* പുരുഷന് കുളി നിര്‍ബന്ധമാകുന്നതെപ്പോള്‍?
മനിയ്യ് പുറപ്പെടുക, സ്ത്രീയുടെയോ, പുരുഷന്റേയോ, മൃഗങ്ങളുടെയോ ഗുഹ്യസ്ഥാനങ്ങളില്‍ ലിംഗാഗ്രം പ്രവേശിക്കുക എന്നിവയാല്‍ പുരുഷന്മാര്ക്ക് കുളി നിര്‍ബന്ധമാകുന്നതാണ്.
* സ്ത്രീക്ക് കുളിനിര്ബന്ധമാകുന്നതെപ്പോള്?
മുന്‍ പിന് ദ്വാരങ്ങളില്‍ ലിംഗം പ്രവേശിക്കുക, ആര്‍ത്തവം, പ്രസവം, ഇന്ദ്രിയം പുറപ്പെടുക എന്നിവയാല്‍ സ്ത്രീക്ക് കുളി നിര്‍ബന്ധമാകുന്നതാണ്.
* നിര്‍ബന്ധകുളി കഴിഞ്ഞ ശേഷം നിയ്യത്തിലോ ഏതെങ്കിലും അവയവത്തിന്റെ ശുദ്ധിയാക്കലിലോ സംശയിച്ചാല്‍ കുളി മടക്കേണ്ടതുണ്ടോ?
ആ സംശയത്തിന് യാതൊരു സ്ഥാനവുമില്ല. അതിനാല്‍ കുളി മടക്കേണ്ടതുമില്ല.
* ജനാബത്തുകാരന് കുളിക്കുന്നതിന് മുമ്പ് മുടി, നഖം പോലോത്തത് നീക്കം ചെയ്യാന്‍ പറ്റുമോ?
ഇവ രണ്ടും നീക്കം ചെയ്യല്‍ സുന്നത്തിന് വിരുദ്ധമായതിനാല്‍ നീക്കാതിരിക്കലാണ് നല്ലത്.
* കുളിയുടെ ആരംഭത്തില്‍ ബിസ്മിചൊല്ലുന്നതിന്റെ വിധിയെന്ത്?
സുന്നത്താണ്.
* കുളി നിര്‍ബന്ധമായിരിക്കെ വീട്ടുപണികളോ, യാത്രകളോ ചെയ്യുന്നത് കൊണ്ട് വിരോധമുണ്ടോ?
കുളിക്കുന്നതിന് മുമ്പ് ജോലിചെയ്യുന്നതിലോ യാത്ര ചെയ്യുന്നതിലോ വിരോധമില്ല. നിസ്കാരം, ഖുര്‍ആന്‍ പാരായണം, ത്വവാഫ് തുടങ്ങിയവക്ക് കുളിനിര്ബന്ധമാണ്.
* പ്രസവം ഓപ്പറേഷനിലൂടെയാണെങ്കില് കുളി നിര്‍ബന്ധമാണോ?
പ്രസവം ഓപ്പറേഷനിലൂടെയാണെങ്കിലും കുളിനിര്ബന്ധമാണ്.
* അശുദ്ധമായ രക്തവും മറ്റു മാലിന്യങ്ങളും ഓപ്പറേഷനിലൂടെ നീക്കം ചെയ്യപ്പെടുന്നതിനാല്‍ പ്രസവാനന്തരം പുറപ്പെടുന്ന രക്തം നിഫാസാക്കാന് പറ്റുമോ?
ഓപ്പറേഷനിലൂടെ ഏത് രക്തം ഒഴിവാക്കിയാലും പ്രസവാനന്തരം പുറപ്പെടുന്ന രക്തം നിഫാസായിരിക്കും. ആര്‍ത്തവക്കാരിയുടെ എല്ലാ നിബന്ധനകളും നിഫാസുകാരിക്കും നിര്‍ബന്ധമാണ്.
* വെള്ളപ്പോക്കുണ്ടായാല്‍ കുളി നിര്‍ബന്ധമാണോ?
കുളി നിര്‍ബന്ധമില്ലെങ്കിലും അത് നജസായതിനാല്‍ കഴുകി വൃത്തിയാക്കല്‍ നിര്‍ബന്ധമാണ്.
* പൂര്‍ണമായും മറച്ച സ്ഥലത്ത് നിന്നും നഗ്നമായി കുളിക്കാമോ?
