ഇസ്‌ലാമിലെ യുദ്ധവും യുദ്ധത്തിലെ ഇസ്‌ലാമും

ഷനൂബ് ഹുസൈന്‍

0
3301

കീഴടക്കുക, സ്വതാല്‍പര്യം അടിച്ചേല്‍പിക്കുക, അര്‍ഹതപ്പെട്ട അവകാശങ്ങള്‍ പിടിച്ച് വാങ്ങുക എന്നീ ലക്ഷ്യങ്ങളാണ് പൊതുവെ യുദ്ധങ്ങള്‍ക്കുള്ളത്. സൃഷ്ടികളില്‍ സമ്പൂര്‍ണരായ തിരുനബി (സ്വ)യുടെ ജീവിതത്തിലും യുദ്ധങ്ങളുണ്ടായിട്ടുണ്ട്. ഇവയെ രണ്ടായി തരം തിരിക്കാം. ഗസ്‌വത്തും സരിയ്യതും. തിരു നബി (സ്വ) നേരിട്ട് പങ്കെടുത്തവ ഗസവത്. നേരിട്ട് പങ്കെടുക്കാത്തവ സരിയ്യത്. 27 ഗസ്‌വത്തുകളും 47 സരിയ്യ തുകളും അടക്കം 74 യുദ്ധങ്ങളാണ് ഇസ്‌ലാമിക ചരിത്രത്തില്‍ രേഖപ്പെട്ടിരിക്കുന്നത്. ഇസ്‌ലാമിക യുദ്ധങ്ങളുടെ വസ്തുതാപരമായ അന്വേഷണങ്ങള്‍ നബി(സ) യുദ്ധക്കൊതിയനാണെന്ന ഓറിയന്റലിസ്റ്റ് വാദത്തിന്റെ നിരര്‍ത്ഥകത ബോധ്യപ്പെടുത്തും.

യുദ്ധ സാഹചര്യങ്ങള്‍
തിരുനബി(സ്വ)യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട യുദ്ധങ്ങളെല്ലാം പ്രതിരോധത്തിന് വേണ്ടിയുള്ളതായിരുന്നു. സഹനത്തിന്റെയും സമാധാനത്തിന്റെയും പര്യായമായ തിരുനബിക്ക് ഒരിക്കലും ഒരു യുദ്ധക്കൊതിയനാവാന്‍ കഴിയുകയില്ല തന്നെ. പിന്നെയെങ്ങനെ യുദ്ധങ്ങളുണ്ടായി? ചരിത്രം മറുപടി പറയുന്നു.

