ഇന്ത്യയുടെ ഏറ്റവും വലിയ ശാപമാണ് ജാതീയത. മനുഷ്യനെ ഉന്നതനെന്നും നീചനെന്നും തരംതിരിക്കുന്ന ഈ സമ്പ്രദായത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ ഇന്നും ഇതു തുടരുന്നു. ഇന്ത്യയില്‍ ഹിന്ദു വിഭാഗത്തിലാണ് ക്രൂരമായ ജാതി സമ്പ്രദായം നിലനില്‍ക്കുന്നത്. മനുഷ്യന് നിറത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ഏറ്റവും മൃഗീയമായി ആക്രമിക്കപ്പെട്ടത് ആഫ്രിക്കയില്‍ ആണെന്നാണ് ചരിത്രം. പക്ഷേ ആഫ്രിക്കയിലുണ്ടായിരുന്ന തിനേക്കാള്‍ ശക്തമായ ജാതി പീഡനങ്ങള്‍ ഇന്ത്യയിലും കേരളത്തിലും അരങ്ങേറി എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. എട്ടാം നൂറ്റാണ്ടില്‍ അധികാരം നഷ്ടപ്പെട്ട ബ്രാഹ്മണ വിഭാഗം ഇന്ത്യയുടെ പലഭാഗങ്ങളില്‍ കുടിയേറുകയും അവിടവിടങ്ങളില്‍ അധികം അധികാരം സ്ഥാപിക്കുകയും ചെയ്തു. കേരളത്തിന്റെ 64 ഗ്രാമങ്ങളുടെ ചരിത്രത്തില്‍ ഇത്തരത്തില്‍ ബ്രാഹ്മണ കയ്യേറ്റങ്ങളുടെ ചരിത്രമുണ്ടെന്നത് പലരും എഴുതിവച്ചിട്ടുണ്ട്. ബ്രാഹ്മണര്‍ സമ്പന്നരും തൊലിവെളുത്ത വരുമായിരുന്നു. എത്തിയ ഇടങ്ങളിലെല്ലാം ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. നാടിന്റെ എല്ലാ വഴികളും വരുമാനങ്ങളും ക്ഷേത്ര കേന്ദ്രമാക്കി അവര്‍ പ്രമാണിമാരായി വാണുകൊണ്ടിരുന്നു. നാട്ടിലെ ആചാര അനുഷ്ടാന കര്‍മ്മങ്ങളുടെ കാര്‍മികത്വം ഇവരിലെത്തി. ഹിന്ദുയിസത്തില്‍ ക്ഷേത്രസമ്പ്രദായം തന്നെ ഉണ്ടായിരുന്നില്ലല്ലോ. ഇത് വ്യവസ്ഥ വല്ക്കരിക്കപ്പെട്ടു. വേദഗ്രന്ഥങ്ങളെ ഈ വ്യവസ്ഥയ്ക്ക് വേണ്ടി നിര്‍മ്മിക്കുകയും ന്യായീകരിക്കുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട ആത്മീയ ചൂഷണം കൂടിയാണിത്.
