നിർത്തിയിടത്ത് നിൽക്കണം

കോടമ്പുഴ ബാവ ഉസ്താദ്

0
801

ഒരാളെ ജീവിതസന്ധാരണ മാർഗ്ഗത്തിൽ അള്ളാഹു നിർത്തിയതോടു കൂടി അതിൽനിന്ന് അയാൾ മോചനമാഗ്രഹിക്കുകയെന്നത് പരോക്ഷമായ ശരീരേച്ഛയിൽപെട്ടതാണ്.ഒന്നുകൂടി ലളിതമായി പറഞ്ഞാൽ ,വിശ്വാസിയായ മനുഷ്യൻ രണ്ടാലൊരു നിലപാടുകാരനാണ് . ഒന്ന്, ഭൗതികമായ സർവ്വ വ്യവഹാരങ്ങളിൽ നിന്നും പുറം തിരിഞ്ഞു നിന്നു കൊണ്ട് രാപ്പകൽ ഭേദമന്യേ നിതാന്തമായി അല്ലാഹുവിന്റെ ആരാധനയിൽ മുഴുകുന്നവർ,ഓർക്കാപ്പുറത്ത് അല്ലാഹുവിന്റെ ഭക്ഷണം ലഭിച്ചുകൊണ്ടിരിക്കുന്നവരാണവർ. അനിവാര്യമായ ആരാധനകളൊക്കെ മുറതെറ്റാതെ ചെയ്യുകയും ശേഷിക്കുന്ന സമയങ്ങളിൽ ഉപജീവനത്തിനുവേണ്ടി അഥവാ കുടുംബക്കാരെയും പാവപ്പെട്ടവരെയും സഹായിക്കാൻ വേണ്ടി ജോലി ചെയ്യുന്നവരാണ് രണ്ടാമത്തെ കൂട്ടർ.ഹലാലായ ഏതു ജോലിയും ഇവർക്ക് അനുവദനീയമാണ്. ഇവ രണ്ടിലും വിശ്വാസിയെ നിർത്തുന്നത് അവൻ്റെ റബ്ബാണ് .അതിനാൽ നിർത്തിയ ഇടത്ത് നിൽക്കണം .അവിടെ നിന്നുള്ള മോചനമാഗ്രഹിക്കരുത്. വാസ്തവത്തിൽ ഇതിൽ നിന്നൊക്കെ നമ്മെ പിന്തിരിപ്പിക്കുന്നത് പിശാചാണ്. ആരാധനയും ഉപജീവനവുമായി നാം കഴിഞ്ഞു കൂടുമ്പോൾ ഇതെല്ലാം ഉപേക്ഷിച്ച് ആരാധനാനിരതനായി മാത്രം നീ കാലം കഴിച്ചുകൂട്ടണമെന്ന ഇബിലീസിൻ്റെ ദുർമന്ത്രണം വരുന്നു. ഇവയെല്ലാം വെടിഞ്ഞ് ആരാധനയിൽ കേന്ദ്രീകരിക്കുമ്പോൾ തനിക്ക് കൈവരുന്ന ജനസമ്മതിയും ആളുകൾ തന്നെ വലിയ ആബിദും സാഹിദുമൊക്കെയായി കണക്കാക്കുമെന്ന ദുർവിചാരങ്ങളായിരിക്കും വാസ്തവത്തിൽ അവനെ അതിനു പ്രേരിപ്പിക്കുന്നത് . ബാഹ്യമായ നോട്ടത്തിൽ ഒരാൾ മുഴുസമയവും ആരാധനയിൽ മുഴുകുകയെന്നത് കരണീയമാകുമ്പോൾ തന്നെ ,ഈയൊരവസ്ഥയിൽ അവന് അത് ഉപേക്ഷിക്കലാണ് അഭികാമ്യം. എന്നാൽ ആരാധനയും ഉപജീവനവുമായി മുന്നോട്ടു പോകുകയാണെങ്കിൽ ഇത്തരം വിനാശകരമായ പ്രശസ്തിയും ജനസമ്മതിയും ഒന്നുമുണ്ടാകില്ല. നിഷ്കളങ്കമായ ജീവിതം