അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഒരു പ്രത്യേക വിഭാഗമാണ് ജിന്നുകള്‍. മനുഷ്യരെ പോലെ വിവേകികളാണിവര്‍. ജിന്നുകളുടെ അസ്തിത്വം ഖുര്‍ആനും ഹദീസും കൊണ്ട് സ്ഥിരപ്പെട്ടതാണ്. മുഅ്തസിലുകളില്‍ ഭൂരിപക്ഷവും ചില ഫിലോസഫേര്‍സും അജ്ഞരായ മറ്റു ചിലരും ഒഴികെ എല്ലാ പണ്ഡിതന്മാരും ജിന്നുവര്‍ഗത്തെ അംഗീകരിക്കുന്നുണ്ട്.
അല്ലാഹു പറയുന്നു: എന്നെ ആരാധിക്കുന്നതിനു വേണ്ടിയല്ലാതെ മനുഷ്യ-ജിന്നു വര്‍ഗങ്ങളെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല (അദ്ദാരിയാത്ത്: 56). നബി(സ്വ) പറയുന്നു: ”എല്ലുകൊണ്ട് ശൗച്യം ചെയ്യരുത്. കാരണം അത് ജിന്നുകളില്‍പെട്ട നിങ്ങളുടെ സഹോദരങ്ങളുടെ ആഹാരമാണ്.” ഇങ്ങനെ ഒട്ടേറെ ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും ജിന്നുകളുടെ അസ്തിത്വം സ്ഥിരീകരിക്കുന്നുണ്ട്.
ജിന്ന്, ജാന്ന്, ജിന്നിയ്യ എന്നീ സംജ്ഞകള്‍ ഈ വര്‍ഗത്തിന് ഉപയോഗിച്ചുവരുന്നു. ‘മറഞ്ഞു’ എന്നര്‍ത്ഥം വരുന്ന ‘ജന്ന’ എന്ന ധാതുവില്‍ നിന്നാണ് ഇവയുടെയെല്ലാം ഉത്ഭവം. മനുഷ്യന്റെ ബാഹ്യ നേത്രങ്ങള്‍ക്ക് അദൃശ്യമായതിനാലാണ് ‘ജിന്ന്’ എന്ന് പ്രയോഗിച്ചതെന്ന് ഇബ്നുഉഖൈല് പറയുന്നുണ്ട്. ഇതിനാലാവണം, ശരീരത്തെ കാക്കുന്ന പരിചക്ക് ‘ജന്ന്’ എന്നും ബുദ്ധിയെ മറക്കുന്ന (ഭ്രാന്തിന് ‘ജുനൂന്’ എന്നും പറയുന്നത്. മക്കള്‍ക്കും ഇതേ അര്‍ത്ഥത്തില്‍ ‘ജിന്ന്’ എന്ന് പ്രയോഗിക്കാറുണ്ട്. അല്ലാഹുവില്‍ വിശ്വസിച്ച വിഭാഗത്തിനാണ് സാധാരണയായി ജിന്ന് എന്ന് പറയാറ് (അല്കൗകബുല് അജജ്). എന്നാല്‍ ‘അകന്നു’ എന്നര്‍ത്ഥമുള്ള ‘ശത്വന്’ ധാതുവില്‍ നിന്നുള്ള ശൈത്വാന്, ജിന്ന് വര്‍ഗത്തില്‍ പെട്ട അവിശ്വാസികള്‍ക്കാണ് പ്രയോഗിക്കാറ്. ജിന്നും ശൈതാനും (പിശാചും) ഒരേ വര്ഗമാണെന്നാണ് പ്രബലാഭിപ്രായം. അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് അകന്നതിനാലാണ് ഈ പ്രയോഗം. ഇവരില്‍ നിന്നു തന്നെ ശക്തിയുള്ളവരെ ഇഫ്രീത്ത് എന്നും വിളിക്കും.
അബ്ലസ് എന്ന പദത്തില്‍ നിന്നാണ് ഇബ്ലീസ് എന്ന പ്രയോഗം വന്നത്. അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് നിരാശനായി എന്നാണര്‍ത്ഥം. ഇവര്‍ ജിന്നോ-മലക്കോ എന്ന വിഷയത്തില്‍ അഭിപ്രായാന്തരമുണ്ട്. ജിന്ന് എന്നതാണ് പ്രബലം.
