നസ്വാറ (ക്രിസ്ത്യാനികള്‍)
ഈസാനബി(അ)ന്റെ ജന്മസ്ഥലമായ ‘നസ്റത്വി’ലേക്ക് ചേര്‍ത്തിയാണ് ‘നസ്വാറാ’ എന്ന പ്രയോഗം. നബി(സ) തങ്ങളെ സഹായിച്ചവരെന്ന നിലയില്‍ അന്സ്വാറുകളെന്ന് വിളിക്കുന്നപോലെ ഈസാ നബി(അ)ന്റെ സഹായികള്‍ എന്ന അര്‍ത്ഥത്തിലുള്ള പ്രയോഗമാണെന്ന അഭിപ്രായമുണ്ട്. അല്‍ബഖറ: 61, 111, 113, 120, 135, 140
മാഇദ: 14, 18, 51, 69, 82 തൗബ: 30, ഹജ്ജ്: 17 എന്നിവിടങ്ങളില്‍ നസ്വാറാ എന്ന പ്രയോഗം കാണാവുന്നതാണ്. ക്രിസ്ത്യാനികള്‍ ഈസാ(അ)ന്റെ പിന്‍ഗാമികളാണെന്ന് വാദിക്കുന്നതോടൊപ്പം അദ്ദേഹത്തെ ദൈവമായും ദൈവപുത്രനായും വിശ്വസിക്കുന്നു. മാര്‍ഗ്ഗഭ്രംശം സംഭവിച്ചവരെന്നാണ് ഇവരെക്കുറിച്ച് ഖുര്‍ആനിന്റെ ഭാഷ്യം.
ക്രിസ്ത്യാനികളുടെ വ്യത്യസ്ത ദൈവിക സങ്കല്പങ്ങളും അവകള്‍ക്കിടയിലെ വൈരുദ്ധ്യങ്ങളും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. യാക്കോബിയ്യ വിഭാഗം ഈസയാണ് ദൈവമെന്ന് വാദിക്കുന്നു. ഈസാനബിയുടെ വാക്കുകളുദ്ധരിച്ചുകൊണ്ട്, അല്ലാഹു പ്രസ്തുത പദത്തിന്റെ അടിവേരറുക്കുന്നു.
‘മര്‍യമിന്റെ മകന് മസീഹ് തന്നെയാണ് ദൈവമെന്ന് പറഞ്ഞവര്‍ അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്, ഇസ്റാഈല്‍ സന്തതികളെ, എന്റെയും നിന്റെയും രക്ഷിതാവായ അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കുവിന്‍ അല്ലാഹുവിനോട് ആരെങ്കിലും പങ്ക് ചേര്‍ത്താല്‍ അവന് സ്വര്‍ഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു. നരകം അവന്റെ വാസസ്ഥലമായിരിക്കും. അക്രമികള്‍ക്ക് സഹായികളായി ആരുമില്ല.’
ത്രിയേകത്വം
ക്രിസ്ത്യാനികളില്‍പെട്ട നസ്തൂരിയ്യ, മാര്ക്കൂസിയ്യ വിഭാഗങ്ങള്‍ പിതാവ്, പുത്രന് ഈസ(അ) മറിയം എന്നീ മൂന്നുപേരുമടങ്ങിയ ത്രിയേകത്വത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ പിതാവ്, പുത്രന്, പരിശുദ്ധാത്മാവ് എന്നീ മൂന്നുപേര്‍ കൂടിയതാണ് ദൈവമെന്ന് വിശ്വസിക്കുന്ന വിഭാഗവുമുണ്ട്. ഇന്ന് നിലവിലുള്ള ക്രിസ്ത്യന്‍ വിശ്വാസമതാണ്. അവര്‍ വാദിക്കുന്നു: പിതാവ് ദൈവമാണ്, പുത്രനും ദൈവമാണ്, പരിശുദ്ധാത്മാവും ദൈവമാണ്. മൂന്നും ചേര്‍ന്നാല്‍ ഒരു ദൈവം തന്നെ.”
ത്രിയേകത്വ വിശ്വാസത്തില്‍ നസ്വാറാക്കള്‍ നാല് വിഭാഗമാണ്.
1. എല്ലാം അല്ലാഹുവിന്റെ സത്തയില്‍ നിന്നുള്ളതാണ്. ഈസ എന്ന സത്തയും മര്‍യം എന്ന സത്തയും ദൈവമാണ്.
2. വുജൂദ് (ഉള്ളതാവല്) ഇല്മ് (അറിവ്) ഹയാത് (ജീവ്) എന്നീ സവിശേഷതകളൊരുമിച്ച് കൂടിയ സംയുക്തഭാവമാണ് ദൈവം- ഈസ ദൈവപുത്രനും.
