സാധാരണ സിവില്‍ ക്രിമിനല്‍ കേസുകളില്‍ വാദി പെണ്ണാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ് എന്നാണ് വക്കീലന്മാരുടെ പക്ഷം. കാരണം പെണ്ണിനു മുന്നില്‍ തുറക്കാത്ത വാതിലുകളില്ല. പോലീസില്‍ തുടങ്ങി വനിതാ കമ്മീഷനും എണ്ണിയാല്‍ തീരാത്തത്ര സ്ത്രീ സംരക്ഷണ നിയമങ്ങളുമുണ്ട് ഇന്ന് ഇന്ത്യയില്‍. അത് കൊണ്ട് തന്നെ മിക്ക സ്ത്രീ കേസുകളിലും ശരിയുടെ പക്ഷമല്ലെങ്കില്‍ കൂടി സ്ത്രീ പക്ഷത്തായിക്കും കോടതിയും നിയമങ്ങളുമൊക്കെ നിലകൊള്ളുക. താത്വികമായി പറഞ്ഞാല്‍ നിയമത്തിന്റെ ഒരു അധിക ആനുകൂല്യവും സംരക്ഷണവുമൊക്കെ എല്ലാ കാലങ്ങളിലും സ്ത്രീകള്‍ക്ക് കിട്ടിപ്പോരുന്നുണ്ട്.
ബ്രിട്ടീഷ് ഇന്ത്യയിലെ സതി നിരോധനം മുതല്‍ മോദി ഇന്ത്യയിലെ മുത്വലാക്ക് വിവാദം വരെയുളള സകല സ്ത്രീ വിഷയങ്ങളില്‍ മതങ്ങളുടെ അടിസ്ഥാനപരമായ വിശ്വസ പ്രമാണങ്ങളെ ഹൈജാക്ക് ചെയ്ത് കൊണ്ടാണ് കോടതികളില്‍ നിന്ന് വിധിവന്നത്. കോടതികളുടെ ഈ നടപടി മത സ്വതന്ത്രത്തിന്റെ വിശാലമായ നിയമ വ്യവഹാരങ്ങളില്‍ മൗലിക അവകാശ ലംഘനമാണെന്നിരിക്കെ സൂക്ഷമാര്‍ത്ഥത്തില്‍ അത് പരിപോഷിപ്പിച്ചത് സ്ത്രീപക്ഷ മാനവികതയായിരുന്നു എന്ന പേരിലാണ് സിവില്‍ സൊസൈറ്റിയില്‍ ആഘോഷിക്കപ്പെട്ടത്. സ്ത്രീ വിഷയങ്ങളില്‍ നമ്മുടെ കോടതികള്ക്കുണ്ടായിരുന്ന മഹത്തായസ്ത്രീപക്ഷ നിയമ വ്യാഖ്യാനം ഹാദിയയുടെ കാര്യത്തില്‍ എന്ത് കൊണ്ടാണ് ഉണ്ടാവാത്തത് എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലെന്ന് അറിയാം. കാരണം ചിലപ്പോള്‍ നിയമം നിയമത്തിന്റെ വഴിയിലൂടെയും ചിലപ്പോള്‍ നീതിയുടെ വഴിയിലൂടെയും ചിലപ്പോള്‍ തോന്നിയ വഴിക്കുമാണ് സഞ്ചരിക്കുക. ഏത് വഴിയിലൂടെ കൊണ്ടുപോകണമെന്നത് ന്യായധിപതന്റെ ചോയിസാണ്. അത് കൊണ്ട് നിയമം എല്ലാഴ്പ്പോയും ന്യായാധിപന്മാരുടെ വഴിക്കാണ് സഞ്ചരിക്കുക.
ശരീരം തുറന്ന് വെക്കുന്നതാണോ മറച്ചു പിടിക്കുന്നതാണോ പുരോഗമനം എന്നത് നിയമ പ്രശ്നങ്ങളെക്കാള്‍ ഒരു സാംസ്കാരിക പ്രശ്നമാണ്. പക്ഷെ നമ്മള് ഒരിക്കലും അത് ഒരു സാംസ്കാരിക വിഷയമായി ചര്‍ച്ച ചെയ്യാറേയില്ല. ജനാധിപത്യത്തില്‍ വസ്ത്ര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണത് ഇഷ്ടമുള്ളത് ഉടുക്കാനും ഇഷ്ടമില്ലാത്തത് ഉടുക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം പൗരനുണ്ട്. ഉടുക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് പറയാതിരിക്കുകയും ഉടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് നിരന്തരം ഒച്ചവെക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ അവകാശ സങ്കല്പങ്ങളെ ഏത് രീതിയിലാണ് നാം നിരീക്ഷിക്കേണ്ടത്..? ഇത് അരാജകത്വ സാമൂഹ്യ സ്ഥിതി സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമല്ലേ..? ഉടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നവരാരും ഇഷ്ടമില്ലാത്തത് കാണാതിരിക്കാനുള്ള അവകാശത്തിന്റെ നൈതികത എന്ത് കൊണ്ടാണ് കാണാതെ പോകുന്നത്..?
