ചോദ്യം: വേഗത്തില്‍ മറവ് ചെയ്യല്‍ മയ്യിത്തിനെ ബഹുമാനിക്കുന്നതിന്റെ ഭാഗമാണല്ലോ. പുണ്യറസൂല്‍(സ്വ)യെ മറവ് ചെയ്യുന്നത് രണ്ട് ദിവസം വൈകിപ്പിച്ചത് എന്തിനായിരുന്നു?
ഉത്തരം: റസൂല്‍(സ്വ)യുടെ തിരുദേഹം വേഗത്തില്‍ മറമാടാതിരുന്നത് അവിടുത്തെ ബഹുമാനിക്കുന്നതില്‍ യാതൊരു കുറവും വരുത്തിയിട്ടില്ല. മഹാന്‍മാരിതിന് പല വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്.
1) തിരുനബി(സ്വ)യുടെ പുണ്യശരീരം ജീവിതകാലത്തും അതിനു ശേഷവും മറ്റു മനുഷ്യരുടെ ശരീരങ്ങളെ പോലെയല്ല. മരണകാരണമായി ഉണ്ടാകുന്ന യാതൊരു ഭാവപകര്‍ച്ചയും തിരുദേഹത്തെ സ്പര്‍ശിക്കില്ല. കാരണം, അവിടുത്തേക്ക് അല്ലാഹു പ്രത്യേക സംരക്ഷണം നല്‍കിയിട്ടുണ്ട്.
ജീവിത-മരണ വ്യത്യാസങ്ങളില്ലാതെ എന്നെന്നും ശുദ്ധിയോടെ സുഗന്ധപൂരിതമായി അവിടുത്തെ ശരീരം നിലനില്ക്കുമെന്നതിന് ഒട്ടേറെ ഹദീസുകള്‍ സാക്ഷിയാണ്. ഇമാം ബുഖാരി(റ) സ്വഹീഹുല്‍ ബുഖാരിയില്‍ (-3667)ഉദ്ദരിക്കുന്നു:
തിരുനബി(സ്വ)യുടെ വഫാത്ത് വിശദീകരിക്കവേ മഹതിയായ ആയിശ(റ) പറഞ്ഞു: അബൂബക്കര്‍(റ) കടന്ന് വന്നു. എന്നിട്ട് റസൂല്‍(സ്വ)യുടെ മുഖമറനീക്കി. ചുടുചുംബനങ്ങള്‍ നല്കി പറഞ്ഞു: എന്റെ മാതാപിതാക്കള്‍ അങ്ങേക്ക് സമര്‍പ്പിതം- അങ്ങ് ജീവതസമയത്തും മരണ ശേഷവും സുഗന്ധപൂരിതനായിരിക്കുന്നല്ലോ.
മറ്റൊരിക്കല്‍ ഇബ്നു അബ്ബാസ്(റ) പറഞ്ഞു: റസൂല്‍(സ്വ)യെ കുളിപ്പിക്കാനായി ഏവരും ഒരുമിച്ചു കൂടിയ സന്ദര്‍ഭം. വീട്ടില്‍ അവിടുത്തെ കുടുംബക്കാരെ ഉള്ളൂ. എളാപ്പയായ അബ്ബാസ്ബ്നു അബ്ദുല്‍മുത്വലിബ്, അലിയ്യുബ്നു അബീത്വാലിബ്, ഫള്ല്ബ്നു അബ്ബാസ്, ഖുതമ്ബ്നു അബ്ബാസ്, ഉസാമബ്നു സൈദ് അവരുടെ അടിമ സ്വാലിഹ്(റ) തുടങ്ങിയവരാണുണ്ടായിരുന്നത്.
അബ്ബാസ്(റ), ഫള്ല്(റ), ഖുതമ്(റ) തിരുശരീരത്തിലെല്ലായിടത്തും വെള്ളമെത്താന്‍ ഫലകത്തില്‍ ശരീരത്തെ തിരിക്കുകയും ചെരിക്കുകയും ചെയ്യുമായിരുന്നു. അടിമകളായ ഉസാമത്ത് ബ്നു സൈദും(റ) സ്വാലിഹ്(റ)വും വെള്ളമൊഴിച്ച് കൊടുത്തുകൊണ്ടിരുന്നു. അലി(റ) പറയുന്നുണ്ടായിരുന്നു: ഞാനെന്റെ സര്‍വം അങ്ങേക്കായി സമര്‍പ്പിക്കുന്നു നബിയേ. ജീവിതകാലത്തും അതിനു ശേഷവും അങ്ങേക്കെന്തൊരു സൗരഭ്യമാണ്.(ഇമാം അഹ്മദ് (റ)- മുസ്നദ്)
തെളിവുകളില്‍ നിന്ന് നമുക്ക് വ്യക്തമാകുന്നത്, മരണകാരണമായുണ്ടായേക്കാവുന്ന ഭാവപകര്‍ച്ചകള്‍ നബി(സ്വ)യുടെ ശരീരത്തിനുണ്ടാകില്ലെന്ന് സ്വഹാബത്തിന് ഉറപ്പുണ്ടായിരുന്നു. ഭാവമാറ്റം വന്നുപോകുമോ എന്ന ഭയമാണ് മറമാടല്‍ വൈകിക്കല്‍ കറാഹത്താവാന് കാരണം. അത്തരം ഭയമില്ലെങ്കില്‍ കറാഹത്തില്ല. പിന്തിക്കാന്‍ വേറയും കാരണങ്ങളുണ്ടാവുമ്പോള്‍ പ്രത്യേകിച്ചും.