സ്മൃതികളില്‍ പറഞ്ഞ ചാതുര്‍വര്‍ണ്യത്തിന്റെ പ്രായോഗിക രൂപമായിട്ടാണ് ഈ സംവിധാനം വ്യാഖ്യാനിക്കപ്പെട്ടത്. ഭരിക്കാന്‍ ബ്രാഹ്മണര്‍. സുരക്ഷാകാര്യങ്ങള്‍ക്ക് ക്ഷത്രിയര്‍. സേവകരായും കച്ചവടക്കാരായും വൈശ്യര്‍. നാലാമത്തെ വിഭാഗമാണ് ശൂദ്രര്‍. ആര്‍ക്കും വേണ്ടാത്ത വരാണിവര്‍. ബ്രഹ്മാവിന്റെ പാദത്തില്‍ നിന്ന് പിറന്നവനാണെന്ന് കരുതപ്പെടുന്ന ഇവരെ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ദൃഷ്ടിയില് പെട്ടു കൂടായ്മയും ചാര്‍ത്തി ജീവിതത്തിന്റെ പുറമ്പോക്കിലിട്ട് ചതച്ചരച്ചു. അക്ഷരം പഠിച്ചാല്‍ കാതില്‍ ഈയം ഉരുക്കി ഒഴിക്കുന്ന ശിക്ഷ കണക്കാക്കി. ജന്മം കൊണ്ടാണ് മനുഷ്യന് സവര്‍ണനും അവര്‍ണനും ആകുന്നതെന്ന് ഹൈന്ദവദര്‍ശനം കരുതുന്നു. വര്‍ണ്ണത്തിനു പുറത്തുള്ളവന്‍ എന്നര്‍ത്ഥത്തില്‍ അവര്ണന് എന്നാണ് കീഴാളരുടെ സ്വത്യം അടയാളപ്പെടുത്തിയിരിക്കുന്നത്. ലോകം സവര്ണരുടേതാണെന്ന് ഇവര്‍ കരുതുക കൂടി ചെയ്യുന്നിടത്താണ് വലിയ അപകടം ഉള്ളത്. ക്ഷേത്രങ്ങളും ക്ഷേത്ര വഴികളും വിദ്യാലയങ്ങളും വിജ്ഞാനവും സവര്‍ണര്‍ക്കു മാത്രമാണെന്ന് അവര്‍ വിശ്വസിച്ചു. സവര്‍ണരും അവര്‍ണരും ഒരുമിച്ച് നടക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. 60 അടി വരെ മാറി നിന്നു മാത്രമേ ‘പരിശുദ്ധ ബ്രാഹ്മണരെ’ നോക്കാവൂ കാണിവൂ എന്ന ചട്ടം ഉണ്ടാക്കി. ചട്ടം തെറ്റിച്ചാല്‍ മരണം വരെയുള്ള ഏത് ശിക്ഷയും ആകാം. ഇതിനെല്ലാം പിന്‍ബലമായി മനുസ്മൃതിയും മറ്റു സ്മൃതികളും ഉണ്ടെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. സവര്‍ണര്‍ക്കുവേണ്ടി കെട്ടിപ്പൂട്ടി എന്നതില്‍ കവിഞ്ഞൊന്നും ഇതില്‍ ഇല്ലെന്നാണ് സത്യം. അംബേദ്കര്‍ അടക്കം ചിലരൊക്കെ ഈ മനുസ്മൃതി കത്തിച്ചു കളഞ്ഞിട്ടുണ്ട്.
ജന്മി-കുടിയാന് വ്യവസ്ഥയും ഇതിന്റെ വേറൊരു വകഭേദം ആയിരുന്നു. തൊഴിലിന് മാത്രം വിധിക്കപ്പെട്ടവരായിരുന്നല്ലാ കുടിയാന്മാര്. അവരുടെ വാഴക്കുലകള്‍ ജന്മിമാര് വന്നു കെട്ടി കൊണ്ടു പോകുന്നു. പാടങ്ങളില്‍ കന്നുകള്കൊപ്പം കഴുത്തില്‍ നുകം വേണ്ടിവരുന്നു. പട്ടിണികിടന്ന് മരിക്കാനാണ് അവരുടെ നിയോഗം.
നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ജാതീയ നീതികേടിനെതിരെ മറുശബ്ദങ്ങള്‍ പൊങ്ങി തുടങ്ങിയത്. മറുശബ്ദത്തിന് കനം കൂടിക്കൂടി വന്നു. അംബേദ്ക്കര്‍, ഫുലേ, അയ്യങ്കാളി, ശ്രീനാരായണ ഗുരു തുടങ്ങിയവരാണ് ഈ നിരയില്‍ മുന്നിലുണ്ടായിരുന്നത്. ഗാന്ധിജി ചാതുര്‍വര്‍ണ്യ വിശ്വാസിയായിരുന്നു എങ്കിലും ജാതീയതയുടെ അരുതായ്മകള്‍ക്കെതിരെ ശബ്ദിച്ചുവത്രെ. വൈക്കം സത്യാഗ്രഹത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നല്ലോ.
