പ്രണയ പരിഭവവും സ്നേഹ സല്ലാപവും

ഷനൂബ് ഹുസൈൻ

0
1625

താജുശ്ശരീഅ അഖ്തർ റസാ അൽ ഖാദിരി അൽ അസ്ഹരി വിശ്വ വിഖ്യാത തിരുനബി പ്രകീർത്തന കാവ്യം ഖസീദതുൽ ബുർദക്കെഴുതിയ വ്യാഖ്യാന ഗ്രന്ഥം അൽ ഫർദയുടെ പരിഭാഷ

ഒന്നാം അധ്യായം;
പ്രണയ പരിഭവവും സ്നേഹ സല്ലാപവും

ഇമാം ശറഫുദ്ദീൻ ബൂസ്വീരി (റ) രചിച്ച ഖസ്വീദതുൽ ബുർദ വ്യാഖ്യാനിക്കണമെന്ന് എന്റെ ആത്മാർത്ഥ സുഹൃത്തുക്കളിൽ ചിലർ എന്നോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് അവരുടെ ആവശ്യം നിറവേറ്റി അവരെ ?സന്തോഷിപ്പിക്കുവാനും ബുർദയുടെ ബറകത് കരസ്ഥമാക്കുന്നതിനുമായി ബുർദക്ക് വ്യാഖ്യാനമെഴുതാൻ ഞാൻ തീരുമാനിക്കുന്നത്.
വ്യാഖ്യാനത്തിലേക്ക് കടക്കും മുമ്പ് ഇമാം ശറഫുദ്ദീനുൽ ബൂസ്വീരി (റ)യെ കുറിച്ച് ചെറിയൊരു വിശദീകരണം നൽകേണ്ടതുണ്ട്. ബുർദ പാരായണം ചെയ്യുന്നവർക്ക് ബുർദയിലൂടെ അവരാഗ്രഹിക്കുന്ന ഉപകാരം ലഭിക്കുന്നതിനും കേൾക്കുന്നവർക്ക് ബറകത് ലഭിക്കുന്നതിനും ബൂ സ്വീരി ഇമാം ബുർദ രചിക്കാനുള്ള കാരണമെന്തെന്നും ബുർദ പാരായണം ചെയ്യുമ്പോൾ നിർബന്ധമായും പാലിക്കേണ്ട മര്യാദകളെന്താണെന്നും അറിഞ്ഞിരിക്കൽ നിർബന്ധമാണ്.
ഇമാം ശറഫുദ്ദീനുൽ ബൂസ്വീരി(റ) ഈജിപ്തിലാണ് ജീവിച്ചിരുന്നത്. അലക്സാണ്ട്രിയയോടടുത്ത പ്രദേശമായ ബൂസ്വീറിലേക്ക് ചേർത്ത് കൊണ്ട് ബൂസ്വീരി എന്ന പേരിൽ അദ്ദേഹം പ്രസിദ്ധനായി.ഇമാം അറബി ഭാഷയിൽ അതിനിപുണനായിരുന്നു. സാഹിത്യ ഗരിമയിലും വാക്ചാതുരിയിലും അത്യുന്നതനായ മഹാനായ കവിയായിരുന്നു. തുടക്ക കാലത്ത് സുൽത്താന്മാരുടെ അടുപ്പക്കാരിലൊരാളായിരുന്ന ഇമാം ബൂസ്വീരി(റ) അവർക്ക് സേവനം ചെയ്യുന്നതിലും പുകഴ്ത്തി കവിതകളെഴുതുന്നതിലും വ്യാപൃതനായി. ബുർദയുടെ അവസാന ഭാഗത്ത് മഹാൻ ഇതിലേക്ക് സൂചന നൽകുന്നതിങ്ങനെയാണ്.
خدمته بمديح استقيل به    ذنوب عمر مضى في الشعر و الخدم
إذ قلداني ما تخشى عواقبه    كأنني بهما هدي من النعم
( നബി (സ്വ)ക്ക് ഈ പ്രകീർത്തനം വഴി ഞാൻ സേവനം ചെയ്യുന്നു.രാജസേവയിലും കവിതയിലുമായി ഞാൻ കഴിച്ച് കൂട്ടിയ എന്റെ മുൻ കാല ജീവിതത്തിലെ പാപങ്ങൾ പൊറുത്തു തരാൻ അല്ലാഹുവിനോട് ഞാൻ അപേക്ഷിക്കുന്നു. കൊട്ടാരത്തിലെ സേവനവും കവിതയും ദുരന്തഫലം ഭയക്കേണ്ട പാപമാലകളെ എന്റെ കഴുത്തിൽ അണിയിച്ചു.അവ രണ്ടും കാരണത്താൽ ഞാനൊരു ബലിമൃഗത്തെ പോലെയായിരിക്കുന്നു.)
രാജസേവകനായും സ്തുതി പാടകനായും കഴിയുമ്പോഴാണ് ഇമാമിന്റെ ജീവിതത്തിൽ ഭാഗ്യചന്ദ്രനുദിക്കുന്നത്. ഇമാം ഒരു വഴിയിലൂടെ നടന്ന് പോകുമ്പോൾ ശൈഖിനെ കാണാനിടയായി.