2) റസുല്‍(സ്വ)യുടെ മേല്‍ നിസ്കരിക്കണമെന്ന് മുഴുവന്‍ സ്വഹാബത്തിനും ഉള്‍ക്കടമായ ആഗ്രഹമുണ്ടായിരുന്നു. മറമാടല്‍ പിന്തിപ്പിക്കപ്പെടാനുള്ള കാരണങ്ങളിലൊന്ന് ഇതാണ്. മറമാടല്‍ വൈകിപ്പിച്ചപ്പോള്‍ കുട്ടികളുള്‍പ്പെടെ മുഴുവനാളുകള്‍ക്കും മയ്യിത്ത് നിസ്കരിക്കാനായി. റസൂല്‍(സ്വ)യുടെ വീട്ടിലേക്ക് കൂട്ടം കൂട്ടമായി വന്ന് ഒറ്റക്ക് ഒറ്റ്ക്ക് നിസ്കരിക്കുകയായിരുന്നു. ആരും ഇമാം നിന്നില്ല. എല്ലാവര്ക്കും ഈ ശ്രേഷ്ഠത നേടിയെടുക്കാന്‍ ഒരുപാട് സമയം വേണ്ടിയിരുന്നു.
മാലിക്(റ)വിന്റെ മുവത്വയില്‍ (1/231) കാണാം:
ജനങ്ങള്‍ ഒറ്റയെറ്റയായിട്ടായിരുന്നു നബി(സ്വ)യുടെ മയ്യിത്ത് നിസ്കാരം നിര്‍വഹിച്ചത്. ആരുമവര്‍ക്ക് ഇമാമായി നിന്നില്ല.
സഈദ് ബ്നു മുസയ്യബ്(റ) പറഞ്ഞതായി ഇബ്നു അബീ ശൈബ(റ)………..(7/430) ല്‍ ഉദ്ദരിക്കുന്നു:
നബി(സ്വ) വഫാത്തായപ്പോള്‍ അവരെ കട്ടിലില്‍ കിടത്തി. ജനങ്ങള്‍ കൂട്ടം കൂട്ടമായി വന്ന് നിസ്കരിച്ച് പുറത്തിറങ്ങി. ആരുമവര്‍ക്ക് ഇമാം നിന്നില്ല.
റസൂല്‍(സ്വ)യെ ആര് കുളിപ്പിക്കും, എവിടെ മറവ് ചെയ്യും തുടങ്ങിയ കാര്യങ്ങളില്‍ സ്വഹാബത്തിന് വിവിധ അഭിപ്രായങ്ങളായിരുന്നു. എല്ലാത്തിനും സമയമെടുക്കും. മറവ് ചെയ്യല്‍ പിന്തിപ്പിക്കാതെ തരമുണ്ടായിരുന്നില്ല.
എല്ലാത്തിനുമുപരി, ആ വേര്‍പ്പാട് സ്വഹാബത്തിന് അസഹ്യമായിരുന്നു. കഠിനമായ ഹൃദയ വേദനയിലവര് കിടന്ന് പുളഞ്ഞു. ഉമര്‍(റ)വിന് നബി(സ്വ)യുടെ വിയോഗത്തെ കുറിച്ച് ചിന്തിക്കാന്‍ പോലുമായില്ല. പുണ്യനബി(സ്വ) വിട പറഞ്ഞെന്ന് പറഞ്ഞവര്‍ക്കെതിരെ അവര്‍ വാളെടുത്തു. വഫാത്ത് വാര്‍ത്ത കേട്ടവര്‍ സ്തബ്ധരായിപോയി. അനങ്ങാന്‍ പോലുമാകാതെ മനം തകര്‍ന്നിരുന്നു. അത്രയും ഭീകരമായിരുന്നു അവര്‍ക്ക് ആ അനുഭവം.
