ജറൂസലം എന്തുകൊണ്ടെ് ഇസ്രയേലിന്റെ തലസ്ഥാനമല്ല?

സെന തെഹ്ഹ, ഫര്‍ഹാന്‍ നജ്ജാര്‍

0
1576

ജറൂസലമിനെ ഇസ്രയേല്‍ തലസ്ഥാമെന്ന് വിശേഷിപ്പിച്ച് കഴിഞ്ഞ ഡിസംബര്‍ ആറിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്. ഇസ്രയേലിലെ അമേരിക്കന്‍ എംബസി അവിടേക്ക് മാറ്റാനുള്ള തിരക്കിട്ട ശ്രമങ്ങളും ഇതിനകം അമേരിക്ക ആരംഭിച്ചു കഴിഞ്ഞുവെന്നാണ് വാര്‍ത്ത.
1967ല്‍ സിറിയ, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുമായി നടന്ന യുദ്ധത്തിന്റെ അവസാനഘട്ടത്തിലാണല്ലോ കിഴക്കന്‍ ജറൂസലം ഇസ്രയേല്‍ നിയന്ത്രണത്തിലാവുന്നത്. വിശുദ്ധ നഗരത്തിന്റെ പടിഞ്ഞാറന്‍ പാതി 1944 ല്‍ തന്നെ ഇസ്രയേല്‍ അറബ്‌നാടുകളുമായുള്ള യുദ്ധത്തില്‍ കയ്യടക്കിയിരുന്നു. എന്നാല്‍ കിഴക്കന്‍ ജറൂസലമിലെ കയ്യേറ്റം നഗരം മുഴുവന്‍ ഇസ്രയേല്‍ നിയന്ത്രണത്തിലാവാനുള്ള കാരണമായി. കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും അമേരിക്കയടങ്ങുന്ന അന്താരാഷ്ട്ര സമൂഹം ജറൂസലമിലെ ഇസ്രയേലിന്റെ അധീശാധികാരവും ഉടമസ്ഥതയും ഇത്രയുംകാലം അംഗീകരിച്ചിരുന്നില്ല.

അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട്
ജൂതന്‍മാര്‍ക്കും അറബ് നാടുകള്‍ക്കുമിടയില്‍ ഫലസ്ഥീന്‍ ചരിത്രഭൂമിയെ വെട്ടിമുറിക്കാനുള്ള 1947 ലെ യുഎന്‍ വിഭജന പദ്ധതിപ്രകാരം ജറൂസലമിന് പ്രത്യേകപദവി നല്‍കപ്പെട്ടതായി കാണാം. അന്താരാഷ്ട്ര നിയന്ത്രണത്തിനും പരമാധികാരത്തിനും കീഴിലായി ഇത് നിലനില്‍ക്കുമെന്ന് ഈ നിയമം മുന്നോട്ട് വെച്ചിരുന്നു. ജറൂസലമുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന മൂന്ന് അബ്രഹാമിക് മതങ്ങളുടെയും മതപരമായ പ്രാധാന്യം പരിഗണിച്ചായിരുന്നു ഈ പ്രത്യേകപദവി. ഫലസ്തീനിനെ വിഭജിക്കാനുള്ള യുഎന്നിന്റെ ശുപാര്‍ശയുടെ മറവില്‍, 1948ലെ യുദ്ധത്തില്‍ സയണിസ്റ്റ് ശക്തികള്‍ ജറൂസലമിന്റെ പടിഞ്ഞാറന്‍പാതി പിടിച്ചടക്കുകയും ഇസ്രയേലിന്റെ ഭാഗമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.
ജോര്‍ദാനിന്റെ നിയന്ത്രണത്തിലായിരുന്ന കിഴക്കന്‍ ജറൂസലം 1967 ലാണ് ഇസ്രയേല്‍ പിടിച്ചടക്കിയത്. ഇസ്രയേലീ നിയമം വ്യാപിപ്പിച്ച് ഇരുഭാഗങ്ങളെയും പരസ്പരം കുട്ടിച്ചേര്‍ക്കാനുള്ള ഭഗീരഥയത്‌നങ്ങള്‍ ഇസ്രയേലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് കാര്യങ്ങളെത്തിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ കൃത്യമായ ലംഘമായിരുന്നിത്.
ഏകീകൃത ജറൂസലം മുഴുവനായും ഇസ്രയേലിന്റെ തലസ്ഥാനമാക്കികൊണ്ടുള്ള ‘ജറൂസലം ലോ’ 1980ല്‍ നിലവില്‍ വന്നു. ഇത് കിഴക്കന്‍ ജറൂസലമിനെ ഇസ്രയേല്‍ ഭൂമിയാക്കാനുള്ള ഔദ്യോഗിക രേഖയായി മാറുകയായിരുന്നു.

