ആത്മീയതയുടെ ആനന്ദം 7
ഇസ്ലാം താതപര്യപ്പെടുന്ന സ്വഭാവങ്ങള്‍, വിശ്വാസികളെ സംസ്കരിക്കുന്നു. സ്ഫുടം ചെയ്യുന്നു. മാത്രമല്ല പരലോകത്ത് തിരുനബി(സ)യുമായുള്ള സഹവാസത്തിന് അവസരങ്ങളൊരുങ്ങാനും കാരണമാകും. അഥവാ ഉന്നതമായ ഒരു സ്ഥാനത്തേക്ക് ഇതിലൂടെ അവന് ഉയരാന്‍ സാധിക്കുന്നു.
തിരുനബി(സ) പറയുന്നു: ‘അന്ത്യദിനത്തില്‍, നിങ്ങളില്‍ നിന്നും എന്നോട് ഏറ്റവും അടുപ്പവും സ്നേഹവുമുള്ളവര്‍ സല്‍സ്വഭാവികളാണ്'(തുര്‍മുദി)
മറ്റൊരു ഹദീസില്‍ ഇങ്ങനെയുണ്ട്, ‘നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ സല്‍സ്വഭാവികളാണ്'(ബുഖാരി)
നിര്‍മലമായ സംസാരവും സൗമ്യമായ സമീപനവും കാരുണ്യമുള്ള ഹൃദയത്തിന്റെ പ്രകടനങ്ങളാണ്.
കാരുണ്യം ഹൃദയത്തില്‍ നിര്‍ഗളിക്കുന്ന സവിശേഷമായ സ്വഭാവമാണ്. ഈ വിശേഷണമുള്ളവരുടെ മനസ്സില്‍ ആര്‍ദ്രതയും കൃപയും നിറഞ്ഞിരിക്കും. ഇതോടെ, വിശ്വാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ അവന്റെ പ്രയാസങ്ങളായി മാറും. അവരുടെ സന്തോഷങ്ങളില്‍ അവന് ആഹ്ലാദിക്കുന്നു. അവരുടെ സങ്കടങ്ങളില്‍ പങ്കാളിയാവുകയും ചെയ്യുന്നു. മാത്രമല്ല, വിശ്വാസികള്‍ക്ക് ഉപകാരം ലഭിക്കുന്നത് അവന്റെ അഭിലാഷമായി മാറുന്നു. ജനസേവനവും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള അധ്വാനവും അവന്റെ ജീവിത ശൈലിയാവുകയും ചെയ്യുന്നു.
കാരുണ്യത്തിന്റെ ഇത്തരം വിശേഷണങ്ങള്‍ തിരുനബി(സ)യുടെ ജീവിതത്തില്‍ നമുക്ക് കാണാം.
വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത് കാണാം, ‘തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരു ദൂതന് വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്ത, നിങ്ങളുടെ കാര്യത്തില്‍ അതീവ താത്പര്യമുള്ള, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് ആ നബി’ (തൗബ128).
കാരുണ്യത്തിന്റെ പ്രവാചകരാണ് തിരുനബി(സ). വിശുദ്ധ ഖുര്‍ആന്‍ അവ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
‘മാലോകര്‍ക്ക് കാരുണ്യമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ല’ (അമ്പിയാഅ് 107).
കരുണ ചെയ്യുന്നവര്‍ക്ക്, അല്ലാഹു കാരുണ്യം ചെയ്യുമെന്ന് തിരുനബി(സ) അരുളിയിട്ടുണ്ട്.
യഥാര്‍ത്ഥത്തില്‍, കരുണയുള്ള വിശ്വാസിയുടെ ഹൃദയത്തില്‍ നിന്നാണ് ദയയും ദാക്ഷിണ്യവും ജനസേവന- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഉത്ഭവിക്കുന്നത്. നോക്കൂ, മതത്തിന്റെ സ്വഭാവ സംസ്കാരങ്ങള്‍ എത്ര മനോഹരമാണ്!
