ജമാഅത്തെ ഇസ്ലാമി ആശയ ആചാര്യന് അബുല്‍അഅലാ മൗദൂദിയും ദളിത് അതിജീവന രാഷ്ട്രിയം മുന്നോട്ട് വെച്ച ബാബാ സാഹേബ് അംബേദ്കറും സമകാലികരായിരുന്നുവെന്നാണ് ചരിത്രം നല്കുന്ന വിവരം. അംബേദ്കര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും നിലപാടുകളും ദളിത് വിമോചനത്തിന്റെ ആപ്തവാക്കങ്ങളായിരുന്നുവെന്നതില്‍ രാഷ്ട്രമീമാംസ പഠിതാക്കള്‍ക്ക് വേറെയൊരു അഭിപ്രായം കാണില്ല. അദ്ദേഹമുയര്‍ത്തിയ രാഷ്ടിയനിലപാടുകളോട് മൗദൂദിയോ ജമാഅത്തെ ഇസ്ലാമിയോ ഒരിക്കലെങ്കിലും ഐക്യപ്പെട്ടിരുന്നോ എന്ന ചോദ്യം പുതിയ കാലത്ത് വളരെ പ്രാധാന്യം നല്കി നിരീക്ഷിക്കേണ്ടതുണ്ട്. ചരിത്രപരമായി ജമാഅത്തെ ഇസ്ലാമി അവതരിപ്പിക്കുന്ന നിഗൂഢമായ രാഷ്ട്രിയത്തെ ഒളിപ്പിച്ച് വെക്കാന്‍ ശ്രമിക്കുന്ന അന്തര്‍നാടകങ്ങളെ ചര്‍ച്ചക്ക് വെക്കാന്‍ അത് ഉപകരിക്കും.
നിലപാടുകള്‍ നിരന്തരം മാറ്റുകയെന്നത് ഒരു പ്രസ്ഥാനത്തെ സംബന്ധിച്ചോളം ആത്മഹത്യാപരമാണ്. ഈ ആത്മാഹുതിക്ക് നിരവധി തവണ വിധേയമായ പ്രവണത ജമാഅത്തെ ഇസ്ലാമിയുടെ കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ ചരിത്രത്തില്‍ നിരവധിയാണ്. ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരായ മതരാഷ്ട്രവാദ പ്രചാരവേലകളായിരുന്നു മൗദൂദിയന്‍ മതത്തിന്റെ അടിസ്ഥാനം. മതരാഷ്ട്രവാദത്തില്‍ നിന്നും ബഹുജന്‍ രാഷ്ട്രീയത്തിലേക്കും ഗാന്ധിയില്‍ നിന്ന് അംബേദ്കറിലേക്കുമെത്തുന്നു നിലപാട് നാടകങ്ങള്‍. സംവരണ വിരുദ്ധതയില്‍ നിന്നും സാമൂഹ്യ നീതിയിലേക്കും തീവ്ര ഇടത്പക്ഷത്തില്‍ നിന്ന് ദളിത് അനുകൂല പോരാട്ടങ്ങളിലേക്കുമെല്ലാം കൂറുമാറിയും കൂട്ടുമാറിയും വൈരുദ്ധ്യാത്മകതയുടെ രാഷ്ട്രീയ ധാരയായി അവര്‍ പരിണമിച്ച് കൊണ്ടിരിക്കുന്നു. അവസാനം ദളിത് രാഷ്ട്രീയത്തിന്റെ പ്രധാന സഖ്യകക്ഷികള്‍ എന്ന നിലയിലാണ് തങ്ങളെ അവതരിപ്പിക്കുന്നത്. കാമ്പസുകളില്‍ ജമാഅത്ത് വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐ ഒ യും പൊതുസമൂഹത്തില്‍ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയും ദളിതരുടെ അതിജീവിപ്പിക്കാന്‍ കാമ്പയ്നുകളും സെമിനാറുകളും നടത്തി പുരോഗമന നാട്യത്തിന്റെ മുഖമൂടിയണിയുകയാണ്.