ആരാണ് ജറൂസലം സ്വന്തമാക്കുന്നത്
ഇസ്രയേലിന്റെ ‘ജറൂസലം ലോ’യെ അസാധുവാക്കി യുഎന്‍ സുരക്ഷാസമിതി അതേ വര്‍ഷം തന്നെ പ്രമേയം പുറപ്പെടുവിച്ചിരുന്നു. കിഴക്കന്‍ ജറൂസലമിനെ ലയിപ്പിക്കാനുള്ള ഇസ്രയേലിന്റെ നിയമവിരുദ്ധ നീക്കം അധിനിവേശ ശക്തികള്‍ക്ക് അധിനിവേശദേശത്ത് പരമാധികാരമില്ലെന്നടക്കമുള്ള അന്താരാഷ്ട്ര നിയമത്തിന്റെ കീഴിലുള്ള പല തത്വങ്ങളുടെയും ലംഘനമായിരുന്നു. ഈസ്റ്റ് ജറൂസലമിലെ അധിനിവേശ ശക്തികളുടെ ആധിപത്യത്തിന് അറുതി വരുത്താന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടേണ്ടതുണ്ട്.
യു എസും റഷ്യയും ഒഴിച്ച് ഒരു രാജ്യവും ജറൂസലം ഇസ്രയേല്‍ തലസ്ഥാനമാണെന്ന വാദത്തെ അംഗീകരിക്കുന്നില്ല. അതില്‍ തന്നെ റഷ്യ പടിഞ്ഞാറന്‍ ജറുസലമിനെ ഇസ്രയേല്‍ തലസ്ഥാനമാക്കിയും കിഴക്കന്‍ ജറൂസലമിനെ വരാന്‍ പോകുന്ന ഫലസ്തീന്‍ രാഷ്ട്ര(the capital of the future Palestinian state)ത്തിന്റെ തലസ്ഥാനമാക്കികൊണ്ടുമാണ് പ്രതികരിച്ചത്. ചില രാജ്യങ്ങളുടെ കണ്‍സുലേറ്റ് ഓഫീസുകള്‍ ജറൂസലം ആസ്ഥാനമാക്കിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇസ്രയേലിലെ മറ്റു പല എംബസികളും വാണിജ്യ നഗരമായ ടെല്‍അവീവിലും സ്ഥാപിച്ചിരിക്കുകയാണ്. കഴിക്കന്‍ ഫലസ്ഥീനിയന്‍ ജറൂസലമിനെ ഇസ്രയേല്‍ പിടിച്ചടക്കിയെങ്കിലും അവിടെയുള്ള ഫലസ്ഥീനികള്‍ക്കിപ്പോഴും ഇസ്രയേല്‍ പൗരത്വം പോലും അനുവദിച്ചിട്ടില്ല. ഇന്ന് 42000 ഫലസ്ഥീനികള്‍ക്കാണ് പെര്‍മനന്റ് റസിഡന്‍സ് ഐ ഡി കാര്‍ഡുള്ളത്. ഒരു തിരിച്ചറിയല്‍ രേഖകളുമില്ലാതെ ഇപ്പോഴും താല്‍ക്കാലിക ജോര്‍ദാന്‍ പാസ്‌പോര്‍ട്ട് വെച്ചാണ് അവിടെ ഭൂരിഭാഗത്തിന്റെയും ജീവിതം. എന്നാല്‍ പൂര്‍ണ്ണമായ ജോര്‍ദാനിയന്‍ പൗരത്വവും അവര്‍ക്കില്ല. അതുകൊണ്ട് തന്നെ ജോര്‍ദാനിലെങ്കിലും ജോലി ചെയ്യാനുള്ളവര്‍ക്ക് പെര്‍മിറ്റ് ആവശ്യമാണ്. അതോടൊപ്പം വിദ്യാഭ്യാസ ഫീസുകളിലെ ആനുകൂല്യം പോലോത്ത സര്‍ക്കാര്‍ സേവനങ്ങളും ഇവര്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്.

