ഇമാം മാലിക് (റ): മദീനയെ മാറോടണച്ച പണ്ഡിതൻ

ഹാഫിള് അബൂബക്കർ സിദ്ധീഖ് ടി.പി

0
933

നാല് മദ്ഹബുകളില്‍ നിന്ന് മാലികി മദ്ഹബിന്റെ ഉപജ്ഞാതാവാണ് ഇമാം മാലിക് (റ). ഇമാമു ദാരില്‍ ഹിജ്‌റ എന്ന പേരില്‍ വിശ്രുതനായ അദ്ദേഹം ഹിജ്റ 98 ൽ മദീനയിലെ ഒരു കുലീന പണ്ഡിത കുടുംബത്തിലാണ് ജനിക്കുന്നത്.

അബൂ അബ്ദില്ല മാലിക് ബ്‌നു അനസ് ബ്‌നു മാലിക് ബ്‌നു അബീ ആമിറില്‍ ഹാരിസ് (റ) എന്നാണ് പൂർണ്ണ നാമം. ആലിയ ബിന്‍തു ശരീകില്‍ അസ്ദിയ്യ എന്നവരാണ് അദ്ദേഹത്തിന്റെ മാതാവ്.

 ചെറുപ്രായത്തിലേ വിജ്ഞാനമേഖലയിലേക്ക് ശ്രദ്ധ ഊന്നിയമാലിക് (റ) പ്രമുഖരായ നിരവധി താബിഉകളെ തൊട്ട്  ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. നാഫിഅ്, സഈദുല്‍ മഖ്ബുരി, ആമിറു ബ്‌നു അബ്ദില്ലാഹിബ്‌നിസ്സുബൈര്‍, ഇബ്‌നുമുന്‍കദിര്‍, സുഹ്‌റി, അബ്ദുല്ലാഹിബ്‌നു ദീനാര്‍തുടങ്ങിയവര്‍ അവരില്‍ പ്രധാനികളാണ്.  ആദ്യമായി ഹദീസ് ശാസ്ത്രത്തില്‍ ക്രോഡീകൃത ഗ്രന്ഥം (മുവത്വ) രചിച്ചത് മാലിക് (റ) ആണ്. അറിവിലും ഓര്‍മ ശക്തിയിലും ഇമാം ഹിജാസിലെ ഏറ്റവും പ്രഗല്‍പനെന്ന ഖ്യാതി നേടി. പാണ്ഡിത്യത്തില്‍ താബിഈങ്ങള്‍ക്ക് ശേഷം ഇമാം മാലിക് തങ്ങള്‍ക്കു തുല്യരായി ആരും തന്നെ മദീനയില്‍ ഉണ്ടായിട്ടില്ല എന്ന് ഇമാം ശാഫിഈ,  സഹബീ തുടങ്ങിയ ഇമാമീങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.

ഇമാം മാലിക് (റ)ന്റെ ചരിത്രംഉദ്ധരിക്കപ്പെടുന്നിടത്തൊക്കെ അദ്ദേഹത്തിന്റെ നബിയോടുള്ള അനുരാഗത്തെക്കുറിച്ചും സ്‌നേഹാദരങ്ങളെകുറിച്ചും  ഉദ്ധരിക്കുന്നതായി കാണാം.  മാലിക് (റ) തിരുമേനി(സ)യുടെ ഹദീസുകള്‍ നിവേദനം ചെയ്യാന്‍ ഉദ്ദേശിക്കുമ്പോള്‍  കുളിച്ചു വൃത്തിയാവുകയും നല്ല വസ്ത്രങ്ങള്‍ധരിക്കുകയും സുഗന്ധ വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. മാലിക്(റ) തന്റെ വാര്‍ധക്യകാലത്ത് പോലും മദീനയുടെ മണ്ണിലൂടെ വാഹനം കയറാതെ, നഗ്നപാദനായിട്ടായിരുന്നു നടക്കാറുണ്ടായിരുന്നത്. തിരുമേനിയുടെ  പവിത്രമായ ശരീരം അടക്കം ചെയ്യപ്പെട്ട മദീനയുടെ മണ്ണിലൂടെ ഞാനൊരിക്കലും വാഹനം കയറി സഞ്ചരിക്കുകയില്ല എന്നദ്ദേഹം പറയാറുണ്ടായിരുന്നു. മരിക്കുമ്പോള്‍ അത് പ്രവാചകന്‍ കിടക്കുന്ന പവിത്ര മണ്ണില്‍ വെച്ച് തന്നെയാവണം എന്ന് അദ്ദേഹം വളരെയധികം കൊതിച്ചിരുന്നു