നയിച്ച് സുഗമമായ ആത്മീയ മുന്നേറ്റം നടത്താം. ആരാധന നമുക്കാവശ്യമാണ്, എന്നു വെച്ച് കൃഷിയും വ്യാപാരവുമൊന്നും ആരാധനയുടെ ഭാഗമല്ല എന്ന് പറയുന്നത് ശരിയല്ല. സദുദ്ദേശ്യമാണ് പ്രേരകശക്തിയെങ്കിൽ സർവ്വവും അവന് ആരാധനയായി ഭവിക്കും. വാസ്തവത്തിൽ ജീവിതമാർഗമെല്ലാം വെടിഞ്ഞ് ആരാധനയിൽ മുഴുകിയാൽ മാത്രമേ ആത്മീയ സാകല്യം കൈവരിക്കാനാകൂ എന്ന ചിന്ത കേവലം മിഥ്യയാണ്. “നിന്റെ സകലമാന സമയവും നീ ആരാധനയിൽ വിനിയോഗിക്കണം, അശ്രദ്ധാലുവായി ഒരു സമയം പോലും വെറുതെ കളയരുത്”. മഹാനായ മഖ്ദൂം കബീർ തൻ്റെ അദ്കിയായിൽ ഓർമപ്പെടുത്തിയതാ ണിത് .ജീവിതമാർഗം തേടൽ,മലമൂത്രവിസർജനം, വിശ്രമം എന്നിങ്ങനെയുള്ള അനിവാര്യമായ കാര്യങ്ങൾ നിർവഹിക്കാനുള്ളപ്പോൾ പിന്നെങ്ങനെയാണ് മുഴുസമയവും ആരാധനയിൽ കഴിച്ചുകൂട്ടുകയെന്നതാണ് പലരുടെയും ആശങ്ക. കർമ്മ വേളയിലെ മനുഷ്യ മനസ്സിൻ്റെ ഗതിയാണ് ഇവിടെ ആരാധനയാണോ അല്ലേയെന്ന് നിർണ്ണയിക്കുന്നത് . ഫർളും,സുന്നത്തും, കറാഹത്തുമല്ലാത്ത അനുവദനീയമായ കാര്യങ്ങളിൽ നാം ചെലവഴിക്കുന്ന ഒട്ടേറെ വേളകളുണ്ട്. സദുദ്ദേശ്യമുണ്ടെങ്കിൽ ഇവയൊക്കെ ആരാധനകളോട് കിടപിടിക്കാൻ മാത്രം വീര്യമുള്ളവയാണ്.എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് .അല്ലാഹുവിന്റെ പൊരുത്തമായിരിക്കണം ആത്യന്തിക ലക്ഷ്യം .തൊഴിലുടമയെ വഞ്ചിക്കുകയോ കൃത്യവിലോപം കാട്ടുകയോ ചെയ്യരുത്.എല്ലാം ആരാധനയുടെ മൂശയിലിട്ട് വാർത്തെടുക്കണം.അപ്പോൾ ജീവിതമാസകലം ആരാധനാ നിരതമായിത്തീരും .നാവു കൊണ്ടും മനസ്സു കൊണ്ടും സദാസമയവും ദിക്റിലായി അല്ലാഹുവിനെ സ്മരിക്കണം. നാവുകൊണ്ട് ദിക്റ് ചെല്ലുന്നത് ജോലിക്ക് വിഘ്നം നിൽക്കുന്നുവെങ്കിൽ സദുദ്ദേശ്യമെന്ന മാർഗ്ഗത്തിലൂടെ മനസ്സുകൊണ്ട് അല്ലാഹുവിനെ ഓർക്കാം. സദുദ്ദേശ്യമുണ്ടാകുമ്പോൾ ജോലിയിൽ വ്യാപൃതനാകുന്ന അതേസമയം തന്നെ ആരാധനനിരതനാകാനും അവസരം ലഭിക്കുന്നു.