ജിന്ന് എന്ന പദം വിശുദ്ധ ഖുര്‍ആനില്‍ നാല്പതോളം സ്ഥലങ്ങളിലുണ്ട്. പതിനൊന്ന് സ്ഥലങ്ങളില്‍ ‘ഇബ്ലീസ്’ എന്ന പദവും ഒരു സ്ഥലത്ത് ‘ഇഫ്രീത്തും’ പ്രയോഗിച്ചിട്ടുണ്ട്. ജിന്നുകളുടെ സൃഷ്ടിപ്പ്, ആരാധന, വിവാഹം, സന്താനോല്പാദനം, മരണം, സ്വര്‍ഗപ്രവേശനം തുടങ്ങി ജിന്നുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങള്‍ ഖുര്‍ആനില്‍ പ്രതിപാദിക്കുന്നുണ്ട്.
മനുഷ്യ സൃഷ്ടിപ്പിന് മുമ്പ് തന്നെ തീയില്‍ നിന്ന് ജിന്നുകളെ സൃഷ്ടിച്ചുവെന്ന് ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. ”തീര്‍ച്ചയായും നാം മുട്ടിയാല്‍ ശബ്ദിക്കുന്ന മൃദുലമായ കളിമണ്ണില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ചു. അതിനു മുമ്പു ഞാന്‍ ജിന്നുകളെ അതികഠിനമായ ചൂടുള്ള അഗ്നിജ്വാലയില്‍ നിന്നും സൃഷ്ടിച്ചു. (അല്ഹിജ്ര്: 26,27). ഒരു ഹദീസില്‍ ഇബ്നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു: മനുഷ്യനെ പടക്കുന്നതിന്റെ 2000 വര്‍ഷങ്ങള്‍ക്കപ്പുറം ഭൂമിയില്‍ ജിന്നുകളുണ്ടായിരുന്നു. രക്തചൊരിച്ചിലുണ്ടാക്കിയതിനെ തുടര്‍ന്ന് അവരെ ഒതുക്കാനും ദ്വീപുകളിലേക്ക് അകറ്റാനുമായി മലക്കുകളെ നിയോഗിച്ചു. അതിനാലാണ് സൂറതുല്‍ ബഖറ 30-ാം സൂക്തത്തില്‍ അല്ലാഹു ‘ഞാന്‍ മനുഷ്യനെ ഭൂമിയില്‍ നിയോഗിക്കുന്നു’ വെന്ന് പറഞ്ഞപ്പോള്‍ മലക്കുകള്‍ ‘ഇവിടെ കുഴപ്പങ്ങളുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്ന വിഭാഗത്തെയാണോ എന്ന് ചോദിച്ചത് (അല്‍ഹാകിം).
തീ കൊണ്ടു സൃഷ്ടിക്കപ്പെട്ടതിനാല്‍ ജിന്നുകള്‍ സ്പര്‍ശിച്ചാല്‍ കരിയുകയില്ലേ? നരകാഗ്നി അവര്‍ക്കെങ്ങനെ ശിക്ഷയാകും? എന്ന ചോദ്യങ്ങള്‍ അപ്രസക്തമാണ്. കളിമണ്ണ് കൊണ്ട് സൃഷ്ടിച്ചു മനുഷ്യനെ മണ്‍കട്ട കൊണ്ട് ആക്രമിക്കുമ്പോള്‍ വേദന അനുഭവിക്കുന്നു. ഇപ്രകാരമാണ് ജിന്നുകളുടെ അവസ്ഥ.
