ക്ഷമ, വിശ്വാസിയുടെ ആയുധം

0
2083

ഒരു ഗ്രാമീണൻ തിരുനബിയെ സമീപിച്ച് ഒരുസംഘം ഇസ്ലാം സ്വീകരിച്ച സംഭവം വിശദീകരിച്ചു. തുടർന്ന് അവരെ സഹായിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തിരുനബിയുടെയോ കൂടെയുള്ള അലി(റ)ന്റെയോ വശം ഒന്നുമുണ്ടായിരുന്നില്ല. ദൂരെ നിന്ന് ഈ രംഗം വീക്ഷിച്ചു കൊണ്ടിരുന്ന സൈദ്ബ്നു സഅന എന്ന ജൂത പുരോഹിതൻ നബിയെ സമീപിച്ചു ചോദിച്ചു: “മുഹമ്മദേ… നീ എനിക്ക് കാരക്ക വിൽക്കാൻ തയ്യാറുണ്ടോ? എങ്കിൽ ഞാനിപ്പോൾ പണം തരാം” തിരുനബി ഈ കരാർ അംഗീകരിച്ച് കാരക്ക വിറ്റു. വിലയായി 80 നാണയം സ്വീകരിക്കുകയും ചെയ്തു. കാരക്ക നൽകേണ്ടതിന്റെ രണ്ട് മൂന്ന് ദിവസം മുമ്പ് തിരുനബി(സ) അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നിവരോട് കൂടെ ഒരു ജനാസയെ അനുഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ജനാസ നിസ്കാരവും പ്രാർത്ഥനയും കഴിഞ്ഞ് തിരുനബി ഒരിടത്ത് വിശ്രമിക്കാനിരുന്നു. ഈ അവസരം ഉപയോഗിച്ച് സൈദുബ്നു സഅന മുത്തു നബിയുടെ കുപ്പായവും തട്ടവും വലിച്ചു കൊണ്ട് പറഞ്ഞു: മുഹമ്മദേ… എനിക്ക് തരാനുള്ള കാരക്ക എവിടെ? സൈദിന്റെ ഈ സംസാരവും പെരുമാറ്റവും ഉമറി(റ)ന് ഒട്ടും സഹിച്ചില്ല. അദ്ദേഹം സൈദിനെതിരെ ആക്രോശിക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ തിരുനബിയുടെ നിലപാട് തീർത്തും വ്യത്യസ്തമായിരുന്നു. ഉമറിനോട് സൗമ്യനാകാനും ശാന്തതയോടെ പെരുമാറാനും ഉപദേശിച്ചു. സൈദിന് അവകാശപ്പെട്ട കാരക്കയേക്കാൾ കൂടുതൽ കൊടുക്കാൻ നിർദ്ധേശിക്കുകയും ചെയ്തു. പ്രവാചകന്റെ ക്ഷമയിലും ഉദാരതയിലും ആകൃഷഠനായ ആ ജൂത പുരോഹിതൻ ഇസ്ലാം സ്വീകരിക്കുകയും തിരുനബിയുടെ സന്തത സഹചാരിയാവുകയും ചെയ്തു.
മുകളിൽ സൂചിപ്പിച്ച ഈ സംഭവം ക്ഷമയുടെ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. പ്രത്യേകിച്ചും പുതിയ കാലത്ത് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഒന്നാണ് ക്ഷമ. അക്രമങ്ങളും കൊലപാതകങ്ങളും ദിനേനയെന്നോണം വർധിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനുള്ള പ്രധാന കാരണം മനുഷ്യ മനസ്സിൽ നിന്ന് ക്ഷമ നഷ്ട്ടപ്പെട്ടു എന്നതാണ്. മനുഷ്യനിലെ ക്ഷമ നഷ്ട്ടപ്പെടുമ്പോഴാണ് അവന്റെ മനസ്സ്  അസ്വസ്ഥപ്പെട്ട് തുടങ്ങുന്നത്. സ്വയം നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോഴാണ് മനുഷ്യർക്കിടയിൽ പ്രശ്നങ്ങളും തർക്കങ്ങളും രൂപപ്പെടുന്നത്. ഒരു പക്ഷെ ഒരോരുത്തരും  വ്യത്യസ്ത സ്വഭാവക്കാരാകാം. അവർക്കിടയിൽ സ്വാഭാവികമായും ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യും . ഈ പ്രശ്നങ്ങളെ മനസ്സിൽ കെട്ടിവെച്ച് സാഹചര്യം വരുമ്പോൾ കൂട്ടുകാരനോട് പകരം ചോദിക്കണമെന്ന് കരുതി ദേശ്യവും നീരസവും നിറച്ച ജീവിതം ഒരിക്കലും സന്തോഷകരമായിരിക്കില്ല. എന്നാൽ പരസ്പരം ക്ഷമിച്ചും സഹിച്ചും മുന്നേറുമ്പോഴാണ് നല്ല കുടുംബത്തെയും കൂട്ടുക്കാരെയും നാടിനെയും നമുക്ക് സൃഷ്ടിക്കാനാവൂ, ക്ഷമയിലെ ഇസ്ലാമിക കാഴ്ച്ചപ്പാടുകളും ശാസ്ത്രീയ വീക്ഷണങ്ങളും മനുഷ്യ ജീവിതത്തിലെ ക്ഷമയുടെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തുന്നുണ്ട്.
