സഫര്‍മാസം അഞ്ചിനു തിങ്കളാഴ്ച അലവിത്തങ്ങള്ക്കൊരു കുഞ്ഞു പിറന്നു. തരീമിലെ സയ്യിദ് കുടുംബത്തിലും ഹള്റ് മൗത്തിലെ ഹബ്ശി കുടുംബത്തിലും സന്തോഷത്തിന്റെ തേന്മഴ. ലോകത്താകെയും വെളിച്ചം വിതറാനുള്ള വെളിച്ചം ആ കുഞ്ഞോമലിന്റെ മുഖത്തുണ്ടായിരുന്നു. എല്ലാ വിജയങ്ങള്‍ക്ക് പിന്നിലും വിവരിക്കാനാവാത്ത സഹനക്കഥളുണ്ടെന്നാണല്ലോ.. അതായിരിക്കാം ആ രാവ് പുലരുവോളം കുഞ്ഞ് കരഞ്ഞുകൊണ്ടിരുന്നത്.
മുലയൂട്ടിയും താരാട്ട് പാടിയും മാറോടുചേര്‍ത്തും മാതാവ് തളര്ന്നുവെന്നല്ലാതെ കരച്ചില് ഒരല്പം പോലുമടങ്ങിയില്ല. കുഞ്ഞിനെന്തുപറ്റിയെന്ന ആശ്ചര്യങ്ങള്‍ക്കു അറുതിവരുത്തി പുതപ്പിനുള്ളില്‍ കൊമ്പുകളുയര്‍ത്തി കറുത്തിരുണ്ടൊരു തേള്. അതിന്റെ കുത്തും വിഷവുമേറ്റ് പൊന്നോമനയുടെ പൂമേനിക്ക് ചോരച്ചോപ്പിന്റെ നിറം വന്നിരിക്കുന്നു. ഇരുപതോളം മുറിപ്പാടുകള്‍ ആ കുഞ്ഞിളം മേനിയിലുണ്ടായിരുന്നു. പിതാവ് അലവി തങ്ങളും മാതാവ് സയ്യിദത്ത് സല്‍മയും പതറിയില്ല. ആ പരീക്ഷണത്തിലൊരുപാട് പ്രതീക്ഷകളുണ്ടെന്നവര് വിശ്വസിച്ചു. ചരിത്രത്തില്‍ നിറഞ്ഞുനില്ക്കുന്ന മഹാമനീഷികള്‍ അങ്ങനെയാണല്ലോ.
കുഞ്ഞിനെയവര്‍ അബ്ദുല്ല എന്ന് വിളിച്ചു. കുടുംബത്തിന്റെ ലാളനയും വാത്സല്യവുമേറ്റു വാങ്ങി കുഞ്ഞ് വളര്‍ന്നു. പക്ഷേ പരീക്ഷണങ്ങള്‍ അവരില്‍ നിന്ന് പിന്മാറാനല്ല, പിന്തുടരാനാണുറച്ചത്. നാലാം വയസില്‍ ശരീരത്തെ പിടികൂടിയ വസൂരി രോഗം കുഞ്ഞിളം കണ്ണകുളുടെ കാഴ്ച ശക്തി തിരിച്ചെടുത്തു. ഇരുള് വീണ് വഴിയടയുമെന്ന് കുരുതിയ ജീവിതം വിജയങ്ങളുടെ കവാടങ്ങള്‍ തേടി പ്രയാണമാരംഭിച്ചു. അവസരങ്ങള്‍ക്കൊത്ത് അവശതകളെ അതിജയിക്കുന്നവരാണല്ലോ മഹത്തുക്കളാവുന്നത്. പിന്നീടുള്ള കാലം അകക്കാഴ്ചകൊണ്ട് ജീവിതത്തിന്റെ പൊരുളുകളടയാളപ്പെടുത്തുകയായിരുന്നു. കൊച്ചു നാളിലേ കൂട്ടുകാരെയെല്ലാം പിറകിലാക്കി പരിശുദ്ധ ഖുര്‍ആന്‍ മനഃപഠമാക്കി. പിന്നീട് തരീമിലെ ഓത്തുപള്ളിയിലായിരുന്നു പഠനം. ഓത്തുകാലത്തു തന്നെ തിരുസുന്നത്തിന്റെ പിന്‍ഗാമിയായി. രാവുകളെ പകലാക്കുന്ന ഇബാദത്തുകള്‍! പത്തും ഇരുപതുമല്ല, ഇരുനൂറ് റക്അത്ത് വരെ നിന്നു നിസ്കരിക്കുന്ന ദിനരാത്രങ്ങള്‍ ശീലമായി. ആത്മീയതയുടെ തണലില്‍ അവര്‍ വളര്‍ന്നു വലുതായി. ദേശത്തിന്റെ അതിരുകള്‍ ഭേദിച്ച് പരന്നൊഴുകുന്ന അറിവിന്റെയും ആത്മീയതയുടെയും വിളക്കുമരമായി. ജനങ്ങളവരെ ബഹുമാനത്തോടെ ഇമാം ഹദ്ദാദ്(റ) എന്ന് വിളിച്ചു.