ജിന്നുകള്‍ പദാര്‍ത്ഥ രൂപം പ്രാപിച്ചാല്‍ മാത്രമേ അവരെ നമുക്ക് കാണാനാവൂ. മലക്കുകള്‍ക്ക് വിഭിന്നമായി വിരൂപിയായ പാനു, കറുത്ത നാമം തുടങ്ങിയ രൂപത്തിലാണ് അവര്‍ മിക്കവാറും പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ മലക്കുകള്‍ വശ്യമായ രൂപങ്ങള്‍ തെരെഞ്ഞെടുക്കുന്നു. ജിന്നുകള്‍ക്ക് മനുഷ്യരൂപം മാത്രമേ പ്രാപിക്കാന്‍ കഴിയുകയൊള്ളൂ. ഖുറൈശികള്‍ ബദ്റിലേക്ക് പുറപ്പെടാനൊരുങ്ങിയപ്പോള്‍ ശൈത്വാന് സുറാഖതുബ്നു മാലിഖിന്റെ രൂപത്തില്‍ വന്നു സംസാരിച്ചത് പ്രസ്താവ്യമാണ്. വിശുദ്ധ ഖുര്‍ആന്‍ സൂറതുല്‍ അന്ഫാലില് ഇത് വിവരിക്കുന്നുണ്ട്. ദാറുന്നദ്വയില് നബി(സ്വ)ക്കെതിരില്‍ ഖുറൈശികള്‍ കൂടിയാലോചന നടത്തിയ സമയത്ത് നജ്ദിലെ ശൈഖിന്റെ രൂപത്തിന്റെ പിശാച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
എല്ലാ ജീവികളും പരസ്പരം ആശയവിനിമയം നടത്തുന്നവരാണ്. ജിന്നുകള്‍ അവരുടെ ഭാഷയില്‍ സംഭാഷണം നടത്തുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അല്ലാഹു പറയുന്നു: ”നബിയെ പറയുക, ജിന്നുകളില്‍ നിന്ന് ഒരു സംഘം ഖുര്‍ആന്‍ ശ്രദ്ധിച്ചുകേട്ടു എന്ന് എനിക്ക് ദിവ്യജ്ഞാനം നല്കപ്പെട്ടിരിക്കുന്നു. അവര്‍ (ജിന്നുകളില്‍ ചിലര്‍ മറ്റുള്ളവരോട്) പറഞ്ഞു. ഞങ്ങള്‍ അത്ഭുതകരമായ ഖുര്‍ആന്‍ കേട്ടു. അതു സന്മാര്‍ഗത്തിലേക്കു നയിക്കും. ഞങ്ങള്‍ അതില്‍ വിശ്വസിച്ചിരിക്കുന്നു. ഇനിയൊരിക്കലും ഞങ്ങളുടെ രക്ഷിതാവില്‍ മറ്റാരെയും പങ്കു ചേര്‍ക്കുകയില്ല (സൂറതുല്‍ ജിന്ന്). ജിന്നുകള്‍ പരസ്പരം സംഭാഷണം നടത്തുന്നു എന്നതിന് ഈ സൂക്തം തെളിവുനല്കുന്നു. സൂറത്തുന്നംലിലെ ജിന്നുകളില്‍ പെട്ട ഒരു ഇഫ്രീത് (സുലൈമാന്‍ നബിയോട്) പറഞ്ഞു: എന്ന സൂക്തം ജിന്നുകള്‍ മനുഷ്യരുമായും സംസാരിച്ചുവെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ സാധാരണ മനുഷ്യന്റെ പരിമിതമായ അറിവില്‍ അവരുടെ ഭാഷ ഗ്രാഹ്യമാവണമെന്നില്ല. സുലൈമാന്‍ നബി(അ)മിനു പക്ഷികളുടെ ഭാഷ പഠിപ്പിച്ചുവെന്നും ഉറുമ്പ് സംസാരിച്ചതായും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.
മതവിധികള്‍ ജിന്നുകള്‍ക്ക് ബാധകമാണെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. ഗ്രാഹ്യശക്തിയും വിവേകവുമുള്ളവര്‍ക്ക് മനുഷ്യരെ പോലെ മതവിധികള്‍ ബാധകമാണെന്ന് പണ്ഡിതന്മാര് ഏകോപിച്ചതായി ഇമാം റാസി(റ) ഉദ്ധരിക്കുന്നു. അല്ലാഹു പറയുന്നു: ”മനുഷ്യ-ജിന്നു വര്‍ഗത്തെ എന്നെ ആരാധിക്കുന്നതിനു വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല” (അദ്ദാരിയാത്ത്: 56).