അമേരിക്കൻ ചലച്ചിത്ര നടി പാട്രീഷ്യയുടെ സങ്കടഹർജി നോക്കൂ, “എന്റെ കുടുംബത്തിൽ ഒച്ചപ്പാടുകളും ബഹളവും പരിഹാസവുമൊക്കെ ഒരു നിത്യ സംഭവമായിരുന്നു. ക്ഷമിക്കാൻ എനിക്ക് അറിയില്ലായിരുന്നു, മുതിർന്നിട്ടും മറ്റുള്ളവർ എന്നോട് എന്തെങ്കിലും ചെയ്താൽ അതാലോചിച്ച് ദിവസങ്ങളോളം എന്റെ ഉറക്കം നഷ്ടപ്പെടുമായിരുന്നു.” കയ്യിൽ യഥേഷ്ടം പണമുണ്ടായിട്ടും ജീവിതത്തിൽ പരാജയപ്പെടേണ്ടി വന്ന ഒരു പ്രതിഭയുടെ വാക്കുകളാണിത്. വെറുപ്പും വിദ്വേഷവും തിങ്ങിയ ജീവിതം സന്തോഷകരമായിരിക്കില്ല, ആരോഗ്യ പ്രദവുമായിരിക്കില്ല. എന്നാൽ ക്ഷമയില്ലാത്തവർക്ക് സംഭവിച്ചേക്കാവുന്ന പ്രശ്നങ്ങളെ പഠനങ്ങൾ കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. ക്ഷമിക്കാൻ പ്രയാസപ്പെട്ട് പെട്ടന്ന് ദേശ്യപ്പെടുന്നവരുടെ ശരീരത്തിൽ ഉയർന്ന രക്തസമ്മർദ്ദം രൂപപ്പെടുകയും തൻമൂലം ഹാർട്ട് അറ്റാക്ക്, മസ്തിഷ്കാഘാതം, വൃക്ക പരാജയം, മറവിരോഗം, അന്ധത തുടങ്ങി മാരകമായ പല സങ്കീർണ്ണതകളും രംഗ പ്രവേശനം ചെയ്യുന്നുണ്ട്. ഇവരുടെ ദേശ്യവും വിദ്വേഷവും ബന്ധങ്ങൾ ശിഥിലമാക്കുന്നു. ഇത് ഇവരെ ഏകാന്തതയിലേക്കും ഒറ്റപ്പെടലിലേക്കും തള്ളിവിടുന്നു. അവർ പെട്ടന്ന് ആശങ്കാകുലരായി കഠിനമായ വിശാധ രോഗത്തിന് അടിമപ്പെടുന്നു. മറ്റുള്ളവർ തങ്ങളോട് ചെയ്ത എന്തെങ്കിലും കാര്യത്തെ കുറിച്ച് എപ്പോഴും ഓർക്കുന്നത് കൊണ്ട് അവർക്ക് ജീവിതത്തിൽ സന്തോഷിക്കാനാകുന്നില്ല. ഇത് അവരെ കൂടുതൽ അസ്വസ്ഥരാക്കുന്നു. വെറുപ്പും വിദ്വേഷവും മനസ്സിൽ കൊണ്ട് നടക്കുന്നത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ക്ഷമ നഷ്ടപ്പെടുമ്പോൾ സ്വന്തം ജീവൻ പോലും ആത്മഹത്യയിലേക്ക് വലിച്ചെറിയുന്ന ധാരുണമായ സംഭവങ്ങൾ നാം നിരന്തരം കേട്ടുകൊണ്ടിരിക്കുകയാണ്. ആത്മഹത്യകൾ യുവാക്കളിലും വിദ്യാർത്ഥികളിലും ഇന്ന് വർധിച്ച് കൊണ്ടിരിക്കുന്നുണ്ടെന്നാണ് വാർത്തകൾ നമ്മെ ബോധ്യപ്പെടുത്തുന്നത്. അമേരിക്കയിലെ സാൾട്ട് ലേക്ക് സിറ്റിയിലെ പ്രധാനപ്പെട്ട ഹൈസ്കൂളിൽ പതിനാല് വയസ്സ് മാത്രമുള്ള വിദ്യാർത്ഥി നടത്തിയ കൂട്ടക്കുരുതിയെക്കുറിച്ച് അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ നിരീക്ഷണം പ്രസക്തമാണ്. അവന്റെ മനസ്സിനെ അലട്ടിയ പ്രശ്നങ്ങൾ ക്ഷമയുടെ നെല്ലിപ്പടി കാണുകയും ക്ഷമ നഷ്ട്ടപ്പെട്ടപ്പോൾ ശരീരത്തെ നിയന്ത്രിക്കാൻ കഴിയാതെ സംഭവിച്ചതായിരുന്നു ആ കൂട്ടക്കുരുതി എന്നുമാണ് അദ്ധേഹം പറഞ്ഞത് . ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന ജപ്പാനിലെ പ്രശസ്ത എഴുത്തുകാരനായ റിയുനോസുക്കേ ആക്കുത്താഗാവാ ആത്മഹത്യ ചെയ്യുന്നതിന് മുമ്പായി ആത്മഹത്യ കുറിപ്പിൽ ഒരു വാചകം എഴുതി വെച്ചു. ” ജീവിതം ദുരിതമാണ്, തീർച്ചയായും മരിക്കാൻ എനിക്ക് ആഗ്രഹമില്ല, പക്ഷെ…” എന്നായിരുന്നു ആ വാചകത്തിന്റെ തുടക്കം. ആക്കുത്താഗാവായെ പോലെ ഒരാളും യഥാർത്ഥത്തിൽ മരിക്കാൻ ആഗ്രഹിക്കുന്നത് കൊണ്ടല്ല ആത്മഹത്യ തെരഞ്ഞെടുക്കുന്നത്, മറിച്ച് തങ്ങളുടെ ജീവിതത്തിൽ അപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത് എന്തായിരുന്നാലും ആ പ്രതിസന്ധിയെ അതിജയിക്കാനുള്ള കരുത്തോ ക്ഷമയോ ഇല്ലാതെ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള മാർഗമായിട്ടാണ് ഇക്കൂട്ടർ ആത്മഹത്യ തെരഞ്ഞെടുക്കുന്നത്  എന്നാണ് മനശാസ്ത്രജ്ഞർ പ്രസ്ഥാവിക്കുന്നത്. അത്മഹത്യ കുറിപ്പുകളിൽ സർവ്വ സാധാരണയായി കണ്ട് വരുന്ന കുറിപ്പുകൾ അതാണ് സൂചിപ്പിക്കുന്നത്. “ഇനി എനിക്കിത് സഹിക്കാൻ വയ്യ” അല്ലെങ്കിൽ “ഇനി ഞാൻ എന്തിന് ജീവിക്കണം” ഇതുപോലെയുള്ള പ്രതീക്ഷയറ്റ വാചകങ്ങളാണ് മനുഷ്യനെ ആത്മഹത്യയിലേക്ക് വലിച്ചിഴക്കുന്നത്.

          ഇന്ന് നമ്മുടെ രാജ്യത്ത് മാനസികാസ്വാസ്ഥ്യം കാരണം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. അതിൽ ഏറ്റവും ഉയർന്ന ആത്മഹത്യാ നിരക്കുള്ള സംസ്ഥാനങ്ങളിലൊന്നാണ് നമ്മുടെ കേരളം. കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ദിനേന വർധിച്ചുവരികയാണെന്നും സംസ്ഥാനത്ത് സംഭവിക്കുന്ന ആത്മഹത്യകളിൽ 14.3 ശതമാനവും മാനസികാസ്വാസ്ഥ്യം മൂലമാണെന്നാണ് റിപ്പോർട്ടുകൾ രേഖപ്പെടുത്തുന്നത്.

ക്ഷമയിലെ ഇസ്ലാമിക പാഠങ്ങൾ.