ഇസ്‌ലാമിക ചരിത്രത്തിലെ പ്രഥമ യുദ്ധമായ ഗസ്വത് ബദര്‍. സ്വന്തം അവകാശം തിരിച്ച് പിടിക്കാനുള്ള തിരുനബിയുടെയും അനുയായികളുടെയും ശ്രമം യുദ്ധദാഹികളായ ശത്രുക്കള്‍ ഒരു സംഘട്ടനത്തിലെത്തിച്ചതിന്റെ പരിണതിയായിരുന്നു ബദര്‍ . മക്കയിലെ അവിശ്വാസികളുടെ കൊടിയ പീഡനം സഹിക്കാനാവാതെ തങ്ങളുടെ സര്‍വ സമ്പത്തും മക്കയിലുപേക്ഷിച്ച് നബിയോടൊപ്പം മദീനയിലേക്ക് ഹിജ്റ പോയവരാണല്ലോ മുഹാജിറുകള്‍. അവരുടെ സമ്പത്തെല്ലാം ശത്രുക്കള്‍ കയ്യടക്കി. അബൂസുഫ്‌യാന്റെ കച്ചവടസംഘം വന്‍ലാഭവുമായി മക്കയിലേക്ക് മടങ്ങുന്നുവെന്ന വാര്‍ത്തയറിഞ്ഞ തിരുനബി (സ്വ) ചില അനുയായികളെയും കൂട്ടി അവരില്‍ നിന്ന് തങ്ങള്‍ക്ക് നഷ്ടമായത് ഈടാക്കാന്‍ ശ്രമിച്ചു. തങ്ങളുടെ സ്വത്തുപയോഗിച്ചാണ് അബൂസുഫ്‌യാനും കൂട്ടരും ലാഭം നേടിയിരിക്കുന്നത്. തിരുനബിയുടെ നീക്കം മണത്തറിഞ്ഞ കച്ചവടസംഘം മക്കയിലേക്ക് മറ്റൊരു വഴി തിരഞ്ഞെടുത്തു. തങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മക്കയിലേക്ക് ആളെ അയക്കുകയും ചെയ്തു. കച്ചവടസംഘത്തെ രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ അബൂജഹലിന്റെ നേതൃത്വത്തില്‍ യുദ്ധ സന്നാഹങ്ങളോടെ പുറപ്പെട്ട വന്‍സൈന്യം, കച്ചവടസംഘം മക്കയില്‍ സുരക്ഷിതരായി തിരിച്ചെത്തിയെന്നറിഞ്ഞിട്ടും യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ കൂട്ടാക്കിയില്ല. മുസ്‌ലിംകളെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കണമെന്ന മോഹത്തോടെ അബൂജഹ്‌ലും സംഘവും സര്‍വായുധസജ്ജരായി മദീനയെ അക്രമിക്കാന്‍ പുറപ്പെട്ടു. ശത്രുവ്യൂഹത്തിനെതിരെ പ്രതിരോധത്തിന്റെ തക്ബീര്‍ ധ്വനികളുയര്‍ത്തി മുസ്‌ലിം സൈന്യവും പുറപ്പെട്ടു.
അതിനു ശേഷമുണ്ടായ ഉഹ്ദ് യുദ്ധം, ബദറില്‍ നിന്നേറ്റ പരാജയത്തിന് പകരം ചോദിക്കാനായി അവിശ്വാസികള്‍ ഒരുങ്ങിയിറങ്ങിയതിന്റെ ഫലമായിരുന്നു. ഇവിടെയും പ്രതിരോധത്തിനാണ് മുസ്‌ലിം സൈന്യം ഇറങ്ങിയത്. മദീനയില്‍ സമാധാനത്തോടെ ജീവിക്കാമെന്നും മുസ്‌ലിംകളെ അക്രമിക്കില്ലെന്നും കരാര്‍ ചെയ്ത ജൂതഗോത്രം ബനൂനളീറിന്റെ വഞ്ചനയാണ് ഖന്‍ദഖ് യുദ്ധത്തിന് വഴിവെച്ചത്. കരാര്‍ ലംഘിച്ച