”ഓ, മനുഷ്യ-ജിന്ന് സമൂഹമേ! നിങ്ങള്‍ക്ക് വിവരിച്ചുതരാന്‍ വേണ്ടി നിങ്ങളില്‍ നിന്നു പ്രവാചകന്മാരെ ഞാന്‍ അയച്ചില്ലയോ? എന്നാല്‍ ജിന്നുകള്‍ക്ക് അവരില്‍ നിന്നുതന്നെ നബിയെയും റസൂലിനെയും അയച്ചിട്ടില്ല എന്നതാണ് മുന്‍ഗാമികളുടെയും പിന്‍ഗാമികളുടെയും അഭിപ്രായമെന്ന് സുയൂഥി ഇമാം പറയുന്നു. നബി(സ്വ) പറഞ്ഞു: ”ഞാന്‍ മനുഷ്യ-ജിന്നു വര്‍ഗങ്ങള്‍ക്കും അറബിക്കും അനറബിക്കും വേണ്ടി നിയുക്തനാണ്”. ഇതുകൊണ്ടു തന്നെയാണ് ഖുര്‍ആനിന്റെ വെല്ലുവിളിയില്‍ ജിന്നുകളും ഉള്‍പ്പെട്ടത്. മാത്രമല്ല, അഹ്ഖാഫ് സൂറതില്‍ ഖുര്‍ആന്‍ കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്ത ജിന്നുസംഘത്തെ പ്രതിപാദിക്കുന്നുമുണ്ട്.
മനുഷ്യരിലെന്ന പോലെ ജിന്നു വര്‍ഗത്തിലും സദ്വൃത്തരും ദുര്നടപ്പുകാരുമുണ്ടെന്ന് ഖുര്‍ആന്‍ വെളിപ്പെടുത്തുന്നുണ്ട്. നന്മയില് പൂര്‍ണത കൈവരിച്ചവരും താഴെ തട്ടിലുള്ളവരും സത്യനിഷേധികളും ഇവരിലുണ്ട്. ഖുര്‍ആന്‍ ശ്രവിച്ച ജിന്നുകള്‍ പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ”നിശ്ചയം, ഞങ്ങളില്‍ സദ്വൃത്തരും താഴെ തട്ടിലുള്ളവരുമുണ്ട്” മറ്റൊരു സൂക്തത്തില്‍ അല്ലാഹു അവരെ സംബന്ധിച്ചു പറയുന്നു: ”നിശ്ചയം ഞങ്ങളില്‍ അനുസരണശാലികളും ദുര്മാര്ഗികളുമുണ്ട്. അനുസരണശാലികള് ആരോ അവര്‍ നേര്‍വഴി സ്വീകരിച്ചവരായി. അക്രമം പ്രവര്‍ത്തിച്ചവര്‍ നരകാഗ്നിയുടെ വിറകുകളാവുന്നതാണ്” സത്യവിശ്വാസികളായ ജിന്നുകള്‍ നബി(സ്വ)യുടെ ശരീഅത്തിനനുസരിച്ച് ഇബാദതനുഷ്ഠിക്കുന്നവരാണ്. മക്കയില്‍ വെച്ച് രണ്ട് തവണ നബി(സ്വ)യെ ജിന്നുകള്‍ സന്ദര്‍ശിച്ചതു മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. എന്നാല്‍ ഇതൊന്നും ജിന്നുകള്‍ക്ക് ശരീഅത് ബാധകമല്ല എന്നതിന് തെളിവല്ല. കാരണം ഖുര്‍ആനും ജിന്നിനെ സംബന്ധിച്ച് പറയുന്നത് കാണുക ”നിശ്ചയം നിങ്ങള്‍ അവരെ കണ്ടില്ലെങ്കിലും അവര്‍ നിങ്ങളെ കാണും” അതിനാല്‍ നബി(സ്വ) തങ്ങള്‍ക്ക് ജിന്നുകളെ അല്ലാഹു നല്കിയ കഴിവു കൊണ്ട് കാണാനും സ്വഹാബാക്കള്‍ കാണാതിരിക്കാനും സാധ്യതയുണ്ട്. ”പള്ളികള്‍ അല്ലാഹുവിന്റേതാണ്” എന്ന ആയതിന്റെ അവതരണ പശ്ചാത്തലം പറയുന്നിടത്ത് ജിന്ന് നബി(സ്വ)യോടൊപ്പം നിസ്കരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതായി കാണാം. ഇത്തരത്തില്‍ ഖുര്‍ആന്‍ ജിന്നുകളുടെ അരാധനയെപ്പറ്റി പറയുന്നുണ്ട്.