ജാതിയതയുടെ മുറിപ്പാടുകള്‍ മാഞ്ഞിട്ടില്ല എന്നത് സത്യമാണ്. 47ലെ സ്വാതന്ത്ര്യത്തോടെ ചില മാറ്റങ്ങള്‍ ദൃശ്യമായിയെങ്കിലും ഹ്യുമനിസത്തിന്റെയും അതിസ്വാതന്ത്ര്യത്തിന്റെയും ഇക്കാലത്തുപോലും ജാതീയതയുടെ അറപ്പുളവാക്കുന്ന വാര്‍ത്തകള്‍ നമ്മള് കേട്ടുകൊണ്ടിരിക്കുന്നു. ഉന്നതകുലജാതനായ ഒരാളുടെ വീട്ടിലെ ബക്കറ്റ് തൊട്ടതിന് ഗര്‍ഭിണിയായ ഒരു ദലിത് സ്ത്രീ കൊല്ലപ്പെട്ടു. വാച്ച് ധരിച്ചെത്തിയ ദലിത് യുവാവിന്റെ കൈപ്പത്തി മുറിക്കപ്പെട്ടു. മുടി വളര്‍ത്തിയതിന് മുടി മുറിക്കപ്പെട്ടു. ആശുപത്രികളില്‍ ചികിത്സ തടയപ്പെടുന്നു. പൊതു ജോലി അവസരങ്ങള്‍ വരെ നിഷേധിക്കപ്പെടുന്നു. യു പി ഗ്രാമങ്ങളില്‍ മുഖ്യമന്ത്രി ആദിത്യനാഥ് സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി എല്ലാവര്ക്കും സോപ്പ് സൗജന്യമായി വിതരണം നടത്തിയിരുന്നു. ഇതിന്റെ അര്‍ത്ഥം പറയേണ്ടതില്ലല്ലോ.
കേരളത്തിലും സമാനമായ രംഗങ്ങള്‍ നിലനിന്നിരുന്നു. ഇസ്ലാമിലേക്കും കൃത്യം ക്രിസ്ത്യാനിസത്തിലേക്കും ഹിന്ദുമതത്തിലെ താഴ്ന്ന വിഭാഗമായി കണക്കാക്കപ്പെടുന്നവര്‍ പലരും മാര്‍ഗ്ഗം കൂടിയത് ഈ ജാതിയ ഭ്രാന്തില്‍ മനംമടുത്താണ്. ഇസ്ലാം അവര്‍ക്ക് മനുഷ്യ പരിഗണന കൊടുത്ത് കൂടെയിരുത്തി. കൂടെ ഭക്ഷിച്ചു. വെള്ളവും വസ്ത്രവും കൊടുത്തു. ജാതിഭേദമില്ല. വര്ണഭേദമില്ല. ഇസ്ലാം അവര്‍ക്ക് ഒരു തുണയായി. ഹിന്ദുയിസത്തിലെ ജാതീയത സഹിക്കാനാവാതെ ആണല്ലോ ബുദ്ധമതം വളര്‍ന്നത്. ജാതീയതയില്‍ തോറ്റ് ബദലുകള്‍ തേടുന്ന കീഴ്ജാതികക്ക് മുന്നില്‍ സവര്‍ണ്ണ ഹിന്ദുയിസം ഒരു പരാജയമാണ്. ഒരു പേടിയാണ്.
ജാതീയതയില്‍ തോറ്റ് തൊപ്പിയിട്ടവര്‍
എന്‍.ബി സിദ്ദീഖ് ബുഖാരി