ഹിജ്റ 202-ല്‍ സീസ്താനിലാണ് (അറബി രൂപം സജിസ്താന്‍ എന്നാണ്. ബലൂചിസ്താനിന്റെ സമീപപ്രദേശമാണിത്) ഇമാം അബൂ ദാവൂദ് (റ) ജനിക്കുന്നത്. അബൂദാവൂദ് സുലൈമാനുബ്നു അശ്അഥിബ്നി ഇസ്ഹാഖ് സജിസ്താനി എന്നാണ് മഹാന്റെ പൂർണ നാമം.
ഹദീസ് വിജ്ഞാനീയങ്ങളുടെ സുവര്‍ണ കാലത്താണ് അദ്ദേഹം ജീവിച്ചത്.
ജീവിതത്തിന്റെ സിംഹഭാഗവും അദ്ദേഹം ബഗ്ദാദിലായിരുന്നു. പ്രസിദ്ധമായ തന്റെ സുനനിന്റെ രചന നിര്‍വഹിച്ചതും അവിടെ വെച്ചുതന്നെയാണ്. അക്കാലത്തെ പ്രസിദ്ധരായ മുഴുവന്‍ ഹദീസ് പണ്ഡിത ശ്രേഷ്ഠന്മാരില്നിന്നും അദ്ദേഹം വിജ്ഞാനം നേടി. പ്രസ്തുത ലക്ഷ്യത്തിനായി ഇറാഖ്, ഖുറാസാന്‍, സിറിയ, ഈജിപ്ത് തുടങ്ങിയ നാടുകള്‍ സന്ദര്‍ശിച്ചു.
അബൂദാവൂദിന്റെ ഗുരുവര്യന്മാരുടെ എണ്ണം തിട്ടപ്പെടുത്താനാവില്ലെന്നാണ് ഖത്വീബ് തിബ്രീതി പറയുന്നത്. എന്നാൽ ഇബ്നുഹജറിന്റെ നിഗമനമനുസരിച്ച് അത് മുന്നൂറോളമാണ്. ഇമാം ബുഖാരിയുടെ ഉന്നത ശീര്‍ഷരായ പല ഗുരുവര്യന്മാരും അബൂദാവൂദി(റ)ന്റെയും ഗുരുനാഥന്മാരാണ്. ഇമാം അഹമദുബ്നു ഹമ്പല്‍, ഖഅ്നബി, അബുല്‍ വലീദ് ത്വയാലിസി, യഹ്യബ്നു മഈന്‍ തുടങ്ങിയവർ ഇമാം ദാവൂദ് (റ)ന്റെ പ്രധാനപ്പെട്ട ഗുരുവര്യന്മാരാണ്. ധാരാളം ശിഷ്യഗണങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. തിര്‍മിദി, നസാഈ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യ ഗണങ്ങളിൽ പ്രധാനപ്പെട്ടവരാണ്. ഗുരുനാഥനായ ഇമാം ഇബ്നു ഹമ്പൽ (റ)വും അദ്ദേഹത്തില്‍നിന്ന് ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.
അബൂദാവൂദ് ഏത് മദ്ഹബുകാരനാണ് എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. അദ്ദേഹം ശാഫിഈ മദ്ഹബുകാരനാണെന്നാണ് നവാബ് സിദ്ദീഖ് ഹസന് ഭോപാലിയുടെ അഭിപ്രായം. ഇബ്നുതൈമിയ്യയുടെ വീക്ഷണത്തില്‍ ഹമ്പലിയാണ്. ചില ഫിഖ്ഹീ വീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടി, ഹമ്പലീ മദ്ഹബുകാരനെന്ന് സ്ഥാപിക്കാനാണ് മിക്ക പണ്ഡിതന്മാരും ശ്രമിച്ചിട്ടുള്ളത്.
ചില ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ഹദീസ് പണ്ഡിതന്മാര് ചില പ്രത്യേക രീതിയില്‍ ഹദീസുകള്‍ ക്രോഡീകരിക്കുന്നത് . പലരും ഹദീസുകള്‍ അക്ഷരം പിഴക്കാതെ അതിസൂക്ഷ്മമായി ഉദ്ധരിക്കാനാണ് നിഷ്കര്‍ഷ പുലര്‍ത്തിയത്. കര്‍മശാസ്ത്ര പ്രശ്നങ്ങള്‍ അവര്‍ അത്ര ഗൗനിച്ചിരുന്നില്ല. ഇത് ഇമാമുമാർക്ക് നേരെ തെറ്റിദ്ധാരണകൾ ഉയര്‍ന്നുവരാന്‍ ഇടയാക്കി. ഇമാം അബൂഹനീഫ(റ)യെക്കുറിച്ച് ഹുമൈദിയും ഇമാം ശാഫിഈ(റ)യെക്കുറിച്ച് അഹ്മദുബ്നു അബ്ദില്ലാഹ് അല്‍ അജലിയും നടത്തിയ വിമര്‍ശനങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. അതിനാല്‍ കര്മശാസ്ത്രകാരന്മാരുടെ അഭിപ്രായങ്ങള്‍ കൂടി തന്റെ സുനനില്‍ ഉള്‍പ്പെടുത്താന്‍ അബൂദാവൂദ് ശ്രദ്ധിച്ചു. മാലിക്, സൗരി, ശാഫിഈ തുടങ്ങിയ മദ്ഹബുകളുടെ അവലംബങ്ങള്‍ തന്റെ ഈ ഗ്രന്ഥത്തില്‍ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. നാലുപേരാണ് അബൂദാവൂദില്‍നിന്ന് ഈ സുനന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൂന്ന് പേരുടെ കോപ്പികളില്‍ മുന്‍ഗണനാ ക്രമത്തിലുള്ള ചില വ്യത്യാസങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ പോരായ്മകളോ അധികപ്പറ്റോ ഒന്നും കാണുകയില്ല. നാലാമത്തെ റിപ്പോര്‍ട്ടര്‍ ഇബ്നുല്‍ അഅ്റാബി എന്ന പേരില്‍ വിശ്രുതനായ ഹദീസ് പണ്ഡിതനാണ്. അദ്ദേഹത്തിന്റെ കോപ്പിയില്‍ മറ്റു റിപ്പോര്‍ട്ടുകളിലുള്ള ഏതാനും ഭാഗങ്ങള്‍ ഇല്ല.