ശൈഖ് അദ്ദേഹത്തോട് ചോദിച്ചു. ” കഴിഞ്ഞ രാത്രി നീതിരുനബി (സ്വ)യെ കണ്ടിരുന്നോ ” ?.
” ഇല്ല, ഇന്നലെ ഞാൻ നബി(സ്വ)യെ കണ്ടിട്ടില്ല”. ഇമാം മറുപടി പറഞ്ഞു. അതിനു ശേഷമെന്ത് സംഭവിച്ചുവെന്ന് ഇമാം തന്നെ പറയട്ടെ.” ശൈഖിൽ നിന്നും ഇങ്ങനെയൊരു സംസാരമുണ്ടായതിനു ശേഷം എന്റെ ഹൃദയത്തിൽ നബി (സ്വ)യോടുള്ള അനുരാഗം നിറഞ്ഞു.നബി (സ്വ)യെ വർണിക്കുന്നതിൽ ഞാൻ ആനന്ദം കണ്ടെത്തി. ഒരു പാട് കവിതകളെഴുതി നബി(സ്വ)യെ പ്രകീർത്തിച്ചു.അങ്ങനെയിരിക്കെയാണ് ഇമാമിന് തളർവാതം പിടിപെടുന്നത്.
ഇമാം ബൂസ്വീരി (റ)വിന് തളർവാതം ബാധിച്ചു.ഇമാമിനെ അനങ്ങാൻ പോലുമനുവദിക്കാത്ത വിധം ശരീരത്തിന്റെ പകുതിയും രോഗാതുരമായി.മഹാനവർകൾ നബി(സ്വ)യിലേക്ക് അഭയം പ്രാപിക്കുകയും രോഗശമനത്തിനായി കാവ്യങ്ങൾ രചിക്കുകയും ചെയ്തു. ഒരു ദിവസം ഉറങ്ങിക്കൊണ്ടിരിക്കെ ജീവിതാഭിലാഷം പൂവണിഞ്ഞു.നബി (സ്വ)യെ സ്വപ്നം കണ്ടു. ബൂസ്വീരി ഇമാം ബുർദ എന്ന പേരിൽ പ്രശസ്തമായ ഈ കാവ്യം അവതരിപ്പിച്ച് നബി (സ്വ)യെ പ്രകീർത്തിച്ച് കൊണ്ട് അവിടുത്തെ മുന്നിലിരിക്കുന്നു. ബുർദ അവസാനിപ്പിച്ചപ്പോൾ നബി(സ്വ) അവിടുത്തെ തിരു കരം കൊണ്ട് ബൂസ്വീരി ഇമാമിന്റെ ശരീരത്തിൽ തടവി.പ്രഭാതത്തിൽ ഉണർന്നപ്പോൾ അസുഖം സുഖപ്പെട്ടിരിക്കുന്നു.
അബൂ റജാഅ എന്ന് പേരുള്ള കൂട്ടുകാരൻ വഴിയിൽ വെച്ച് കണ്ട് മുട്ടിയപ്പോൾ ഇമാമിനോട് ഒരു ആവശ്യം മുന്നോട്ട് വെച്ചു.അമിൻ തദക്കുറി ജീറാനിൻ ബി ദീ സലമി എന്ന് തുടങ്ങുന്ന തന്റെ കവിത ചൊല്ലിക്കേൾപ്പിക്കണമെന്നായിരുന്നു അത്. ഇമാം അത്ഭുതത്തോടെ തന്റെ സുഹൃത്തിനോട് ചോദിച്ചു ” എങ്ങനെ നിങ്ങൾക്കീ കവിതയെ കുറിച്ചറിയാൻ കഴിഞ്ഞു.? ഞാനിതൊരാളെയും കേൾപിച്ചിട്ടില്ലല്ലോ”!.
“നിങ്ങളിന്നലെ നബി (സ്വ)ക്ക് ഈ കവിത ചൊല്ലിക്കേൾപിച്ചത് ഞാൻ കേട്ടിരുന്നു. ഈ കവിത കേട്ട് നബി(സ്വ) വളരെയധികം സന്തോഷിച്ചു. ഫലം നിറഞ്ഞ കൊമ്പുകൾ ഭൂമിയിലേക്ക് ചായും പോലെ നബി (സ്വ) ഈ കവിത കേൾക്കാനായി ഇതിലേക്ക് ചാഞ്ഞിരുന്നു”. സുഹൃത്ത് പറഞ്ഞു.
ബുർദ എന്ന വിഖ്യാത കാവ്യം വിരചിതമായതിന്റെ പശ്ചാത്തലവും ബുർദയിലൂടെ ബൂസ്വീരി ഇമാമിന് ലഭിച്ച അത്ഭുതകരമായ രോഗശമനവും തിരുനബി (സ്വ)യെ കാണാൻ ഭാഗ്യം ലഭിച്ചതുമായ കാര്യങ്ങൾ വിശദീകരിച്ചു. ഇനി പറയാനുള്ളത് ബുർദ പാരായണ സമയത്ത് നിർബന്ധമായും പാലിക്കേണ്ട മര്യാദകളെ കുറിച്ചാണ്. പണ്ഡിതന്മാർ അതെന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബുർദ പാരായണം ചെയ്യുന്നവനും കേൾക്കുന്നവനും വുളൂഅ ചെയ്തിരിക്കണം. ഖിബ് ലക്ക് അഭിമുഖമായി അദബോടെ ഇരിക്കണം.