മുത്ത് നബിയുടെ സ്വഹാബത്ത് സർവ്വ സമയവും ആരാധനയിലും ദിക്റിലുമായിരുന്നു .സ്വഹാബത്തിനെ അഭിവീക്ഷിച്ചിട്ടുള്ള മഹാനായ കഅബ് (റ) ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇസ്ലാമാശ്ലേഷണത്തിനു മുമ്പ് പ്രവാചകനെയും ഇസ്‌ലാമിനെയും വിമർശിച്ചുകൊണ്ട് കവിതാലാപനം നടത്തിയ മഹാകവിയായിരുന്നു കഅബ് ബ്നു സുഹൈർ (റ). ഇസ്ലാമാശ്ലേഷിക്കാനായി വന്ന് മുത്ത്നബി (സ)യുടെ ചാരത്തിരുന്നു കൊണ്ട് മഹാൻ പാടിയ ബാനത്ത് സുആദ എന്ന കാവ്യം വിശ്രുതമാണ്. പ്രവാചകനെ വളരെയേറെ പ്രകീർത്തിച്ച് അവസാനത്തിൽ മുത്ത് നബിയുടെ അനുചരന്മാരെ പ്രകീർത്തിക്കുന്നതായി കാണാം. ഈ മഹാന്മാരായ പ്രവാചകാനുചരന്മാരുടെ മുഖ്യമായ ജോലി ദിക്റും തഹ്ലീലുമാണെന്ന് പ്രസ്തുത കാവ്യത്തിൽ അദ്ദേഹം പറഞ്ഞുവെക്കുന്നു. കച്ചവടം, കൃഷി, യുദ്ധം തുടങ്ങിയ ഏത് വേളകളിലും ദിക്റ് ചൊല്ലുന്നവരായിരുന്നു അവർ. ചുരുക്കത്തിൽ സദുദ്ദേശ്യം ഉണ്ടെങ്കിൽ ഭൗതിക കാര്യങ്ങളിൽ വ്യാപൃതരാകുന്നത് കൊണ്ട് നമുക്ക് ഒരു നഷ്ടവും സംഭവിക്കുന്നില്ല. സർവ്വവും ആരാധനയാക്കി മാറ്റാം. ശഖീഖുൽ ബൽഖി (റ)വിൻ്റെ സംഭവം ഈ ആശയത്തെ ആഴത്തിൽ മനസ്സിലാക്കാൻ ഉപയുക്തമാണ്. വലിയ ആരിഫും സൂഫിയുമായ അദ്ദേഹം ഇബ്രാഹീ ബ്നു അദ്ഹം തങ്ങളുടെ സ്നേഹിതനും ശിഷ്യനുമാണ്. ഒരിക്കൽ താൻ കച്ചവടാവശ്യാർത്ഥം വിദൂര ദേശത്തേക്ക് പോകുന്ന വിവരം അദ്ഹം തങ്ങളോട് പറഞ്ഞു . എന്നിട്ടദ്ദേഹം യാത്രയായി. എന്നാൽ ഏതാനും നാളുകൾക്കകം തന്നെ അദ്ഹം തങ്ങൾ അദ്ദേഹത്തെ പള്ളിയിൽ കണ്ടു .മഹാന് അത്ഭുതമായി. എന്താണ് ഇത്ര പെട്ടെന്ന് യാത്രതിരിച്ചതെന്ന് അദ്ദേഹത്തോട് ആരാഞ്ഞു. യാത്രയിൽ താൻ കണ്ട ഒരത്ഭുതമാണ് തന്നെ യാത്ര അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് ശഖീഖ് പ്രതിവചിച്ചു. എന്താണ് ആ അത്ഭുതം ? അദ്ഹം തങ്ങൾ ആകാംക്ഷയോടെ ചോദിച്ചു .ഞാൻ വിശ്രമിക്കാൻ വേണ്ടി ഒരിടത്ത് ഇരിക്കെ ഞാൻ ഒരു പക്ഷിയെ കണ്ടു. ചിറകൊടിഞ്ഞ അന്ധമായ ഒരു പക്ഷി. ആ പക്ഷി എന്റെ അന്തരംഗത്ത് ഒരു ചിന്ത ഉദിപ്പിച്ചു. ഈ പക്ഷികൾക്ക് എങ്ങനെയാണ് ആഹാരം കിട്ടുക എന്ന് ഓർത്തിരിക്കെവെയാണ് ഞാൻ ആ കാഴ്ച കണ്ടത് .