാള്‍ മരിച്ചാല്‍ പകരം നിസ്‌കരിക്കാമെന്നും ഇമാം സുബ്കി അങ്ങനെ ചെയ്തിട്ടുണ്ടെന്നും നോമ്പിന്റെയും വസ്വിയ്യത്തിന്റെയും ബാബുകളില്‍ രണ്ടു തവണ കാണാം. വുളൂഇന്ന് ശേഷമുള്ള സുന്നത് നിസ്‌കാരത്തെയും അതില്‍ ഓതല്‍ സുന്നത്തായ ആയതുകളെയും വൂളൂഇന്റെ ബാബിലും സുന്നത്ത് നിസ്‌കാരത്തിന്റെ ബാബിലും ആവര്‍ത്തിക്കുന്നുണ്ട്. പക്ഷെ, ഇങ്ങനെയുള്ള ആവര്‍ത്തനങ്ങള്‍ അത്യാവശ്യമായതും ഉപകാര പൂര്‍ണവുമായ സ്ഥലങ്ങളില്‍ മാത്രമെ ഇമാം നടത്തുന്നുള്ളൂ.
ഏകദേശം നാല്‍പത്തിഏഴോളം ഇടങ്ങളില്‍ പകര്‍ത്തി എഴുതിയ കയ്യെഴുത്തുകാര്‍ക്ക് പിഴവു സംഭവിട്ടുണ്ടെന്ന് ഉഥ്വാന്‍ സിന്‍ശഥ്വാ ഇആനതുത്താലിബീനില്‍ എണ്ണുന്നതായി കാണാം.

ആരോപണങ്ങള്‍, ആക്ഷേപങ്ങള്‍
ഫത്ഹുല്‍ മുഈനിലെ ചില വീക്ഷണങ്ങളെ ബിദഇകള്‍ വക്രീകരിച്ച് തങ്ങള്‍ക്കനുകൂലമാക്കുന്ന രീതി പലപ്പോഴും കാണാറുണ്ട്. അതു പോലെ ഫത്ഹുല്‍ മുഈനിലെ ചില ചര്‍ച്ചകളെ അനാവശ്യമെന്നും അശ്ലീലമെന്നും ആക്ഷേപിക്കുന്നവരുമുണ്ട്.
റജാഇന്റെ സുന്നത്ത് നിസ്‌കാരം, ജമാഅത്തിന് ശേഷമുള്ള കൂട്ടുപ്രാര്‍ഥന, ഖബ്റുകള്‍ അലങ്കരിക്കല്‍, വുളൂഇലുള്ള പ്രാര്‍ഥനകള്‍ തുടങ്ങിയ ഒരുപാട് വിഷയങ്ങളില്‍ ഗ്രന്ഥകര്‍ത്താവ് നടത്തുന്ന വീക്ഷണങ്ങളെ തങ്ങള്‍ക്കനുകൂലമാക്കുന്നുണ്ട് ബിദഇകള്‍.
മനുഷ്യന്‍ പട്ടിയുമായോ പന്നിയുമായോ സംയോഗത്തിലേര്‍പ്പെട്ട് മനുഷ്യക്കുഞ്ഞു പിറന്നാല്‍ ആ കുട്ടിയെ എന്തുചെയ്യണം എന്നത് പോലുള്ള ചര്‍ച്ചകള്‍ തികച്ചും സാങ്കല്‍പികവും വിദൂരസാധ്യത പോലുമില്ലാത്തതും അനാവശ്യവുമാണെന്ന് ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍, ക്ലോണിംഗ്, ടെസ്റ്റ് ട്യൂബ് ശിഷു, നായയെ കല്ല്യാണം ചെയ്തതായി വന്ന വാര്‍ത്ത തുടങ്ങിയവ ഇത്തരം ചര്‍ച്ചകള്‍ ഇക്കാലത്ത് എത്രകണ്ട് പ്രാധാന്യമര്‍ഹിക്കുന്നു എന്ന് മനസ്സിലാക്കിത്തരുന്നു.
ഫത്ഹുല്‍ മുഈന്‍ നിര്‍ലജ്ജമെന്ന് തോന്നാവുന്ന തരത്തില്‍ പല കാര്യങ്ങളും തുറന്ന് പറയുന്നത്, വിശിഷ്യാ ഗുഹ്യഭാഗങ്ങളെക്കുറിച്ചും സംയോഗവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും (ഉദാഹരണത്തിന് മുറിഞ്ഞ ഗുഹ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍) അവ കാണുന്നത് പോലെ മോശവും അശ്ലീലവുമാണെന്നാണ് ചിലരുടെ ആക്ഷേപം. എന്നാല്‍ ലജ്ജിക്കുന്നവന് ഇല്‍മ് പഠിക്കാനാകില്ലെന്ന മുജാഹിദ്(റ)ന്റെ വാക്കും ‘ അന്‍സാരി സ്ത്രീകള്‍ എത്ര ഉഷാറാണ്, ഇല്‍മ് പഠിക്കുന്നതില്‍ നിന്ന് ലജ്ജ അവരെ തടഞ്ഞില്ലെന്ന ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ)യുടെ അംഗീകാരവും സ്ത്രീകള്‍ സ്വപ്നത്തില്‍ സ്ഖലിക്കുകയും പുരുഷന്‍മാര്‍ക്ക് സംഭവിക്കുന്നത് പോലെ വല്ലതും പുറത്തേക്ക് വരികയും ചെയ്താല്‍ എന്തു ചെയ്യണമെന്ന ഉമ്മു സുലൈം(റ)ന്റെ ചോദ്യത്തിന് ഛെ നിന്റെ ചോദ്യം മോശമായിപ്പോയി എന്ന ആഇശ ബീവിയുടെ പ്രതികരണത്തെ തള്ളിപ്പറഞ്ഞ്, ഇക്കാര്യം ചോദിക്കാന്‍ തയ്യാറായ ഉമ്മു സുലൈമിനെ പിന്തുണച്ച് നിങ്ങളും അതുപോലെ ശുദ്ധി വരുത്തണമെന്ന പ്രവാചകന്റെ മറുപടിയും ഫത്ഹുല്‍ മൂഈന്‍ സ്വീകരിക്കുന്ന വിവരണ ശൈലിയെ പൂര്‍ണാര്‍ഥത്തില്‍ സാധൂകരിക്കുന്നുണ്ട്.
ഫത്ഹുല്‍ മുഈനിനെക്കുറിച്ചുള്ള അന്വേഷണങ്ങളും പഠനങ്ങളും ചര്‍ച്ചകളും ഇനിയും കൂടുതല്‍ വിശാലമായ അര്‍ഥ തലങ്ങളിലേക്കും ആശയപരിസരങ്ങളിലേക്കും വ്യാപിക്കേണ്ടിയിരിക്കുന്നു. വിശിഷ്യാ, ഒരു മലയാളി പണ്ഡിതന്‍ രചിച്ച, ആഗോള തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച, കേരളത്തിന്റെ കര്‍മശാസ്ത്ര പാരമ്പര്യത്തില്‍ അതിനിര്‍ണായക സ്ഥാനം വഹിക്കുന്ന ഗ്രന്ഥമെന്ന നിലക്ക് കൂടുതല്‍ പഠനങ്ങള്‍ മലയാളത്തില്‍ നിന്ന് പിറവിയെടുക്കേണ്ടിയിരിക്കുന്നു.

തെളിച്ചം മാസിക

LEAVE A REPLY

Please enter your comment!
Please enter your name here