കാരുണ്യം ഹൃദയത്തില്‍ നിന്നിറങ്ങുമ്പോള്‍ വാക്കിലും പ്രവര്‍ത്തനത്തിലും സഹജീവികളോടുള്ള അനുകമ്പ പ്രകടമാകുന്നു. ചുറ്റുപാടുകളില്‍ ജീവിക്കുന്നവരെയും പരിഗണിക്കുന്നു. അവരുടെ പരാധീനതകള്‍ക്ക് പരിഹാരം കാണുന്നു. ഇങ്ങനെ വരുമ്പോള്‍ ജീവിതത്തിന്റെ നിഖില മേഖലകളിലും റബ്ബിന്റെ കാരുണ്യം പരിപൂര്‍ണമായും വര്‍ഷിക്കും. ഒരാള്‍ അല്ലാഹു നല്കിയ അനുഗ്രഹങ്ങളില്‍ നിന്നും അവന്റെ ദാസന് നല്കിയാല് അല്ലാഹുവിന്റെ കാരുണ്യം അവന് മേല്‍ വര്‍ഷിക്കും.
കരുണ നിറഞ്ഞ സ്വഭാവത്തോടെയുള്ള പെരുമാറ്റം ഒരു വിശ്വാസിയുടെ ബാധ്യതയാണ്. പ്രായമായവരോടും ചെറിയ കുട്ടികളോടും ബലഹീനരോടും നിര്‍ധനരോടും അവശതയനുഭവിക്കുന്നവരോടും പിശുക്കില്ലാതെ കരുണ ചെയ്യേണ്ടതുണ്ട്.
തിരുനബി(സ) പറയുന്നു: മൂന്ന് കാര്യങ്ങള്‍ ഒരാളിലുണ്ടെങ്കില്‍ അവന്റെ മനസില്‍ നിന്നും പിശുക്ക് ഇല്ലാതെയാകും. ഒന്ന്: സകാത് നല്‍കുക. രണ്ട്: അതിഥികളെ സല്കരിക്കുക. മൂന്ന്: ദുരന്ത ബാധിതരെ സഹായിക്കുക. ഇങ്ങനെ, തിരുനബി(സ) സ്വഹാബാക്കളെ ഇസ്ലാമിക സ്വഭാവ സംസ്കാരവും കാരുണ്യത്തിന്റെ പാഠവും പഠിപ്പിച്ചു. റുഹമാഅ്'(കരുണയുള്ളവര്‍) എന്നാണ് വിശുദ്ധ ഖുര്‍ആന്‍ അവരെ വിശേഷിപ്പിച്ചത്. അല്ലാഹു പറയുന്നു: ‘മുഹമ്മദ് നബി അല്ലാഹുവിന്റെ റസൂലാകുന്നു. അവിടുത്തോടൊപ്പമുള്ളവര് സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം കരുണ ചൊരിയുന്നവരുമാകുന്നു’ (ഫത്ഹ് ).
മറ്റൊരു സൂക്കത്തില് ഇങ്ങനെയാണ്: ‘മുഹാജിറുകള്‍ വരന്നതിനു മുന്നേ വീടും വിശ്വാസവും സ്വന്തമാക്കിയവര്‍ (അന്‍സ്വാറുകള്‍) തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ [മുഹാജിറുകളെ] സ്നേഹിക്കുന്നു. മുഹാജിറുകള്‍ക്ക് പതിച്ചു നല്കിയ ധനം സംബന്ധിച്ച് ഒരു ആവശ്യവും അന്സ്വാറുകള്ക്കില്ല. തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങെളേക്കാള് മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യുന്നു ( ഹശ്റ്).