3. ദൈവം ഒരു സത്തയും രണ്ട് വിശേഷണങ്ങളുമാണ്. സത്തയെ പിതാവെന്നും വചനം, ജീവന് എന്നീ രണ്ട് വിശേഷണങ്ങളെ മകന്, പരിശുദ്ധാത്മാവ് എന്നും വിളിക്കുന്നു. മൂന്നും ഒരു ദൈവം തന്നെ.
4. രണ്ട് സത്തയും ഒരു വിശേഷണവും കൂടിച്ചേര്‍ന്നത്. (പിതാവ് + ഈസ) ജീവന് ഈസയുടെ ശരീരത്തിന്റെ വിശേഷണമാണ്.
ഹാശിയതുസ്വാവി- 2/133
ത്രിയേകത്വ വിശ്വാസത്തെ തൊട്ട് ഖുര്‍ആന്‍ താക്കീത് നല്കുന്നു:
‘അല്ലാഹു മൂന്നില്‍ ഒരാളാണെന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. ഏക ആരാധ്യനല്ലാതെ യാതൊരാര്യധനും ഇല്ലതന്നെ, അവര്‍ തങ്ങളുടെ വാദത്തില്‍ ഉറച്ച് നില്ക്കുന്നപക്ഷം വേദനയേറിയ ശിക്ഷയനുഭവിക്കേണ്ടി വരികതന്നെചെയ്യും.’
യേശു ദൈവമാണെന്ന വാദത്തിനെതിരെയും ത്രിയേകത്വ സിദ്ധാന്തത്തിനെതിരെയും ഖുര്‍ആന്‍ ശക്തമായ സ്വരത്തില്‍ സംവദിക്കുന്നുണ്ട്.
ഹജ്റാനില് നിന്നുള്ള ഒരു സംഘം ക്രിസ്ത്യാനികള്‍ നബി(സ)യുടെ അടുക്കല്‍ വന്ന് പറഞ്ഞു: ഞങ്ങളുടെ ഈസായെക്കുറിച്ച് നീ അല്ലാഹുവിന്റെ അടിമയാണെന്ന് വാദിക്കുന്നു. അത് മോശമാണ് നബി(സ) ശക്തിയുക്തം പ്രഖ്യാപിച്ചു. ഈസ നബിയും റസൂല്‍ തന്നെയാണ്. അവര്‍ തങ്ങളുടെ വാദത്തിന് തെളിവുദ്ധരിച്ച് ഈസ(അ) അല്ലാതെ പിതാവില്ലാത്ത മറ്റാരാണുള്ളത്? അപ്പോള്‍ സമര്‍ത്ഥമായി അവരുടെ വാദത്തെ ഖുര്‍ആന്‍ എതിര്‍ക്കുന്നു.
‘അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഈസ(അ)നെ ഉപമിക്കുന്നത് ആദമിനോടാണ് അവനെ മണ്ണില്‍ നിന്നും ഉണ്ടാക്കി പിന്നീട് ‘കൂന്’ എന്ന് ആജ്ഞ ഉണ്ടായപ്പോള്‍ അതുണ്ടാവുന്നു. ഈസ നബിയുടെ വിഷയത്തില്‍ സത്യം റബ്ബിന്റെ പക്ഷത്താണ്. നീ സംശയാലുവാകരുത്.’
മാതാവും പിതാവുമില്ലാതെ സൃഷ്ടിച്ച ആദമിനോട് ഈസയെ സാദൃശ്യപ്പെടുത്തുന്നതിലൂടെ എതിരാളിയുടെ വാദത്തിന്റെ മുനയൊടിക്കുന്നു. കാരണം പിതാവില്ലാത്തത് കൊണ്ട് ഈസ ദൈവമാവണമെങ്കില് മാതാവും പിതാവുമില്ലാതെ ഉണ്ടായ ആദം എന്തുകൊണ്ടും ദൈവമാവേണ്ടതല്ലാ അഥവാ യേശുദൈവമാണെന്ന വാദം ബാലിശമാണ്.
മറ്റൊരിടത്ത് പറയുന്നു,
അവന് തുണയില്ലാതെ എങ്ങനെ മകനുണ്ടാവാണ്? അവന് എല്ലാത്തിനെയും സൃഷ്ടിച്ചിരിക്കുന്നു”
ഈസാ നബിയും മര്‍യം(റ)യും മനുഷ്യരാണെന്നതിന് ഖുര്‍ആന്‍ യുക്തിപരമായി തെളിവു നിരത്തുന്നു:
മര്‍യമിന്റെ മകന് മസീഹ് ദൈവദൂതന് മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും പ്രവാചകന്മാര് കഴിഞ്ഞ് പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയാകുന്നു. അവരിരുവരും ഭക്ഷണം കഴിക്കുന്നവരായിരുന്നു. നോക്കൂ നാം അവര്‍ക്ക് എങ്ങനെയെല്ലാം ദൃഷ്ടാന്തങ്ങള്‍ വ്യക്തമാക്കിക്കൊടുക്കുന്നുവെന്ന് നോക്കൂ; എന്നിട്ടും എങ്ങിനെയാണവര്‍ സത്യത്തില്‍നിന്ന് തെറ്റിക്കപ്പെടുന്നത്?