മൗദൂദിസ്റ്റ് സിദ്ധാന്തത്തിന്റെ മതകീയ അടിത്തറ മതരാഷ്ട്രവാദത്തില്‍ ബന്ധിതമാണ്. മൗദൂദിയുടെ മലയാളത്തില്‍ പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ നിരവധി ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്ന ജനാതിപത്യ വിരുദ്ധ ആശയങ്ങള്‍ ജമാഅത്ത് നേതൃത്വം ഒരുപാട് (ദുര്) വ്യാഖ്യാനിച്ചിട്ടും എവിടെയുമെത്തീട്ടില്ല. അതിമാരകമായ മൗദൂദിസത്തിന്റെ ലക്ഷ്യങ്ങളെ ഇങ്ങനെ ചുരുക്കി വായിക്കാം. ജനാതിപത്യ രാജ്യമായ ഇന്ത്യയില്‍ അമുസ്ലിം ഭരണം തകര്‍ത്ത് ദൈവീക ഭരണം സ്ഥാപിക്കുക, അതിന്റെ സംസ്ഥാപനത്തിന് വേണ്ടിയുള്ള പോരാട്ടം ഓരോ മുസ്ലിം വ്യക്തിക്കും നിര്‍ബന്ധിത ജിഹാദാണ് (അല്‍ ജിഹാദുഫില്‍ ഇസ്ലാം, മുര്‍തദ് കീ നസാ ഇസ്ലാമീ കാ കാനൂന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ പരിശോധിക്കുക). അബുല്‍ അഅലാ മൗദൂദിയുടെ വിഖ്യാതമായ രണ്ട് പ്രസംഗങ്ങള്‍ ഇന്നും ജമാഅത്തേ ഇസ്ലാമിക്ക് തലവേദനയാണ്. 1947 മെയില്‍ പഠാന് കോട്ടും മദ്രാസിലും നടത്തിയ പ്രസംഗങ്ങള്‍. അവയിലെ ജനാതിപത്യ വ്യവസ്ഥയെ ശക്തമായി എതിര്‍ത്ത ആശയധാരയെ നീതീകരിക്കുക എത്ര ദുര്‍ഗ്രാഹ്യമായിരിക്കും?
ദൈവീക ഭരണം അഥവാ ഹുകൂമതേ ഇലാഹീ എന്ന സ്ഥാപിത താത്പര്യത്തെ ഉള്ളിലൊളിപ്പിച്ച് ബഹുസ്വരതയുടെ ഏറ്റവും നല്ല പ്രയോക്താക്കളാവാന്‍ അവര്‍ എന്നും ശ്രമം നടത്തിയിട്ടുണ്ട്. ഹുകൂമത്തേ ഇലാഹിയില്‍ നിന്നും ഇഖാമത്തു ദീനിലേക്കുള്ള ചുവട് മാറ്റം പ്രയോഗത്തില്‍ മാത്രമാണെന്നാണ് ഒരഭിമുഖത്തില്‍ സ്ഥാപിത നേതാക്കളിലൊരാളായ ശരീഫ് മുനിസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പുരോഗമനത്തിന്റെ ആട്ടിന്‍ തോലണിഞ്ഞ് ചെന്നായയുടെ രാഷ്ട്രീയം കളിക്കുന്ന ജമാഅത്തെ ഇസ്ലാമി മതനൈതികതക്ക് പൊരുത്തപ്പെടാന്‍ കഴിയാത്ത തിരിമറികള്‍ നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമാണ് മൗദൂദിയെ അവതരിപ്പിക്കുന്നിടത്ത് അദ്ദേഹത്തിന്റെ ബൗദ്ധിക നിലവാരം ഉയര്‍ത്തി കാണിക്കുന്നതിനും ഉദാത്തവല്ക്കരിക്കുന്നതിനും നടത്തിയ നാണം കെട്ട ശ്രമങ്ങള്‍ ‘ഡെസ്പെയര്ലി സീകിംഗ് പാരഡൈസ്’ എന്ന സിയാവുദ്ധീന്‍ സര്‍ദാറിന്റെ പുസ്തകത്തില്‍ മൗദൂദിയുമായുള്ള അനുഭവം പറയുന്നുണ്ട്. തന്റെ അനുഭവ പശ്ചാതലത്തില്‍ നിന്ന് മൗദൂദിയെ വിശദീകരിച്ചതിനെ തന്ത്രപരമായി ജമാഅത്ത് ബുദ്ധിജീവികള്‍ വളച്ചൊടിച്ച ഏര്‍പ്പാട് അവര്‍ക്കുണ്ടാക്കിയ ജാള്യത ചില്ലറയൊന്നുമല്ല.