ജൂതര്‍, മുസ് ലിംകള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ മക്കാ മുശ്രികുകളെ പ്രേരിപ്പിക്കുകയും അവര്‍ക്ക് വേണ്ട സഹായമൊരുക്കുകയും ചെയ്തപ്പോള്‍ മദീനക്ക് ചുറ്റും കിടങ്ങുകള്‍ കുഴിച്ച് യുദ്ധസാഹചര്യം ഒഴിവാക്കിയ മുസ്‌ലിം സൈന്യത്തിന്റെ സമാധാനബോധത്തെയാണ് ഖന്‍ദഖ് വിളിച്ചറിയിക്കുന്നത്.
വഞ്ചന മുഖമുദ്രയാക്കിയവരാണല്ലോ ജൂതസമൂഹം. അവരുടെ മറ്റൊരു വഞ്ചനയുടെ കഥയാണ് ഖൈബര്‍ യുദ്ധത്തിന് പറയാനുള്ളത്. ബനൂഖയന്‍ഖാ, ബനൂനളീര്‍ തുടങ്ങിയ ജൂത ഗോത്രങ്ങളായിരുന്നു ഖൈബറിലെ താമസക്കാര്‍. മുസ്‌ലിംകള്‍ക്കെതിരെ യുദ്ധം ചെയ്യില്ലെന്നും അക്രമത്തിന് മുതിരില്ലെന്നും കരാര്‍ ചെയ്ത അവര്‍ കരാര്‍ ലംഘിച്ച് യുദ്ധത്തിന് കോപ്പുകൂട്ടി. വന്‍ ആയുധ സന്നാഹങ്ങളൊരുക്കി ദിവസവും പ്രഭാത സമയത്ത് മുസ്‌ലിം സെന്യത്തെ തേടി പുറത്തിറങ്ങുകയും വൈകുന്നേരം നിരാശരായി മടങ്ങുകയും ചെയ്തിരുന്ന അവരെ നേരിടേണ്ടിവന്ന കഥയാണ് ഖൈബര്‍ പട.
ഫത്ഹ് മക്കയിലൂടെ ഇസ്‌ലാമിന്റെ അപ്രമാദിത്വം കൂടുതല്‍ പ്രകടമായതിനു ശേഷവും മുസ്‌ലിംകളോട് പകയും വിദ്വേഷവും വെച്ച് പുലര്‍ത്തിയ ഖവാസിന്‍, സഖീഫ് ഗോത്രങ്ങള്‍ വലിയ സൈന്യവുമായി ഇസ്‌ലാമിനെതിരെ യുദ്ധത്തിന് വന്നു. സ്വാഭാവികമായും ഇസ്‌ലാമിക ഭരണത്തലവന് സ്വന്തം പ്രജകളെ സംരക്ഷിക്കാനായി യുദ്ധം നയിച്ചു. ഇതാണ് ഹുനൈന്‍ യുദ്ധം.
തിരുനബി(സ്വ) യുടെ അവസാന കാലത്താണ് ഗസ്‌വത് തബൂക്ക് സംഭവിക്കുന്നത്. ശക്തരായ പേര്‍ഷ്യന്‍ സൈന്യത്തെ തകര്‍ത്ത് തങ്ങളുടെ കഴിവ് തെളിയിച്ച റോമാ സാമ്രാജ്യം വലിയ സൈനിക, രാഷ്ട്രീയ ശക്തിയായിരുന്നു. അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാമിനുള്ള സ്വാധീനം ഏത് വിധേനയും പിഴുതെറിയണമെന്ന റോമന്‍ ഭരണാധികാരികളുടെ ധാര്‍ഷ്ട്യത്തില്‍ നിന്നാണ് തബൂക്ക് യുദ്ധം പിറവിയെടുക്കുന്നത്. ഇസ്‌ലാമിനെതിരെ യുദ്ധം ചെയ്യാനായി അവര്‍ സൈന്യത്തെ അയച്ചിട്ടുണ്ടെന്ന വിവരം ലഭിച്ച നബി (സ)ക്ക് അവരോട് യുദ്ധം ചെയ്യുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ. തിരുനബി (സ്വ)യുടെ കാലത്തുണ്ടായ എല്ലാ യുദ്ധങ്ങളുടെയും അവസ്ഥ ഇത് തന്നെയാണ്.