ഇന്ത്യന്‍ നിയമങ്ങളുടെ സൂക്ഷമപരിശേധനകളില് കൃത്യവും വ്യക്തവുമായി സ്വതന്ത്രത്തെ നിര്‍വചിക്കുന്നതായി കാണാം. ഒരാള്‍ക്ക് കൈനീട്ടാനുള്ള സ്വതന്ത്രം ഉണ്ടായിരിക്കത്തന്നെ അത് മറ്റൊരുവന്റെ മൂക്കിന് തുമ്പത്ത് അവസാനിക്കുന്നതാണ് എന്ന് കൂടി പറഞ്ഞു വെക്കുന്നുണ്ട്. ഇതാണ് ഇന്ത്യന്‍ നിയമങ്ങളുടെ പൊതു സ്വഭാവം. അത്രക്ക് ബാലന്സിഡാണ് നമ്മുടെ നിയമങ്ങള്‍. എന്നിട്ടും എന്ത് കൊണ്ടാണ് ഇന്ത്യന്‍ ജൂഡീഷ്യറി നിരന്തരം വിമര്‍ശിക്കപ്പെടുകയും അതുപോലെതന്നെ പരിഹസ്യങ്ങള്ക്ക് വിധേയമാവുകയും ചെയ്യുന്നത്..? അതിന് കാരണം ന്യായാധിപന്മാരുടെ തെറ്റായ നിയമ വ്യാഖാനങ്ങളും. അദൃശ്യമായി പ്രകടമാകുന്ന ബ്രാഹ്മണിസവുമാണ്. പലപ്പോഴും ഭൂരിപക്ഷ ഭ്രാന്തിനസരിച്ച് തുള്ളുകയാണ് ന്യായാധിപന്മാര്. മഅദനിയെ അന്യായമായി തടവില്‍ പാര്പിച്ചിരിക്കുന്നതും. അഫ്സല് ഗുരുവിനെയും യാക്കൂബ് മേമനെയും തൂക്കിക്കൊല്ലാന്‍ വിധിച്ച വിധിന്യായങ്ങളിലും ഇത് പ്രകടമായിരുന്നു.
അടിമുടി ജനാധിപത്യം ഉള്‍കൊള്ളുന്ന ഭരണഘടനയെ സംഘപരിവാര്‍ ശൈലിയില്‍ വ്യാഖ്യാനിക്കുന്ന ന്യായാധിപന്മാര് എങ്ങനെയാണ് നിയമങ്ങളുടെ സംരക്ഷകരാവുന്നതില് പ്രതിക്ഷവെക്കാനാവുക…?
ഇഷ്ടമുളള മതം തിരഞ്ഞെടുത്തതിന്റെ പേരില്‍, ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ ജീവിക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ അവളെ തടവിലാക്കിയ നമ്മുടെ കോടതികള്‍ക്ക് എങ്ങനെയാണ് മനുഷ്യാവകാശങ്ങളെക്കുറിച്ച് ഇനി സംസാരിക്കാനാവുക..? ഏത് നിയമങ്ങളുടെ വെളിച്ചത്തിലാണ് ഹാദിയ ഷിഫിന് ജഹാന് വിവാഹം റദ്ദ് ചെയ്തത് കൊണ്ട് കേരള ഹൈക്കോടതി ഉത്തരവിറക്കിയത്..? 18 വയസ്സായ ഒരു വ്യക്തിയുടെ ഇഷ്ടമുളള മതം തിരഞ്ഞെടുക്കാനും ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ ജീവിക്കാനുമുള്ള മൗലികമായ അവകാശങ്ങളെ കോടതികള്‍ക്ക് എങ്ങനെയാണ് നിയന്ത്രിക്കാനാവുക…? ഇത്രയും കാലം ഹാദിയ തടവില്‍ അനുഭവിച്ച വേദനകള്‍ക്ക് ആരാണ് ഉത്തരവാദി..? ഇങ്ങനെ ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങള്‍ നീതിപീഠത്തിന് നേരെ ഉയര്‍ന്നു വരുന്നുണ്ട്.
സ്വതന്ത്രം നേടി 70 വര്‍ഷം കഴിഞ്ഞിട്ടും നീതിപീഠത്തിന് മുന്നില്‍ ‘എനിക്ക് സ്വാതന്ത്രം വേണം’ എന്ന് ഒരു പെണ്‍കുട്ടിക്ക് അലറി വിളിക്കേണ്ടി വന്നിരിക്കുന്നു. ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്ന് ഉണ്ടായ താല്കാലിക വിധിയും സൂക്ഷമമായ പരിശോധനകളില്‍ നീതിപൂര്ണ്ണമാണോ എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രായപൂര്‍ത്തിയായ ഹാദിയയുടെ വാദങ്ങളെ അംഗീകരിക്കാതെ കോളേജ് അധികാരികളെ രക്ഷാധികാരിയായി പ്രഖ്യാപിക്കുന്നതിന്റെ യുക്തിയും പങ്കുവെക്കപ്പെടേണ്ട ആശങ്കയാണ്.