ക്ഷമാശീലം നല്ല വിശ്വാസിയുടെ
ലക്ഷണമായാണ് ഇസ്‌ലാം കണക്കാക്കുന്നത്. ക്ഷമിക്കുക എന്നത് വിനയത്തിന്റെയും ഭക്തിയുടെയും ലക്ഷണമാണ്. ക്ഷമ ആലോചനക്കും വിചിന്തനത്തിനും അവസരം നൽകുന്നുണ്ട്. വിശുദ്ധ ഖുർആനും ഹദീസും ക്ഷമയുടെ മഹത്വത്തെ പുകഴ്ത്തി ഒട്ടേറെ സ്ഥലങ്ങളിൽ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നുണ്ട്. ക്ഷമയുടെ മികച്ച പ്രാധാന്യവും അത്യുന്നത സ്ഥാനവും മുൻനിർത്തി ഖുർആനിൽ തൊണ്ണൂറോളം സ്ഥലങ്ങളിൽ പരാമർശമുണ്ട്. സൂറത്തുൽ ബഖറയിൽ പറയുന്നതിങ്ങനെയാണ് “സത്യവിശ്വാസികളെ, നിങ്ങൾ ക്ഷമയും നിസ്കാരവും കൈമുതലാക്കി അല്ലാഹുവിനോട് സഹായം തേടുക. തീർച്ചയായും അല്ലാഹു ക്ഷമിക്കുന്നവരോട് കൂടെയാകുന്നു . അതേ സൂറത്തിൽ മറ്റൊരിടത്ത് അല്ലാഹു പഠിപ്പിക്കുന്നു: കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും, അത്തരം സന്ദർഭങ്ങളിൽ ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക. തങ്ങൾക്ക് വല്ല ആപത്തും ബാധിച്ചാൽ അവർ പറയുന്നത്, ഞങ്ങൾ അല്ലാഹുവിൻറെ അധീനത്തിലാണ് അവനിലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവർക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നവർ, അവരത്രെ സന്മാർഗം പ്രാപിച്ചവർ (അൽബഖറ). നബി(സ)യുടെ പ്രധാനപ്പെട്ട സ്വഭാവ വിശേഷണമായിരുന്നു ക്ഷമാശീലം. അവിടുത്തെ നാമങ്ങളിൽ ഒന്നാണ് സ്വാബിർ – ക്ഷമാശീലൻ എന്നത്. ഈ നാമം അന്വർത്ഥമാക്കുംവിധം ആയിരുന്നു അവിടുത്തെ ജീവിതവും. ക്ഷമയും, ധർമ്മ സമരങ്ങളും, ത്യാഗ സമർപ്പണവുമായി കഴിഞ്ഞുകൂടി ഉമ്മത്തിനെ ക്ഷമ പഠിപ്പിക്കുകയായിരുന്നു മുത്ത് നബി. അവിടുത്തെ ജീവിതത്തിലെ തുല്യതയില്ലാത്ത സംഭവമായിരുന്നു മക്കാവിജയം. തന്നെയും അനുയായികളെയും ക്രൂരപീഡനങ്ങൾക്ക് വിധേയരാക്കി നാടും വീടും തങ്ങൾക്ക് അന്യരാക്കിയ  ശത്രുക്കൾക്ക് പ്രവാചകൻ മാപ്പ് നൽകുകയായിരുന്നു. മക്കയിലെ പ്രബോധന ജീവിതം ആരംഭിച്ച സമയത്ത് പലയിടങ്ങളിൽനിന്നും കഠിനമായ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ശാരീരികമായും അല്ലാതെയും അപമാനിക്കാനുള്ള ശ്രമങ്ങളുണ്ടായി. എല്ലാ ഘട്ടത്തിലും നബി(സ) ക്ഷമിച്ച് തന്റെ പ്രബോധന ദൗത്യ പൂർത്തീകരണത്തിൽ ശ്രദ്ധ ചെലുത്തി. “ക്ഷമ ഈമാനിന്റെ പകുതിയാണെന്ന്” പഠിപ്പിച്ച് ജീവിതം കൊണ്ട് കാണിച്ചു