ഇനി തിരുനബി (സ്വ)യെ യുദ്ധക്കൊതിയനായി, വിദ്വേഷിയായി മുദ്രകുത്താന്‍ വെമ്പുന്ന ‘പരിഷ്‌കൃത യൂറോപ്പിന്റെയും അമേരിക്കയുടെയും അവസ്ഥ നോക്കൂ. നിരപരാധികളായ ലക്ഷക്കണക്കിന് ആളുകളുടെ കബന്ധങ്ങള്‍ കൊണ്ടാണ് ബ്രിട്ടന്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം പണിതത്. ഇത്തരത്തില്‍ ലാഭക്കൊതിയുടെ കണ്ണുകളുമായി കിരാതമായ അക്രമങ്ങളിലൂടെ സാമ്രാജ്യത്വ സംസ്ഥാപനം സാധ്യമാക്കാമെന്ന ഫ്രാന്‍സിന്റെയും ഹോളണ്ടിന്റെയും സ്‌പെയിനിന്റെയും പോര്‍ച്ചുഗലിന്റെയുമെല്ലാം ദുരാഗ്രഹമാണ് പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ ഏഷ്യയെയും ആഫ്രിക്കയെയും കൊളോണിയലിസത്തിന്റെ നരകങ്ങളാക്കിത്തീര്‍ത്തത്. ഇത്തരം അധികാര കിടമത്സരങ്ങളാണ് മാനവിക കുലത്തിന് തീരാനഷ്ടം വരുത്തിവെച്ച ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ക്കിടയാക്കിയത്. അധികാര വര്‍ഗത്തിനും മുതലാളിമാര്‍ക്കും മാത്രം ലാഭമുണ്ടാക്കിക്കൊടുക്കുന്ന, സാധാരണക്കാരന് നഷ്ടം മാത്രം സമ്മാനിക്കുന്ന ആധുനിക യുദ്ധങ്ങളെ റഷ്യന്‍ വിപ്ലവകാരി വ്‌ലാഡ്മിന്‍ ലെനിന്‍ ‘സാമ്രാജ്യത്വ യുദ്ധങ്ങള്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്നും കുത്തക ആയുധ നിര്‍മ്മാണ കമ്പനികള്‍ക്കും സമ്പന്ന വിഭാഗങ്ങള്‍ക്കും മാത്രം ലാഭമുണ്ടാക്കിക്കൊടുക്കുന്ന, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള സാമ്രാജ്യത്വ യുദ്ധങ്ങള്‍ അമേരിക്കയുടെ നേതൃത്വത്തില്‍ തിമര്‍ത്താടുക തന്നെയാണ്. വിയറ്റ്‌നാമും അഫ്ഗാനും ഇറാഖുമെല്ലാം ഈ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന്റെ രക്തക്കൊതിയില്‍ പേടിയോടെയാണ് കഴിയുന്നത്. സമാധാന വാഹകരായ തിരു നബിയെയും ഇസ്‌ലാമിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തി ഇസ്‌ലാമോഫോബിയ പടര്‍ത്തിക്കൊണ്ടാണ് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സാമ്രാജ്യത്വം നരവേട്ടക്കിറങ്ങുന്നത് എന്നത് മറ്റൊരു വിരോധാഭാസം.