ഇമാം ശാഫിഈ (റ) ഒരിക്കല്‍ പറഞ്ഞു. ‘ഇമാം മാലിക് (റ)വിന്‍റെ വീടിന്‍റെ മുന്നില്‍ വില കൂടിയ ഭംഗിയുള്ള കുതിരകളെ സൂക്ഷിച്ചിരുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവ നല്ല കുതിരകളാണെന്നു ഞാന്‍ സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞു. അവ ഇനി മുതല്‍ എന്‍റെ സമ്മാനമായി നിങ്ങള്‍ക്കുള്ളതാണ്. അദ്ദേഹം നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു എന്നാല്‍ അതില്‍ ഒന്ന് നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ നിങ്ങള്‍ തന്നെ സൂക്ഷിക്കണം. അതിനു ഇമാം മാലിക് (റ) നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: “നബി തങ്ങള്‍ കിടക്കുന്ന ഈ മണ്ണില്‍ കൂടി കുതിരപ്പുറത്തു കയറി അതിന്‍റെ കുളമ്പടികള്‍ പ്രവാചകന്‍റെ പാദം പതിഞ്ഞ വല്ല മണല്‍ത്തരിയിലും പതിപ്പിച്ചു യാത്ര ചെയ്യുന്നത് എത്ര മര്യാദക്കേടാണ് ”

ഒരിക്കല്‍ മദീനയില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഹദീസ്‌ പഠിപ്പിക്കുന്ന സമയത്ത് എവിടെ നിന്നോ കയറി വന്ന ഒരു തേള്‍ ഇമാം മാലിക് (റ)വിന്‍റെ വസ്ത്രത്തിനുള്ളില്‍ കയറിക്കൂടി പല തവണ അദ്ദേഹത്തെ കൊത്തി വേദനിപ്പിച്ചു. വിഷം ശരീരത്തില്‍ കയറി മുഖം വിവര്‍ണ്ണമായി. പക്ഷെ ഇമാം ആ ക്ലാസ് കഴിയുന്നത് വരെ അവിടെ നിന്ന് എഴുന്നേല്‍ക്കാനോ അതിനെ നീക്കം ചെയ്യാനോ ശ്രമിച്ചില്ല. ഹദീസ് പഠനം കഴിഞ്ഞു റൂമില്‍ നിന്നും കുട്ടികള്‍ മുഴുവന്‍ പുറത്തു പോയതിനു ശേഷം അദ്ദേഹം ആ തേളിനെ നീക്കം ചെയ്തു. ഇതിനെ പറ്റി അബ്ദുല്ലാഹിബ്നു മുബാറക് ചോദിച്ചപ്പോള്‍ ഇമാമിന്റെ മറുപടി ഇപ്രകാരമായിരുന്നു: പ്രവാചകന്‍റെ വിശുദ്ധ വചനങ്ങള്‍ പറഞ്ഞു കൊടുക്കുമ്പോള്‍ ഒരു തേള്‍ കടിച്ചത് കാരണം അത് നിർത്തി വെക്കുന്നത് അനാദരവായിപ്പോകുമോ എന്ന് പേടിച്ചത് കൊണ്ടാണ് ഞാന്‍ എഴുന്നേറ്റു തേളിനെ ഒഴിവാക്കാന്‍ ശ്രമിക്കാതിരുന്നത്.

