നസാ’ എന്നത് തുര്‍ക്കിസ്താനിലെ പ്രധാന പട്ടണമാണ്. അത് പഴയകാല ഖുറാസാന്റെ ഭാഗമാണ്. ഇന്നത്തെ വടക്ക് കിഴക്കന്‍ ഇറാനും വടക്ക് അഫ്ഗാനിസ്താനും തുര്‍ക്കിസ്താനിലെ സംസ്ഥാനമായ മര്‍വയും ചേര്‍ന്നതാണ് ഖുറാസാന്‍.
പ്രമുഖ ഹദീസ് പണ്ഡിതനായ ഇമാം നസാഈ(റ) ഹിജ്റ 215ല്‍ ഖുറാസാനിലെ നസാ എന്ന സ്ഥലത്താണ് ജനിക്കുന്നത്. അബൂഅബ്ദുര്‍റഹ്മാന്‍ അഹ്മദുബ്നി ശുഐബി ബ്നി അലി എന്നാണ് പൂർണ്ണ നാമം
ആ കാലത്ത് പഠനാവശ്യാർഥം ആളുകൾ ദൂരെ ദിക്കുകളിലേക്ക് പോവൽ പതിവായിരുന്നു. ഇമാം നസാഈ (റ) പ്രാഥമിക ജ്ഞാനാഭ്യാസത്തിനു ശേഷം ഖുറാസാനിലെത്തന്നെ ബഗ്ലാന്‍, പിന്നീട് ഹിജാസ്, ഇറാഖ്, അല്‍ജീരിയ, സിറിയ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളില്‍ അറിവ് തേടി സഞ്ചരിച്ചു. അവസാനം ഈജിപ്തില്‍ സ്ഥിരതാമസമാക്കി.
പതിനഞ്ചാം വയസ്സിൽ ബഗ്ലാനിലെ ഖുതൈബതുബ്നു സഈദില്‍ ബഗ്ലാനിയുടെ ശിഷ്യത്വം സ്വീകരിച്ചു. ഒരു കൊല്ലവും രണ്ടു മാസവും അവിടെ താമസമാക്കി.
പിന്നീടദ്ദേഹം അക്കാലത്തെ വലിയ വിജ്ഞാന കേന്ദ്രങ്ങളിലേക്ക് സഞ്ചരിച്ചു ഒരുപാട് ഹദീസുകള്‍ ശേഖരിച്ചു. ഇസ്ഹാഖുബ്നു റാഹ്വൈഹി അബൂസുര്അഃ, ഇമാം ഇബ്നു ഹമ്പൽ അദ്ദേഹത്തിന്റെ മകന് അബ്ദുല്ല, ഇമാം ബുഖാരി തുടങ്ങിയവരെല്ലാം മഹാന്റെ ഗുരുനാഥന്മാരിൽ പ്രമുഖരാണ്.
ഇമാം നസാഈ (റ) തികഞ്ഞ മതഭക്തനായിരുന്നു. രാവും പകലും ഇബാദത്തുകളില്‍ മുഴുകും. പതിവായി ഹജ്ജ് ചെയ്യുന്ന ശീലം ഇമാമിനുണ്ടായിരുന്നു. ഭരണവര്‍ഗത്തില്‍ നിന്ന് ഏറെ അകലം പാലിച്ച അദ്ദേഹം കുറച്ചു കാലം ഹിംസ്വിലെ ജഡ്ജ് ആയിരുന്നതായി ഇബ്നു കസീര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സുന്നത്തുകളെ വല്ലാതെ സ്നേഹിച്ച അദ്ദേഹത്തിന് ഒന്നിടവിട്ട ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്ന പതിവും ഉണ്ടായിരുന്നു. എന്നാല്‍ ബിദ്അത്തുകളെ പാടെ അവഗണിക്കുകയും അവയോട് സന്ധിയില്ലാ സമരം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ ഫലമായിരുന്നു ജീവിതാന്ത്യത്തില്‍ അദ്ദേഹത്തിന് മര്‍ദ്ധനങ്ങൾ ഏല്‍ക്കേണ്ടി വന്നു.
ഖുര്‍ആന്‍ വിജ്ഞാനീയത്തിലും പാരായണ ശാസ്ത്രത്തിലും അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു. അക്കാലത്തെ പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതരായിരുന്ന അഹ്മദ്ബ്നു ന്നസ്ര്‍ അന്നൈസാബൂരി, അബൂശുഐബ് സ്വാലിഹ്ബ്നു സിയാദിസ്സൂസി(റ) തുടങ്ങിയവരില്‍ നിന്നാണ് ഖുര്‍ആന്‍ പാരായണ വിജ്ഞാനം സ്വായത്തമാക്കിയത്. ഖുര്‍ആന്‍ പണ്ഡിതരുടെ ചരിത്രമെഴുതിയ ഇബ്നുല്‍ജസ്രി(റ) തന്റെ “ഗായതുന്നിഹായ ഫീ ത്വബഖാതില്‍ ഖുര്‍റാഅ്’ എന്ന ഗ്രന്ഥത്തില്‍ ഇമാം നസാഈയെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ഈ വിജ്ഞാന ശാഖയില്‍ അദ്ദേഹം നേടിയ വ്യുല്പത്തി സൂചിപ്പിക്കുന്നു.
