അയല്‍ബന്ധങ്ങള്‍ അകന്ന ബന്ധങ്ങളല്ല

0
3199


 അബൂ ഹുറൈറ (റ) വില്‍ നിന്ന് നിവേദനം, തിരുനബി (സ) പറഞ്ഞു: മുസ്‌ലിം സ്ത്രീകളേ, ഒരു സ്ത്രീയും തന്റെ അയല്‍വാസിയെ നിസാരമാക്കരുത്. ആടിന്റെ കുളമ്പിന്റെ കാര്യത്തിലാണെങ്കില്‍ പോലും (ബുഖാരി).
ഇസ്‌ലാം അയല്‍ബന്ധങ്ങളെ പവിത്രമായി കാണുന്നു. സത്യവിശ്വാസം സമ്പൂര്‍ണ്ണമാകണമെങ്കില്‍ ദൃഢമായ അയല്‍ബന്ധം അനിവാര്യമാണ്. ഒരു സത്യവിശ്വാസിയുടെ വീടിനു ചുറ്റുമുള്ള നാല്‍പത് കുടുംബങ്ങളുമായി ഈ ബന്ധം നിലനിര്‍ത്തണം. ബന്ധുമിത്രാതികളേക്കാള്‍ വീടിനടുത്തുള്ള അയല്‍വാസികളായിരിക്കും പലപ്പോഴും ഉപകാപ്രദമാവുക. ആപത്തുകളില്‍ കൂട്ടുനില്‍ക്കാനും സഹകരിക്കാനും ആത്മബന്ധമുള്ള അയല്‍വാസികള്‍ തയ്യാറാവുന്നു. അയല്‍വാസി അവിശ്വാസിയാണെങ്കിലും അവനെ മാനിക്കണമെന്നാണ് തിരുദൂതര്‍ (സ) ആജ്ഞാപിച്ചത്. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ലെന്ന തിരുവചനം ചേര്‍ത്തുവായിക്കുക.
ചെറിയ പ്രശ്‌നങ്ങള്‍ക്കു വേണ്ടി അയല്‍വാസികളുമായി കലഹം കൂടുന്നവരാണ് പലരും. കാര്യങ്ങളില്‍ ആലോചനകളില്ലാതെ എടുത്തുചാടുമ്പോഴാണ് അബധ്ദങ്ങളുണ്ടാകുന്നത്. അയല്‍വാസികള്‍ കാരണം നഷ്ടം വന്നാല്‍ തന്നെ തര്‍ക്കം കൂടാന്‍ പാടില്ല. മാന്യമായ നഷ്ടപരിഹാരം ആവശ്യപ്പെടാവുന്നതാണ്. വിശുദ്ധ ഇസ്‌ലാമിന്റെ ആഗമനത്തിനു മുമ്പ് വിവിധ ഗോത്രങ്ങള്‍ വര്‍ഷങ്ങളോളം പോരടിച്ചതിന്റെ കാരണമന്വേഷിച്ച് പോയാല്‍ പലപ്പോഴും അത് നിസ്സാരമാണെന്ന് കാണാം. അതിനാല്‍ ഇത്തരം തര്‍ക്കങ്ങളെ ഇസ്‌ലാം നിശിതമായി എതിര്‍ത്തു.
അയല്‍ വാസിയുടെ വീട്ടിലേക്ക് ശുദ്ധവായു തടയുന്ന വിധം വലിയ വീടു നിര്‍മ്മിക്കുന്നത് പണ്ഡിതന്മാര്‍ വിലക്കി. ഇത്രത്തോളം പവിത്രമാണ് അയല്‍പക്ക ബന്ധമെന്ന് ചുരുക്കം. കറിയില്‍ വെള്ളമൊഴിച്ചിട്ടാണെങ്കിലും അയല്‍വാസിക്കു കൂടി നല്‍കണമെന്ന പ്രവാചക വചനവും അയല്‍വാസി അനന്തരസ്വത്ത് പോലും അര്‍ഹിക്കുന്നവനാകുമോ എന്ന സ്വഹാബത്തിന്റെ ഭയവും സൂചിപ്പിക്കുന്നത് സുദൃഢമായ ബന്ധം സത്യവിശ്വാസിക്ക് അനിവാര്യമാണെന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here