അതീവ ബുദ്ധിശക്തിയും ഓര്‍മ ശക്തിയും അറിവിനോടുള്ള അഭിനിവേശവും മൂലം മാലിക് (റ) വളരെ ചെറുപ്പത്തില്‍ തന്നെ വിജ്ഞാനത്തിന്‍റെ വിവിധ മേഖലകളില്‍ അവഗാഹം നേടി. പതിനേഴാമത്തെ വയസ്സില്‍ മദീനയില്‍ അധ്യാപകനായും ജനങ്ങള്‍ക്ക് ഫത്വവ നല്‍കുന്ന മുഫ്ത്തിയായും പ്രവര്‍ത്തിക്കാന്‍ ഗുരുക്കന്മാര്‍ ഇമാം മാലിക് (റ)വിനു അനുവാദം നല്‍കി. പിന്നീട് നീണ്ട അറുപത് വര്‍ഷക്കാലം മദീനയിലെ മുഫ്ത്തിയായിരുന്നു അദ്ദേഹം.

ഇമാം മാലിക് (റ) അറിവും അധ്യാപനവും മുസ്ലിം ലോകത്ത് മുഴുക്കെ പ്രസിദ്ധമായി. അദ്ദേഹത്തില്‍ നിന്നും അറിവിന്‍റെ മധു നുകരാന്‍ ലോകത്തിന്‍റെ പല ഭാഗത്ത് നിന്നും ആളുകള്‍ മദീനയിലേക്ക് ഒഴുകിയെത്തി. അവരില്‍ ഭരണ കര്‍ത്താക്കളും പണ്ഡിതന്മാരും നേതാക്കളും സൂഫി വര്യന്മാരും ഉണ്ടായിരുന്നു.
മന്‍സൂര്‍, ഹാറൂൻ റഷീദ്, മഅമൂൻ, മെഹ്ദി തുടങ്ങിയ രാജാക്കന്മാരും ഇമാം അബു ഹനീഫ (റ),ഇമാം ശാഫിഈ (റ),സുഫിയാന്‍ സൂരി(റ), ഖാസി മുഹമെദ് യൂസുഫ്(റ),
യഹയ ബിന്‍ സഈദുല്‍ അന്‍സാരി(റ),
ഇബ്രാഹിം ഇബിന്‍ അദഹം (റ), സുന്നൂന്‍ മിസ്റി (റ) തുടങ്ങിയ  പണ്ഡിതരും ആത്മ ജ്ഞാനികളും അവരില്‍ പെടും.

മത വിധികള്‍ നല്‍കുന്ന വിഷയത്തില്‍ ഇമാം കാണിച്ച സൂക്ഷ്മതയും ശ്രദ്ധയും എടുത്തു പറയേണ്ടതാണ്. “ലാ ഹൌല വാലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ് “ എന്ന് പറയാതെ അദ്ദേഹം ഒരു ഫത്വവയും നല്കിയിരുനില്ല. മദീനയിലെ പ്രഗല്‍പരായ എഴുപത് പണ്ഡിതര്‍ അംഗീകാരം നല്‍കിയ ശേഷമാണ് ഇമാം ഫത് വ നല്‍കാന്‍ ആരംഭിച്ചത്. അറിയാത്ത വിഷയം വന്നാല്‍ ഉടനെ യാതൊരു ശങ്കക്കും ഇടം നല്‍കാതെ എനിക്ക് അറിയില്ല എന്ന് അദ്ദേഹം തീര്‍ത്തു പറയും.

ഒരിക്കല്‍ ഒരു വ്യക്തി ഇമാമിനോട് നാല്‍പതു ചോദ്യങ്ങള്‍ ചോദിച്ചു അതില്‍ മുപ്പത്തി രണ്ടു ചോദ്യങ്ങള്‍ക്കും എനിക്ക് അറിയില്ല എന്ന മറുപടിയാണ് ഇമാം നല്‍കിയത്. പണ്ഡിതർക്കിടയിലെ തിളക്കമുള്ള നക്ഷത്രമാണ് ഇമാം മാലിക് എന്നു ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുണ്ട്.

ഹിജ്‌റ 179 ല്‍ റബീഉല്‍ അവ്വല്‍ 14നു രാവിലെ മാലിക് (റ) പരലോക പ്രയാണം നടത്തി. മദീനയിലെ ജന്നത്തുല്‍ ബഖീഇലാണ് അദ്ദേഹത്തെ മറമാടിയത് .

LEAVE A REPLY

Please enter your comment!
Please enter your name here