ഓരോ വരിക്ക് ശേഷവും സ്വലാത് ചൊല്ലുകയും ആ സ്വലാത് ബൂസ്വീരി ഇമാം ചൊല്ലിയ സ്വലാത് തന്നെയാവുകയും വേണം. مولاي صل و سلم دائما ابدا       على حبيبك خير الخلق كلهم  എന്ന സ്വലാതാണ് ഇമാംബൂസ്വീരി (റ)  നബി (സ്വ)ക്ക് മുന്നിൽ വെച്ച് ചൊല്ലിയത് എന്നത് കൊണ്ട് തന്നെസ്വലാതിന്റെ മറ്റ് വചനങ്ങൾക്കില്ലാത്ത പ്രാധാന്യം ഈ സ്വലാതിന്ന് ലഭിച്ചു.നബി (സ്വ)യുടെ ബറകതുള്ള സ്വലാതാണത്. ബൂസ്വീരി ഇമാമിൽ നിന്ന് തുടക്കം മുതൽ കൈമാറ്റം ചെയ്ത് വന്ന അതേ വാക്യങ്ങളിൽ തന്നെ ബുർദ പാരായണം ചെയ്യണമെന്ന് പണ്ഡിതർ നിഷ്കർശിച്ചതിന്റെ താൽപര്യവും ഇത് തന്നെ. നബി (സ്വ)യുടെ സവിധത്തിൽ കേൾപിച്ച വാക്യങ്ങൾക്ക് പ്രത്യേക ബറകതുണ്ട്.
നബി (സ്വ)യുടെ അനുരാഗിയായ ഒരാൾ അവിടുത്തെ സിയാറത് ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ബുർദ ധാരാളമായി പാരായണം ചെയ്തു.പതിവായി പാരായണം ചെയ്യുന്നവർക്ക് നബി (സ്വ)യെ സന്ദർശിക്കാനുള്ള സൗഭാഗ്യം ലഭിക്കും. ബുർദയുടെ പ്രത്യേകതയാണത്. പക്ഷേ ഇദ്ദേഹത്തിന്റെ കാര്യത്തിൽ മാത്രമത് സംഭവിച്ചില്ല. പരാതിയുമായി അദ്ദേഹം തന്റെ ശൈഖിനെ സമീപിച്ചു. “നീ നിബന്ധനകൾ പാലിച്ചിട്ടുണ്ടാവില്ല “. ശൈഖ് പറഞ്ഞു. ” ഇല്ല, ഞാനെല്ലാ നിബന്ധനകളും പാലിച്ചിട്ടുണ്ട് “. ശിഷ്യൻ തീർത്ത് പറഞ്ഞു. ശൈഖ് ശിഷ്യനെ നിരീക്ഷിച്ച് പ്രശ്നമെന്തെന്ന് അതിവേഗം  കണ്ടെത്തി, ഉപദേശ സ്വരത്തിൽ ശിഷ്യനോട് പറഞ്ഞു “നിനക്ക് നബി (സ്വ)യെ സിയാറത് ചെയ്യാനവസരം ലഭിക്കാത്തതെന്ത് കൊണ്ടാണെന്ന് എനിക്ക് മനസ്സിലായി.ഇമാംബൂസ്വീരി(റ) ചൊല്ലിയ സ്വലാതല്ല നീ ചൊല്ലുന്നത്.
ബൂസ്വീരി ഇമാം فمبلغ العلم فيه أنه بشر എന്ന് ചൊല്ലിയതിനു ശേഷം സംസാരശേഷി നഷ്ടപ്പെട്ടവനെ പോലെ തുടർന്ന് ചൊല്ലാനാവാത്ത വിധം തളർന്ന് പോയി. നബി(സ്വ) ഇമാമിനോട് പറഞ്ഞു ” തുടരുക ഇമാം “. “എനിക്കാവരിയുടെ രണ്ടാം ഭാഗം ചൊല്ലാനാവുന്നില്ല”. ഇമാം പ്രതിവചിച്ചു. അപ്പോൾ ഇമാം ബൂസ്വീരി(റ)വിന് ആശ്വാസമായി കൊണ്ട് നബി(സ്വ) ആ വരി പൂർത്തീകരിച്ചു و أنه خير خلق الله كلهم  അതിനു ശേഷം നബി(സ്വ) ആ വരി പൂർണമായും ബൂസ്വീരി ഇമാമിന് ചൊല്ലിക്കൊടുത്തു  فمبلغ العلم فيه أنه بشر         وأنه خير خلق الله كلهم

LEAVE A REPLY

Please enter your comment!
Please enter your name here