ജനങ്ങളല്ല;
ജഗന്നിയന്താവാണ്
അനാഥകളുടെയും വിധവകളുടെയും പരിചരണത്തിനായി സമയം നീക്കിവെച്ചു ഹദ്ദാദ്(റ). പ്രത്യുപകാരമായി പ്രപഞ്ച നാഥനില്‍ നിന്നുള്ള പ്രതിഫലം മാത്രമായിരുന്നു ലക്ഷ്യം. ഒരിക്കല്‍ ഹദ്ദാദ് തങ്ങള്‍ക്കൊരു കത്ത് കിട്ടി. നിങ്ങള്‍ക്കെന്തെങ്കിലും സഹായവും സേവനവും ആവശ്യമെങ്കില്‍ ഞങ്ങളെ അറിയിക്കുക. ഇതായിരുന്നു ഉള്ളടക്കം. നിങ്ങള്‍ക്കു സേവനം ചെയ്യാന്‍ ഞങ്ങള്‍ സന്നദ്ധരാണെന്ന് അറിയിച്ച് ഇഷ്ടക്കാര്‍ ഇമാമിനയച്ചതാണ് കത്ത്.
നാം കച്ചവടക്കാരാണോ അവരെ ആശ്രയിക്കാന്‍ എന്ന് ചോദിച്ച് അല്ലാഹുവിന് തഖ്വ ചെയ്യലാണ് നമ്മുടെ ലക്ഷ്യമെന്നുണര്ത്തി ഇമാം ഇഷ്ടക്കാരെ സ്നേഹപൂര്‍വം നിരസിച്ചു.
മരണശേഷം തങ്ങളുടെ സമ്പാദ്യമെല്ലാം പലരും ഇമാമിന്റെ പേരില്‍ വസ്വിയ്യത് ചെയ്യാറുണ്ടായിരുന്നു. പക്ഷേ അതൊന്നും കൈപറ്റാതെ അനന്തരാവകാശികള്‍ക്കിടയില്‍ തന്നെ വീതിച്ചു നല്കി. ജനങ്ങളില്‍ നിന്നല്ല ജഗന്നിയന്താവില്‍ നിന്നാണ് പ്രതീക്ഷിക്കേണ്ടതെന്ന് മഹാനുഭാവന് ജീവിതശൈലിയിലൂടെ പകര്‍ന്നു കൊടുത്തു.
