സത്യനിഷേധികള്‍ മൃഗസമാനരോ
ജിന്നുകളില്‍നിന്നും മനുഷ്യരില്‍നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് ഹൃദയങ്ങളുണ്ട്. അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെ പോലെയാകുന്നു. അല്ല, അവരാണ് കൂടുതല്‍ പിഴച്ചവര്‍, അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍.
ഈ ആയത്തിലെ ഉപമേയം (മുശബ്ബഹ്) ജിന്ന്, ഇന്‍സ് എന്നീ വിഭാഗങ്ങളാണ്. ഉപമാനം (മുശബ്ബഹ് ബിഹി) മൃഗങ്ങളാണ്. തൊട്ടുമുമ്പത്തെ ആയത്തിനെ പോലെതന്നെ ‘തശ്ബീഹ് മുഫസ്വലാണ്’.
ഇമാം റാസി(റ) പറയുന്നു: സത്യനിഷേധികള്‍ ഭൗതികമായ കാര്യങ്ങള്‍ അവരുടെ ഹൃദയംകൊണ്ട് ചിന്തിക്കുന്നുണ്ട്. ദര്‍ശിക്കുന്നുമുണ്ട്. ശ്രവിക്കുന്നുമുണ്ട് എന്നത് നിസ്സംശയമാണ്. ആയത്തില്‍ പറഞ്ഞതുകൊണ്ടുള്ള ഉദ്ദേശ്യം ശരിയായ മതത്തിലേക്ക് എത്തിക്കുന്ന കാര്യങ്ങള്‍് അവര്‍ ചിന്തിക്കുന്നില്ല. ദര്‍ശിക്കുന്നില്ല. കേള്‍ക്കുന്നില്ല എന്നാണ് (റാസി- 15/52). അവരുടെ ആത്യന്തികമായ വിജയത്തിന്റെ കാര്യങ്ങള്‍ ചെയ്യാന്‍ എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിട്ടും തിരിഞ്ഞ് കളഞ്ഞപ്പോള്‍ ഈ സൗകര്യങ്ങള്‍ അവര്‍ക്ക് ഇല്ലാത്ത് പോലെയായി. അതുകൊണ്ടാണ് ഖുര്‍ആന്‍ സത്യനിഷേധികളെ സംബന്ധിച്ച് അവര്‍ക്ക് ചിന്തിക്കുന്ന ഹൃദയമില്ലെന്നും ദര്‍ശിക്കുന്ന നയനങ്ങളില്ലെന്നും ശ്രവിക്കുന്ന കാതുകളില്ലെന്നും പറയാന്‍ കാരണം.
അതുകൊണ്ട് സത്യനിഷേധികള്‍ മൃഗങ്ങളെ പോലെയായി. അഥവാ ഭക്ഷിക്കുക, ഉറങ്ങുക, സന്താനോല്പാദനം ചെയ്യുക, പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടറിയുക തുടങ്ങിയ പ്രകൃതിപരമായ കാര്യങ്ങളില്‍ മനുഷ്യവിഭാഗവും മൃഗങ്ങളും തുല്യമാണ്. എന്നാല്‍ മൃഗങ്ങളില്‍ നിന്നും മനുഷ്യരെ വ്യതിരിക്തമാക്കുന്നത് അതിവിശിഷ്ടമായ ബുദ്ധിവൈഭവവും ചിന്താശേഷിയുമാണ്. ഈ കാര്യങ്ങള്‍ സത്യനിഷേധികള്ക്കില്ലാതായപ്പോള് മൃഗങ്ങളെപ്പോലെയായി.
സുജാജ്(റ) പറഞ്ഞു: സത്യനിഷേധികള്‍ മൃഗങ്ങളേക്കാള്‍ അധഃപതിച്ചവരാണ് എന്ന് പറയാനുള്ള കാരണം. മൃഗങ്ങള്‍ ഉപകാരമുള്ളത് ചെയ്യുകയും അതിന് പ്രയാസം വരുത്തുന്നവയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നു. ഏത് ഭക്ഷിക്കണമെന്നും ഭക്ഷിക്കേണ്ടന്നുമുള്ള അറിവ് മൃഗങ്ങള്ക്കുണ്ട്. എന്നാല്‍ സത്യനിഷേധികള്‍ നരകമുണ്ടെന്നും ശിക്ഷയുണ്ടെന്നുമുള്ള അറിവോടുകൂടെയാണ് അവരുടെ ശരീരത്തെ നരകത്തിലേക്ക് എത്തിക്കുന്നത് (റാസി-15/53). മൃഗങ്ങള്‍ അവരുടെ ജീവിതത്തിന്റെ ആത്യന്തികമായ വിജയത്തിലേക്കുള്ള വഴികളിലൂടെ സഞ്ചരിക്കുന്നുണ്ട്. സത്യനിഷേധികള്‍ ആ വഴിയെ തൊട്ട് തിരിഞ്ഞ് കളഞ്ഞപ്പോള്‍ മൃഗങ്ങളേക്കാള്‍ അധപതിച്ചവരായി. അത്വാഅ്(റ) പറയുന്നു: ”മൃഗങ്ങള്‍ അല്ലാഹുവിനെ അറിയുന്നുണ്ട്. എന്നാല്‍ സത്യനിഷേധികള്‍ അല്ലാഹുവിനെ അറിയുന്നില്ല.” (ഖുര്‍ത്വുബി-7/206) അതുകൊണ്ടാണ് അബുസ്സുഊദ്(റ) പറഞ്ഞത്: ”സത്യനിഷേധികള്‍ പരിപൂര്‍ണ വിഡ്ഢികളും അശ്രദ്ധയില്‍ പൂര്‍ണിമ അവകാശപ്പെട്ടവരുമാകുന്നു. (തഫ്സീര്‍ അബുസ്സുഊദ്- 3/56)
സൂര്യന് ളൗഅ്, ചന്ദ്രന് നൂര്‍?
”സൂര്യന് അല്ലാഹു പ്രകാശവും ചന്ദ്രന് ശോഭയും നല്കി”. സൂര്യന്റെ പ്രകാശത്തിന് ളൗഅ് എന്നും ചന്ദ്രന്റെ ശോഭയ്ക്ക് നൂര്‍ എന്നുമാണ് ഖുര്‍ആനില്‍ പ്രയോഗിച്ചിരിക്കുന്നത്. ളൗഅ് എന്നാല്‍ സ്വയം പ്രകാശിക്കുന്നത് എന്നാണര്‍ത്ഥം. നൂര്‍ ആര്‍ജ്ജിച്ചെടുത്ത വെളിച്ചം എന്നുമാണ്. സ്വയം പ്രകാശിക്കുന്ന വെളിച്ചം കെടുത്തിയാലും പൂര്‍ണമായി അത് നശിക്കുന്നില്ല. ആര്‍ജ്ജിച്ചെടുത്ത വെളിച്ചം കെടുത്തിയാല്‍ വെളിച്ചത്തിന്റെ ഒരംശം പോലും അവിടെ അവശേഷിക്കുകയില്ല. അതുകൊണ്ടാണ് അവരുടെ ളൗഅ് അല്ലാഹു കെടുത്തിക്കളഞ്ഞു എന്നുപറഞ്ഞത്.