3) തിരുനബി(സ്വ)യുടെ കാലശേഷം ഉമ്മത്തിനൊരു നേതൃത്വം അനിവാര്യമായിരുന്നു. ഉമ്മത്തിനെ ഏകോപിപ്പിക്കണം, ശൈഥില്യ ശ്രമങ്ങളെ മുളയിലേ നുള്ളിയെറിയണം. നീതി നടപ്പിലാക്കണം. അതിന് യോഗ്യരായവര്‍ തന്നെ തെരഞ്ഞെടുക്കപ്പെടണം. സ്വഹാബത്തിനിടയില്‍ ശരിയുത്തരങ്ങളേറെയുണ്ടായിരുന്നെങ്കിലും അതിലേറ്റം മികച്ചത് തെരഞ്ഞെടുക്കാന്‍ ചര്‍ച്ചകളും കൂടിയാലോചനകളും നടന്നു. ഇതിനും സമയം വേണ്ടി വന്നു. മയ്യിത്ത് മറമാടല്‍ വൈകിപ്പിച്ചതിന്റെ ഏറ്റവും മുഖ്യമായ കാരണമായിരുന്നു അത്.
സര്‍ഖാനി(റ)വിന്റെ വാക്കുകളില്‍:
മറവ് ചെയ്യല്‍ വൈകിപ്പിച്ചതിന് പല കാരണങ്ങളാവാം. നബി(സ്വ)യുടെ വിയേഗത്തിലും മറവ് ചെയ്യേണ്ടതെവിടെ എന്നതിലും സ്വഹാബത്തിനുണ്ടായിരുന്ന ഭിന്നാഭിപ്രായങ്ങളും പുതിയ ഖലീഫയെ തീരുമാനിക്കുന്നതില്‍ ആവര് വ്യാപൃതരായതും വൈകുന്നതിന് ഹേതുവായി. അവസാനം സിദ്ദീഖ്(റ) ഖലീഫയായി നിയമിക്കപ്പെട്ടു. ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഭീകര യാഥാര്‍ത്ഥ്യം സ്വഹാബത്തിനെ സ്തംബ്ധരാക്കിയിരുന്നു. ആത്മാവില്ലാത്ത ശരീരങ്ങളെ പോലെ, മിണ്ടാനോ ചലിക്കാനോ കഴിയാതെ മനം തകര്ന്നവരിരുന്നുപോയി. (ശറഹു മുവത്വ-2/94)
ഇതുവരെ സൂചിപ്പിക്കപ്പെട്ട എല്ലാ സംഭവങ്ങള്‍ക്കും കൂടി ആകെ വേണ്ടിയിരുന്നത് ഒന്നര ദിവസത്തോളം മാത്രമായിരുന്നു. ബുധനാഴ്ച തിരുനബി(സ്വ)യെ മറവ് ചെയ്യുകയും ചെയ്തു. ഇതൊരിക്കലും ദീര്‍ഘമായ കാലയളവായിരുന്നില്ല.
ചോദ്യം: നബി(സ്വ) വഫാത്തായത് തിങ്കളാഴ്ചയായിരുന്നു. ചൊവ്വാഴ്ച തന്നെ മറമാടപ്പെട്ടു. ബുധനാഴ്ചത്തേക്ക് കാത്തിരുന്നില്ല. എന്ന അഭിപ്രായമുണ്ടല്ലോ? അതിനൊരു വിശദീകരണം?
ഉത്തരം: മറവ് ചെയ്യപ്പെട്ട ദിവസത്തെപ്പറ്റി ഇമാമീങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. രണ്ടു വാദങ്ങളാണ് പ്രധാനമായുമുള്ളത്.
1) നബി(സ്വ)യുടെ ഖബറടക്കം ബുധനാഴ്ചയായിരുന്നു. ഭൂരിപക്ഷത്തിന്റയും അഭിപ്രായമിതാണ്. മഹതിയായ ആയിശ(റ)വില്‍ നിന്നുദ്ധരിക്കുന്നൊരു ഹദീസാണിതിന്നവര് തെളിവാക്കുന്നത്. ആയിശ(റ) പറഞ്ഞു: നബി(സ്വ) വഫാത്തായത് തിങ്കളാഴ്ചയായിരുന്നു. ബുധനാഴ്ച അവിടുത്തെ ഖബറടക്കുകയും ചെയ്തു.