ഇണയില്ലാത്ത ജീവിതം ഏതു വര്‍ഗത്തിനും പ്രായോഗികമല്ല. ”എല്ലാ വസ്തുക്കളില്‍ നിന്നും ഇണകളെ നാം സൃഷ്ടിച്ചു. നിങ്ങള്‍ പാഠമുള്‍ക്കൊള്ളാന്‍ വേണ്ടി” എന്നു വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. മനുഷ്യരെ പോലെ ജിന്നുകളും വിവാഹിതരാവുകയും സന്താനോല്പാദനം നടത്തുകയും ചെയ്യുന്നവരാണ്. അവര്‍ക്ക് മുമ്പ് ആ സ്ത്രീകളെ (ഹൂറുകള്‍) മനുഷ്യനോ ജിന്നോ സ്പര്‍ശിച്ചിട്ടില്ല. (സംഭോഗം ചെയ്തിട്ടില്ല) (അര്റഹ്മാന്: 59).
”നിങ്ങള്‍ അവനെയും സന്തതികളെയും എന്നെക്കൂടാതെ സഹായികളാക്കി വെറുക്കുകയാണോ? അവന് നിങ്ങള്‍ക്ക് ശത്രുവായിരിക്കെ” (അല്‍കഹ്ഫ്: 50). മേല്‍സൂക്തങ്ങള്‍ ജിന്നുകള്‍ വിവാഹിതരാവുകയും സന്താനങ്ങളുണ്ടാവുകയും ചെയ്യുന്നു എന്ന് സൂചിപ്പിക്കുന്നു.
മനുഷ്യനും ജിന്നും തമ്മില്‍ സന്താനോല്പാദനം സംഭവ്യമാണെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിലെ ‘നിങ്ങള്‍ സന്തോഷമായി തോന്നുന്ന നിസാഇല്‍ നിന്ന് നിങ്ങള്‍ വിവാഹം ചെയ്യുക” എന്ന സൂക്തത്തിലെ ‘നിസാഅ്’ എന്ന പദം മനുഷ്യസ്ത്രീയെയാണ് സൂചിപ്പിക്കുന്നതെന്നാണ് ശാഫിഈ മദ്ഹബ് പറയുന്നു. അതിനാല്‍ മനുഷ്യ-ജിന്നു വിവാഹം അനുവദനീയമല്ലെന്ന് പ്രസ്താവിക്കുന്നു. പ്രസ്തുത വിവാഹം നബി(സ്വ) വിരോധിച്ചതായി ജരീര്‍(റ)ല്‍ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഹദീസില്‍ കാണാം. ചുരുക്കത്തില്‍ ജിന്നിനെ വിവാഹം കഴിക്കുന്നത് നബി(സ്വ) വിരോധിക്കുകയും അനുവദനീയമല്ലെന്ന് ഫുഖഹാഅ് വ്യക്തമാക്കുകയും ചെയ്തു. ഇതെല്ലാം ഈ വിവാഹം സാധ്യതയുള്ളതിനു തെളിവാണ്. കാരണം സാധ്യത ഇല്ലാത്ത കാര്യത്തെക്കുറിച്ച് പണ്ഡിതന്മാര് അനുവദനീയമാണോ അല്ലേ എന്നു വിധി പറയാറില്ല.
ജിന്നുകള്‍ക്ക് മനുഷ്യരേക്കാള്‍ വേഗതയില്‍ സഞ്ചരിക്കാനും മറ്റു കഴിവുകളുമുണ്ടെങ്കിലും അന്തരീക്ഷത്തിലെ നിശ്ചിത അതിര്‍ത്തി വിട്ടുകടക്കാന്‍ കഴിയില്ലെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. ”മനുഷ്യ ജിന്ന് സമൂഹമേ, ഭുവന-വാനങ്ങളുടെ വൃത്തങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ പോയികൊള്ളുക. ഒരു ആധിപത്യ ശേഷിയുണ്ടായിട്ടു മാത്രമേ നിങ്ങള്‍ക്ക് പോകാനാകൂ… (അര്റഹ്മാന്: 33) മാത്രമല്ല, മലക്കുകളില്‍ നിന്ന് വിവരങ്ങള്‍ കട്ട് കേള്‍ക്കുന്ന ജിന്നുകളെ ആകാശം തടഞ്ഞുവെക്കുകയും തീനാളം കൊണ്ട് എറിയുമെന്നും ഖുര്‍ആന്‍ പറയുന്നു. അല്ലാഹു പറയുന്നു: ”നിശ്ചയം, സമീപവാനത്തെ താരഭംഗിയില് നാം അലങ്കരിക്കുകയും ധിക്കാരികളായ സര്‍വ ചെകുത്താന്മാരില് നിന്നും സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു. മാത്രമല്ല, ജിന്നുകള്‍ക്ക് പ്രവാചകന്മാര്ക്കുള്ള അമാനുഷിക കഴിവുകള്‍ കൊണ്ടുവരാന്‍ കഴിയില്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അല്ലാഹു പറയുന്നു: ”നബിയേ പറയുക, ജിന്നു വര്‍ഗവും മനുഷ്യവര്‍ഗവും ഖുര്‍ആനിനു സമാനമായത് കൊണ്ടുവരാന്‍ ശ്രമിച്ചാലും നിങ്ങള്‍ക്ക് കൊണ്ടുവരാന്‍ സാധ്യമല്ല. നിങ്ങള്‍ പരസ്പരം സഹായികളായാലും ശരി.”