അകലെനിന്ന് ഒരു പക്ഷി പാറി വന്ന് ചിറകൊടിഞ്ഞ പക്ഷിയുടെ വായിലേക്ക് ഭക്ഷണം ഇട്ട് കൊടുക്കുന്നു.എന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് നാടും വീടും വിട്ട് കച്ചവടത്തിനായി യാത്ര ചെയ്യുന്നത് ,എന്റെ രിസ്ഖിൻ്റെ കാര്യം റബ്ബ് ഏറ്റെടുത്തതല്ലേ. ഇതായിരുന്നു ആ സമയത്ത് എന്റെ മനസ്സിനെ പിടിച്ചുലച്ച ചിന്ത. പക്ഷിക്ക് ആഹാരം കൊടുക്കുന്ന റബ്ബ് എന്നെയും കുടുംബത്തെയും ഏറ്റെടുക്കുമെന്ന കാര്യത്തിൽ സംശയമൊട്ടുമില്ല. അങ്ങനെയെങ്കിൽ എനിക്ക് രാപ്പകൽ ഭേദമന്യേ ആരാധനയിൽ മുഴുകി കഴിയാമെന്നോർത്ത് ഞാൻ നാട്ടിലേക്ക് മടങ്ങി. എല്ലാം കേട്ടു കഴിഞ്ഞ ശേഷം ഇബ്രാഹിമി ബ്നു അദ്ഹം ( റ) വിൻ്റെ മറുപടി വന്നു . ശ്രദ്ധേയവും ഏറെ ചിന്തിപ്പിക്കുന്നതുമായിരുന്നു അത് . “ഓ ശഖീഖ് നിങ്ങളെ കുറിച്ച് ഞാൻ കൗതുകപ്പെടുകയാണ്, എന്തുകൊണ്ട് നിങ്ങൾ ചിറകൊടിഞ്ഞ അന്ധമായ പക്ഷിയാകാൻ ഇഷ്ടപ്പെട്ടു ,തനിക്ക് വേണ്ടിയും മറ്റുള്ളവർക്ക് വേണ്ടിയും അധ്വാനിച്ചു കൊണ്ടിരിക്കുന്ന മറ്റേ പക്ഷിയാകാൻ എന്തുകൊണ്ട് നിങ്ങളാഗ്രഹിച്ചില്ല .
അഥവാ, നിങ്ങൾ കച്ചവടവും വ്യാപാരവുമൊക്കെ ഒഴിവാക്കി വന്നാൽ നിങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കേണ്ടിവരും, അതേസമയം നിങ്ങൾ തൊഴിലെടുത്താൽ അത് നിങ്ങൾക്ക് ഉപജീവനമാകും. മിച്ചം വരുന്നതുകൊണ്ട് പലരെയും സഹായിക്കാനുമാകും.അതാണ് നിങ്ങൾക്ക് ഉത്തമം. കൊടുക്കുന്ന കയ്യാണ് വാങ്ങുന്ന കയ്യിനെക്കാൾ ഉത്തമമെന്ന് നിങ്ങൾ ഇതുവരെയും മനസ്സിലാക്കിയിട്ടില്ലേ.. . ശഖീഖ് തങ്ങൾ ചാടിയെഴുന്നേറ്റ് അദ്ഹം തങ്ങളുടെ കൈകൾ ചുംബിച്ചു. “അങ്ങ് ഞങ്ങളുടെ ഗുരുവാണ്” എന്ന് പറഞ്ഞ് അദ്ഹം തങ്ങളെ ഏറെ അഭിനന്ദിച്ചു. എന്നിട്ടദ്ദേഹം വീണ്ടും കച്ചവടത്തിനായി പുറപ്പെട്ടു. ചുരുക്കത്തിൽ അല്ലാഹു നമ്മെ ഒരിടത്തു നിർത്തിയാൽ അവിടെ നിന്നുകൊണ്ട് നമുക്ക് അല്ലാഹുവിനെ ആരാധിക്കാനും പൊരുത്തം നേടാനും സാധിക്കും. ജോലി ഹലാലാണെന്നും അനിവാര്യമായ കർമ്മങ്ങൾക്ക് അത് തടസ്സം നിൽക്കുന്നില്ലെന്നും മാത്രം ഉറപ്പുവരുത്തിയാൽ മതി.

കേട്ടെഴുത്ത്: അബ്ദുല്ല ചെമ്പ

LEAVE A REPLY

Please enter your comment!
Please enter your name here