ബൈബിള്‍ സാക്ഷ്യം
ഈസാ നബി ദൈവമാണെന്ന വിശ്വാസത്തിനെതിരായി, പ്രവാചകനാണെന്ന് തെളിക്കുന്ന നിരവധി തെളിവുകള്‍ ഇന്ന് ബൈബിളില്‍ തന്നെ കാണാം. പിതാവില്ലാത്തത് കൊണ്ട് യേശു ദൈവപുത്രനാണെന്ന വാദത്തിനെതിരാണ് ബൈബിള്‍. അല്ലാത്തപക്ഷം ഒരുപാട് ദൈവപുത്രന്മാരും പുത്രിമാരും ഉണ്ടാവേണ്ടി വരും.
– മാതാവും പിതാവുമില്ലാതെ ആദമിനെ സൃഷ്ടിച്ചു- ഉല്പത്തി 1:26
– ആദമിന്റെ വാരിയെല്ലില്‍ നിന്ന് ഒന്ന് ഊരി തല്‍സ്ഥാനത്ത് മാംസം നിറച്ച് ഹവ്വയെ സൃഷ്ടിച്ചു- ഉല്പത്തി 2:21
– വന്ധ്യയും, വയോവൃദ്ധയുമായ എലിസബത്തില്‍ നിന്ന് യോഹന്നാനെ ജനിപ്പിച്ചു.
ലൂക്കോസ് 1:7, 24
മെല്കി സേദക്കെന്ന പുരോഹിതനെക്കുറിച്ച്,
അയാള്‍ക്കു പിതാവോ, മാതാവോ വംശവലിയോ ഇല്ല; ജീവിതത്തിന് ആരംഭമോ അവസാനമോ ഇല്ല. ദൈവപുത്രനു സദൃശ്യനായ ഇയാള്‍ ഒരു പുരോഹിതനാണ്.
എബ്രായര്‍ 7:3-5
– യേശുവിന് വിഷപ്പനുഭവപ്പെടുന്നു- മാര്‍ 11/12
– യേശുവിന് ദാഹമനുഭവപ്പെടുന്നു- യോഹന്നാന് 9
– ഭക്ഷണവും പാനീയവും ഉപയോഗിക്കുന്നു- മത്തായി 11:19
– വസ്ത്രം ഉപയോഗിക്കുന്നു. യോ – 19:23
– മുലകുടിക്കുന്നു- ലൂക്കോസ് 11:27
– യേശു ഉറങ്ങുന്നു – മത്തായി 8:24
ഇവയെല്ലാം വ്യക്തമാക്കുന്നത് യേശു മനുഷ്യനാണെന്നും അദ്ദേഹത്തിന് ദൈവിക പരികല്പന നല്കല് നിരര്‍ത്ഥകവും ബുദ്ധിശൂന്യവുമാണെന്നാണ്.
ദൈവം ഏകനാണ്;
”യഹോവയായ ഞാന്‍ നിന്റെ ദൈവമാകുന്നു. ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാവരുത്” പുറപ്പാട് 20/1+2
”ഞാന്‍ ഞാന്‍ മാത്രമേയുള്ളൂ, ഞാനല്ലാതെ ദൈവമില്ല”- ആവര്‍ത്തന പുസ്തകം 32/39
”ഞാനല്ലാതെ വേറൊരു ദൈവമില്ല- ഞാന്‍ തന്നെ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. യശയ്യാവ് 46-9.
”നമ്മുടെ കര്‍ത്താവായ കര്‍ത്താവാണ് ഏകകര്‍ത്താവ്”- മാര്‍ക്കോസ് 12(29)
”നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ച് അവനെ മാത്രം ആരാധിക്കൂ.” മത്തായി4/10
ബൈബിളും ത്രിത്വവാദത്തെയല്ല അവതരിപ്പിക്കുന്നത് മറിച്ച് ഏകദൈവവിശ്വാസത്തെയാണ്. ഖുര്‍ആന്‍ ‘നസ്വാറാ’ എന്ന പരാമര്‍ശം നടത്തുന്നതിലധികവും നജ്റാനിലെ ക്രൈസ്തവ സമൂഹങ്ങളെക്കുറിച്ചാണ്. അവരുടെ വിശ്വാസ വൈകല്യങ്ങള്‍ തുറന്ന് കാണിക്കുകയും യുക്തിപൂര്‍വ്വം സംവദിക്കുകയും ചെയ്യുന്നു.