പിശാച് മനുഷ്യരെ പിഴപ്പിക്കുമോ? മനുഷ്യരെ ദുര്‍മാര്‍ഗം കൊണ്ട് കല്പിക്കുകയും അതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുമെന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. അല്ലാഹു പറയുന്നു: ”പിശാച് ദാരിദ്ര്യത്തെ നിങ്ങള്‍ക്ക് നല്‍കുകയും തിന്മ കല്പിക്കുകയും ചെയ്യും” എന്നാല്‍ സദ്വൃത്തര്ക്കു മേല്‍ തിന്മ കൊണ്ടു കല്പിക്കാനുള്ള അധികാരം പിശാചിനില്ലെന്നാണ് ഖുര്‍ആനികാധ്യാപനം. പലയിടങ്ങളിലായി ഖുര്‍ആന്‍ ഇത് പ്രഖ്യാപിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ”നിശ്ചയം, സദ്വൃത്തരായ എന്റെ അടിമകളുടെ മേല്‍ നിനക്ക് (പിശാച്) ഒരു അധികാരവുമില്ല.”
തിന്മ കൊണ്ട് പ്രേരിപ്പിക്കും പ്രകാരം ജിന്നുകള്‍ക്ക് മനുഷ്യ ശരീരത്തില്‍ കടന്നുകൂടി രോഗമുണ്ടാക്കാനുള്ള കഴിവുണ്ടെന്ന് ഖുര്‍ആന്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. പലിശ തിന്നവര്‍ പിശാച് ബാധയേറ്റു വീണവര്‍ എഴുന്നേല്ക്കുന്നതു പോലെയല്ലാതെ എഴുന്നേല്‍ക്കില്ല” എന്ന ഖുര്‍ആന്‍ വചനം മനുഷ്യ ശരീരത്തില്‍ ജിന്നുകള്‍ പ്രവേശിക്കാന്‍ കഴിയുമെന്നതിന് തെളിവാണെന്ന് അബുല്‍ഹസനുല്‍ അശ്അരി(റ) അഭിപ്രായപ്പെടുന്നു. മാത്രമല്ല, ഈ സൂക്തം മനുഷ്യനു പിശാചു ബാധ ഏല്ക്കുമെന്നതിനു വ്യക്തമായ തെളിവാണെന്ന ഇബ്നുതൈമിയ്യയും പ്രസ്താവിച്ചിട്ടുണ്ട്.