മാനവതയുടെ ഇസ്‌ലാം
നബി (സ്വ) പറയുന്നു. ‘നങ്ങളേ, നിങ്ങള്‍ ശത്രുക്കളെ കണ്ട് മുട്ടാന്‍ ആഗ്രഹിക്കരുത്. അല്ലാഹുവിനോട് ആരോഗ്യത്തെ ചോദിക്കുക, ശത്രുക്കളെ കണ്ട് മുട്ടുകയാണെങ്കില്‍ ക്ഷമിക്കുക.’ (ബുഖാരി, മുസ്‌ലിം) ഈ ഹദീസില്‍ നിന്ന് തന്നെ തിരുനബി (സ്വ) എത്രത്തോളം രക്തച്ചൊരിച്ചിലിനെ വെറുത്തിരുന്നു എന്ന് മനസ്സിലാക്കാം. അവിശ്വാസികളെ മുഴുവന്‍ ശത്രുനിരയില്‍ നിര്‍ത്തി നിഷ്ഠൂരമായ അക്രമണങ്ങള്‍ അഴിച്ച വിടുന്ന തീവ്രവാദ സംഘടനകള്‍ക്ക് എങ്ങനെ തിരുനബിയെ കൂട്ടുപിടിക്കാനാവും? ലോക രാഷ്ട്രങ്ങള്‍ക്ക് നരെ യുദ്ധകാഹളം മുഴക്കുന്ന അമേരിക്കക്കും സാമ്രാജ്യത്വ ശക്തികള്‍ക്കുമെങ്ങനെ ഇസ്‌ലാമിനെ പഴി പറയാനാവും?
തിരുനബി: ‘നരകത്തിന്റെ റബ്ബിനല്ലാതെ തീ കൊണ്ട് ശിക്ഷിക്കാന്‍ അധികാരമില്ല ‘ (അബൂദാവൂദ്). ഇമാം മാലിക് (റ) മുവത്വയില്‍ യഹ്യ ബ്‌നു സഈദ്(റ)നെ ഉദ്ധരിക്കുന്നു, അബൂബക്കര്‍ (റ) ശാമിലേക്ക് ഒരു സൈന്യത്ത അയച്ചു. സെന്യത്തലവനായ യസീദ്ബ്‌നു അബീ സുഫ്യാനോട് പറഞ്ഞു. ‘ഞാന്‍ നിന്നോട് പത്ത് കാര്യങ്ങള്‍ വസിയ്യത്ത് ചെയ്യുന്നു, കുട്ടികളെയോ സ്ത്രീകളെയോ വൃദ്ധരെയോ കൊല്ലരുത്, ഫലം കായ്ക്കുന്ന ഒരു മരവും മുറിക്കരുത്, ഭക്ഷണാവശ്യത്തിനു വേണ്ടിയല്ലാതെ പശുക്കളെയോ ആടിനെയോ അറുക്കരുത്, കെട്ടിടങ്ങള്‍ നശിപ്പിക്കരുത്, ഭിന്നിക്കാന്‍ പാടില്ല, ഭീരുക്കളാവരുത് ,വഞ്ചിക്കരുത് ‘.ഇതാണ് ഇസ് ലാമിക സൈന്യത്തിന്റെ മാതൃക. ൃദ്ധരോടോ സ്ത്രീകളോടോ കുട്ടികളോടോ ക്രൂരത ചെയ്യാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നില്ല. മരങ്ങള്‍ നശിപ്പിച്ച് പ്രകൃതി നശിപ്പിക്കുന്നതും, ജനവാസസ്ഥലങ്ങള്‍ നശിപ്പിച്ച് സാമൂഹ്യ ദ്രോഹം ഉണ്ടാക്കുന്നതും ഇസ്‌ലാം നിരോധിക്കുന്നു.’റസൂല്‍ സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് നിരോധിച്ചിരിക്കുന്നു’. (ബുഖാരി, മുസ്ലിം) ഇത്തരത്തില്‍ മാനവിക മൂല്യങ്ങളെയും യുദ്ധക്കളത്തില്‍ പാലിക്കേണ്ട മര്യാദകളെയും വിളിച്ചറിയിക്കുന്ന അനേകം ഹദീസുകള്‍ ദര്‍ശിക്കാനാവും.
പരിഷ്‌കൃത സമൂഹമെന്ന് ഊറ്റം കൊള്ളുന്ന പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ യുദ്ധമുഖത്ത് ഇസ്‌ലാം നിഷ്‌ക്കര്‍ഷിക്കുന്ന മര്യാദകള്‍ പഠിക്കേണ്ടിയിരിക്കുന്നു. രണ്ടാം ലോകയുദ്ധ സമയത്ത് ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിപ്പിച്ച അമേരിക്ക മാനവ കുലത്തോട് എത്ര വലിയ ക്രൂരതയാണ് കാണിച്ചത്. മിനുറ്റുകള്‍ക്കകം കുട്ടികളും സ്ത്രീകളുമടങ്ങുന്ന ലക്ഷക്കണക്കിന് ആളുകളാണ് ഉരുകിത്തീര്‍ന്നത്. ഇന്നും ആണവ അക്രമണത്തിന്റെ വേദനകള്‍ പേറുന്ന വലിയൊരു വിഭാഗം ജപ്പാനിലുണ്ട്. വിയറ്റ്‌നാം യുദ്ധകാലത്ത് അസോസിയേറ്റഡ് പ്രസ് (AP) ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിന് പുലിസ്റ്റര്‍പ്രൈസ് നേടിക്കൊടുത്ത The terror of war എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ചിത്രമുണ്ട്. അമേരിക്കന്‍ നാപാം ബോംബ് അക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെടുന്ന നഗ്‌നയായ ഒരു പെണ്‍കുട്ടിയടങ്ങുന്ന കുട്ടികളുടെ ആ ചിത്രം ലോക തലത്തില്‍ അമേരിക്കക്ക് നാണക്കേട് സമ്മാനിച്ചു. ഇറാഖിലും അഫ്ഗാനിലുമെല്ലാം കൊല ചെയ്യപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം എത്ര വലുതാണ്! സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന ഫലസ്തീന്‍ ബാലന്മാരെ കല്‍തുറങ്കിലടച്ച് കൊടിയ പീഡനങ്ങള്‍ക്ക് വിധേയമാക്കുന്ന ഇസ്രായേല്‍ എന്ന തെമ്മാടി രാഷ്ട്രത്തെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കക്ക് മാനവികത പ്രസംഗിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്?
ഒന്നും രണ്ടും ലോകയുദ്ധത്തില്‍ കൊല ചെയ്യപ്പെട്ട കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. രണ്ടാം ലോകയുദ്ധത്തില്‍ കൊല ചെയ്യപ്പെട്ടവരില്‍ എഴുപത്തഞ്ച് ശതമാനവും കുട്ടികളും സ്ത്രീകളുമടങ്ങുന്ന സാധാരണക്കായിരുന്നു.അഫ്ഗാനിലും ഇറാഖിലും തായ് വാനിലുമെല്ലാം അമേരിക്കന്‍ സൈന്യം നടത്തിയ ബലാത്സംഗങ്ങള്‍ ലോക മനഃസാക്ഷിയെ വേദനിപ്പിക്കുന്നതാണ്. ലോകയുദ്ധങ്ങളിലെല്ലാം പിടിച്ചടക്കപ്പെട്ട രാജ്യങ്ങളിലെ സ്ത്രീകള്‍ ക്രൂരമായ ബലാത്സംഗങ്ങള്‍ക്കിരയായിട്ടുണ്ട്. തടവിലാക്കപ്പെട്ട ജോര്‍ദാന്‍ രാജകുമാരനെ ഇരുമ്പ് കൂട്ടിലിട്ട് ജീവനോടെ കത്തിച്ച ഇസ്ലാമിക് സ്റ്റേറ്റിന് തീ കൊണ്ട് ശിക്ഷിക്കരുതെന്ന് കല്‍പിച്ച കാരുണ്യ ദൂതരുടെ അനുയായികളെന്ന് എങ്ങനെ അവകാശപ്പെടാനാവും?

LEAVE A REPLY

Please enter your comment!
Please enter your name here