ജമാഅത്തെ ഇസ്ലാമി എന്ന രാഷ്ട്രിയ ഇസ്ലാമിനെ കുറിച്ച് ഇത്രയും പറഞ്ഞത് ചില പുതിയ കാര്യങ്ങള്‍ പറയാനാണ്. കുറച്ച് വര്‍ഷങ്ങളായി ദളിത് ജനവിഭാഗങ്ങളുടെ സഖ്യകക്ഷികളുടെ മുന്‍നിരയിലാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാനം. ഇന്ത്യയിലെ സവിശേഷ സാഹചര്യത്തില്‍ കൂടുതല്‍ അധ:കൃതരാകുന്ന ദളിതര്‍ക്കുള്ള വിമോചന രാഷ്ട്രീയം വിദ്യാര്‍ത്ഥി രൂപമായ എസ്.ഐ.ഒ മുഖേനയാണ് കൂടുതല്‍ സജീവമാക്കുന്നത്. കാമ്പസിലൊട്ടിക്കുന്ന ജാതിവിരുദ്ധ പോസ്റ്ററുകള്‍ കണ്ടാല്‍ തോന്നുക ദളിതരുടെ സ്വത്വപരമായ അസ്വസ്ഥതകള്‍ ഇത്രമേല്‍ ഏറ്റെടുക്കുന്ന ഒരു വിഭാഗമില്ലെന്നായിരിക്കും. പക്ഷേ, അതിവിപുലമായി ഇത്തരം കാമ്പയിനുകള്‍ക്ക് മുന്നിട്ടിറങ്ങുമ്പോള്‍ സ്വാഭാവികമായും ഉത്തരം കിട്ടേണ്ട ചില ചോദ്യങ്ങളുണ്ട്. അംബേദ്കറൈറ്റ് മൂവ്മെന്റിനോട് യോജിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ദളിത് രാഷ്ട്രിയത്തിന് വേണ്ടി ശബ്ദമുണ്ടാക്കുമ്പോളും ഇന്ത്യയില്‍ നിലനില്‍ക്കുന്ന, പ്രത്യേകിച്ചും ഉത്തരേന്ത്യയിലെ മുസ്ലിം സാമൂഹിക സാഹചര്യത്തെ അഭിസംബോധന ചെയ്യാന്‍ കഴിയാത്തത് എന്ത്കൊണ്ടാണ്? ദളിത് പ്രസ്ഥാനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നവകാശപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനം ഉത്തരേന്ത്യന്‍ മുസ്ലിംകള് ചരിത്രപരമായ പല കാരണങ്ങളാലും നേരിടുന്ന ജാതി പ്രശ്നങ്ങള്‍ എന്ത്കൊണ്ട് പ്രശ്നവല്കരിക്കുന്നില്ല ?
സച്ചാര്‍ കമ്മിറ്റിയുടെയും രാം നാഥ് മിശ്ര കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകളില്‍ ഇന്ത്യയിലെ മുസ്ലിംകളുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പറയുന്നുണ്ട്. ഹിന്ദുമതത്തില്‍ നിന്നും മതപരിവര്‍ത്തനം ചെയ്ത് അസ്പൃശ്യരായി ജീവിക്കുന്ന ജനങ്ങളെ സൂചിപ്പിച്ച് കൊണ്ടായിരിക്കണം രാംനാഥ് കമ്മിറ്റിയും സച്ചാര്‍ കമ്മിറ്റിയും മുസ്ലിംകളില് ജാതിയതയുണ്ടോ എന്ന് സംശയം പ്രകടിപ്പിച്ചത്. ഹൈന്ദവ മതത്തില്‍ വേരൂന്നിയ ജാതിയത ഇസ്ലാമി ലില്ല. പ്രത്യയശാസ്ത്രപരമായി ജാതി ബന്ധിതമായ ഒരാശയധാരയാണ് ഹിന്ദുമതം. കൂട്ടമതപരിവര്‍ത്തനങ്ങളും ചരിത്രപരമായ ചില കാരണങ്ങളുമാണ് പ്രത്യേകമായ ഉത്തരേന്ത്യന്‍ മുസ്ലിംകളില് ജാതിയത മുളക്കാനും ആരോപിക്കപ്പെടാനും കാരണം.