കൊടുക്കുകയായിരുന്നു പ്രവാചകർ. വിട്ടുവീഴ്ച വലിയൊരു അനുഗ്രഹമാണ്. മത മൂല്യങ്ങൾക്കപ്പുറമുള്ളവർക്ക് പോലും ഹിദായത്തിന്റെ വെളിച്ചം കാണിച്ച് കൊടുക്കാൻ ക്ഷമ കാരണമായിട്ടുണ്ട്. പരീക്ഷണങ്ങൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുമ്പോഴും വിപത്തുകൾ ആവരണം ചെയ്യുമ്പോഴും സത്യവിശ്വാസിയുടെ ഏറ്റവും നല്ല പരിചയാണ് ക്ഷമ, എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. സുഹൈബ് (റ) റിപ്പോർട്ട് ചെയ്യുന്നു, നബി(സ) പറഞ്ഞു: സത്യവിശ്വാസിയുടെ നില അത്ഭുതം! എല്ലാം അവന് ഗുണകരമാണ്. ഈ പ്രത്യേകത സത്യവിശ്വാസിക്കല്ലാതെ മറ്റാർക്കുമില്ല. സന്തുഷ്ടനാകുമ്പോൾ നന്ദി പ്രകടിപ്പിക്കും, ദുഖിതനാകുമ്പോൾ ക്ഷമ പാലിക്കും. അപ്പോൾ അത്(സുഖദുഖം) അവന് ഗുണകരമായിത്തീരുന്നു(മുസ്ലിം).  ഖൈബറിൽ നിന്ന് വിജയം കൈവരിച്ച് മടങ്ങി വരുകയായിരുന്നു നബി(സ)യും സ്വഹാബത്തും. ഇസ്ലാമിൻറെ വളർച്ചയിൽ രോഷം കൊണ്ട ശത്രുക്കൾ നബി(സ)യെ വധിക്കാൻ നിരവധി തന്ത്രങ്ങളാണ് നടത്തിയിരുന്നത് . സല്ലാമുബ്നു മുഷ്കം എന്ന ജൂത നേതാവിന്റെ, ഭാര്യ വിഷം കലർത്തിയ ആട്ടിറച്ചി നബി(സ)ക്ക് സമ്മാനിച്ചു. തിരുനബി സ്വഹാബത്തിനെ വിളിച്ച് കൂട്ടി അത് ഭക്ഷിക്കാനൊരുങ്ങുകയായിരുന്നു. ഒരു കഷ്ണമെടുത്ത് വായിലിട്ടു. മാംസം വിഷലിപ്തമാണെന്ന് തിരുനബി തിരിച്ചറിഞ്ഞു. ഒടുവിൽ അവളെ ഹാജരാക്കി വിചാരണ നടത്തി, അവൾ കുറ്റം സമ്മതിച്ചു. പക്ഷേ നബി(സ) അവൾക്ക് മാപ്പ് നിൽക്കുകയായിരുന്നു. തൊട്ടതിനും പിടിച്ചതിനുമെല്ലാം മനസ്സിൽ പകയും വിദ്വേഷവും കൊണ്ടു നടക്കുന്ന പുതിയ തലമുറ പ്രവാചക പാഠങ്ങൾ ഉൾക്കൊണ്ട്, ക്ഷമാശീലരാകാൻ ശ്രമിക്കേണ്ടതുണ്ട്.
തിരു നബിക്ക് മുമ്പുള്ള പ്രവാചക ശ്രേഷ്ടരും ക്ഷമയോടെയാണ് അവരുടെ ഉമ്മത്തിനെ ഇസ്ലാമിലേക്ക് ക്ഷണിച്ചത്. അതിൽ കൂടുതൽ കാലം ക്ഷമിച്ച നൂഹ്(അ)ന്റെ ചരിത്രം ഖുർആൻ നമുക്ക് വിവരിച്ചു തരുന്നുണ്ട്. അദ്ദേഹം 950 വർഷക്കാലം തന്റെ പ്രബോധന മാർഗത്തിൽ ക്ഷമയവലംബിച്ചു. പ്രവാചകരുടെ പ്രബോധന മാർഗ്ഗം അത്ര എളുപ്പമുള്ളതല്ല, അവിടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നിരന്തരം നേരിടേണ്ടി വരുന്നുണ്ട്. ഇതിലെല്ലാം ക്ഷമ മാത്രമായിരുന്നു അവരുടെ വിജയമുദ്ര. അബ്ദുള്ളാഹിബ്നു മസ്ഊദ്(റ) പറയുന്നുണ്ട്, എനിക്കിപ്പോഴും തിരുനബി(സ)യുടെ പുണ്യവദനം