സുനനു അബീ ദാവൂദ്, മുസ്ലിം പണ്ഡിതലോകത്ത് സ്വീകാര്യത നേടിയ ഗ്രന്ഥമാണ്. ഖത്താബിയുടെ അഭിപ്രായമനുസരിച്ച് സുനനു അബീദാവൂദ് പോലുള്ളൊരു ഗ്രന്ഥം നാളിതുവരെ രചിക്കപ്പെട്ടിട്ടില്ലത്രെ. സുനന് അര്ബഅഃയില് അബൂദാവൂദിന്റേതാണ് സ്വീകാര്യതയില്‍ മുന്നിട്ടുനില്‍ക്കുന്നത്.
അബ്ബാസീ ഭരണത്തിന്റെ സുവര്ണഘട്ടത്തിലായിരുന്നു ഇമാമിന്റെ ജനനം. പെരുമാറ്റമര്യാദകള്‍ (കിതാബുല്‍ ആദാബ്)ക്ക് തന്റെ സുനനില്‍ അദ്ദേഹം പ്രത്യേക സ്ഥാനം നല്‍കിയിട്ടുണ്ട്.
ലഭ്യമായ അഞ്ചുലക്ഷം ഹദീസുകളില്‍നിന്ന് അദ്ദേഹം 35 തലക്കെട്ടുകളിലായി കേവലം 4800 എണ്ണം മാത്രമാണ് തെരഞ്ഞെടുത്തത്. ഇതിനുപുറമെ 600 മുര്‍സലുകളും. ഇമാം ശാഫിഈ മുര്‍സലുകളെ അംഗീകരിക്കാറില്ല. എങ്കിലും പൂര്‍വികരായ ഭൂരിപക്ഷം പണ്ഡിതന്മാരും അതംഗീകരിക്കുന്നവരാണ്. മൊത്തം 1871 അധ്യായങ്ങളാണുള്ളത്. എന്നാല്‍ റിപ്പോര്‍ട്ടുകളുടെ ബലാബലത്തെക്കുറിച്ച് അബൂദാവൂദ് നിശ്ശബ്ദത പാലിച്ച ഹദീസുകളുടെ കാര്യത്തില്‍ പണ്ഡിതലോകത്ത് ഭിന്നാഭിപ്രായങ്ങള്‍ കാണാവുന്നതാണ്. മൊത്തത്തില്‍ കൊള്ളാമെന്നാണ് അവരുടെ നിഗമനം.
ഇരുപത്തി രണ്ടോളം വ്യാഖ്യാനങ്ങളും (ശര്‍ഹുകള്‍) വ്യാഖ്യാനക്കുറിപ്പുകളും (ഹാശിയ) അബൂദാവൂദിന്റെ ഈ ഹദീസ് സമാഹാരത്തിനുണ്ട്. അവയില്‍ ചിലത് അപൂര്‍ണമാണ്. ഖത്ത്വാബിയുടെ മആലിമുസ്സുനന്‍, സുയൂത്വിയുടെ മിര്ഖാത്തുസ്സുഊദാ, ഇബ്നുല്‍ ഖയ്യിമിന്റെ തഹ്ദീബുസ്സുനന്‍ ഔനുല്‍ മഅ്ബൂദ് എന്ന സംക്ഷിപ്ത വിവരണവും എന്നിവയാണ് അറിയപ്പെടുന്ന വ്യാഖ്യാന കൃതികള്‍.
ഇമാം അബൂ ദാവൂദ്(റ)ഹിജ്റ 271-ല്‍ വിജ്ഞാനങ്ങളുടെ കേന്ദ്രമായി മാറിക്കഴിഞ്ഞിരുന്ന ബസ്വറയിലേക്ക് താമസം മാറ്റി. ഹിജ്റ275-ല്‍ ബസ്വറയിൽ വെച്ചു തന്നെ വഫാത്താവുകയും ചെയ്തു.