ദേശിയ സാംപിള്‍ സര്‍വ്വേ ഓഫീസ് പുറത്ത് വിട്ട കണക്ക് പ്രകാരം രാജ്യത്തെ ദളിത് ഹിന്ദുക്കളേക്കാള്‍ കൂടുതലാണ് ദാരിദ്ര്യരേഖക്ക് താഴെയുള്ള ദളിത് മുസ്ലിംകളുടെ അനുപാതം. ഇന്ത്യന്‍ മുസ്ലിം പിന്നോക്കാവസ്ഥയുടെ അതിഭീകരമായ ചിത്രം സച്ചാര്‍ കമ്മീഷണ് നല്‍കുന്നുണ്ട്. എണ്‍പതുകളുടെ തുടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ.ഗോപാല്‍സിംഗ് കമ്മിറ്റി ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥയെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുന്നുണ്ട്. നിരവധി റിപ്പോര്‍ട്ടുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയിലെ മുസ്ലിംകളുടെ സ്ഥിതി എസ്.സി, എസ്.ടി, വിഭാഗങ്ങളേക്കാള്‍ ദയനീയമാണ്. ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചോളം ഇതൊരു വലിയ ആശങ്കക്കുള്ള വിഷയമാകുന്നില്ല എന്നിടത്താണ് പ്രശ്നം. തങ്ങള്‍ വ്യാപകമായി ഒറ്റപ്പെടുന്നു എന്ന ഭീതിയില്‍ നിന്നാണ് ദളിത് രാഷ്ട്രിയമെന്ന ആട്ടിന്‍തോലില്‍ ജ.ഇസ്ലാമി പ്രത്യക്ഷപ്പെടുന്നതെന്ന നിരീക്ഷണമാണ് കൂടുതല്‍ ശരി.
സംവരണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. പ്രമുഖ ജമാഅത്ത് ബുദ്ധിജീവി ഡോ. പര്‍വേശ് മാന്‍ ഡിവാല റേഡിയന്‍സ് വീക്കിലിയില്‍ സംവരണത്തെ കുറിച്ച് എഴുതിയ ലേഖനത്തിന്റെ തലവാചകം ‘സംവരണം; ഒരു കളങ്കം, കടുത്ത അനീതി’ എന്നായിരുന്നു. ലേഖനത്തിന്റെ ഉള്ളടക്കത്തെ നിഷേധിക്കാനോ തിരുത്താനോ ഇന്നുമവര് തയ്യാറായിട്ടില്ലെന്ന് മാത്രമല്ല, കടുത്ത സംവരണ വിരുദ്ധമായ വാദഗതികള്‍ പല തവണ ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. സംവരണം മെറിറ്റിനെ അട്ടിമറിക്കുമെന്ന ബ്രാഹമണിക്കല്‍ യുക്തിയാണ് അവര്‍ ഉന്നയിക്കുന്നത്.
ഇന്ത്യന്‍ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജാതി വ്യവസ്ഥയാണെന്ന് അടുത്ത കാലത്താണ് അവര്‍ പറയാന്‍ തുടങ്ങിയത്. ബ്രാഹ്മണ്യവും ജാതിവ്യവസ്ഥയുമാണ് ഇന്ത്യന്‍ ജനതയുടെ ശത്രുക്കള്‍ എന്നെഴുതി എസ്.ഐ.ഒ പോസ്റ്റര്‍ പതിക്കുമ്പോഴും അതില്‍ വിശ്വാസം വരാതിരിക്കാനുള്ള കാരണം പീഡിതരായി ജീവിക്കുന്ന ദളിത് മുസ് ലിംകളുടെ വിഷയത്തില്‍ അവര്‍ പുലര്‍ത്തുന്ന കുറ്റകരമായ മൗനമാണെന്ന് പറഞ്ഞല്ലോ. ജമാഅത്തെ ഇസ്ലാമിയുടെ ദളിത് രാഷ്ട്രീയത്തിന് ആശയ സ്രോതസ്സായ മൗദൂദിയില്‍ നിന്നും ലഭിക്കുന്ന പാoങ്ങള് എന്താണ് എന്ന ചോദ്യം തീര്‍ച്ചയായും പ്രസക്തമാണ്. മൗദൂദിയുടെ വര്ഗ്ഗസിദ്ധാന്തമനുസരിച്ച് ലോകത്ത് രണ്ട് വിഭാഗങ്ങളേ ഒള്ളു. ഒന്ന് ജമാഅത്തെ ഇസ്ലാമിക്കാരും പിന്നെ കാഫിറുകളും.