കൺമുന്നിൽ കാണുന്നത് പോലെയുണ്ട്. പ്രവാചകന്മാരിൽ ഒരാളുടെ തിക്താനുഭവം അവിടെന്ന് വിവരിക്കുകയായിരുന്നു. തന്റെ പ്രബോധിത സമൂഹം ആ പ്രവാചകനെ അടിക്കുകയും രക്തമൊലിപ്പിക്കുകയും ചെയ്തു. അദ്ദേഹമാകട്ടെ മുഖത്ത് നിന്ന് രക്തം തുടച്ച് കൊണ്ട് ഇങ്ങനെ പ്രാർത്ഥിച്ചു. നാഥാ..! എന്റെ ആളുകൾക്ക് നീ മാപ്പരുളേണമേ… അവർ യാഥാർത്ഥ്യം അറിവില്ലാത്തവരാണ്(ബുഖാരി,മുസ്ലിം)

ക്ഷമക്കുള്ള പ്രതിഫലം

ക്ഷമയുടെ ശാസ്ത്ര വശങ്ങളെയും അതിന് മതം നൽകുന്ന പ്രാധാന്യങ്ങളും മനസ്സിലാക്കുമ്പോൾ ക്ഷമ കൈക്കൊള്ളുന്നവർക്ക് അല്ലാഹു മഹത്തായ പ്രതിഫലം നൽകുമെന്ന് വിശുദ്ധ ഖുർആൻ വാഗ്ദാനം നൽകുന്നുണ്ട്. ” ക്ഷമാശീലർക്ക് തന്നെയാണ് തങ്ങളുടെ പ്രതിഫലം, കണക്ക് നോക്കാതെയാണ് അവ നിറവേറ്റി കൊടുക്കുന്നത്”(സുമർ-10). “അള്ളാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു”. “അവർ ക്ഷമിച്ചത് കൊണ്ട് ഇന്നിതാ അവർ തന്നെയാകുന്നു ഭാഗ്യവാന്മാർ”(അൽ മുഅമിനൂൻ – 111).തങ്ങൾ ക്ഷമിച്ചതിന്റെ പേരിൽ അവർക്ക് രണ്ട് പ്രാവശ്യം പ്രതിഫലം നൽകുമെന്നാണ് അല്ലാഹു പറയുന്നത്. “അത്തരക്കാർക്ക് അവർ ക്ഷമിച്ചതിന്റെ ഫലമായി അവരുടെ പ്രതിഫലം രണ്ട് മടങ്ങായി നൽകപ്പെടുന്നതാണ്. അവർ നന്മ കൊണ്ട് തിന്മയെ തടുക്കുകയും നാം അവർക്ക് നൽകിയിട്ടുള്ളതിൽ നിന്ന് ചെലവഴിക്കുകയും ചെയ്യും”(ഖസസ്-54). ക്ഷമാ ശീലരെ കുറിച്ച് ഉമർ(റ) പറയുന്നത് വളരെ പ്രധാനമാണ് : ‘അവർക്കുള്ള വാഗ്ദാനങ്ങളെത്ര നല്ലത്. അള്ളാഹുവിൽ നിന്നുള്ള അനുഗ്രഹവും കാരുണ്യവും ലഭിക്കുന്നതോടൊപ്പം അവർ സന്മാർഗ്ഗം പ്രാപിക്കുകയും ചെയ്യുന്നു’ മനുഷ്യരുടെ ജീവിത രീതികളിൽ വിശുദ്ധി പുലർത്തി കോപവും വിദ്വേഷവും നിയന്ത്രിച്ച് ക്ഷമാ ശീലനാവേണ്ടവനാണ് യഥാർത്ഥ വിശ്വാസി. കോപം വരുമ്പോൾ മനസിനെ നിയന്ത്രിച്ച് ക്ഷമ ഉൾക്കൊള്ളുന്നവരാണ് ഏറ്റവും ശക്തനെന്ന് മുത്ത് നബി(സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ക്ഷമയും വിശ്വാസവും ആർജിച്ച് മുന്നോട്ട് പോവുന്നവർക്ക് മാത്രമെ സൃഷ്ടാവിനെ പരിപൂർണ്ണാർത്ഥത്തിൽ വഴിപ്പെടാനും അവന്റെ പ്രീതി കാംക്ഷിക്കാനും സാധിക്കുകയൊള്ളൂ. ലോകം തിന്മയെ മാടി വിളിക്കുമ്പോഴും തന്റെ ഇച്ഛകൾക്കതീതമായി തിന്മയോട് പെരുമാറാനാണ് നാം ശ്രമിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here