2) പുണ്യറസൂല്‍(സ്വ) ഖബറടക്കപ്പെട്ടത് ചൊവ്വാഴ്ചയായിരുന്നു എന്ന് പറയുന്നവരാണ് രണ്ടാം വിഭാഗം. ഈ വാദം ഗരീബാണെന്നും(അപ്രസിദ്ധം) മശ്ഹൂറായത്(പ്രസിദ്ധം) ഭൂരിപക്ഷാഭിപ്രായമാണെന്നും ഇബ്നു കസീര്‍ അല്‍ ബിദായ വന്നിഹായയില്‍(5/292) രേഖപ്പെടുത്തുന്നു. എന്നാല്‍ മറവ് ചെയ്യപ്പെട്ടത് ചൊവ്വാഴ്ചയാണെന്നതിന് എണ്ണമറ്റ തെളിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇബ്നു അബ്ദുല്‍ ബര്‍റ്(റ) പറയുന്നു: ആസാറുകളിലധികവും വ്യക്തമാക്കുന്നത് ചൊവ്വാഴ്ചയാണ് മറമാടപ്പെട്ടത് എന്നാണ്. അതു തന്നെയാണ് ഹദീസ് പ്രമുഖരില്‍ ഭൂരിഭാഗത്തിന്റെ വാദവും(ഇസ്തിദ്കാര്‍- 3/56)
ഒരുപാട് തെളിവുകള്‍ വേറെയുമുണ്ട്:
റസൂല്‍(സ്വ) തിങ്കളാഴ്ച വഫാത്തായി. ചൊവ്വാഴ്ച ഖബറടക്കി. ഒറ്റയൊറ്റയായിട്ടായിരുന്നു ജനങ്ങള്‍ മയ്യിത്ത് നിസ്കാരം നിര്‍വഹിച്ചിരുന്നത്-മുവത്വ-1/231-മാലിക്(റ)
റസൂല്‍(സ്വ)യടെ വിയോഗം സംഭവിച്ചപ്പോള്‍, അവരെ കട്ടിലില്‍ കിടത്തി ജനങ്ങള്‍ കൂട്ടംകൂട്ടമായി വന്ന് നിസ്കരിച്ച് പുറത്തിറങ്ങി. ആരുമവര്‍ക്ക് ഇമാം നിന്നില്ല. വഫാത്തായത് തിങ്കളാഴ്ചയും മറവ് ചെയ്യപ്പെട്ടത് ചൊവ്വാഴ്ചയുമായിരുന്നു.(ഇബ്നു അബീ ശൈബ- മുസ്നഥ്-(7/430)
തിരുനബി(സ്വ)യുടെ വഫാത്ത് തിങ്കളാഴ്ചയും ഖബറടക്കം ചൊവ്വാഴ്ചയും ആയുരുന്നു. (തുര്‍മുദി-ശമാഇലുല്‍ മുഹമ്മദിയ്യ-(…/336)
നബി(സ്വ)യുടെ ഖബറടക്കം ചൊവ്വാഴ്ച രാത്രിയുടെ അന്ത്യയാമങ്ങളിലോ സുബ്ഹിയോടൊന്നിച്ചോ ആയിരുന്നുവെന്നാണ് ഉര്(റ) പറയുന്നത്.
റബീഉല്‍ അവ്വല്‍ മാസത്തിലൊരു തിങ്കളാഴ്ച ദിവസം ഉച്ചക്ക് മുമ്പായിരുന്നു തിരുനബി(സ്വ)യുടെ വിയോഗം. ചൊവ്വാഴ്ച ഖബറടക്കപ്പെടുകയും ചെയ്തു-ദലാഇലുല്‍ നുബുവ്വ(7/256)-ബൈഹഖി(റ)
അതേ കിതാബില്‍ ബൈഹഖി(റ) തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു:
ഇബ്നു ജുറൈജ്(റ) പറഞ്ഞു: ലഭ്യമായ വിവരമനുസരിച്ച് തിങ്കളാഴ്ച ളുഹാ സമയത്താണ് തിരുനബി(സ്വ)യുടെ വിയോഗമുണ്ടായത്. പിറ്റേന്ന് ളുഹാ സമയത്ത് തന്നെ ഖബറടക്കപ്പെടുകയും ചെയ്തു-ദലാഇലുല്‍ നുബുവ്വ(7/256)-ബൈഹഖി(റ)
വഫാത്തിനെ സംബന്ധിച്ച് മുഹദ്ദിസീങ്ങളുടെ ഏകോപനത്തോടെയുള്ള ബലപ്പെട്ട അഭിപ്രായം തിങ്കളാഴ്ച ളുഹാ സമയത്തായിരുന്നുവെന്നാണ്. സ്വഹീഹായ ഹദീസാണിതിന് തെളിവ്:
സിദ്ധീഖ്(റ) പുത്രയായ ആയിശ ബീവി(റ)യോട് ചോദിച്ചു: എന്നാണ് റസൂല്‍(സ്വ) വിട ചൊല്ലിയത്? മഹതിയുടെ മറുപടി: തിങ്കളാഴ്ച പകലില്‍(സ്വഹീഹുല്‍ ബുഖാരി-1387).