എന്നാല്‍ സൂറതുല്‍ മാഇദയിലെ 62-ാം സൂക്തത്തിലൂടെ പറയുന്നു,
ജനങ്ങളില്‍ സത്യവിശ്വാസികളോട് ഏറ്റവും കൂടുതല്‍ കടുത്ത ശത്രുതയുള്ളവര്‍ യഹൂദരും ബഹുദൈവാരാധകരുമാണെന്ന് കാണാം. ഞങ്ങള്‍ നസാറാക്കളാണ് എന്ന് പറഞ്ഞവരാണ് ജനങ്ങളില്‍ സത്യവിശ്വാസികളോട് ഏറ്റവും കൂടുതല്‍ സൗഹൃദമുള്ളവര്‍ എന്നും നിങ്ങള്‍ക്ക് കാണാം. അവരില്‍ മതപണ്ഡിതന്മാരും സന്യാസികളും ഉണ്ടെന്നതും അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിനു കാരണം.
അടുത്ത സൂക്തം ഇങ്ങനെ വായിക്കാം,
റസൂലിന് അവതരിപ്പിക്കപ്പെട്ടത് അവര്‍ കേട്ടാല്‍ സത്യം മനസ്സിലാക്കിയതിന്റെ ഫലമായി അവരുടെ കണ്ണുകളില്‍നിന്ന് കണ്ണുനീരൊഴുകുന്നത് കാണാം. അവര്‍ പറയും ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ സത്യസാക്ഷികളോടൊപ്പം ഞങ്ങളേയും നീ രേഖപ്പെടുത്തണേ,
ഞങ്ങളുടെ രക്ഷിതാവ് സജ്ജനങ്ങളോടൊപ്പം ഞങ്ങളെ പ്രവേശിപ്പിക്കുവാന്‍ ഞങ്ങള്‍ മോഹിച്ചുകൊണ്ടിരിക്കെ, ഞങ്ങള്‍ക്കെങ്ങനെ അല്ലാഹുവിലും ഞങ്ങള്‍ക്ക് വന്നുകിട്ടിയ സത്യത്തിലും വിശ്വസിക്കാതിരിക്കാന്‍ കഴിയും?
മേല്പറഞ്ഞ സൂക്തങ്ങള്‍ ഹബ്ശയിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചാണ്. ഖതാദ(റ) പറയുന്നു: അവര്‍ ഈസാനബിയിലും അവിടുത്തെ യഥാര്‍ത്ഥ ശരീഅതിലും വിശ്വസിക്കുന്നവരായിരുന്നു. നബി(സ)യെ നിയോഗിച്ചപ്പോള്‍ അവര്‍ വിശ്വസിച്ചു. അംഗീകരിച്ചു.” ഹബ്ശയിലെ രാജാവ് നജ്ജാശി സ്വഹാബത്തിനോട് ഈസാനബിയെക്കുറിച്ചും മര്‍യം(റ)യെക്കുറിച്ചും ആരായുന്നു. ജഅ്ഫറുബ്നു അബീത്വലിബ്(റ) ഈസാനബിയുടെ ആത്മാവിനെ മര്‍യമിലേക്ക് പകര്‍ന്നുവെന്നും ഈസ(അ) റസൂലും അല്ലാഹുവിന്റെ അടിമയാണെന്നും പറഞ്ഞു. പിന്നീട് അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് സൂറതു മര്‍യം പാരായണം ചെയ്തു. അവര്‍ വിശ്വസിച്ചു. ഈ സംഭവമാണ് ഈ ആയത്തുകളുടെ അവതരണ കാരണമെന്ന് മുഫസ്സിറുകള്‍ രേഖപ്പെടുത്തുന്നുണ്ട്.
ഇതില്‍ നിന്നും ഏകദൈവവിശ്വാസികളായ, ഈസാ(അ)ന്റെ യഥാര്‍ത്ഥ ശരീഅത് അംഗീകരിക്കുന്ന വിഭാഗങ്ങളുണ്ടായിരുന്നുവെന്ന് വ്യക്തമാവുന്നു.
പ്രാചീന ഏകദൈവ വിശ്വാസികളായ ക്രിസ്ത്യാനികള്‍
1- യൂനിറ്റേറിയന്‍ ക്രിസ്ത്യന്‍സ്
2- ഇബിയോണെറ്റ്സ്
3- കാര്‍വോ ക്രേറ്റ്സ്
4- ക്രിസ്റ്റാഡെല്ഷിയന്സ്
5- പോളിഷ് ബ്രദറ
6- സോസിണിയനിസം
7- ഡോസെറ്റിസം
8- സിലോന്ത്രോപിസം
9- യഹോവസാക്ഷികള്‍
10- നസ്വാറാക്കള്‍
സാലിം ആമപ്പൊയില്‍