കിഴക്കന്‍ ജറൂസലമിലെ ഫലസ്ഥീന്‍ പൗരന്‍മാരെ ഇസ്രയേല്‍ വിദേശ കുടിയേറ്റക്കാരായാണ് കൈകാര്യം ചെയ്യുന്നത്. ജന്മനാടാണെങ്കിലും അവരവിടെ ജീവിക്കുന്നത് തങ്ങളുടെ ഔദാര്യം കൊണ്ടാണ്, അവരുടെ അവകാശമല്ല എന്നാണ് ഇസ്രയേല്‍ ഭാഷ്യം. ജന്മനാട് വാസയോഗ്യമാകണമെങ്കില്‍ ഒരുപാട് കടമ്പകളിനിയും കടക്കണമെന്നതാണിപ്പോഴത്തെ സ്ഥിതി. ഏത് സമയത്തും ഭവനരഹിതരാക്കപ്പെട്ടേക്കാമെന്ന ഭീതിയും അവരെ വേട്ടയാടുന്നു.
തങ്ങളുടെ ജീവിത ചുറ്റുപാടുകള്‍ ജറൂസലമാണെന്നും ഇത്രയുംകാലം ഞങ്ങളിവിടെത്തന്നെയായിരുന്നുവെന്നും തെളിയിക്കാനാവാത്ത കാലത്തോളം ജന്മനാട്ടില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുക തന്നെ ചെയ്യും. ശമ്പള സ്ലിപ്പുകള്‍, കരാറു രേഖകള്‍ തുടങ്ങി കഴിയുന്നത്ര രേഖകള്‍ നിര്‍ബന്ധമായും ഫലസ്തീനികള്‍ക്ക് സര്‍ക്കാര്‍ സമക്ഷം സമര്‍പ്പിക്കാന്‍ കഴിയേണ്ടതുണ്ട്. മറ്റൊരു രാജ്യത്ത് പൗരത്വം നേടുന്നതും അവരുടെ നിലവിലെ പദവി നഷ്ടപ്പെടാനേ കാരണമാകൂ. 1967 മുതല്‍ 14000 ഫലസ്ഥീനികളുടെ പൗരത്വപദവി പിന്‍വലിക്കപ്പെട്ടു കഴിഞ്ഞുവെന്നാണ് കണക്ക്.
അതേസമയം ലോകത്തുള്ള ഏത് ജൂത പൗരനും എപ്പോള്‍ വേണമെങ്കിലും ഇസ്രയേലില്‍ വരികയും ജീവിക്കുകയും ചെയ്യാം. നിയമപ്രകാരമുള്ള ഇസ്രയേലി പൗരത്വം നേടിയെടുക്കുന്നതിനും പ്രയാസമില്ല.

അനധികൃത കുടിയേറ്റം
നഗരത്തിലുള്ള ഇസ്രയേല്‍ മേധാവിത്വം ഏകീകരിക്കുന്നതിനുള്ള അവരുടെ കുടിയേറ്റ പദ്ധതി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായി പരിഗണിക്കപ്പെടണം. നാലാം ജനീവ കണ്‍വെന്‍ഷന്റെ നേരിട്ടുള്ള ലംഘനമായി ഇതിനെ യുഎന്‍ തങ്ങളുടെ പല തീരുമാനങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.
1967 മുതല്‍ ഒരു ഡസനിലേറെ ഹൗസിംഗ് കോംപ്ലക്‌സുകള്‍ ഇസ്രയേലീ ജൂതന്‍മാര്‍ക്ക് മാത്രമായി പണികഴിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ ചിലത് കിഴക്കന്‍ ജറൂസലമിനോട് അടുത്തു കിടക്കുന്ന മധ്യഫലസ്ഥീനിലാണ്. 4400 ഇസ്രയേലികള്‍ക്ക് വേണ്ടിയുള്ള ഏറ്റവും വലിയ കുടിയേറ്റ നഗരങ്ങളുള്ള കിഴക്കന്‍ ജറൂസലമിലാണ് ഏകദേശം രണ്ടു ലക്ഷം ഫലസ്തീനികള്‍ പോലീസ്, പട്ടാളനിയന്ത്രണത്തില്‍ കഴിയുന്നത്. ഇത്തരം ശക്തമായ കുടിയേറ്റങ്ങള്‍ പലപ്പോഴും ഫലസ്തീനികളുടെ വീടുകളെ ഛിന്നഭിന്നമാക്കി. അതിലുപരി സുരക്ഷക്കും സഞ്ചാരത്തിനും സ്വകാര്യതക്കുമുള്ള അവരുടെ പ്രാഥമികമായ സ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്തുകയും ചെയ്തു.
ഇസ്രയേല്‍ അതിന്റെ അവിഭക്ത തലസ്ഥാനമായി ജറൂസലമാണെന്ന് ഉന്നയിക്കുമ്പോഴും അവിടെ താമസിക്കുന്നവര്‍ക്ക് അങ്ങനെ അനുഭവപ്പെടണമെന്നില്ല. അത്തരമൊരു സ്ഥിതിവിശേഷമാണ് അവിടെ നിലനില്‍ക്കുന്നത്. വംശവെറിക്ക് കീഴില്‍ ജനിച്ചു വളര്‍ന്ന തിരുമുറ്റത്ത് ഒരു ജനത നീറിപ്പുകയുമ്പോഴും ഇസ്രയേലികള്‍ ഒരു രാജ്യം വെട്ടിപ്പിടിച്ചതിന്റെ ആര്‍മാദത്തിലാണ്.

വിവ. ജാബിര്‍ കാരേപറമ്പ്

LEAVE A REPLY

Please enter your comment!
Please enter your name here