ഇത് അന്‍സ്വാറുകള്‍ക്ക് അല്ലാഹു നല്കുന്ന ഒരു സാക്ഷ്യപ്രതമാണ്. അവര്‍ യമനില്‍ നിന്നും മദീനയിലെത്തിയ രണ്ട് ഗോത്രങ്ങളാണ്. തിരുദൂതര്‍(സ)യെ നേരില്‍ കണ്ട് ഇസ്ലാം സ്വീകരിക്കുകയും മദീനയില്‍ സ്ഥിരതാമസക്കാരാവുകയും ചെയ്തു. വിശ്വാസത്തില്‍ അവര്‍ മുന്നിലെന്ന പോലെ വിശ്വാസികളെ സഹായിക്കുന്നതിലും അന്‍സ്വാറുകള്‍ മാതൃകയായി. ഖുര്‍ആനിലും ഹദീസുകളിലും അവരെ ധാരാളമായി പുകഴ്ത്തിയിട്ടുണ്ട്.
കുട്ടികള്‍, വലിയവര്‍, മൃഗങ്ങള്‍ തുടങ്ങി എല്ലാ ജീവികളോടും കരുണ കാണിക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ബനൂ ഇസ്റാഈലിലെ ദുഷ്ടയായ സ്ത്രീയുടെ ഒരു ചരിത്രമുണ്ട്. നായക്ക് ദാഹജലം നല്കിയ കഥ! തിരുനബി(സ) പറഞ്ഞു: ‘നായ ദാഹിച്ചു വലഞ്ഞു. അവിടെ ഒരു കിണറുണ്ട്. പക്ഷേ, വെള്ളം കോരിയെടുക്കാന്‍ പാത്രങ്ങളൊന്നുമില്ല. ഷൂ അഴിച്ച് കിണറില്‍ നിന്ന് വെള്ളമെടുത്ത് നായയുടെ ദാഹമകറ്റി. അത് കാരണമായി ആ സ്ത്രീയുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുത്തു.’ (ബുഖാരി)
മറ്റൊരു ഹദീസില്‍ ഇങ്ങനെയുണ്ട്. തിരുനബി(സ) വീട്ടില്‍ ഒരു പൂച്ച അല്പം വെള്ളമുള്ള പാത്രത്തില്‍ തലയിടുന്നത് കണ്ടു. പക്ഷേ, വെള്ളം കുടിക്കാന്‍ കഴിയുന്നില്ല. തിരുനബി(സ) ദാഹമകറ്റാന്‍ അതിനെ സഹായിച്ചു. സ്വഹാബാക്കള്‍ ചോദിച്ചു : അങ്ങ് എന്താണ് ചെയ്യുന്നത്? (പാത്രം അശുദ്ധമാകില്ലേ എന്നാണ് ചോദ്യത്തിന്റെ ഉദ്ദേശ്യം) തിരുനബി(സ) പറഞ്ഞു: അത് നജസല്ല; വീടുകളില്‍ കറങ്ങി നടക്കുന്ന പൂച്ചയാണിത്. അവിടുത്തെ കാരുണ്യവും കൃപയും എത്ര മഹത്വം!
ചരിത്രത്താളുകളില്‍ അനേകം സംഭവങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. തിരുനബി (സ) കുഞ്ഞുങ്ങളെ ചുമ്പിക്കുന്നത് കണ്ട അഖ്റഅ് ബ്നു ഹാബിസ് ചോദിച്ചു: തിരുദൂതരേ, എനിക്ക് പത്ത് മക്കളുണ്ടെങ്കിലും ഒരാളെയും ഞാന്‍ ചുമ്പിക്കാറില്ല! മുത്തുനബി പറഞ്ഞു. മറ്റുള്ളവരോട് കരുണ കാണിക്കാത്തവന് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുകയില്ല’ ( ബുഖാരി).
[ഹബീബ് ഉമര്‍ ബിന്‍ ഹഫീള് തങ്ങളുടെ ഗ്രന്ഥമാണ് ഇസ്ആഫു ത്വാലിബീ രിളല്‍ ഖല്ലാഖി ബിബയാനി മകാരിമില്‍ അഖ്ലാഖ്. ഇംഗ്ലീഷ് വിവര്‍ത്തനം ലഭ്യമാണ്. മലയാളത്തില്‍ ഇതാദ്യമാണ്. വിവ.സൈനുല്‍ ആബിദ് ബുഖാരി]