വിരോധമില്ല. പക്ഷേ മറച്ച് കുളിക്കലാണ് ഏറ്റവും നല്ലത്.
ഭാര്യയുമായി ബന്ധപ്പെടുന്നതായി സ്വപ്നം കാണുകയും
* സ്കലനം ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ കുളിനിര്ബന്ധമുണ്ടോ?
സ്വപ്നം കുളി നിര്‍ബന്ധമാക്കുന്ന കാര്യമല്ലാത്തതിനാല്‍ കുളി നിര്‍ബന്ധമില്ല.
* ഇശാഅ് മഗ്രിബിനിനിടയില് കുളിമുറിയില്‍ പ്രവേശിക്കാന്‍ പറ്റുമോ?
മഗ്രിബിന് തൊട്ടുമുമ്പും ഇശാഅ് മഗ്രിബിന്റെ ഇടയിലും ബാത്ത്റൂമില്‍ പ്രവേശിക്കല്‍ കറാഹത്താണ്.
* കുളിമുറിയില്‍ പ്രവേശിക്കുമ്പോള്‍ ഇടതുകാല് മുന്തിക്കല്‍ സുന്നത്തുണ്ടോ?
മല മൂത്ര വിസര്‍ജന സ്ഥലത്തെപ്പോലെ കുളിമുറിയില്‍ പ്രവേശിക്കുമ്പോള്‍ ഇടതുകാലും പുറത്തിറങ്ങുമ്പോള്‍ വലതുകാലും മുന്തിക്കല്‍ സുന്നത്താണ് .
* സുന്നത്തായ കുളികള്‍ (ജുമുഅയുടെയും, രണ്ടു പെരുന്നാളിന്റെയും) ഉപേക്ഷിച്ചാല്‍ ഖളാഅ് വീട്ടല്‍ സുന്നത്തുണ്ടോ?
സുന്നത്തുകുളികള് അതാത് സമയത്ത് നടക്കാത്തപക്ഷം ഖളാഅ് വീട്ടല്‍ സുന്നത്താണ്.
* സ്ഖലനത്തെതുടര്ന്ന് കുളിച്ചതിന് ശേഷം മുമ്പുപുറപ്പെട്ട മനിയ്യിന്റെ അവശിഷ്ടം വീണ്ടും പുറത്തുവന്നാല്‍ കുളിമടക്കല് നിര്‍ബന്ധമാണോ?
അതെ, കുളി മടക്കല്‍ നിര്‍ബന്ധമാണ്.
* കുളിയുടെ രൂപം വിശദീകരിക്കുക?
ഖിബ്ലക്കഭിമുഖമായിനിന്ന് ബിസ്മിചൊല്ലുക. ശരീരത്തിലെ അഴുക്കുകളും മ്ലേച്ചമായ വസ്തുക്കളും നീക്കി കഴുകി വൃത്തിയാക്കി പൂര്‍ണ വുളൂഅ് എടുക്കുക. ചെവിയുടെ ചുളിഞ്ഞ ഭാഗം, ചെവിക്കുണ്ട്,പീളക്കുഴി, പൊക്കിള്‍, കാല് മടമ്പ്, വാല്ക്കണ്ണ്, തുടങ്ങിയ ഭാഗങ്ങള്‍ സൂക്ഷിച്ചു കഴുകുക. മുടിയും താടിയും തിക്കകറ്റുക തുടര്‍ന്ന് അശുദ്ധിയെ ഉയര്‍ത്തുന്നുവെന്നോ അശുദ്ധിയില്‍ നിന്നും ശുദ്ധിയാകുന്നു എന്നോ നിര്‍ബന്ധകുളി നിര്‍വ്വഹിക്കുന്നു എന്നോ നിസ്ക്കാരത്തിന് വേണ്ടി കുളിക്കുന്നു എന്നോ നിയ്യത്ത് ചെയ്ത് ആദ്യം തലയും പിന്നീട് വലത് ഭാഗത്തും പിന്നെ ഇടതുഭാഗത്തും വെള്ളമൊഴിക്കുക. മൂന്നു പ്രാവിശ്യം വെള്ളമൊഴിച്ച് കഴുകലും ശരീരം തേച്ചുരച്ച് കഴുകലും സുന്നത്താണ്.