ദളിത് വിമോചകന് അംബേദ്കറിന്റെ കാലത്ത് ജീവിച്ച മൗദൂദി ദളിത് വിഷയത്തില്‍ കമ മിണ്ടിയിട്ടില്ലെന്ന് മാത്രമല്ല, പറഞ്ഞത് മുഴുവന്‍ മതരാഷ്ട്രവാദമെന്ന ആശയധാരയെ ചുറ്റിപ്പറ്റിയുള്ള സംസാരങ്ങളാണ്. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപിത ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിച്ചപ്പോഴൊന്നും ബ്രാഹ്മണ്യത്തെ കുറിച്ചോ ജാതിവ്യവസ്ഥയെ കുറിച്ചോ ഒരു വാചകം പോലുമില്ല. ഇങ്ങനെയൊക്കെയാണെങ്കില്‍ നിങ്ങളെ ഞങ്ങളെങ്ങിനെ വിശ്വസിക്കുമെന്ന് വല്ല ദളിതരും ചോദിച്ചാല്‍ ജമാഅത്തുകാര്‍ അടിസ്ഥാനപരമായി ചെയ്യേണ്ടത് തങ്ങളുടെ പ്രഖ്യാപിത കര്‍മ്മപദ്ധതികളും രാഷ്ട്രിയ മാനിഫെസ്റ്റോയും അടിയന്തരമായി ജാതി വിരുദ്ധ പോരാട്ടങ്ങളെക്കൂടി ഉള്‍കൊള്ളുന്ന വിധം മാറ്റിയെഴുതുക എന്നതായിരിക്കും! ഹിന്ദുസമുദായത്തിലെ ജാതിയെ അതിനിശിതമായി വിമര്‍ശിച്ച അംബേദ്കര്‍ മതരാഷ്ട്ര ഇസ്ലാമിനെയും എതിര്‍ത്തയാളാണ്. മൗദൂദിയന്‍ രാഷ്ട്രിയത്തെ ഇപ്പോഴും ഗൗരവത്തിലെടുക്കാതെ അവരുടെ ആവശ്യത്തിനനുസരിച്ച് അംബേദ്കറൈറ്റ് മൂവ്മെന്റുകള്‍ കാണിക്കുന്ന അപകടകരമായ സമീപനം അവസാനിപ്പിച്ചേ തീരൂ. മതം രാഷ്ട്രിയത്തില്‍ ഇടപെടരുതെന്ന കര്‍ക്കശ നിലപാടുകാരനായിരുന്നു അംബേദ്കര്‍. ആധുനികതയും സാര്‍വത്രിക മൂല്യങ്ങളുമാണ് അദ്ദേഹത്തിന്റെ രാഷ്ടിയ നിലപാടുകളിലെ അടിസ്ഥാനമെങ്കില്‍ മതമൗലികവാദവും അപരിഷ്കൃതവുമാണ് ജമാഅത്തിന്റെ രാഷ്ട്രിയം . ചുരുക്കിപ്പറഞ്ഞാല്‍ അംബേദ്കര്‍ എടുത്ത നിലപാടുകളും ജമാഅത്തെ ഇസ്ലാമി പുലര്‍ത്തിപോന്ന രാഷ്ട്രിയവും പരിശോധനക്ക് വെക്കുമ്പോള്‍ ബോധ്യപ്പെടുന്ന വസ്തുത അംബേദ്കറിന്റെ വിരുദ്ധ ധ്രുവത്തിലാണ് ജമാഅത്തിന്റെ നിലപാട്തറ എന്നതാണ്. അംബേദ്കറിന്റെ വിമര്‍ശനങ്ങളില്‍ ഒന്നിനോട് പോലും ജമാഅത്തെ ഇസ്ലാമി യോജിക്കുന്നില്ലെന്ന് അവരുടെ മാനിഫെസ്റ്റോ വായിക്കുമ്പോള്‍ മനസ്സിലാകും. വിദ്യാര്‍ത്ഥി സംഘടനയെ ഉപയോഗിച്ച് അംബേദ്കര്‍ സ്റ്റഡി സര്‍ക്കിള്‍ രൂപീകരിച്ചത് കൊണ്ട് മാത്രം ദളിത് വിമോചനത്തിന്റെ ആളുകളാവില്ല. കീഴാള-മേലാള സംവാദങ്ങളില്‍ മൗദൂദി എന്ത് റോളാണ് മൗദൂദി വഹിച്ചിട്ടുള്ളത്? അംബേദ്ക്കറിന്റെ ദളിത് കുപ്പായം പിന്നെങ്ങനെയാണ് മൗദൂദിക്ക് ചേരുക?