മുത്തുനബിക്ക് മതി
നിരവധി സല്‍സ്വഭാവങ്ങളുടെ ഉടമയാണ് ഇമാം. ലോകമാന്യവും അസൂയയും പകയും അവരില്‍ അല്പം പോലും കണ്ടില്ല. പലരും ഇമാമിനെ പ്രയാസപ്പെടുത്തിയപ്പോഴും പ്രതികാരം തീര്‍ക്കാന്‍ ഇമാം തുനിഞ്ഞതില്ല. അവര്‍ക്കെതിരില്‍ ഇഷ്ടജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത് കണ്ടപ്പോള്‍ ജനങ്ങളോടത് വിലക്കി. പക്ഷേ ഇമാമിനെ വിമര്‍ശിച്ചവര്‍ക്കും ആക്ഷേപിച്ചവര്‍ക്കും അല്ലാഹുവിന്റെ അനിഷ്ടം ലഭിച്ചിട്ടുണ്ട്. എന്റെ വലിയ്യിനോട് ആരെങ്കിലും എതിര് കാണിച്ചാല്‍ ഞാന്‍ അവരോട് യുദ്ധം ചെയ്യുമെന്ന് ഖുദ്സിയായ ഹദീസിലുണ്ടല്ലോ.
തന്നെക്കുറിച്ചുള്ള പുകഴ്ത്തലുകള്‍ കേട്ട് ആത്മനിര്വൃതിയടയുന്നവരായിരുന്നില്ല ഇമാം. അത്തരം സമീപനങ്ങളോട് കൊതിയുമുണ്ടായിരുന്നില്ല. ഒരിക്കല്‍ ഇമാമിനെ പുകഴ്ത്തിക്കൊണ്ട് കവിത ആലപിക്കപ്പെട്ടു. ഇമാം അതിനോടിങ്ങനെയാണ് പ്രതികരിച്ചത്. നിങ്ങള്‍ പറയുന്നതൊന്നും ചുമക്കാനാവുന്നതല്ല. മദ്ഹിന്റെ അവകാശി ലോകഗുരു മുത്ത്നബി തങ്ങളാണ്. എന്റെ മേല്‍ നിങ്ങള്‍ പ്രശംസിച്ച പ്രകീര്ത്തനങ്ങളെല്ലാം റസൂലിലേക്ക് മടക്കുക. മറ്റൊരിക്കല്‍ ശിഷ്യന്മാര് ഇമാമിന്റെ കറാമത്തുകള്‍ ക്രോഡീകരിച്ച് പ്രസിദ്ധീകരണാനുമതി തേടി സവിധത്തിലെത്തി. ഇത് കണ്ട് ആ മുഖം വിവര്‍ണമാവുകയും എഴുതിയതെല്ലാം മായ്ച്ചു കളയാന്‍ കല്പിക്കുകയും ചെയ്തു.
അമാനുഷികത
അനേകം കറാമത്തുകള്‍ കിട്ടിയവരാണ് ഇമാം ഹദ്ദാദ്(റ). അബ്ദുര്‍റഹ്മാന്‍ ശറാഹീല്‍ പറയുന്നു. ഹദ്ദാദ്(റ)നോടൊത്ത് മക്കയില്‍ പാര്‍ക്കുന്ന ഒരു രാത്രി ഇശാഇന്റെ ശേഷം ഇമാമിന്റെ സവിധത്തിലിരിക്കുകയായിരുന്നു. ആ സമയത്ത് ഈത്തപ്പഴം ഭക്ഷിക്കാന്‍ എനിക്ക് വല്ലാതെ കൊതിയായി. പക്ഷേ ഞാനതിനെക്കുറിച്ചൊന്നും സംസാരിക്കാതെ ആഗ്രഹം മറച്ചു വെച്ചു. എന്നാല്‍ ഇമാമെന്നോട് ചോദിച്ചു. നിങ്ങളുടെ ആഗ്രഹമെത്ര ദുര്‍ബലം. ഇതിനേക്കാള്‍ വിലപ്പെട്ടതാഗ്രഹിച്ചൂടെ? ഈത്തപ്പഴം ഇവിടെയെത്തും. അല്പം കഴിഞ്ഞപ്പോഴേക്കും വാതിലിലാരോ മുട്ടുന്ന ശബ്ദം. തുറന്ന് നോക്കുമ്പോള്‍ ശൈഖ് ഹുസൈന് ബാഫളില്‍ ആണ് ആഗതന്. കൂടെ ഒരു കുട്ട നിറയെ ഈത്തപ്പഴവുമായി അദ്ദേഹത്തിന്റെ സേവകനും. അവര്‍ നല്കിയ ഹദ്യ ഇമാം സ്വീകരിക്കുകയും എന്നോട് ഭക്ഷിക്കാന്‍ കല്പിക്കുകയും ചെയ്തു. ഇത്തരം ചെറിയ ആഗ്രഹങ്ങളിലേക്ക് ഒതുങ്ങരുതെന്നും അല്ലാഹുവിലേക്ക് ലക്ഷ്യങ്ങളെ ഉയര്‍ത്താനും കല്പിച്ചു.
ഇമാമിന്
അവള് കൈ കൊടുത്തു!
തികഞ്ഞൊരു തിരുനബി സ്നേഹിയാണ് സയ്യിദ് അബ്ദുല്ലാഹില്‍ ഹദ്ദാദ്(റ). ഒരിക്കല്‍ റൗളയില്‍ ചെന്ന് വല്യുപ്പയായ റസൂലിനോട് സലാം പറഞ്ഞു. തിരുനബി സലാം മടക്കുന്നത് കൂടെയുണ്ടായിരുവന്നവരെല്ലാം കേട്ടു. മുത്ത്നബി സലാം മടക്കിയ ഒട്ടനവധി മഹാമനീഷികളെക്കുറിച്ച് ചരിത്രത്തില്‍ കാണാം. എന്നാല്‍ കൂടെയുണ്ടായിരുന്നവരും കൂടി കേള്‍ക്കുന്ന രീതിയിലുള്ള പ്രത്യഭിവാദ്യമാണ് ഹദ്ദാദ് തങ്ങളുടെ അനുരാഗത്തിന്റെ തിളക്കം കൂട്ടുന്നത്. മഹാനുഭാവന്റെ മദീനാ സന്ദര്‍ശന കാലത്ത് നിരവധി അത്ഭുതസംഭവങ്ങളുണ്ടായിട്ടുണ്ട്. മദീന നിവാസികള്‍ ഇമാമിന്റെ പദവി മനസിലാക്കി റൗളാ ശരീഫിന്റെ ചാരത്ത് ദര്‍സെടുക്കാന്‍ സൗകര്യമൊരുക്കി. പണ്ഡിതന്മാരും പല ഉന്നതരും ആ മജ്ലിസില്‍ അറിവ് നുകരാനെത്തുമായിരുന്നു.
മദീനയോട് വിടപറയാന്‍ ഉദ്ദേശിച്ച ദിവസം ഒരു സ്വപ്ന ദര്‍ശനമുണ്ടായി ഇമാമിന്. മദീനാ പട്ടണത്തിലേക്കുള്ള വഴിയില്‍ വെച്ചൊരു സ്ത്രീയ കണ്ടു മുട്ടുന്നു. അവള് ഹസ്തദാനം ചെയ്യാന്‍ വന്നു. ഇമാം കൈ പിന്‍വലിച്ചു. ആരാണെന്ന് ചോദിച്ചപ്പോള്‍ റഹ്മത്താണെന്നവള് മറുപടി പറഞ്ഞു. എന്നിട്ടവള് പറഞ്ഞു. നിങ്ങളുടെ വല്യുപ്പയുടെ സലാമുണ്ട്. ഇപ്പോള്‍ മദീന വിടരുതെന്നു അറിയിച്ചിട്ടുണ്ട്. റഹ്മത്തെന്നും മദീനക്ക് പേരുണ്ടല്ലോ.
തന്റെ 85-ാം പ്രായത്തില്‍ ഹദ്ദാദ്(റ) വിട ചൊല്ലി. തികഞ്ഞ ആശിഖും ആബിദും ആലിമുമായ ഹദ്ദാദ്(റ)ന്റെ ജീവിതത്തില്‍ നിന്നും വിശ്വാസികള്ക്കൊരുപാട് പഠിക്കാനും പകര്‍ത്താനുമുണ്ട്.
(കടപ്പാട് : പ്രവാസി രിസാല)