സ്വിഹാഹുസ്സിത്തയില്‍ പെട്ട സുനന് സുഗ്റാ അമൂല്യമായ ഗ്രന്ഥമാണ്. ഇതിന് അല്‍മുജ്തബാ എന്നും അല്മുജ്തനാ എന്നും പേരുകളുണ്ട്. ഇമാം വ്യത്യസ്ത മേഖലകളിലായി ധാരാളം രചനകൾ നടത്തിയിട്ടുണ്ട്. സുനനുല്‍ കുബ്റാ, അസ്മാഉര്‍റുവാത്തി വത്തംയീസി ബൈനഹും, കിതാബുല്‍ കുനാ, മശീഖത്തുന്നസാഈ, അത്വബഖാത്, മഅരിഫതുല്‍ ഇഖ്വതി വല്‍ അഖവാത്തി, മുസ്നദുകള്‍, കിതാബുല്‍ ഇശ്റാഖ്, തഫ്സീര്‍, അല്‍ജുമുഅ, ഖസ്വാഇസു അലി, തസ്മിയത്തു ഫുഖഹാഇല്‍ അംസ്വാര്‍, ഫളാഇലുല്‍ ഖുര്‍ആന്‍, കിതാബുല്‍ മുദല്ലിസീന്‍, അഹ്സനുല്‍ അസാനീദ്, തസ്മിയതുള്ളുഅഫാഇ വല്‍ മത്റൂകീന്‍, മന്‍സികുല്‍ ഹജ്ജ് തുടങ്ങിയവയാണ് പ്രധാനപ്പെട്ട കൃതികൾ.
വ്യത്യസ്ത വിജ്ഞാന ശാഖകളിലായി ഇമാമിന് ധാരാളം ഗുരുനാഥരുണ്ടായിരുന്നു. ദീര്‍ഘമായ പഠനയാത്രയിലൂടെയാണ് അവരെയെല്ലാം മഹാന് കണ്ടുമുട്ടിയത്. ഗുരുക്കന്മാരുടെ എണ്ണം കണക്കാക്കാനാവുന്നതിലുമപ്പുറമാണെന്നാണ് ഇമാം തന്നെ പറയുന്നത്. പ്രധാനികളായ 448 ഉസ്താദുമാരുടെ പേരുകള്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ കാണാം. ഹദീസ് നിവേദനത്തില്‍ പുലര്‍ത്തിയ കണിശത കാരണം ഏറെപ്പേരും പരിഗണിക്കപ്പെട്ടില്ലെന്നതും അവരെ ഒഴിവാക്കിയാണ് ഈ എണ്ണമെന്നുമോര്‍ക്കണം. 334 ഗുരുനാഥന്മാര് സുനനില്‍ മാത്രം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 114 പേര് മറ്റു ഗ്രന്ഥങ്ങളിലും കാണാം.
ഹദീസുകള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ അദ്ദേഹം കടുത്ത നിബന്ധനകള്‍ ചുമത്തിയിരുന്നു. അബൂദാവൂദും തിര്മിദിയും രിവായത്ത് ചെയ്യുന്ന ആളുകളെപ്പോലും ഒഴിവാക്കി. അതിനാല്‍ ബുഖാരി-മുസ്ലിമിനെക്കാള്‍ തീവ്രമായ നിബന്ധനകളാണ് നസാഇയുടേതെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ബുഖാരിക്കും മുസ്ലിമിനും ശേഷം നസാഇക്ക് മൂന്നാം സ്ഥാനം നല്‍കണമെന്നാണ് അവരുടെ പക്ഷം.
റാവിമാരുടെ പേരുകള്‍, അവരുടെ ഇരട്ടപ്പേരുകള്‍ തുടങ്ങിയവ തിര്മിദിയെപ്പോലെതന്നെ നസാഇയും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പോരായ്മകള്‍ വിവരിക്കുമ്പോള്‍ ശരി തെറ്റുകളെക്കുറിച്ച് സ്വന്തം തീരുമാനം പ്രഖ്യാപിക്കും. ഇത് ഹദീസ് പണ്ഡിതലോകത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
ഈജിപ്തില്‍ താമസമാക്കിയിരുന്ന നസാഈ, ഹി. 302-ല്‍ ദമസ്കസിലേക്ക് വന്നപ്പോള്‍, ദീര്‍ഘകാലം അമവി ഭരണത്തിന് കീഴില്‍ ജീവിച്ച ജനങ്ങള്‍ ഖവാരിജുകളോട് കൂടുതല്‍ അടുപ്പവും അലി(റ)യോടും കുടുംബത്തോടും വിദ്വേഷവും പുലര്‍ത്തുന്നതായി കണ്ടു. തുടര്‍ന്നദ്ദേഹം അലി(റ) യെക്കുറിച്ച് ഒരു ഗ്രന്ഥം രചിക്കുകയുണ്ടായി. അവിടത്തെ വലിയ പള്ളിയിലെ മിമ്പറില്‍വെച്ച് പ്രസ്തുത പുസ്തകം പരസ്യമായി വായിച്ചുകേള്‍പ്പിച്ചു. അപ്പോഴേക്കും ആളുകള്‍ ക്ഷുഭിതരായി അദ്ദേഹത്തെ മാരകമായി മുറിവേല്പിക്കുകയും ശീഈയാണെന്ന് ആരോപിക്കുകയും ചെയ്തു.
ഹിജ്റ 303 സഫര്‍ പതിമൂന്നിന് ഫലസ്തീനില്‍ വെച്ച് ഖവാരിജുകൾ അദ്ദേഹത്തെ വധിച്ചു. 88 വയസ്സായിരുന്നു മഹാന്റെ പ്രായം