ജിന്നുകള്‍ക്ക് അദൃശ്യജ്ഞാനം അറിയുമോ? അറിയില്ലെന്നതാണ് സത്യം. സാധാരണ മനുഷ്യര്‍ക്ക് അദൃശ്യം അറിയാത്തപോലെ ജിന്നുകളും അറിയുകയില്ല. വിശുദ്ധ ഖുര്‍ആന്‍ ഇതു വ്യക്തമാക്കുന്നു. ”പിന്നെ നാം സുലൈമാന്‍ നബിയില്‍ മരണം വിധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വടി തിന്നുകൊണ്ടിരുന്ന ചിതലുകളല്ലാതെ യാതൊരു വസ്തുവും മരണത്തെക്കുറിച്ച് അറിയിച്ചുകൊടുത്തില്ല. അങ്ങനെ സുലൈമാന്‍ നബി നിലം പതിച്ചപ്പോള്‍ തങ്ങള്‍ അദൃശ്യകാര്യങ്ങള്‍ അറിയുന്നവരായിരുന്നുവെങ്കില്‍ നിന്ദ്യമായ ഈ ശിക്ഷയില്‍ അകപ്പെടുമായിരുന്നില്ലെന്നു ജിന്നുകള്‍ക്കു ബോധ്യമായി. എന്നാല്‍ നബി, റസൂല്‍, വലിയ്യ് തുടങ്ങിയവര്‍ക്ക് അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കില്‍ അദൃശ്യം അറിയിച്ചുകൊടുക്കുമെന്നു ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഇതുപോലെ, അല്ലാഹുവിന്റെ ഇഷ്ടദാസനായ ജിന്നിനും അദൃശ്യം അറിയിച്ചുകൊടുക്കുമെന്നു വിശ്വസിക്കാം.
മനുഷ്യരെ പോലെ ജിന്നുകള്ക്കും മരണമുണ്ടെന്നാണ് പ്രബലം. ഖുര്‍ആന്‍ അത് വ്യക്തമാക്കുന്നു. ”നിങ്ങള്‍ക്കു മുമ്പ് ജിന്നു-മനുഷ്യ വര്‍ഗത്തില്‍ നിന്ന് പലരും കഴിഞ്ഞുപോയിട്ടുണ്ട്.” മനുഷ്യ വര്‍ഗം മഅ്ശറയില്‍ ഒരുമിച്ചുകൂടുന്നതു പോലെ ജിന്നു വര്‍ഗവും സംഗമിക്കുമെന്നാണ് ഖുര്‍ആനിക വചനം അറിയിക്കുന്നത്. ‘നിങ്ങളെ മുഴുവനും ഒരുമിച്ചുകൂട്ടുന്ന ദിവസം’ എന്ന ഖുര്‍ആന്‍ സൂക്തം വിശദീകരിച്ചുകൊണ്ട് ഇബ്നുഅബ്ബാസ്(റ) പറയുന്നു. ഇക്കൂട്ടരില്‍ ജിന്നു വര്‍ഗവും മനുഷ്യ വര്‍ഗവും ഉള്‍പ്പെടും. മാത്രമല്ല, അന്ത്യനാളില്‍ നന്മ തിന്മകള്ക്ക് പ്രതിഫലം നല്കപ്പെടുമെന്ന് ഖുര്‍ആനികാടിസ്ഥാനത്തില്‍ പണ്ഡിതന്മാര് തെളിയിക്കുന്നുണ്ട്. അനുസരണശാലികള് നേര്‍വഴി സിദ്ധിച്ചവരും അധര്‍മ്മകാരികള്‍ നരകാഗ്നിക്ക് ഇന്ധനവുമാണെന്ന് ഖുര്‍ആനിക വചനം ഇതിന് ശക്തി പകരുന്നുണ്ട്. എന്നാല്‍ ദുര്‍മാര്‍ഗികള്‍ക്ക് ശിക്ഷ ലഭിക്കുമെന്നതില്‍ പണ്ഡിതന്മാര്ക്ക് എതിരഭിപ്രായമില്ല. കാരണം ഖുര്‍ആന്‍ വ്യക്തമായി ഇത് പ്രഖ്യാപിച്ചിട്ടുണ്ട്.
സദ്വൃത്തരായ ജിന്നു വര്‍ഗം സ്വര്‍ഗത്തില്‍ പ്രവേശിക്കുമോ എന്നതില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം പണ്ഡിതന്മാരും കടക്കുമെന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. ”ആകാശ ഭൂമിയോളം വിശാലമായ സ്വര്‍ഗം സൂക്ഷ്മശാലികള്‍ക്ക് തയ്യാറാക്കപ്പെട്ടിരിക്കുന്നു” ”തഖ്വയുള്ളവര്‍ക്ക്, സ്വര്‍ഗം തയ്യാറാക്കിയിരിക്കുന്നു” തുടങ്ങി ഖുര്‍ആനിക സൂക്തങ്ങളിലെ വ്യാപകാര്‍ത്ഥത്തെ ഈ പണ്ഡിതന്മാര് അവലംബമാക്കിയിട്ടുണ്ട്.
ഉവൈസ് നടുവട്ടം